ചാവേർക്കിടാങ്ങളെ കൊന്നൊടുക്കി
മറ്റൊരു മാമാങ്കം എന്തിനാവോ
നല്ല വാക്കെല്ലാം മറന്നുപോയോ
നന്മകളെല്ലാം അണഞ്ഞുപോയോ
കണ്ണികളെല്ലാം മുറിഞ്ഞുപോയോ
കണ്ണീരു കണ്ടാൽ അറിയാതായോ
അച്‌ഛനുമമ്മയും കണ്ടുനിൽക്കെ
പെങ്ങളും മക്കളും നോക്കിനിൽക്കെ
ആദർശമായുധമാക്കിയിന്നും
ആരെ നീ കൊല്ലാനിറങ്ങി കുഞ്ഞേ
കുപ്പിവളയും കളിപ്പന്തുമായ്
വരുമെന്നു ചൊന്നവനെങ്ങുപോയി
കഞ്ഞിക്കു കുത്തരി വാങ്ങുവാൻ പോയവൻ
പറയാതെയെങ്ങോട്ടുപോയി കുഞ്ഞേ
കൊന്നും കൊടുത്തുമിന്നെന്തു നേടി
കൊല്ലും കൊലയുമിന്നെന്തു നൽകി
ഏട്ടനെക്കൊന്ന കുരുതി കൊണ്ട്
അനിയനീ മണ്ണിനിന്നെന്തു നേടി
രക്‍തബന്ധങ്ങൾക്ക് മായമില്ലാ
രക്‍തസാക്ഷിക്ക് മരണമില്ലാ