മൗനം സംഗീതമാണ്. ഉച്ഛസ്ഥായിയിലുള്ള ശബ്ദമാണ് മൗനമെന്നൊരുപക്ഷമുണ്ട്. ശബ്ദബ്രഹ്മവും അനാഹതമാണല്ലോ. അതിതാരസ്ഥായിക്കപ്പുറമാണോ, അതോ അനുമന്ദ്രസ്ഥായിക്കപ്പുറമാണോ മൗനം? എവിടെയാകിലും മൊഴിമുത്തുകളേക്കാള്‍ ചിലപ്പോള്‍ ധ്വനനശേഷിയുള്ള ആ നിറവ് നാം അനുഭവിച്ചിട്ടുണ്ടാവും. മൗനത്തിന്റ്റെ സംഗീതം നമ്മെ അനുഭവിപ്പിച്ച പല സംഗീതകാരന്മാരുമുണ്ട്. ജോണ്‍ കേജിന്‍ന്റെ 4'33'' (Four Minutes Thirty-Three Seconds of Silence) ഇത്തരത്തില്‍ പ്രസിദ്ധവുമാണ്. കവിതകളിലും ഭാവഗാനങ്ങളിലും മൗനത്തെ സന്നിവേശിപ്പിച്ച എഴുത്തുകാരും വിരളമല്ല. മലയാളഗാനങ്ങളില്‍ മൗനത്തിന്റ്റെ വാഗ്മിത്വം നാം എത്രയോതവണ കേട്ടിരിക്കുന്നു. ഉള്ളിലെ സ്നേഹപ്രവാഹത്തില്‍ നിന്നൊരു തുള്ളിയും വാക്കുകളില്‍ പകരാതെ, മാനസഭാവങ്ങള്‍ മൗനത്തിലൊളിപ്പിച്ചിരിക്കുന്നവനെകിലും, കാമുകിയുടെ ഉള്പ്പൂവിന് തുടിപ്പുകള്‍ തൊട്ടറിയുന്ന കാമുകന്റ്റെ ചിത്രം ഓര്‍ക്കുന്നില്ലേ? ഈ ചിത്രം വരച്ചിട്ട ഓ.എന്‍.വി കുറുപ്പിന്റ്റെ ഗാനങ്ങളില്‍ മിക്കതിലും പറയുവാനാശിച്ചതെല്ലാം പറഞ്ഞുതീര്‍ക്കാത്ത കമിതാവിനെക്കാണുവാന്‍ കഴിയും.
കടല്‍വെള്ളത്തിന്റ്റെ സവിശേഷതകളെപ്പറ്റിപ്പഠിയ്ക്കുവാന്‍ നമ്മുടെ പരീക്ഷണനാളിയിലേയ്ക്ക് കടലിനെയപ്പാടെ ആവഹിക്കേണ്ടതില്ല. ഒരുതുള്ളിവെള്ളത്തില്‍ സമസ്തസ്വഭാവങ്ങളും മഹാസാഗരം പ്രകടിപ്പിക്കുന്നു. കലാസ്വാദനത്തില്‍ കാര്യം ചിലപ്പോള്‍ തിരിച്ചായേക്കാം. വീക്ഷണകോണുകള്‍ക്കനുസരിച്ച് തെളിഞ്ഞുവരുന്നതോരോ മുഖമാവാം, ഉള്‍ക്കാതുകള്‍ പിടിച്ചെടുക്കുന്നതോരോ പൊരുളാവാം. 'ഓ.എന്‍.വിയുടെ ഗാനങ്ങളിലെ മൗനം' എന്നത് ആ ഗാനങ്ങളൂടെ സവിശേഷതകളില്‍ ഒന്നുമാത്രമാണ്. അഭോഗചരണം (മുദ്ര) എന്നൊന്നുണ്ട് കര്‍ണ്ണാടകസംഗീതത്തില്‍ . ഗാനരചയിതാവിന്റ്റെ മുദ്രയുള്ള ചരണം. ഏതെങ്കിലും ചരണത്തില്‍ രചയിതാവ് തന്റ്റേയോ ഇഷ്ടദൈവത്തിന്റ്റേയോ പേര് (പര്യായം) എഴുതിയിട്ടുണ്ടാവും. 'പത്മനാഭ, പന്നഗേന്ദ്രശയനാ ' എന്നത് സ്വാതിതിരുനാളിന്റ്റെ മിക്കരചനകളിലും കാണാം. പാട്ടാരെഴുതിയെന്നതറിയേണ്ടതില്ല, ആസ്വദിച്ചുകഴിയുമ്പോള്‍ മനസ്സിലാകും രചയിതാവാരെന്ന്. ഓ.എന്‍. വി കുറുപ്പിന്റ്റെ കുറേയേറെ ഗാനങ്ങളില്‍ 'മൊഴികളുടെ മണ്കുടത്തില് നിറയാത്തൊരമൃത് ' അഭോഗചരണമെന്നതുപോലെ, ഒരു പഠിതാവിനു കണ്ടറിയാന്‍ സാധിയ്ക്കും.
