സൗഗന്ധികങ്ങളേ വിടരുവിൻ

സൗഗന്ധികങ്ങളേ വിടരുവിൻ
സമാധിയിൽ നിന്നുണരുവിൻ
മൗനമകരന്ദം വിളമ്പും
മധുരസ്വപ്ന ശതങ്ങളേ (സൗഗന്ധികങ്ങളേ...)

ശിഥിലരേഖകളെഴുതിയൊഴുകും
ശിശിരചന്ദ്രിക വിളിച്ചുവോ
കുളിരിൽ മുങ്ങിയ തെന്നലിൻ പുതു
കവിത നിങ്ങളെ തഴുകിയോ
ആദ്യമുറക്കി പിന്നെയുണർത്തും
രജനി മന്ത്രവാദിനി(സൗഗന്ധികങ്ങളേ...)

മൃദുലപല്ലവ ദലം നുകർന്നൊരു
കുരുവി പാടിയ പല്ലവി
എഴുതി വാങ്ങിയ ചില്ലകൾ
സ്വരമറിയുവാൻ കൊതി പൂണ്ടുവോ
മദം വളർത്തി മറഞ്ഞു പോകും
രജനി രാഗവിലാസിനി (സൗഗന്ധികങ്ങളേ...)