കഥയും കഴപ്പുമായി ട്രിവാൻഡ്രം ലോഡ്ജ്..!

കഥയാണോ കഴപ്പാണോ ആദ്യം ഉണ്ടായത്? ഈ സിനിമ കഴപ്പിന്റെ കഥയാണോ കഥയുടെ കഴപ്പാണോ? ആദ്യ പകുതിയിൽ കട്ടക്കഴപ്പിന്റെ കഥയും രണ്ടാംപകുതിയിൽ കഥയുടെ കട്ടക്കഴപ്പുമായാണ് ട്രിവാൻഡ്രം ലോഡ്ജ് കാണികളെ സ്വാഗതം ചെയ്യുന്നത്. 'നവതരംഗത്തി'ലേക്ക് 'മികച്ച സംഭാവനകൾ' നൽകുന്ന ഈ ലോഡ്ജിൽ കേറാനും താമസിക്കാനും മഹിമ പാടാനും ഒരുപാടാളുകൾ ഉണ്ടാകുമെന്നതിലും സംശയല്ല്യാ..!

സ്വപ്നങ്ങളുടെ ലോഡ്ജ്
സിനിമ,ജീവിതം,പെണ്ണ്..അങ്ങനെ കുറെയധികം സ്വപ്നങ്ങളുമായി പലതരം മനുഷ്യരാണ് ട്രിവാൻഡ്രം ലോഡ്ജിൽ താമസിക്കുന്നത്.കൊച്ചിയിലെ പഴയ നൊസ്റ്റാൾജിക് ലോഡ്ജ്. ലോഡ്ജ് വാസികളെല്ലാം പാവപ്പെട്ടവരാണെന്ന് പ്രത്യേകം മനസിൽ വയ്ക്കുക. സിനിമാമോഹികൾ, സിനിമ റിപ്പോർട്ടർ, ഏതു ജോലിയും ചെയ്യുന്നവർ, പണിയും തൊരവുമില്ലാത്തവർ..എങ്കിലും എല്ലാവരിലും ഒരു പൊതുസ്വപ്നമുണ്ട് പെണ്ണ്..! പെണ്ണിനെ വളയ്ക്കുന്നവർ, വീഴ്ത്തുന്നവർ, കൂടെ കിടത്തിയതിന്റെ വീരകഥകൾ പറയുന്നവർ... അപ്പോഴുമപ്പോഴും പെണ്ണൊരു മരീചികയായി, കൊച്ചുപുസ്തകം മാത്രമായി തുടരുന്ന പാവം പാവം അബ്ദു.

ഒരുലോഡ്(ജ്) കഥ
പറയാനാണെങ്കിൽ ഒരുപാടുണ്ട് കഥകൾ. രത്നച്ചുരുക്കം പറയാം. രത്നമാണോ ചവറാണോ എന്നൊക്കെ സിനിമ കണ്ട് തീരുമാനിക്കുക. നേരത്തേ സൂചിപ്പിച്ച പോലെ അനേകം സ്വപ്നജീവികളുടെ ജീവിതം കറങ്ങുന്നത് ട്രിവാൻഡ്രം ലോഡ്ജിനു ചുറ്റുമാണ്. പാവങ്ങളാണ് ഇവരെന്ന് (സാമ്പത്തികമായി) വീണ്ടും ഓർമ്മിപ്പിക്കുന്നു. വിവാഹമോചനം നേടിയ സുന്ദരിയായ യുവതി, ധ്വനി നമ്പ്യാർക്ക് ഇത്തിരി മൂപ്പുണ്ട്, ഏത്? കൊച്ചിയുടെ ചൂടും ചൂരുമുള്ള നോവലെഴുതണം.അതാണ് കൊച്ചിന്റെ ആവശ്യം.തന്റെ പെൺസുഹൃത്തിന്റെ സഹായത്തോടെ ട്രിവാൻഡ്രം ലോഡ്ജിൽ മുറിയെടുത്ത് ഒറ്റയ്ക്ക് പൊറുതിയാരംഭിക്കുന്ന രവിശങ്കർ എന്ന കോടീശ്വരൻ. അയാളുടെ ഭാര്യ മരിച്ചു. കുഞ്ഞ് മകനുണ്ട്. അച്ഛനും മോനും സുന്ദരന്മാരാണ്. ഭാര്യയുടെ ആഗ്രഹപ്രകാരമാണ് ലോഡ്ജും സ്ഥലവും പഴേ പോലെ 'സംരക്ഷിച്ചിരിക്കുന്നത്'. മസാജ് പാർലറിൽ (സ്പാ) ട്രെയിനി ആയിരുന്ന പൊട്ടൻ അബ്ദു പിന്നീട് രവിശങ്കറിന്റെ ഡ്രൈവറാകുന്നു..കുറെ കഴപ്പുഭാഗങ്ങൾ എഡിറ്റ് ചെയ്തപ്പോൾ കഥയങ്ങ് ശുഷ്കിച്ച് പോയി. സാരമില്ല തീയേറ്ററിൽ പോയി കഴപ്പ് തീർക്കൂ, ക്ഷമിക്കണം തീയേറ്ററിൽ പോയി സിനിമ കാണൂ..!

