തട്ടത്തിൻ മറയത്ത് - സിനിമാ റിവ്യൂ

Submitted by nanz on Sat, 07/07/2012 - 10:39
thattathin marayathu poster

 

പ്രസിദ്ധ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ മകൻ വിനീത് ശ്രീനിവാസൻ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് “തട്ടത്തിൻ മറയത്ത്” ആദ്യ ചിത്രമായ ‘മലർവാടി ആർട്ട്സ് ക്ലബ്ബ്” എന്ന ചിത്രത്തിലൂടെ ഒരു പിടി യുവ അഭിനേതാക്കളെ രംഗത്തേക്ക് കൊണ്ടുവന്ന വിനീത് രണ്ടാ‍മത്തെ ചിത്രത്തിലും അതേ അഭിനേതാക്കളടക്കം പുതിയ ആളുകളെത്തന്നെയാണ് ഉൾപ്പെടൂത്തിയിരിക്കുന്നത്. മുൻ ചിത്രമെന്ന പോലെ ഇതിലും യുവാക്കളുടെ പ്രണയത്തെക്കുറിച്ചു തന്നെ പ്രതിപാദിക്കുന്നു. ആദ്യ ചിത്രം “മലർവാടി” സിനിമ എന്നതിലുപരി ഒരു സ്ക്കൂൾ നാടകത്തിന്റെ നിലവാരമേ ഉണ്ടായിരുന്നുള്ളു എങ്കിൽ തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലെത്തുമ്പോൾ സംവിധാകയകനെന്ന നിലയിൽ വിനീത് വളർന്നിരിക്കുന്നു.

വളരെ പഴയ, തികച്ചും പ്രവചനീയമായ പുതുതായൊന്നും കൂട്ടിച്ചേർത്തിട്ടില്ലാത്ത ശുഭപര്യവസായിയായൊരു പ്രണയകഥയാണ് “തട്ടത്തിൻ മറയത്ത്” പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്ന പോലെ, പക്ഷെ തമിഴ് സിനിമയിലെ യുവതാരങ്ങളുടെ പ്രണയ സിനിമകളുടെ പ്രതിപാദന രീതിയോട് ചേർന്നു പോകുന്ന രീതിയിൽ കോമഡിയും, റിയലിസ്റ്റിക്കും ചേർന്ന സ്റ്റൈലിഷ് ട്രീറ്റ്മെന്റാണ് ചിത്രത്തിനു നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു എന്റർടെയ്നർ എന്ന നിലയിൽ തട്ടത്തിൻ മറയത്ത് സാധാരണ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുകയും ആസ്വദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നു.

സിനിമയുടെ വിശദാംശങ്ങളും കഥാസാരവും വായിക്കുവാൻ ഡാറ്റാബേസ് പേജിലേക്ക് ക്ലിക്ക് ചെയ്യുക 