മാനസഭാവങ്ങള്‍ മൗനത്തിലൊളിപ്പിച്ച കാമുകന് പറയാതെ കൊക്കിലൊതുക്കിയതെല്ലാം ആ കൈവിരല്‍ത്തുമ്പിലൂടെ ഇത്തിരിസ്നേഹത്തിന്നക്ഷരങ്ങളായ് വാര്‍ന്നുവീണോ ? ഋതുശോഭയാകെപ്പകര്‍ന്നു നില്ക്കുന്ന പെണ്‍കിടാവിനോടായാലും കുഞ്ഞുപൂവിനോടായാലും കവി സംവദിയ്ക്കുന്നത് മൗനത്തിന്റ്റെ ഭാഷയിലാണ്. മൗനത്തിലൊതുങ്ങാത്ത ഭാവമുണ്ടോ, ഭാവഗീതമുണ്ടോ, മൊഴികളുണ്ടോ എന്നാണ് കവി ചോദിയ്ക്കുന്നത്. ആ വരികള്‍ തന്നെ നമ്മോടു സംസാരിക്കട്ടെ:
സ്നേഹിച്ചുതീരാത്ത പൂവുകള്‍ , ആ വഴി
പോകുന്നനമ്മെയും നോക്കിനില്‍ക്കെ
വായിച്ചുതീരാത്ത മൗനത്തിന് തേന്മൊഴി
കാതോര്‍ത്തു കേള്‍ക്കുകയായിരുന്നൂ-നമ്മള്
കാതില്‍ പകര്‍ത്തുകയായിരുന്നൂ
ലജ്ജയില്‍ മൂടിയ നിന്റ്റെ മൗനം
ഹൃദ്യമാം സംഗീതമായിരുന്നൂ-എത്ര
ഹൃദ്യമാം സംഗീതമായിരുന്നൂ-
പറയാതെ കൊക്കില്‍ ഒതുക്കിയതെല്ലാം
വിരലിന്റ്റെ തുമ്പില്‍ തുടിച്ചുനിന്നൂ
മറ്റൊരു ഹൃത്തിലെ മൂകാനുരാഗത്തെ
തൊട്ടറിയാനെന്നപോലേ
ഉള്ളിലെ സ്നേഹപ്രവാഹത്തില്‍ നിന്നൊരു
തുള്ളിയും വാക്കുകള്‍ പകര്‍ന്നീലാ
മാനസഭാവങ്ങള്‍ മൗനത്തിലൊളിപ്പിച്ചു
മാനിനീ ഞാനിരുന്നൂ
ആരോരുമറിയാതൊരാത്മാവിന്‍ തുടിപ്പുപോല്‍
മൗനത്തിലൊതുങ്ങാത്ത ഭാവമുണ്ടോ
ഭാവഗീതമുണ്ടോ മൊഴികളുണ്ടോ
പറയൂ ഞാനെങ്ങനെ പറയേണ്ടൂ
നീയിന്നുമറിയാത്തൊരെന്‍ സ്നേഹനൊമ്പരങ്ങള്‍
ഒരുമഞ്ഞുതുള്ളിതന്‍ ആഴങ്ങളില്‍ മുങ്ങിനിവരുമെന്‍
മോഹത്തിന് മൗനത്താലോ
ആരോടും പറയാമൊഴികളിലെ നോവുകളാറുന്നൂ
സ്നേഹത്തിന് പൂ മാത്രം ചോദിക്കുമെന്
മൗനത്തിന് സംഗീതം നീ കേട്ടുവോ
മൗനങ്ങള്‍ മന്ത്രങ്ങളാകുന്നുവോ
മന്ത്രങ്ങള്‍ സംഗീതമാകുന്നുവോ
കമനി, നിന് ഹൃദയത്തിന്നാഴത്തിലാരാരും
അറിയാതെ കാത്തുവെച്ചതേതു രാഗം?