കാസ്റ്റിംഗ്,കാമറ, സംഗീതം
താടി വളർത്തി മീശ വടിച്ച് മുടി പറ്റെ വെട്ടി പല്ലിൽ കമ്പിയിട്ട് സ്ഥിരം പാറ്റേണിൽ നിന്ന് നല്ലൊരു കഥാപാത്രമാകാൻ അബ്ദുവിലൂടെ ജയസൂര്യക്ക് സാധിച്ചു. ധ്വനി നമ്പ്യാരായി ഹണി റോസും, രവി ശങ്കറായി അനൂപ് മേനോനും (അത് പിന്നെ പറയേണ്ടല്ലോ), പെഗ്ഗിയെന്ന ലോഡ്ജ് ചായക്കടക്കാരിയായി സുകുമാരി, റെൽറ്റണെന്ന പിയാനിസ്റ്റും പെഗ്ഗിയുടെ ദീർഘനാളത്തെ രഹസ്യപ്രണയിതാവുമായി ജനാർദ്ദനൻ, രവിശങ്കറിന്റെ അച്ഛനും നാടൻ ഹോട്ടലുടമയുമായി ഗായകൻ ജയചന്ദ്രൻ (ചാന്ദ് വി കാ.. എന്ന പാട്ടിന്റെ നാലുവരിയും പുള്ളി നന്നായി പാടുന്നുണ്ട്), ധ്വനിയുടെ സുഹൃത്ത് സറീനയായി ദേവി അജിത് (ട്രിവാൻഡ്രം ലോഡ്ജ് കഴപ്പിന്റെ കൂടി കഥയാണെന്ന് സിനിമയിലാദ്യം സൂചിപ്പിക്കുന്നത് സറീനയുടെ ഡയലോഗാണ്), രവിശങ്കറിന്റെ മകൻ അർജുനായി മാസ്റ്റർ ധനഞ്ജയ്, അമലയായി ബേബി നയൻതാര, സൈജു കുറുപ്പ്, നന്ദു,പി.ബാലചന്ദ്രൻ... കാസ്റ്റിംഗ് നന്നായി.

പ്രദീപ് നായരുടെ ഛായാഗ്രഹണം സിനിമക്ക് cool ഫീലിംഗ് നൽകി. ഹെലികാം ഉപയോഗിച്ചെടുത്ത സിനിമയെന്നൊക്കെ പബ്ളിസിറ്റി ഉണ്ടായിരുന്നു. നമ്മൾ മണ്ടനായതു കൊണ്ടോ എന്തോ ഹെലികാം ഷോട്ടിന്റെ പൊടി പോലും കണ്ടില്ല. drinking & smoking is injurious to health എന്നെഴുതും പോലെ ഹെലികാം പോലുള്ള പരീക്ഷണ സംഭവങ്ങളുള്ള സീനുകളിൽ അതെഴുതി കാണിക്കാൻ സന്മനസ് കാണിക്കണേ. അരവിന്ദ് കേൾക്കുന്നുണ്ടോ ? മലയാളികളിതൊന്നും കാണാത്തവരാ. ബിജിബാലിന്റെ സംഗീതവും പശ്ചാത്തല സംഗീതവും സിനിമയ്ക്ക് ഏറെ ഗുണം ചെയ്തു. പാട്ടുകളും നന്നായി.

