പോക്കിരിരാജ, സീനിയേഴ്സ് എന്നീ കൊമേഴ്സ്യൽ ഹിറ്റുകൾക്ക് ശേഷം സംവിധായകൻ വൈശാഖ് ഒരുക്കുന്ന പുതിയ എന്റർടെയ്നറാണ് “മല്ലൂസിങ്ങ്”. ഇരട്ട തിരക്കഥാകൃത്തുക്കളായിരുന്ന സച്ചി-സേതു വഴി പിരിഞ്ഞതിനുശേഷം സേതുവിന്റെ ഒറ്റക്കുള്ള ആദ്യ രചന. വൈശാഖിന്റെ ആദ്യ സിനിമകൾ പോലെ തന്നെ പ്രേക്ഷകർക്കിഷ്ടപ്പെടുന്ന തട്ടുപൊളിപ്പൻ സിനിമയൊരുക്കി പ്രേക്ഷകരെ എന്റർടെയ്ൻ ചെയ്യിക്കുക/ആഘോഷിക്കുക എന്നൊരു ലക്ഷ്യം മാത്രമേ ഈ സിനിമക്കും ഉള്ളു. പ്രേക്ഷകനെ രസിപ്പിക്കാനും കൊമേഴ്സ്യൽ വിജയം ഉറപ്പാക്കാനും വേണ്ടി ഇറങ്ങുന്ന ഇത്തരം മലയാള ചിത്രങ്ങളിൽ കഥയോ ലോജിക്കോ ഒന്നും അന്വേഷിക്കരുതെന്നാണ് സമകാലിക സിനിമാ പരിചയം. സിനിമ സാമ്പത്തിക വിജയം നേടുമെങ്കിൽ എന്തിനീ ‘ആവശ്യമില്ലാത്ത ആകുലതകൾ’ എന്നൊരു ചിന്താരീതി തന്നെ ഇത്തരം സിനിമാ പ്രവർത്തകർക്കും ഇത്തരം സിനിമകൾ ആഘോഷിക്കുന്ന വലിയൊരു ശതമാനം പ്രേക്ഷകർക്കുമുണ്ട്. പക്ഷെ, ഈ യുക്തിഭദ്രമായ കഥയും തിരക്കഥയും പ്രകടനവും മറ്റെല്ലാ ലാവണ്യ രീതികളും മാറ്റിവെച്ചാൽ പോലും “മല്ലു സിങ്ങ്” വൈശാഖിന്റെ മുൻ ചിത്രങ്ങളെപ്പോലെ വെറുമൊരു നേരംകൊല്ലിയായിപ്പോലും പ്രേക്ഷകരെ രസിപ്പിക്കുന്നില്ല എന്നതാണ് സത്യം; പോക്കിരിരാജയുടേയും സീനിയേഴ്സിന്റെയും പ്രേക്ഷകർ മല്ലു സിങ്ങിനും ഇടിച്ചു കയറുന്നുണ്ടെങ്കിലും.
വിശ്വസീനയത തൊട്ടുതീണ്ടിയിട്ടില്ലാത്ത കഥയും തിരക്കഥയും, കണ്ണഞ്ചിപ്പിക്കുന്ന വർണ്ണങ്ങൾ കൊണ്ടൊരുക്കിയ പശ്ചാത്തലവും നൃത്തങ്ങളും, അന്തരീക്ഷത്തിൽ പറന്നു നടന്നു ചെയ്യുന്ന സംഘട്ടനങ്ങൾ, മലയാളത്തിലെ പഴയ ചില ഹിറ്റ് ചിത്രങ്ങളുടേ ചേരുവ, പഞ്ചാബ് എന്ന ഭൂപ്രദേശത്ത് ഷൂട്ട് ചെയ്തെന്ന പ്രത്യേകത. ഇതൊക്കെയാണ് “മല്ലു സിങ്ങ്” എന്ന വൈശാഖ് സിനിമ.
