ഡയമണ്ട് നെക്‌ലെയ്സ് -സിനിമാറിവ്യു

Submitted by nanz on Thu, 05/10/2012 - 08:56

ലാൽ ജോസിന്റെ ‘സ്റ്റാനിഷ് മസാല’ക്ക് പഴക്കവും അരുചിയുമായിരുന്നെങ്കിൽ, ലാൽ ജോസ് നിർമ്മാണ പങ്കാളിയും സംവിധായകനും ഡോ. ഇക്ബാൽ കുറ്റിപ്പുറം തിരക്കഥാകൃത്തുമായ “ഡയമണ്ട് നെക്ലേസിനു” തിളക്കമേറെയാണ്. പതിവു ശീലങ്ങളുടേ പഴഞ്ചൻ സിനിമകൾക്കിടയിലും നവ തരംഗമെന്ന പുതു സിനിമകൾക്കിടയിലും “ഡയമണ്ട് നെക്ലേസ്” വേറിട്ടുനിൽക്കുന്നത് തിരക്കഥയുടെ ഒതുക്കത്തിന്റേയും സംവിധായകന്റെ സാന്നിദ്ധ്യത്തിന്റേയും കഥാപാത്രങ്ങളുടെ അത്ഭുത പ്രകടനത്തിന്റേയും പത്തരമാറ്റ് തിളക്കത്തിൽത്തന്നെയാണ്. അതുകൊണ്ട് തന്നെ ഈ സിനിമ ലാൽ ജോസിന്റെ നല്ല സിനിമകളിൽ എഴുതി ചേർക്കാം.

ദുബായിൽ അടിപൊളി ജീവിതം നയിക്കുന്ന, സാമ്പത്തിക അച്ചടക്കമില്ലാത്ത ഒരു യുവ ഡോക്ടറുടെ സാമ്പത്തിക/ജീവിത പ്രതിസന്ധിയും അയാളുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന മൂന്ന് വ്യത്യസ്ഥ സ്ത്രീകളുടേയും ബന്ധങ്ങളുടെ കഥയാണ് ഈ സിനിമയുടേ മുഖ്യപ്രമേയം എന്നു പറയാം.സിനിമയുടെ വിശദാംശങ്ങൾക്കും കഥാസാരത്തിനും ഡയമണ്ട് നെക്‌ലേയ്സിന്റെ ഡാറ്റാബേസ് പേജിലേക്ക് പോകുക.

ചില കല്ലുകടികളും ടിപ്പിക്കൽ മലയാള സിനിമാ കാഴ്ചപ്പാടുകളും കുറച്ചൊക്കെ ഈ സിനിമയുടെ ഭംഗിയും സൗന്ദര്യവും കുറക്കുന്നുണ്ടെങ്കിലും പൊതുവിൽ നല്ലൊരു ശ്രമവും ആസ്വാദ്യകരവുമാണ് ലാൽ ജോസിന്റെ ഡയമണ്ട്  നെക്ലേസ്. പ്രവചനീയമായ കഥാന്ത്യമാണെങ്കിലും അതിലേക്കെത്തുന്ന കൈവഴികളും നായകനിലേക്ക് കടന്നു വരുന്ന മൂന്നു സ്ത്രീകഥാപാത്രങ്ങളുടെ സാന്നിദ്ധ്യവുമൊക്കെ രസകരവും ചിത്രത്തോട് ചേർന്നു പോകുന്നവയുമാണ്. "സെവൻസ്" എന്ന തന്റെ മുൻ ചിത്രത്തിൽ തിരക്കഥാകൃത്ത് ഇക്ബാൽ കുറ്റിപ്പുറം ഏറെ നിരാശപ്പെടുത്തുയിരുന്നുവെങ്കിലും ഡയമണ്ട് നെക്ലേസിൽ ഇരുത്തം വന്ന, പിഴവുകൾ ഏറെ തീർത്ത എഴുത്തുമായാണ് സാന്നിദ്ധ്യമുറപ്പിക്കുന്നത്. കഥാപാത്രങ്ങൾക്ക് നൽകിയ സംഭാഷണങ്ങൾ ജീവിതസന്ദർഭങ്ങളോട് ചേർന്നു നിൽക്കുന്നു. മുഖ്യപാത്രസൃഷ്ടികൾ കൃത്യമായും വ്യക്തമായും അടയാളപ്പെടുത്തുന്നു. അതിവൈകാരികതയിലേക്ക് വഴുതി വീഴേക്കാവുന്ന ചില സന്ദർഭങ്ങളെ അച്ചടക്കം കൊണ്ട് സൗന്ദര്യപരമാക്കുന്നുമുണ്ട് ഇക്ബാൽ.