മലയാളസിനിമയിലെ മഹാസംഭവം
മലയാളസിനിമയിലെ സകലകലാവല്ലഭനും മഹാസംഭവവുമായി മാറുകയാണ് അനൂപ് മേനോൻ. 'തിരക്കഥ'യ്ക്കു ശേഷം അനൂപിന്റെ വേഷരൂപാദികളിൽ വലിയ മാറ്റമൊന്നും കണ്ടില്ലെന്നാണ് വിശ്വാസം. രൂപത്തിലും കഥാപാത്രത്തിലും വലിയ മാറ്റവുമുണ്ടാകാറില്ല. മുഖഭാവം പൃഥ്വിരാജിനെ പോലെ ബോറടിപ്പിക്കാൻ തുടങ്ങിയിട്ടില്ലായെന്നതാണ് ഏക ആശ്വാസം. ട്രിവാൻഡ്രം ലോഡ്ജിന്റെ കഥ, തിരക്കഥ, സംഭാഷണം അനൂപാണ്. കേരളത്തിന്റെ, മലയാളിയുടെ കപട സദാചാരബോധത്തെ നുള്ളി നോവിക്കാനൊക്കെ അനൂപ് ശ്രമിക്കുന്നത് നല്ലത് തന്നെ. പലപ്പോഴും ആ ശ്രമം ഉപരിപ്ളവമാണെന്നും അരോചകമാണെന്നും തോന്നുന്നിടത്ത്, തിരിച്ചറിയുന്നിടത്താണ് (ഈ സിനിമയിൽ മാത്രമല്ല) അനൂപും സിനിമയും പരാജയപ്പെടുന്നത്. മറ്റൊരു മഹാസംഭവമാണ് വി.കെ.പി എന്ന വി.കെ.പ്രകാശ്. ഒരേ സമയം അദ്ദേഹം എത്ര സിനിമയാ ചെയ്യുന്നത് ? അസൂയ തോന്നുന്നു ! പ്രശ്നങ്ങൾ പലതുണ്ടെങ്കിലും വി.കെ.പി- അനൂപ്- ജയസൂര്യ കൂട്ടുകെട്ടിനിടയിൽ ( മേഘ്ന രാജിന്റെ കുറവുണ്ട്) നല്ലൊരു കെമിസിട്രിയുണ്ട്. അത് മലയാള സിനിമയുടെ നല്ലതിനാവട്ടെ.

നൊസ്റ്റാൾജിയയും നവതരംഗവും
നൊസ്റ്റാൾജിയയിൽ നവതരംഗം ചേർത്തരച്ചുണ്ടാക്കിയതാണ് ഈ ലോഡ്ജ്. രവിശങ്കർ (അനൂപ്) ഏകപത്നീവ്രതക്കാരനാണ്. ആയിക്കോട്ടെ.വിരോധമില്ല. സിനിമയിലെ ബാക്കിയെല്ലാ ആണിനും പെണ്ണിനും കഴപ്പിന്റെ അസുഖമാണെന്ന് കൂടെക്കൂടെ ഓർമ്മിപ്പിക്കുന്ന 'തിരക്കഥാകൃത്തായ' രവിശങ്കർ മാത്രം ഇത്ര ഡിമാന്റിട്ട് പുണ്യാളനായത് എന്തിനാണ്? തികച്ചും വ്യക്തിപരമാകുന്നതിനാലാണോ? പാതിവ്രത്യക്കാരോട് ഫഹദ് ഫാസിലിന്റെ കഞ്ഞിക്കുടി മുട്ടിക്കരുതെന്നേ പറയാനുള്ളൂ. നമ്മുടെ ധ്വനി നമ്പ്യാര് സിനിമയുടെ അവസാനത്തിൽ സമീപിക്കുമ്പോൾ രവിശങ്കർ പറയുന്ന ഡയലോഗ് ചരിത്രത്തിലിടം പിടിക്കുമെന്നതിലും തെല്ലുമില്ല സംശയം. തൂവാനത്തുമ്പികളിലെ തങ്ങൾ (ബാബു നമ്പൂതിരി) അതേ ആവശ്യപ്രകാരം ഈ സിനിമയിലും പ്രവേശനം ചെയ്യുന്നത് നൊസ്റ്റാൾജിയയുടെ മറ്റൊരുദാഹരണം..! നവതരംഗത്തിന് സിനിമയിലെ അനേകം സംഭവങ്ങളിലൊന്ന് മാത്രം പറ‌ഞ്ഞ് നിറുത്താം; തന്റെ കാമുകനായി അഭിനയിച്ച് ഹോട്ടൽ മുറിയിൽ തനിക്കൊപ്പം കിടക്കാമോയെന്ന് ഒരു പ്രത്യേക സന്ദർഭത്തിൽ ധ്വനി അബ്ദുവിനോട് ചോദിക്കുന്നു. അബ്ദുവിന് സമ്മതം.

അപ്പോ അബ്ദുവിന് എന്നോട് ഇഷ്ടമുണ്ടല്ലേ?
അതുകൊണ്ടല്ലേ ഞാൻ പിന്നാലെയിങ്ങനെ മണപ്പിച്ച് നടക്കുന്നത്..
ആട്ടെ..അബ്ദുവിന് എന്റെ എന്താ ഇഷ്ടമായത്?-
കുണ്ടി..!
ധ്വനി ചിരിച്ചു പോകവേ അബ്ദു തിരിച്ചു വിളിച്ച് കൊണ്ട്..എന്റെയെന്താ ഇഷ്ടമായത് ?
അബ്ദുവിന്റെ മുഖത്ത് നോക്കി 'നിന്റെ പല്ലു-കമ്പി'..!

(കൈകഴപ്പോടെ സിനിമാസ്വാദനം എഴുതിയത് ~ പി.സനിൽകുമാർ)