അവൻ.
ജീവിതം അൾട്ടിമേറ്റ് അടിച്ചുപൊളി.
നഗരം ദുബായ്. ചിത്രം ഡയമണ്ട് നെൿലേസ്
കുറേ ഗേൾ ഫ്രണ്ട്സ്. ഒടുവിൽ ഒരു കാമുകി. അവളിരിക്കെ പിന്നെ സാഹചര്യങ്ങളിൽ ബാധപോലെ ഒരു ഭാര്യ. ബാധയെ നാട്ടിലെ പത്തായത്തിലിട്ട് വന്നപ്പോൾ വിവാഹവാർത്തയറിഞ്ഞ കാമുകി വഴിമാറിയൊതുങ്ങുന്നു. വളരെ അപ്രതീക്ഷിതമായി മറ്റൊരു പെൺകുട്ടി കടന്നു വരുന്നു. ബ്ലഡ് ക്യാൻസർ രോഗി. (എന്റമ്മച്ചീ..) വുഡ്‌ബി ഒഴിവാക്കിയ അവൾ ഇവനുമായി അടുപ്പത്തിലാകുന്നു. ആ ആകൽ എസ്റ്റാബ്ലിഷ് ചെയ്യുന്ന ഒരു വലിയ ഷോട്ട് ഒരുകൂട്ടം ചോന്ന കുടയൊക്കെ നിവർത്തിവച്ച കടപ്പുറം. ഒരു പാട്ടിന്റെ തുടക്കം പിന്നിൽ ഒരു ഹമ്മിംഗ്. ഒന്നു കയറ്റി താഴേക്കിറക്കി കൊണ്ടുവന്നു ഒതുക്കിയിറക്കിയ ഹമ്മിംഗ്. ഒരു പുതിയ ശബ്ദം. വയലിനിൽ ഒരു “തരരിര..തരരിര..തരര... അതിനെ തൊട്ട് ആ പുതിയ ശബ്ദം പാടിത്തുടങ്ങുന്നു “നിലാമലരേ നിലാമലരേ... പ്രഭാകിരണം വരാറായി..” അതിന്റെ ഒടുവിൽ വീണ്ടും വയലിൻ പീസ്. അതിന്റെ പിന്നാലെ “...വരാറായി“ യുടെ നീളൽ ഒരു കയറ്റിറക്കത്തിലേക്ക്, ഇത്തിരി വ്യത്യസ്തമായി തന്നെ.. ഇതു കൊള്ളാല്ലോ.. ആരുടെ ശബ്ദം? ആരാ ഈ സിനിമയുടെ മ്യൂസിക്? അതുവരെ ദുബായ് മേളം കണ്ടിരുന്നതിനെ ബ്രേക്ക് ചെയ്തുകൊണ്ട് അൽപ്പം സ്പീഡുള്ള ഒരു ഗസൽ പോലെ ഒരു ഗാനം. ഇത്തിരി ഹിന്ദുസ്ഥാനി ലൈൻ എന്നും പറയാം. പുതുമയുള്ള ശബ്ദം. കുറേ നാളായി ശുദ്ധമായ തബല മനോധർമ്മത്തിൽ വായിക്കുന്നത് മലയാള സിനിമാഗാനത്തിൽ കേട്ടിട്ട്. സീറ്റിൽ ഒന്നിളകിയിരുന്നു. പാട്ടും പടവും തീരുവരെ ഒരാഗ്രഹമായിരുന്നു ഇതാരാ ചെയ്തത്? ആരാ പാടിയത്?
ഒരു പോഴത്തിയെന്ന് മുദ്രകുത്തി കാഴ്ചക്കാരടക്കം ചിരിച്ചു തള്ളിയവൾ നെക്ലേസൊക്കെ വലിച്ചെറിഞ്ഞ് സിനിമ തീർക്കുമ്പോൾ പുറത്തിറങ്ങി ആദ്യം നോക്കിയത് തീയറ്ററിലെ പോസ്റ്ററിൽ ആയിരുന്നു, വിദ്യാസാഗർ! ഈ മഹാനിങ്ങനെ ഇടയ്ക്കൊക്കെ ഓരോന്നു മാറ്റിയും മറിച്ചുമൊക്കെ കമ്പോസ് ചെയ്തു തരും. അതിലൊന്നായിരുന്നു ഈ “നിലാമലർ”
പാടിയത് ആരെന്നു തപ്പി എടുത്തത് എം ത്രി ഡി ബിയിൽ നിന്നാണ്. നിവാസ്, മുഴുവൻ നാമം ശ്രീനിവാസ് രഘുരാമൻ. കൂടുതൽ വിവരങ്ങൾ ഇവിടെയുണ്ട്.
വ്യത്യസ്തമായ ശബ്ദം. ആകർഷകമായ ആലാപനം. ആദ്യ വരിയിൽ തന്നെ തന്റെ സ്റ്റൈൽ ആ ഗായകൻ എറിഞ്ഞു തന്നു.
വരികൾ റഫീക്ക് അഹമ്മദിന്റേതാണ്. സംഗീതമിട്ട് വരികളെഴുതുന്ന ഒരുപാാടു പാട്ടുകൾക്ക് പറ്റുന്നതൊക്കെ ഇതിലും കാര്യമായി തന്നെ കടന്നു കൂടിയിട്ടുണ്ട്. “ഒരു നറുമൊഴി.. അതുമതിയിനി…“ ഒക്കെ അതിനുദാഹരണമാണ്. മുഴുവൻ വരികൾ ഇവിടെയുണ്ട്
ആ കഥാപാത്രത്തിന്റെ അവസ്ഥയ്ക്ക് അനുസൃതമായ ചില വരികളായിട്ട് എഴുതിയവയാണ് “സുഗന്ധം മായല്ലേ മരന്ദം തീരല്ലേ.. കെടാതെൻ നാളമേ നാളമേ… ആളൂ നീ.” / “ഉദയ കിരണമേ.. കനകമണിയൂ നീ” എന്ന വരികൾ ഒക്കെ മലയാള സിനിമാ ഗാനങ്ങളിൽ ഒരുപാടു പാടി തേഞ്ഞതാണ്. രചനയിൽ കുറച്ചുകൂടി ആത്മാർത്ഥത വന്നെകിൽ ഇത് കുറേ ഏറേ ആസ്വാദ്യമായേനെ.. (ഒരു സംശയം, ഏതാ ഈ രാഗം?)
വിദ്യാസാഗറിനും നിവാസിനും ഒരുപാടു നന്ദി.
മീനുക്കുട്ടി ചാച്ചാമ്പറമ്പിൽ
നിമിഷശലഭമേ വറൂ വറൂ :)
മലയാളം അറിയാത്ത ഗായകരാണ്