സ്പാനിഷ് മസാലയിൽ തന്റെ സംവിധാന മികവ് പാടേ അവസാനിപ്പിച്ചുവെന്ന് തോന്നിപ്പിച്ച ലാൽജോസ് പക്ഷെ ഈ സിനിമയിൽ മികച്ച അഭിപ്രായം നേടുന്നുണ്ട്. ചില കാഴ്ചാ-ആസ്വാദന ശീലങ്ങളെ പൂർണ്ണമായും നിരാകരിക്കാൻ ആയില്ലെങ്കിലും സംവിധായകന്റെ വ്യക്തസാന്നിദ്ധ്യം അടയാളപ്പെടുത്തുന്ന നിരവധി സന്ദർഭങ്ങൾ ഒരുക്കാൻ ലാൽ ജോസിനായിട്ടുണ്ട്. സംവിധായകനെന്ന നിലയിൽ ഏറെ മുന്നോട്ട് പോകാനും.

അഭിനയിച്ച നടീനടന്മാർ ഒട്ടുമിക്കവരും (99%) വളരെ നന്നായി പ്രകടനം കാഴ്ചവെച്ചു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫഹദ് ഫാസിൽ എന്ന നടന്റെ പ്രകടനം അടുത്തകാലത്തായി മലയാള സിനിമയിൽ മറ്റൊരു യുവതാരവും (മറ്റേത് നായക നടനെന്നും പറഞ്ഞാലും തെറ്റില്ല) പ്രകടിപ്പിക്കാത്ത അസാമാന്യപ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഡോ. അരുൺകുമാർ എന്ന നായകൻ ആവശ്യപ്പെടുന്ന മാനസിക ഭാവങ്ങളും മാനറിസങ്ങളും പൂർണ്ണമായും ഉൾക്കൊള്ളാൻ ഫഹദിനായി. നർമ്മ മുഹൂർത്തങ്ങളിലും വൈകാരിക സന്ദർഭങ്ങളിലും ഈ നടൻ കാഴ്ചവെക്കുന്ന പ്രകടനം അസാദ്ധ്യമാണ്. ഒപ്പം തന്നെ ഡോ.അരുണിന്റെ ഭാര്യയായ കലാമണ്ഠലം രാജശ്രീ എന്ന വേഷം ചെയ്ത അനുശ്രീ ഒരു പുതുമുഖത്തിന്റെ യാതൊരു പരിഭ്രമവുമില്ലാതെ ചെയ്തിരിക്കുന്നു. അരുണിന്റെ കാമുകിയായ ലക്ഷ്മിയെ അവതരിപ്പിച്ച ഗൗതമി നായർ, മായയായ സംവൃതാസുനിൽ, രോഹിണി എന്നിവർ മാത്രമല്ല. മൂന്നു സീനുകളിൽ മാത്രം വന്നു പോകുന്ന ബാങ്ക് ഫിനാൻസ് മാനേജറെ അവതരിപ്പിച്ച നടി(പേരോർമ്മയില്ല. സിനിമയിൽ ആദ്യമായി കാണുകയാണ്) ഗംഭീര പ്രകടനം തന്നെ കാഴ്ചവെച്ചിരിക്കുന്നു. ശ്രീനിവാസൻ, ശിവജി ഗുരുവായൂർ, സുകുമാരി എന്നിവർ മാത്രമല്ല നായകന്റെ ഗൾഫിലെ സുഹൃത്തായി വരുന്ന വടക്കൻ കേരള ഭാഷ പറയുന്ന ഷുക്കൂർ എന്ന കഥാപാത്രം പോലും മോശമായിട്ടില്ല.