വർഷങ്ങൾക്ക് മുൻപ് നാടുവിട്ടുപോയ കളിക്കൂട്ടുകാരനും അമ്മായിയുടെ മകനുമായ ഹരി(ഉണ്ണി മുകുന്ദൻ)യെ അന്വേഷിച്ച് പഞ്ചാബിലേക്ക് എത്തിയ അനിയന്റേ(കുഞ്ചാക്കോ ബോബൻ)യും പഞ്ചാബിൽ അനിയൻ കണ്ടുമുട്ടുന്ന ഹരീന്ദർ സിങ്ങിന്റേയും ജീവിതപരിസരങ്ങൾ നർമ്മരൂപത്തിൽ അവതരിപ്പിക്കുകയാണ് മല്ലൂസിങ്ങിൽ
വിശദാംശങ്ങൾക്കും കഥാസാരത്തിനും മല്ലൂസിംഗിന്റെ ഡാറ്റാബേസ് പേജിലേക്ക് പോകുക.
തുടക്കത്തിൽ സൂചിപ്പിച്ചപോലെ അയുക്തികൾ നിറഞ്ഞ ഒരു തിരക്കഥ തന്നെയാണ് മല്ലൂസിങ്ങിന്റേത്. അയുക്തികൾക്കും കഥാഗതിക്കുമപ്പുറത്തായി ഓരോ നിമിഷവും പ്രേക്ഷകനെ ആനന്ദിപ്പിക്കുക എന്നൊരു ലക്ഷ്യം മാത്രമേ ഇതിന്റെ അണിയറപ്രവർത്തകർക്കുള്ളു. തമിഴ് സിനിമയിൽ വിജയ് അടക്കമുള്ള താരങ്ങളുടെ കമേഴ്സ്യൽ ഹിറ്റുകളുടെ ചേരുവകൾതന്നെയാണ് തിരക്കഥാകൃത്ത് സേതുവും സംവിധായകൻ വൈശാഖും ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഒരു തമിഴ് ഡപ്പാംകൂത്ത് സിനിമയുടെ എല്ലാം ലക്ഷണങ്ങളും തികഞ്ഞ ഈ സിനിമ മലയാളത്തിൽ സംസാരിക്കുന്നു എന്നു മാത്രമേയുള്ളു.സിനിമയുടെ ബേസിക് പ്ലോട്ട് അതിന്റെ വികസിപ്പിച്ച രീതിയെല്ലാം തമിഴ് സിനിമകളുടെ ഫോർമുലയിൽ തന്നെയാണ്. നായകന്റെ ഇൻട്രൊഡക്ഷൻ സീനും തുടർന്നുള്ള ആട്ടും പാട്ടവും ഹീറോയിസവുമെല്ലാം അതിനോട് തുന്നിച്ചേർത്ത ഖണ്ഠങ്ങൾ മാത്രം. പഴയ സിദ്ധിഖ് ചിത്രമായ “ഹിറ്റ്ലർ” എന്ന സിനിമയിലെ നായകന്റെ പെരുമാറ്റരീതികൾതന്നെയാണ് ഇതിലെ നായകൻ ഹരീന്ദർ സിങ്ങിനും (“ഇവനാര് ഹിറ്റ്ലർ മാധവൻ കുട്ടീയോ“ എന്ന് ചില കഥാപാത്രങ്ങളെക്കൊണ്ട് പറയിപ്പിക്കുന്നുമുണ്ട്).വിരലിലെണ്ണാവുന്ന സിനിമകളിൽ നിന്ന് ചില വാണിജ്യവിജയങ്ങൾ ഉണ്ടാക്കിയെന്നല്ലാതെ സാമാന്യബോധമുള്ള പ്രേക്ഷകനു ദഹിക്കുന്നതൊന്നും ഇതുവരെ എഴുതാത്ത തിരക്കഥാദ്വയങ്ങളാണ് സച്ചി-സേതു. ആ ഇരട്ടകൾ വേർപിരിഞ്ഞ് സേതു തനിച്ച് എഴുതുമ്പോഴും എഴുത്തിനു നിലവാരമോ പുതുമയോ തൊട്ടില്ലതാനും. ആദ്യ ചിത്രം മുതൽ ചില പ്രേക്ഷകരെ (ഫാൻസിനെ എന്നും പറയാം) സിനിമയുടെ പാളിച്ചകളിലേക്ക് ശ്രദ്ധകൊടുക്കാതിരിക്കാനും അനു നിമിഷം സിനിമയോട് കൂടെ നിർത്താനുമുള്ള മേക്കിങ്ങ് തന്ത്രങ്ങളൊക്കെ അറിയാവുന്ന ആളാണ് സംവിധായകൻ വൈശാഖ് എന്ന് തെളിയിച്ചിട്ടുണ്ട്. എങ്കിലും തൊട്ടു മുൻപത്തെ ചിത്രമായ സീനിയേഴ്സിലേ പോലെ ഇടക്കൊന്ന് പൊട്ടിച്ചിരിക്കാൻ മാത്രമുള്ള സന്ദർഭങ്ങളൊന്നും നിരത്താൻ വൈശാഖിനുമായിട്ടില്ല.
