കവിയൂർ പൊന്നമ്മയുടെ ഏറ്റവും നല്ല പ്രകടനം ഈ സിനിമയിലാണ്.
“വീടിനു പൊന്മണി വിളക്കു നീ” എന്ന സി. ഓ. ആന്റോയുടെ പാട്ട് ശ്രദ്ധിക്കപ്പെട്ടു.
പഴയകാല നടനായ കെ. കെ. അരൂർ അവസാനമായി അഭിനയിച്ച സിനിമയാണിത്.
കഥാസംഗ്രഹം
"കുടുംബഛിദ്രമൊഴിക്കാൻ ത്യാഗം സഹിക്കുന്ന ലക്ഷ്മി എന്ന കുടുംബിനിയുടെ കഥ. ഭർത്താവ് രാഘവക്കുറുപ്പ് തറവാടു സ്വത്ത് വിറ്റ് ഉത്സവം നടത്തുന്നതിനെ എതിർത്ത ലക്ഷ്മിയ്ക്കെതിരെ തിരിഞ്ഞു അനുജൻ മാധവൻ കുട്ടിയും. സ്വത്ത് മാധവൻ കുട്ടിയ്ക്ക് നൽകി രാഘവക്കുറുപ്പും ലക്ഷ്മിയും കുഞ്ഞും പടിയിറങ്ങിയെങ്കിലും അനുജന്റെ നിർബ്ബന്ധത്താൽ അവിടെ തന്നെ താമസിച്ചു. കുട്ടൻ പിള്ളയുടെ മകൾ ജാനകിയുമായി പ്രേമത്തിലായ മാധവൻ കുട്ടിയുടെ വിവാഹം അവളുമായി നടത്തിക്കൊടുത്തു. രാഘവക്കുറുപ്പിന്റെ അനുജത്തി ശാരദ ലക്ഷ്മിയെക്കുറിച്ച് പരദൂഷണം പ്രചരിപ്പിച്ചു. ലക്ഷ്മിയും കുറുപ്പും മകനും വേറൊരു വീട്ടിലേക്ക് താമസം മാറ്റി. ഭർത്താവ് എല്ലാം നശിപ്പിച്ച് വഴിയാധാരമായ ശാരദയ്ക്ക് ജാനകിയല്ല, ലക്ഷ്മിയാണ് അഭയം നൽകിയത്. പ്രസവത്തോടനുബന്ധിച്ച് ജാനകിയ്ക്ക് രക്തം ആവശ്യം വന്നു, ലക്ഷ്മിയുടെ രക്തദാനത്താൽ അവൾ രക്ഷപെട്ടു. പക്ഷേ ലക്ഷ്മിയുടെ മരണത്തിലാണ് അത് കലാശിച്ചത്."