ലാൽജോസിന്റെ ചിത്രങ്ങളിൽ വിദ്യാസാഗറിന്റെ സംഗീത സാന്നിദ്ധ്യം പലപോഴും പ്രേക്ഷകനെ ആസ്വദിപ്പിക്കാറുണ്ടെങ്കിലും ഈ ചിത്രത്തിൽ അതത്ര സുഖകരമായി തോന്നിയില്ല. ഗായകൻ കാർത്തിക് പാടുന്ന "നിലാ മലരേ..'' എന്ന ഗാനമാണ് കൂട്ടത്തിൽ നന്നായത്. ചിത്രത്തിന്റെ വിജയത്തിനു സമീർ താഹിറിന്റെ ക്യാമറ, രഞ്ജൻ അബ്രഹാമിന്റെ എഡിറ്റിങ്ങ് എന്നിവ വളരെ സഹായിച്ചിട്ടുണ്ട്.

നായകന്റെ വിവാഹ സന്ദർഭം, ഒറ്റപ്പാലം ഗ്രാമീണ നൊസ്റ്റാൾജിക് ക്ലീഷേ ദൃശ്യ-സംഭാഷണങ്ങൾ, ഗ്രാമീണരുടെ നന്മയും നഗരവാസികളുടെ നന്മയില്ലായ്മയും, കണ്ടു മടുത്ത ക്ലീഷേകളുടെ നിഴലുകൾ, ചിത്രത്തിന്റെ അവസാനത്തിൽ കൂട്ടിച്ചേർത്ത ചില ദൃശ്യഖണ്ഠങ്ങൾ, അറിഞ്ഞോ അറിയാതെയോ നായകനെ മഹത്വവൽക്കരിക്കാനുള്ള ശ്രമങ്ങൾ, പല സന്ദർഭങ്ങൾക്കും ന്യായീകരണങ്ങൾ ചമക്കുന്നുണ്ടെങ്കിലും പോരായ്മകൾ മുഴച്ചു നിൽക്കുന്നത്. ഇതൊക്കെ ഈ ചിത്രത്തെ കൂടുതൽ മികച്ചതാക്കുന്നതിൽ പോരായ്മ വഹിക്കുന്നുണ്ട്. എങ്കിലും, ഒരു ബംഗാളി ചെറുകഥയിൽ നിന്നും വികസിപ്പിച്ചെടുത്ത ഈ സിനിമ, തുടക്കം മുതൽ ഒടുക്കം വരെ സുഖമുള്ളൊരു അനുഭൂതി നൽകുന്നുണ്ട്. വിദേശ സിനിമകളുടെ തനി പകർപ്പോ 'നവതരംഗം സിനിമ'യെന്ന ടെക്നിക്കൽ/ആഖ്യാന ഗിമ്മിക്കുകളോ ഒന്നുമാവാതെ നമ്മൾ പലരുടേയും നിത്യജീവിതത്തിലെ പല ജീവിതസന്ദർഭങ്ങളും ആകസ്മികതകളും പ്രതിസന്ധികളുമൊക്കെ വളരെ സ്പർശിയായി വരച്ചു കാണിക്കുന്നുണ്ട്.

ലാൽ ജോസ് & ടീം ,നിങ്ങൾക്കായി സ്നേഹത്തിൽ തീർത്തൊരു ആലിംഗനം. സ്വീകരിച്ചാലും

Contributors