
“കാൽക്കാശിനു കൊള്ളാത്ത പടം” എന്നൊരൊറ്റ വാചകത്തിൽ ഈ സിനിമയെക്കുറിച്ച് പറയാം. അഭിനയവും തിരക്കഥയും മുതൽ സാങ്കേതിക ഘടകങ്ങളൊക്കെ വരെ മിനിമം നിലവാരത്തിനു താഴെ നിൽക്കുന്ന ഈ സിനിമക്ക് പേരിനു പോലും ഒരാശ്വാസം നൽകാൻ സാധിക്കുന്നില്ല.
നവാഗതരായ സജിത് - സുജിത് ആണ് തിരക്കഥയും സംവിധാനവും. ഇരട്ട സംവിധായകരുടേ തിരക്കഥക്ക് വാമനപുരം മണി സംഭാഷണമെഴുതിയിരിക്കുന്നു. സിനിമാ താരങ്ങളുടെ ക്രിക്കറ്റ് കളിയിൽ ‘താര‘മായിത്തീർന്ന രാജീവ് പിള്ളയാണ് നായകൻ. (ക്രിക്കറ്റ് കളിക്കുന്നതുപോലല്ല അഭിനയം എന്ന് ഇതിലെങ്കിലും മനസ്സിലാക്കിയാൽ പിള്ളക്ക് കൊള്ളാം, അല്ലെങ്കിൽ പിള്ള കൊണ്ടറിയും) ഇന്നസെന്റ്, ധർമ്മജൻ ബോൾഗാട്ടി, മാമുക്കോയ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ കോമഡി താരങ്ങളും, ബിനീഷ് കൊടിയേരി, ടിനി ടോം, ജയൻ ചേർത്തല എന്നീ അഭിനയപ്രതിഭകളും മാറ്റുരക്കുന്നു. ആരാണ് ഏറ്റവും മോശമെന്ന് നിർണ്ണയിക്കുക സാധ്യമല്ല. ഇഞ്ഞോടിഞ്ച് ‘അഭിനയ പോരാട്ടമാണ്. പല സന്ദർഭങ്ങളിലും ഇന്നസെന്റ്, സുരാജ്, ജയൻ, ബിനീഷ് കൊടിയേരി എന്നിവർ ലീഡ് ചെയ്യുന്നുണ്ട്. ഒടുവിൽ സിനിമ തീരുമ്പോൾ ഈ പ്രതിഭകളും സംവിധായകനും വിജയിക്കുകയും സിനിമ കാണാൻ ചെന്ന പ്രേക്ഷകൻ തോറ്റു തുന്നമ്പാടുകയും ചെയ്യും.
കഥാപാത്രങ്ങളിലൊന്നിന്റെ പ്രതികാരവും ഒപ്പം ധനമോഹികളായ നാലു ചെറുപ്പക്കാർ പണത്തിനുവേണ്ടി പ്രമുഖ ബിസിനസ്സ്മാന്റെ മകളെ കിഡ് നാപ്പ് ചെയ്യുകയും അതേത്തുടർന്ന് അവർ ചെന്നുപെടുന്ന പ്രശ്നങ്ങളും നായകന്റെ പ്രതികാരവുമാണ് മുഖ്യപ്രമേയം. കഥാസാരവും മറ്റു വിവരങ്ങളും വായിക്കുവാൻ ഡാറ്റാബേസ് പേജിലേക്ക് ക്ലിക്ക് ചെയ്യുക.
2006 ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രം ‘ദർവാസാ ബന്ദ് രഘോ’ എന്ന സിനിമ വലിയ മാറ്റമില്ലാതെ പടച്ചുണ്ടാക്കിയതാണ് ‘കാശ്”. ഒരു ഫണ്ണി ആക്ഷൻ മൂവിയുടെ സാദ്ധ്യതകളൊക്കെയുണ്ട് ആ കഥക്ക്. പക്ഷെ ഏതു കഥ ഉണ്ടാക്കിയാലും അടിച്ചു മാറ്റിയാലും സമകാലീന രാഷ്ട്രിയവും ഫാമിലി സെന്റിമെന്റ്സും കൂട്ടിക്കലർത്തി ഭയങ്കര റിയലിസ്റ്റിക്ക് ആക്കണമെന്നു നമുക്ക് നിർബന്ധമാണല്ലോ!. ഒടൂക്കം സിനിമ ഫാന്റസിയുമല്ല, റിയലിസ്റ്റുക്കുമല്ല, ഫണ്ണിയുമല്ല, ആക്ഷനും കോമഡിയുമല്ല എന്ന പരുവത്തിലായി വേവാത്ത കഷണങ്ങൾ നിറഞ്ഞ അവിയലുപോലെയാക്കും. അതോടെ നിർമ്മാതാവിന്റേയും പ്രേക്ഷകന്റേയും കാശ് പോയിക്കിട്ടും.
എസ് ബി പ്രിജിതിന്റെ ക്യാമറ, വിവേക് ഹർഷന്റെ എഡിറ്റിങ്ങ്, അഭിരാം സുന്ദറിന്റെ പശ്ചാത്തല സംഗീതം, സന്ദീപ് പിള്ളയുടെ സംഗീതം എന്നിവക്കൊന്നും സിനിമയെ അല്പമെങ്കിലും നന്നാക്കാനായിട്ടില്ല. വയലാർ ശരത് ചന്ദ്ര വർമ്മ എഴുതിയ “കാശ് ...കാശ്..” എന്നൊരു ഗാനമുണ്ട്. വരികൾ കേട്ടാൽ ഇംഗ്ലീഷാണൊ മലയാളമാണോ എന്ന് തിരിച്ചറിയാനാവുന്നില്ല. ‘കാശി‘നു വേണ്ടിയാണെങ്കിലും അല്ലെങ്കിലും ഇങ്ങിനെയുള്ള ഗാനങ്ങളെഴുതി ബുദ്ധിമുട്ടിക്കല്ലേ എന്നേ ഗാനരചയിതാവിനോട് പറയാനുള്ളു.
കയ്യിൽ ഒരു പാടു കാശുള്ളത് എങ്ങിനെ ചിലവാക്കണം എന്നറിയാത്തവർക്കും, കാശിന്റെ വിലയറിയാത്തവർക്കും, സാമാന്യബുദ്ധി ഇല്ലാതിരിക്കുകയും അതേസമയം ധാരാളം കാശും സമയവും ഉള്ളവർക്കും ധൈര്യമായി കയറി കാണാവുന്ന ചിത്രം.