- സി വി ശ്രീരാമന്റെ മൂലകഥയിൽ നിന്നും അല്പം വ്യത്യാസപ്പെടുത്തിയാണ് അരവിന്ദൻ ഈ ചിത്രം എടുത്തത്. കഥയിലെ ഈർച്ച മിൽ, സിനിമയിൽ എത്തിയപ്പോൾ പശുക്കളുടെ ഫാമായി മാറി.
പ്രധാനമായും മുനിയാണ്ടി, ശങ്കരൻ, ശിവകാമി എന്നീ മൂന്നു കഥാപാത്രങ്ങളിലൂടെയാണ് ചിദംബരത്തിന്റെ കഥ പുരോഗമിക്കുന്നത്. ഒരു ഫാമിലെ സൂപ്രണ്ടാണ് ശങ്കരൻ, മുനിയാണ്ടി ആ ഫാമിലെ ഒരു തൊഴിലാളിയും. ശങ്കരനോട് മുനിയാണ്ടിക്കു സ്നേഹവും ബഹുമാനവും ഒക്കെയുണ്ട്. ആയിടെയാണ് മുനിയാണ്ടി ശിവകാമിയെ വിവാഹം ചെയ്യുന്നതും, ഫാലേക്കു കൊണ്ട് വരുന്നതും. ആ വരവ് ശിവകാമിയെയും ശങ്കരനെയും അടുപ്പിക്കുന്നു. അവർ ഗാഢ പ്രണയത്തിലാകുന്നു. ഒരിക്കൽ മുനിയാണ്ടി അവരുടെ ബന്ധം കണ്ടുപിടിക്കുന്നു. നിരാശനായ മുനിയാണ്ടി ആത്മഹത്യ ചെയ്യുന്നു. അതോടെ പാടേ തകർന്ന ശങ്കരൻ ഫാം വിട്ടു പോകുന്നു. എല്ലാം മറക്കുവാൻ അയാൾ മദ്യത്തിന് അടിമയാകുന്നു. പക്ഷേ അതൊന്നും അയാളെ സഹായിക്കുന്നില്ല. ഒടുവിൽ അയാൾ ഒരു തീർത്ഥാടനം തുടങ്ങുന്നു. ആ യാത്രക്കിടയിൽ അയാൾ ചിദംബരം ക്ഷേത്രത്തിൽ എത്തുന്നു. ശങ്കരന്റെ തീർത്ഥാടനം തുടങ്ങുന്നിടതാണ് ചിത്രം ആരംഭിക്കുന്നത്. ചിദംബരം ക്ഷേത്രത്തിന്റെ നടയിൽ ചെരുപ്പ് സൂക്ഷിപ്പുകാരിയായി ശിവകാമിയെ ശങ്കരൻ കണ്ടുമുട്ടുന്നിടത്ത് ചിത്രം അവസാനിക്കുന്നു.