ഒന്നും മിണ്ടാതെയരികിലിരുന്നു നീ
തന്നൊരു ബന്ധുര നിര്‍വൃതിയ്ക്കും നന്ദി
മൂകതയുടെ സൌവര്‍ണ്ണപാത്രങ്ങളില്‍
മൂടിവെച്ചൊരെന്‍ മൗനമേപോരൂ
വാക്കില്‍ വന്നുദിയ്ക്കാത്തൊരാത്മമോഹങ്ങളേതോ
നോക്കില്‍ തുടിച്ചതു നീയറിഞ്ഞതില്ലാ
മൊഴികള്‍തന്‍ മണ്കുടത്തില് നിറയാത്തൊരമൃതാരും
തിരയുന്നീലാ ആരും തിരയുന്നീലാ
പറയാത്തമൊഴികള്‍തന്‍ ആഴത്തില്‍ മുങ്ങിപ്പോയ്
പറയുവാനാശിച്ചതെല്ലാം-നിന്നോടു
പറയുവാനാശിച്ചതെല്ലാം
മൗനമാകും പളുങ്കുതാലത്തില്‍
ഞാനൊരുക്കുമീ പൂവുകള്‍
കാഴ്ചവെയ്ക്കുവാന്‍ നീ വരും വഴി
കാത്തുനില്ക്കുകയാണു ഞാന്‍
ഒരു മൗനംതേടി മൊഴികള്‍ യാത്രയായ്
മഴയുടെ സംഗീതമേളയായെന്നോതും
മഴവില്ലിന് നിറമൗനം പോലേ
നിന് മൗനമോ പൂബാണമായ്.....
ഒഴുകുന്ന താഴമ്പൂമണമിതു നാമിന്നും
പറയാതെയോര്ത്തിടും
അനുരാഗഗാനം പോലേ
നീ ഒരുവാക്കും പറഞ്ഞീലാ
ഇന്ദ്രിയജാലക വിരിതന്‍ മറവില്‍
എന്‍ മോഹം നിശബ്ദമിരുന്നൂ
മൂകമാമെന് പ്രേമധാരയില്‍
പൂവിടും സുസ്വരബിന്ദു
നിന്റ്റെ ശാലീനമൗനമാകുമീ
പൊന്മണിച്ചെപ്പിന്നുള്ളിലായ്
മൂടിവെച്ച നിഗൂഢഭാവങ്ങള്‍
പൂക്കളായ്, ശലഭങ്ങളായ്
അതിലോലമൊരുപൂവിന്‍ ഇതളുകള്‍ വിരിയുമ്പോള്‍
അതിലൊരു സംഗീതമുണ്ടോ
വാക്കിലും നോക്കിലും മൗനസ്മിതത്തിലും
വാര്‍ന്നതു സുസ്നേഹഗന്ധം
വാക്കുകള്‍ക്കുമതീതമായെന്നില്‍ നിന്-
നേര്‍ക്കെഴുന്നൊരീ സ്നേഹം പകരുവാന്‍
ഒന്നുതൊട്ടാല്‍ തുടിയ്ക്കുമീ തന്തിയില്‍
നിന്നൊരു മൊഴി തേടുകയാണു ഞാന്‍
എന്റ്റെ മണ്‍വീണയില്‍ കൂടണയാനൊരു
മൗനം പറന്നു പറന്നു വന്നൂ
ശബ്ദ സാഗരത്തിന് അഗാധ
നിശ്ശബ്ദ ശാന്തത ഇല്ലയോ
ഗാനമായ് വന്നു നീ മൗനമായ് മാഞ്ഞു നീ
എത്രമധുരം നിന് മൗനവുമോമലേ
എത്രമേല്‍ സംഗീതസാന്ദ്രം
മന്ദ്രശ്രുതിതന്‍ മധുനിറയും മുളം-
തണ്ടുപോലെന്‍ കൈയില്‍ വീണു
ഓതുന്നു നിന് മൗനം: "എന്നിലെ രാഗത്തെ
നാഥാ നീ ചുംബിച്ചുണര്‍ത്തൂ"
സാന്ത്വനത്തിന്നമൃതസംഗീതമീ
സാന്ദ്രമൗനത്തില്‍ നിന്നു നുകര്‍ന്നു നാം
നീയേതോ മൗനസംഗീതം
നീയെന്‍ മൂകപ്രേമസംഗീതം
പൂവിന് ചൊടിയിലും മൗനം
ഭൂമിദേവിതന്നാത്മാവില്‍ മൗനം
വിണ്ണിന്റ്റെ കണ്ണുനീര്‍ത്തുള്ളിയിലും-കൊച്ചു
മണ്‍തരിച്ചുണ്ടിലും മൗനം
ആടും ചിലമ്പില്‍നിന്നടരും മുത്തിനും
വാടിക്കൊഴിയുമിലയ്ക്കും മൗനം
മൗനത്തിലൊതുങ്ങാത്ത മാനസത്തുടിപ്പുണ്ടോ
നാദവും നാദത്തിന് പൊരുളുമുണ്ടോ
മധുരം....മധുരോദാരം..
മധുരം.
hiiiiiiiiiiii,great site,