മലയാളത്തിലെ ആദ്യത്തെ പുരാണ ചിത്രമാണിത്. ദാനവചക്രവർത്തിയായിരുന്ന ഹിരണ്യകശിപുവിന്റെ മകനായി ജനിച്ച വിഷ്ണു ഭക്തനായ പ്രഹ്ലാദ രാജകുമാരന്റെ കഥയാണു ചിത്രം
മലയാളത്തിലെ ആദ്യത്തെ പുരാണ ചിത്രമാണിത്. ദാനവചക്രവർത്തിയായിരുന്ന ഹിരണ്യകശിപുവിന്റെ മകനായി ജനിച്ച വിഷ്ണു ഭക്തനായ പ്രഹ്ലാദ രാജകുമാരന്റെ കഥയാണു ചിത്രം
ഉഗ്രപ്രതാപിയായ തന്റെ അനുജനായ ഹിരണ്യാസുരനെ സൂകര വേഷം ധരിച്ച് മഹാവിഷ്ണു നിഗ്രഹിച്ചു. ഇതറിഞ്ഞ ദാനവചക്രവർത്തി ഹിരണ്യകശിപുവിന് ദേവന്മാരുടെ ശക്തിയെക്കുറിച്ച് ബോധ്യം വരുന്നു. ഭാവിയിൽ താനും തന്റെ വംശവും വിഷ്ണുവിന്റെ പ്രതാപാഗ്നിയിൽ എരിഞ്ഞു ചാമ്പലാവും എന്ന് ആ ദാനവൻ ഭയപ്പെടുന്നു. ഉഗ്രതപസ്സു ചെയ്ത് ഹിരണ്യകശിപു ബ്രഹ്മാവിൽ നിന്നും വരം നേടുന്നു. അമരത്വവും സമസ്തലോകങ്ങളെയും അടക്കി വാഴാനുള്ള ശക്തിയും നേടുന്നു. ഭർത്താവ് തപസ്സിനുപോയ സമയത്ത് പട്ടമഹിഷി ദേവി കയാധു ഗർഭിണിയായിരുന്നു. ഗർഭസ്ഥശിശുവിനെ ഇന്ദ്രൻ നശിപ്പിക്കാനൊരുങ്ങുന്നതറിഞ്ഞ നാരദൻ കയാധുവിന് ശ്രീനാരായണമന്ത്രം ഉപദേശിച്ചുകൊടുത്തു കൊണ്ട് തന്റെ ആശ്രമത്തില്‍ സുരക്ഷിതമായി താമസിപ്പിക്കുന്നു. പക്ഷേ ഗർഭസ്ഥശിശുവാണ് ആ മന്ത്രസാരം ഗ്രഹിക്കുന്നതു. വരപ്രസാദത്താല്‍ അജയ്യനായിത്തീർന്ന ഹിരണ്യകശിപു വിഷ്ണുവിനെ ഹനിക്കാനുള്ള തന്ത്രങ്ങള്‍ മെനയ്യുന്നു. പ്രജകൾവിഷ്ണുവിന്റെ നാമം ഉച്ചരിക്കുന്നതുപോലും തടയുന്നു.തത്ഫലമായി ഇന്ദ്രനും ദേവന്മാരും നാരദാദി മുനികളും മഹാവിഷ്ണുവിനെ കണ്ട് സങ്കടമുണർത്തിക്കുന്നു. അതിനിടെ കയാധു പ്രസവിക്കുന്നു. പുത്ത്രനെ പ്രഹ്ലാദൻ എന്നു നാമധേയം ചെയ്യുന്നു . കുട്ടി വിഷ്ണുഭക്തനായി വളരുന്നു. തന്റെ ഭക്തനായ ഒരു ഗുരുവിന്റെ കീഴിൽ ഹിരണ്യകശിപു മകനെ ഗുരുകുല വിദ്യാഭ്യാസത്തിനയക്കുന്നു. അവിടെയുള്ള സഹപാഠികളെയെല്ലാം പ്രഹ്ലാദൻ വിഷ്ണുഭക്തന്മാരാക്കുന്നു. ഇതറിഞ്ഞ ഹിരണ്യകശിപു മകനെ അവിടെ നിന്ന് വലിച്ചിഴച്ചുകൊണ്ടുപോകുന്നു. പ്രലോഭനങ്ങൾ കൊണ്ടോ ഭയപ്പെടുത്തലുകൾ കൊണ്ടോ കാര്യമില്ലെന്നു മനസ്സിലായപ്പോൾ മകനെതിരെ ചക്രവർത്തി ക്രൂരത കാട്ടിത്തുടങ്ങുന്നു. പർവതമുകളിൽ നിന്ന് അസുരഭടന്മാർ അവനെ താഴേക്ക് എറിയുന്നു. പക്ഷേ ഭൂമിദേവി അവനെ രക്ഷിക്കുന്നു. അഗ്നിയിലെറിഞ്ഞപ്പോൾ മഹാവിഷ്ണു രക്ഷിക്കുന്നു. കാളകൂട വിഷത്തിനും അവനെ കൊല്ലാനായില്ല. സർവ വിപത്തുക്കളിൽ നിന്നും നിന്നെ രക്ഷിക്കുന്ന ഹരിയെവിടെ എന്ന് ഹിരണ്യകശിപു അലറിക്കൊണ്ടുചോദിക്കുന്നു. തൂണിലും തുരുമ്പിലും അവനിരിപ്പുണ്ടെന്നു ശാന്തനായി പ്രഹ്ലാദൻ മറുപടി പറയുന്നു. കോപത്താൽ ഹിരണ്യകശിപു തന്റെ വാളെടുത്ത് തൂണിൽ വെട്ടുന്നു. വെട്ടേറ്റുപിളർന്ന തൂണിൽ നിന്ന് അട്ടഹാസത്തോടെ നരസിംഹാവതാരമെടുത്ത മഹാവിഷ്ണു പുറത്തുവന്ന് ഹിരണ്യകശിപുവിനെ വധിക്കുന്നു. ധർമ്മം പുനഃസ്ഥാപിച്ച് ശ്രീഹരി മറയുന്നിടത്ത് ചിത്രം അവസാനിക്കുന്നു.