ത്രസിപ്പിക്കുന്ന കുറ്റാന്വേഷണ കഥകളുടെ പ്രിയങ്കരനാണ് സംവിധായകൻ ഉണ്ണികൃഷ്ണൻ ബി. അദ്ദേഹത്തിന്റെ ആദ്യകാല തിരക്കഥയായ “കവർ സ്റ്റോറി” മുതലിങ്ങോട്ട് “ഗ്രാന്റ് മാസ്റ്റർ“ വരെ ഇതിനുദാഹരണങ്ങളാണ്. അഗതാക്രിസ്റ്റിയുടെ നോവലുകളെ ഉപജീവിച്ച് നിരവധി സിനിമാ-സീരിയൽ തിരക്കഥകൾ എഴുതിയിട്ടുമുണ്ട്. പുതിയ മോഹൻലാൽ ചിത്രമായ “ഗ്രാന്റ് മാസ്റ്ററും” അഗതാ ക്രിസ്റ്റിയുടെ The A B C Murders എന്ന നോവലിന്റെ നിഴൽ വീണു കിടക്കുന്ന ഒന്നാണ്.
നഗരങ്ങളിലെ കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനു സംസ്ഥാന പോലീസ് വകുപ്പ് പ്രത്യേകമായി തുടങ്ങിയ മെട്രോ ക്രൈം സ്റ്റോപ്പർ സെൽ (എം സി എസ് സി) ന്റെ തലവൻ ചന്ദ്രശേഖർ നടത്തുന്ന കുറ്റാന്വേഷണമാണ് പ്രധാന പ്രമേയം. ഒപ്പം ഒരു തകർന്ന ദാമ്പത്യത്തിന്റെ പൊള്ളലുകൾ അനുഭവിക്കുന്ന ഭർത്താവ്/അച്ഛനും കൂടിയാണ് ചന്ദ്രശേഖർ. പിണങ്ങിപ്പിരിഞ്ഞ തന്റെ ബന്ധങ്ങളുടെ കണ്ണിയായ മകളോടുള്ള അച്ഛന്റെ വാത്സല്യവും ദാമ്പത്യബന്ധത്തിന്റെ അകൽച്ചയും അടുപ്പവും സിനിമ പറയുന്നു.
സിനിമയുടെ വിശദാംശങ്ങൾക്കും കഥാസാരത്തിനും ഗ്രാന്റ്മാസറ്ററിന്റെ ഡാറ്റാബേസ് പേജിലേക്ക് പോകുക.
ഉണ്ണികൃഷ്ണൻ ബി യുടെ “കവർസ്റ്റോറി, ദി ടൈഗർ“ എന്നീ തിരക്കഥകളും“ സ്മാർട്ട് സിറ്റി, ഐ ജി, ത്രില്ലർ“ എന്നീ ചിത്രങ്ങളുടെയും തുടർച്ച തന്നെയാണ് ഗ്രാന്റ് മാസ്റ്ററും. എതിരാളിയുടെ 64 നീക്കങ്ങൾ നേരത്തെ അറിയുന്ന ചതുരംഗക്കളിയിലെ ‘ഗ്രാന്റ് മാസ്റ്റർ’ എന്നു വിശേഷിപ്പിക്കാവുന്ന കൂർമ്മ ബുദ്ധിക്കാരനാണ് ഇതിലെ നായകൻ ചന്ദ്രശേഖർ (ഉണ്ണികൃഷ്ണൻ ബിയുടെ “ദി ടൈഗർ” എന്ന സിനിമയിലെ നായകനും “ചന്ദ്രശേഖർ“ തന്നെ) ഉണ്ണികൃഷ്ണൻ ബിയുടെ കുറ്റാന്വേഷണസിനിമകളിലെ ഒരുപാട് സ്ഥിരം ചേരുവകൾ തന്നെയാണ് പലപ്പോഴും (തെളിവുകളിൽ നിന്നും കിട്ടുന്ന അക്ഷരങ്ങൾ ഉപയോഗിച്ചുള്ള ഗെയിം) ഈ സിനിമയുടെ പരിസരങ്ങളാകുന്നത്. യുക്തിഭദ്രമല്ലാത്ത