നടൻ കുഞ്ചാക്കോ ബോബന്റെ അമ്പതാം ചിത്രമെന്ന ഖ്യാതിയും മല്ലു സിങ്ങിനുണ്ട്. പ്രകടനങ്ങളുടെ തുടർച്ചയിൽ കുഞ്ചാക്കോബോബനു പുരോഗതിയുണ്ടായിട്ടുണ്ടെങ്കിലും കോമഡി സീനുകളിൽ മിമിക്രി താരങ്ങളുടെ അനുകരണമാകാനേ സാധിക്കുന്നുള്ളു. എങ്കിലും വൈകാരിക സന്ദർഭങ്ങളിൽ മോശമാകാതെ നിൽക്കാനും ഈ യുവനടനായിട്ടുണ്ട്. നായികയായി സംവൃതക്ക് വലിയ റോളൊന്നുമില്ലെങ്കിലും മോശമാക്കിയില്ല. മിമിക്രി സ്ക്റ്റിറ്റിന്റെ നിലവാരത്തിലുള്ള തമാശ സീനുകളിൽ വന്നു പോകാനുള്ള ഭാഗ്യമേ ബിജുമേനോനും മനോജ് കെ ജയനും സുരാജ് വെഞ്ഞാറമൂടിനും സാധിച്ചിട്ടുള്ളും. മോശം എന്ന് പറയിപ്പിച്ചില്ലെങ്കിലും മികച്ച കോമഡികളൊരുക്കുവാൻ അവർക്കും സാധിച്ചിട്ടില്ല. സുരാജിനെ കയറൂരി വിട്ടിട്ടില്ല എന്നതൊരാശ്വാസം. ചിത്രത്തിന്റെ ടൈറ്റിൽ സീനിൽ വരുന്ന പഞ്ചാബി പാട്ടുകാരായി സംവിധായകൻ വൈശാഖും മറ്റൊരു തിരക്കഥാകൃത്ത് ഉദയ് കൃഷ്ണയുമുണ്ട്. പരമാവധി നിറങ്ങളെ ഫ്രെയിമിനുള്ളിൽ ഒതുക്കാൻ ക്യാമറമാൻ ഷാജി ഏറേ പണിപ്പെട്ടൂകാണണം. ഒരു കൊമേഴ്സ്യൽ ചിത്രത്തിനുവേണ്ട പ്രകടനമൊക്കെ ഷാജിക്കും സാധ്യമായിട്ടുണ്ട്. മഹേഷ് നാരായണന്റെ എഡിറ്റിങ്ങും ചിത്രത്തിനു ചേരും വിധം തന്നെ. ഏറെ ചിരിയുണർത്തിയത് ചിത്രത്തിലെ സംഘട്ടന രംഗങ്ങളാണ്. തമിഴൻ പോലും തന്റെ സിനിമകളിൽ ഇപ്പോൾ റിയലിസ്റ്റിക്ക് ആയ സംഘട്ടന രംഗങ്ങളും പശ്ചാത്തലങ്ങളും സ്വീകരിക്കുമ്പോൾ പത്തു വർഷം മുൻപത്തെ തമിഴ് പടത്തിലെ സംഘട്ടന രീതിയൊക്കെ വൈശാഖും സംഘവും അനുകരിക്കാൻ ശ്രമിക്കുമ്പോൾ ചിരിക്കാതെന്തു ചെയ്യും. പ്രഥീരാജിനു പകരം വന്ന നായകനായ ഉണ്ണി മുകുന്ദനും അഭിനയിച്ചു ഫലിപ്പിക്കാനുള്ള വേഷമൊന്നുമല്ല. തന്റെ ശരീര സൌന്ദര്യം വെളിപ്പെടുത്താനുള്ള സന്ദർഭങ്ങൾ ഏറെയുണ്ട് താനും. അത്തരം സന്ദർഭങ്ങളിൽ ഉണ്ണി മുകുന്ദൻ മോശമാക്കിയതുമില്ല. ഭാവി യുവ താരങ്ങളിൽ ഒന്നായി ഈ നടനേയും ചേർത്തു വെക്കുന്നതിൽ തെറ്റില്ല. വരും സിനിമകളിൽ ഒരു കമേഴ്സ്യൽ നായകനു വേണ്ട അത്യാവശ്യം ഘടകങ്ങൾ ഉണ്ണിമുകുന്ദനുണ്ട്.
എം ജയചന്ദ്രന്റെ ഗാനങ്ങൾ സ്ഥാനത്തും അസ്ഥാനത്തുമായുണ്ട്. ഹിറ്റുകളാകാൻ സാദ്ധ്യത പ്രതീക്ഷിക്കുന്നില്ലെങ്കിലും ചിത്രത്തിനു ചേരുന്നവയായിട്ടുണ്ട്. പഞ്ചാബിലെത്തിയ ഒറ്റപ്പാലംകാരി അശ്വതി(സംവൃതാ സുനിൽ) അടുത്ത ദിവസം രാവിലെ പൂജാമുറിയിൽ ഇരുന്ന് കട്ട പഞ്ചാബിയിൽ ഗുരുഗ്രന്ഥത്തിലെ പഞ്ചാബി ശ്ലോകങ്ങൾ ഈണത്തിൽ പാടുന്നത് തിയ്യറ്ററിൽ ചിരിക്കും കൂവലിനും വഴിയൊരുക്കി. (അത്രക്കെങ്കിലും സാമാന്യ ബുദ്ധി കാണിച്ച പ്രേക്ഷകരെ നിനക്ക് നന്ദി)
പോക്കിരിരാജയെക്കുറിച്ച് ഏതു പ്രേക്ഷകനും നല്ല അഭിപ്രായമൊന്നുമില്ലെങ്കിലും ആ സിനിമ നേടിയ അപൂർവ്വ സാമ്പത്തിക വിജയം അത്ഭുതപ്പെടുത്തുന്നതാണ്. തുടർന്നു സീനിയേഴ്സും. വൈശാഖിന്റെ മൂന്നാമത്തെ സിനിമയായ ഈ മല്ലൂസിങ്ങും സാമ്പത്തിക വിജയം നേടൂമെങ്കിൽ അത്ഭുതപ്പെടാനൊന്നുമില്ല. പോപ്പ് പോൺ കൊറിച്ച് മുന്നിലെ ദൃശ്യ ഖണ്ഠങ്ങളെ അല്ലലും ആലോചനയുമൊന്നുമില്ലാതെ കണ്ടു തീർത്ത് ഏമ്പക്കമിടുന്ന പ്രേക്ഷകന്റെ ശതമാനം ഇവിടെ വളരെക്കൂടുതലാണ്. അവർക്ക് വേണ്ടി മാത്രമാണ് ഈ സിനിമ. അവരത് വിജയിപ്പിച്ചേക്കാം; സാമാന്യബോധമുള്ള പ്രേക്ഷകൻ മുഖം തിരിക്കുമെങ്കിലും.
Relates to
Article Tags
Contributors
ella bhavugangalum
kunjakko boaban sarikkum
guuuud
kunjakko
Unni Mukundan is a gifted artist