വ്യത്യസ്ഥമതത്തിൽ‌പ്പെട്ട കോളേജ് വിദ്യാർത്ഥിയും വിദ്യാർത്ഥിനിയും പ്രണയിക്കുന്നു. സുഹൃത്തുക്കളുടെ പിന്തുണയും അതിനുണ്ട്. പ്രണയ നദി മുന്നോട്ട് പോകുമ്പോൾ കുടുംബങ്ങളിൽ നിന്ന് തടസ്സമുണ്ടാകുന്നു. തടസ്സങ്ങളെ നീക്കി പ്രണയം പര്യവസാനിക്കുന്നു. ഇങ്ങിനെ വേണമെങ്കിൽ തട്ടത്തിൻ മറയത്തിന്റെ കഥയെ ചുരുക്കിയെഴുതാം. പക്ഷെ, എങ്ങിനെ പുതു തലമുറയുടേ- യുവജനങ്ങളുടെ സമകാലീന ജീവിതവുമായി അവരുടേ ചിന്തകളുമായി ചിത്രത്തെ ചേർത്തു നിർത്താമെന്ന തന്ത്രത്തിലാണ് വിനീത് ശ്രീനിവാസന്റെ തുരുപ്പു ചീട്ട്. സിനിമകളുടെ ക്ലീഷെകളെ ഒരല്പം പരിഹസിച്ചും യുവജനങ്ങളുടെ ഭാഷയെ, സംസാരരീതിയെ ഉൾക്കൊള്ളിച്ചുമൊക്കെ ചിത്രത്തെ പ്രേക്ഷകരുമായി അടുപ്പിക്കുന്നുണ്ട്. മികവാർന്ന ഛായാഗ്രഹണവും ഒഴുക്കുള്ള എഡിറ്റിങ്ങും ഗാനങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന ചില സംഭാഷണങ്ങളുമൊക്കെ തിരക്കഥയുടേ ന്യൂനതകളെ മറന്ന് സിനിമ കാണാൻ പ്രേരിപ്പിക്കുന്നുണ്ട്. താരതമ്യേന പുതു അഭിനേതാക്കാളും താരബാഹുല്യമില്ലാത്തതും വടക്കൻ കേരളത്തിന്റെ പ്രകൃതിഭംഗിയും സംസാര രീതിയുമൊക്കെ ഒരു ഫ്രഷ്നസ്സാണ്. ഈ പറഞ്ഞ ഗുണങ്ങൾ ഇല്ലായിരുന്നുവെങ്കിൽ കാലം കഴിഞ്ഞെത്തുന്ന പഴയൊരു സിനിമ മാത്രമാകുമായിരുന്നു തട്ടത്തിൻ മറയത്ത്. ഒരുപാട് പറഞ്ഞ വിഷയത്തെ മുൻ പറഞ്ഞ സംഗതികൾ കൊണ്ട് മിനുക്കിയെടുക്കാനുള്ള ബുദ്ധി കാണിച്ചു വിനീത് ശ്രീനിവാസൻ. ( ഇത്രയും തിരക്കഥയെഴുതിയിട്ടും അച്ഛൻ ശ്രീനിവാസനു കഴിയാത്തത് മകൻ രണ്ടാമത്തെ സിനിമയിൽത്തന്നെ തിരിച്ചറിഞ്ഞു എന്നത് നല്ല കാര്യം!)

നായകൻ വിനോദായി (ഇടക്ക് വിനോദ് നായർ എന്നും സംബോധനയുണ്ട്) നിവിൻ പോളി പ്രതീക്ഷ നൽകുന്നു. നെഗറ്റീവ് / ആക്ഷൻ വേഷങ്ങളിലേക്ക് ടൈപ്പായിപോകുമെന്ന സൂചനകൾ നിവിന്റെ ആദ്യ പല ചിത്രങ്ങളിലുണ്ടായിരുന്നെങ്കിലും തട്ടത്തിൻ മറയത്ത് നിവിൻ പോളിക്ക് നായകനായി തുടരാനുള്ള നല്ലൊരു അവസരമായിരിക്കും. അതിനുള്ള പെർഫോർമൻസ് നിവിൻ ഇതിൽ ചെയ്തിട്ടുണ്ട്. നായകന്റെ കൂട്ടുകാരൻ അബ്ദുവായി അജു വർഗ്ഗീസും, മറ്റു അഭിനേതാക്കളും മോശമായിട്ടില്ല. നായികഅയിഷയായെത്തുന്ന ഇഷാ തൽവാർ മാത്രമാണ് ഒരു കല്ലുകടിയായി തോന്നിയത്. രൂപത്തിലും ഭാവത്തിലും മലയാളിഛായയില്ലാത്ത അയിഷയുടെ സംസാരവും (ലിപ് മൂവ്മെന്റ്) പ്രശ്നമായിരുന്നു. അയിഷയെന്ന ഇഷാ ഒരു മിസ് കാസ്റ്റിങ്ങ് ആയിരുന്നു എന്ന് പറയാം.