തിരക്കഥയിൽ ഒരുങ്ങിയ ഈ ചിത്രം ഒരു ത്രില്ലർ/ഇൻ വെസ്റ്റിഗേഷൻ സിനിമയുടെ വേഗവുമൊന്നും പകരുന്നില്ല. പിണങ്ങിപ്പിരിഞ്ഞ നായകൻ-നായികയുടെ ദാമ്പത്യജീവിതത്തിന്റെ പിരിയലിന്റെ കാരണം യുക്തിസഹമല്ലാത്ത കേവലമൊരു തെറ്റിദ്ധാരണയും. ഒപ്പം ‘മാടമ്പി’ എന്ന തന്റെ മുൻ ചിത്രത്തിൽ പ്രയോഗിച്ച ‘സ്റ്റാർ ഡയലോഗുകൾ‘ നായകനു കൊടുക്കാനും സംവിധായകൻ മറന്നിട്ടില്ല. അവിശ്വസനീയവും മലയാള സിനിമയുടെ സ്ഥിരം പാറ്റേണിലുള്ള ക്ലൈമാക്സും കൂടിയായപ്പോൾ ‘ഗ്രാന്റ് മാസ്റ്റർ’ ഒരു മാസ്റ്റർ ചിത്രമോ ഗ്രാന്റ് മൂവിയോ ആകാതെ അവസാനിക്കുന്നു.
വിനോദ് ഇളമ്പള്ളിയുടെ ഛായാഗ്രഹണവും ജോസഫ് നെല്ലിക്കലിന്റെ കലാ സംവിധാനവും എസ് ബി സതീശന്റെ വസ്ത്രാലങ്കാരവും ചിത്രത്തെ ഭേദപ്പെട്ടതാക്കാൻ സഹായിച്ചിട്ടുണ്ട്. പഴയ രീതിയിലുള്ള ആഖ്യാന ശൈലിയാണ് ചിത്രത്തിനെങ്കിലും വിനോദിന്റെ ക്യാമറ ദൃശ്യസുഖം പകരുന്നുണ്ട്. ദീപക് ദേവിന്റെ പശ്ചാത്തല സംഗീതം പലപ്പോഴും അരോചകമാകുന്നുണ്ട്. നീണ്ട നാളുകൾക്ക് ശേഷം മോഹൻലാൽ തന്റെ പ്രായത്തിനും ശരീരഭാഷക്കും ചേരുന്ന വേഷത്തിലേക്ക് വന്നു എന്നത് പ്രേക്ഷകർക്ക് രുചിക്കൊന്നൊരു കാര്യമാണ്. അപ്രതീക്ഷിതവും അമ്പരപ്പിക്കുന്നതുമായ ചില ജീവിതാനുഭവങ്ങൾ പേറുന്ന ബുദ്ധിമാനായ നായകൻ ചന്ദ്രശേഖറായി മോഹൻലാൽ നല്ല പ്രകടനം തന്നെയാണ് നടത്തിയത്. സിനിമയുടെ ഒരേയൊരു ആകർഷണം ഈ നടന്റെ തികഞ്ഞ പ്രകടനമാണ്. ഒപ്പം പ്രിയാമണിയുടെ ദീപ്തി, അനൂപ് മേനോന്റെ ഡോ. ജേക്കബ്, ജഗതിയുടെ റഷീദ് എന്നിവരൊക്കെ മോശമാക്കിയില്ല. വില്ലനായി വന്ന പഴയ ബാബു ആന്റണി രൂപത്തിൽ വ്യത്യസ്ഥത പുലർത്തിയെങ്കിലും ഭാവത്തിൽ പഴയ ബാബു ആന്റണി തന്നെ. (മദ്ധ്യവയസ്കനായ നായകനു ഇത്രയും പ്രായം കുറഞ്ഞൊരു നായിക/ അതുപോലെ പ്രായം നായകനിൽ രൂപമാറ്റങ്ങൾ ഉണ്ടാക്കിയെങ്കിലും നായികക്ക് യാതൊരു മാറ്റവും ഉണ്ടാക്കുന്നില്ല എന്നതിന്റെ യുക്തിയോ കാരണമോ ചോദിക്കുന്നില്ല.)
മുൻ സാഹിത്യ നിരൂപകനും തിരക്കഥാകൃത്തുമായ ഉണ്ണികൃഷ്ണൻ ബി, ഭദ്രമായൊരു തിരക്കഥയിൽ ഒരു സിനിമ ചെയ്യുന്നത് കാണണമെങ്കിൽ പ്രേക്ഷകർ ഇനിയും കാത്തിരിക്കേണ്ടിവരും. അക്ഷരമാലാക്രമത്തിൽ ആളുകളെ കൊല്ലുന്നതും അതിന്റെ കാരണങ്ങളും, തന്റെ കൊലപാതക ദൌത്യങ്ങൾ നായകനെ കത്തയച്ച് അറിയിക്കുന്നതുമൊക്കെ തികച്ചും ബാലിശമായാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് പറയാതെ വയ്യ. നായകൻ കരണത്തടിക്കുമ്പോൾ കുട്ടിയും പെട്ടിയുമെടുത്ത് വീടുവിട്ടിറങ്ങിപ്പോകുന്ന നായികയും വേർപിരിയലിനു ഇരുവർക്കും പങ്കില്ലാത്ത നിസ്സാരമായൊരു കാരണവുമൊക്കെ മലയാള സിനിമ എന്നേ ചവറ്റുകുട്ടയിലിട്ട സംഗതികളാണെന്ന് ഉണ്ണികൃഷ്ണനു ഇനിയും മനസ്സിലായിട്ടില്ലെന്നോ? ഉണ്ണികൃഷ്ണൻ ബി മികച്ചൊരു എഴുത്തുകാരനോ, പ്രാസംഗികനോ, സംഘാടകനോ ഒക്കെ ആകാം, സമ്മതിക്കുന്നു പക്ഷേ, സംവിധാനം ചെയ്യുന്നൊരു സിനിമയിൽ തന്റെ പ്രതിഭയും സാന്നിദ്ധ്യവും ഉറപ്പാക്കാൻ ശ്രമിച്ചിരുന്നുവെങ്കിൽ ഗ്രാന്റ്മാസ്റ്ററെ ഒരു മികച്ച സിനിമയാക്കാൻ കഴിയുമായിരുന്നു.
വാൽക്കഷ്ണം : ഒരുപാട് നാളുകൾക്ക് ശേഷം മോഹൻലാൽ എന്ന നടന്റെ മികച്ച സാന്നിദ്ധ്യം അറിയിക്കാനായി എന്നതാണ് ഗ്രാന്റ് മാസ്റ്ററിന്റെ പ്രധാന നേട്ടം. ഇടക്കെപ്പോഴോ കൈവിട്ടുപോയ ലാൽ എന്ന നടന്റെ അഭിനയ പരിവേഷം (മുഴുവനായല്ലെങ്കിൽ പോലും) ഗ്രാന്റ് മാസ്റ്ററിന്റെ ഊർജ്ജം തന്നെയാണ്. തന്റെ പ്രായത്തിനു ശരീരത്തിനും ചേരുന്ന വേഷത്തിലേക്കും ആ കഥാപാത്രത്തിന്റെ മാനറിസങ്ങളിലേക്ക് കടന്നു ചെല്ലാനുമൊക്കെ മോഹൻലാലിനു സാധിച്ചിരിക്കുന്നു. ലാലിനെ കാണാണമെന്നുള്ളവർക്ക് ഈ ചിത്രം കാണാം.
വിരണ്ടെന്ന് തോന്നുന്നു ? ! :)
തരക്കേടില്ലാത്ത സിനിമ
I felt its a average(read it
Hey , this story was shown in
What da hell is this..??
Exactly Antony. Am with You.
ലാലിനെ കാണാണമെന്നുള്ളവർക്ക് ഈ