സംവിധായകനെന്ന നിലയിൽ വിനീത് വളർന്നെങ്കിൽ തിരക്കഥയിൽ വിനീതിനു ശോഭിക്കാനായില്ല. പറഞ്ഞു പഴകിയ പ്രണയത്തിനു മറ്റൊരു രീതിയിലുള്ള തിരനാടകമെഴുതാനോ അബദ്ധങ്ങൾ ഒഴിവാക്കാനോ മുഖ്യപ്രമേയത്തിനോട് ചേർന്നു വരുന്ന സംഭവ വികാസങ്ങൾ വ്യക്തമാക്കാനോ സാധിച്ചിട്ടില്ല. തൊണ്ട തൊടാതെ വിഴുങ്ങേണ്ട അവസ്ഥയിലുള്ള പല സന്ദർഭങ്ങളും, മാനത്ത് നിന്ന് പൊട്ടിവീണ മട്ടിലുള്ള ചില കഥാപാത്രങ്ങളുടെ വരവുമൊക്കെ ചിത്രത്തിലുണ്ട്. പക്ഷെ ന്യൂനതകളെ കാഴ്ചക്ക് / ആസ്വാദനത്തിനു അലോസരമാക്കാതെ സംഭാഷണങ്ങൾ കൊണ്ടും പശ്ച്ചാത്തലങ്ങൾ കൊണ്ടും മറികടക്കാനായിട്ടുണ്ട്. ജോമോൻ ടി ജോണിന്റെ ക്യാമറയും ഷാൻ റഹ്മാന്റെ പശ്ച്ചാത്തല സംഗീതവും രഞ്ജൻ എബ്രഹാമിന്റെ എഡിറ്റിങ്ങുമാണ് വിനീതിനെ ഏറെ പിന്തുണച്ചിരിക്കുന്നത്. ജോമോന്റെ ക്യാമറ കണ്ണൂരിന്റെ ഭംഗിക്കൊപ്പം പ്രണയത്തിന്റെ ആഖ്യാനത്തിനും ദൃശ്യചാരുത നൽകിയിട്ടുണ്ട്. പല സന്ദർഭങ്ങളിലും ചില പഴയ സിനിമാ ഗാനങ്ങളെ ചേർത്തിണക്കിയും സുഖകരമായൊരു രീതി പകർന്നും ഷാൻ റഹ്മാൻ പശ്ച്ചാത്തല സംഗീതവും നൽകിയിട്ടുണ്ട്, സംഗീതത്തോടൊപ്പം. നാലു ഗാനങ്ങളിൽ നടി രമ്യാ നമ്പീശനും സച്ചിൻ വാര്യരും പാടിയ “മുത്തുച്ചിപ്പി പോലൊരു” എന്ന ഗാനം സുന്ദരമാണ്. ഈണവും ആലാപനവും ദൃശ്യങ്ങളും.

യുവതലമുറക്ക് തൃപ്തിപ്പെടൂത്തുന്ന രീതിയിൽ അണിയിച്ചൊരുക്കിയ തട്ടത്തിൻ മറയത്ത് ഒരു എന്റർടെയ്നർ എന്ന നിലയിൽ കാണാം മുഷിപ്പിക്കില്ല. സിനിമ എന്ന നിലയിലേക്ക് വളരാൻ ഇനിയും ഏറെയുണ്ടെങ്കിലും.

വാൽക്കഷ്ണം : ഫേസ് ബുക്കിലും മറ്റും ഓൺലൈൻ ഇടങ്ങളിലും പ്രചരിച്ചിരുന്ന പല ചിത്രങ്ങളും സംഭവങ്ങളുമൊക്കെ ചിത്രത്തിൽ രസകരമായി ചേർത്തിട്ടുണ്ട്. പർദ്ദയിട്ട മുസ്ലീം സ്ത്രീ മകനെ കൃഷ്ണവേഷത്തിലൊരുക്കിയ ഓൺലൈൻ ചിത്രത്തെ ഒരു സന്ദർഭത്തിൽ ഇതിൽ അവതരിപ്പിക്കുന്നുണ്ട്. ആ ദൃശ്യത്തോടൊപ്പം "inspired from a popular photograph" എന്നെഴുതിക്കാണിക്കാനുള്ള മാന്യതയും കാണിച്ചു വിനീത് ശ്രീനിവാസൻ. ഗുഡ്! വിമർശകൻ കെ പി അപ്പന്റേയും അജ്ഞാതരായ തിരക്കഥാകാരന്മാരുടേയും വാക്കുകളും വരികളും കഥകളും സ്വന്തം പേരിൽ തിരക്കഥയാക്കിയ അച്ഛൻ ശ്രീനിവാസനു തന്നെയിരിക്കട്ടെ മകൻ ശ്രീനിവാസന്റെ ആദ്യത്തെ കൊട്ട് !! :) :)

Contributors