
മലയാള സിനിമയിലിപ്പോൾ റീമേക്കുകളുടെയും രണ്ടാംഭാഗത്തിന്റേയും കാലമാണ്. റീമേക്കുകളെന്നാൽ പഴയ ക്ലാസിക് ചിത്രങ്ങളെ പുനരവതരിപ്പിക്കുന്നു എന്നൊന്നുമല്ല, വില്പന സാദ്ധ്യതയുള്ള, സ്ത്രീ ശരീരങ്ങളെ തുറന്നു കാണിക്കാൻ കഴിയുന്ന പല ചിത്രങ്ങളും സാമ്പത്തിക നേട്ടം മോഹിച്ച് വീണ്ടും ചിത്രീകരിക്കുന്നു എന്നേയുള്ളൂ. സോഫ്റ്റ് പോൺ (അത്തരമെന്ന് കരുതുന്ന) ചിത്രങ്ങൾക്ക് അന്നും ഇന്നും എന്നും മാർക്കറ്റുണ്ടല്ലോ ഈ കേരളത്തിൽ. 1974ൽ പുറത്തിറങ്ങിയ ‘ചട്ടക്കാരി’ എന്ന സിനിമയാണ് ഇത്തരം റീമേക്കുകൾ തുടർച്ചയായിറക്കുന്ന സുരേഷ് കുമാർ നിർമ്മിച്ച് കെ എസ് സേതുമാധവന്റെ മകൻ സന്തോഷ് സേതുമാധവൻ 2012ൽ പുറത്തിറക്കിയ പുതിയ ചട്ടക്കാരി.
ഇത്തരം ചിത്രങ്ങളുടെ വില്പന സാദ്ധ്യതക്കു വേണ്ടിത്തന്നെയുള്ള ശ്രമങ്ങളൊക്കെത്തന്നെയേ ഈ സിനിമയിലും ഉള്ളു. നീലത്താമരയും, രതിനിർവ്വേദവും പുനർ സൃഷ്ടിച്ചപ്പോൾ കാലഹരണപ്പെട്ട വിഷയമായിട്ടും പഴയ ചിത്രങ്ങളുടെ നിലവാരമില്ലാഞ്ഞിട്ടും ഒരു എന്റർടെയ്നർ എന്ന നിലയിൽ പല പ്രേക്ഷകർക്കെങ്കിലും കണ്ടിരിക്കാവുന്ന സിനിമകളായിരുന്നു. എന്നാൽ ചട്ടക്കാരിയുടെ പുതിയ നിർമ്മിതിക്ക് സിനിമയെടുത്തു പഠിക്കാൻ ശ്രമിക്കുന്ന ഒരു സംവിധായകന്റെ പാതി പോലും വേവാത്ത സൃഷ്ടിയെന്ന നിലവാരമേയുള്ളു. ദശാബ്ദങ്ങൾക്ക് മുൻപ് പറഞ്ഞു പഴകിയ പ്രമേയം, അഭിനേതാക്കളുടെ പരിതാപകരമായ അഭിനയം, സമയ-കാല തുടർച്ചപോലുമില്ലാത്ത അമെച്ചെറിഷ് ആയ മേക്കിങ്ങ്. കുഞ്ഞുടുപ്പിട്ട നായികയുടെ നഗ്നത കാണിക്കാനുള്ള ശ്രമം. ഇതൊക്കെയാണ് ചട്ടക്കാരി.
ജൂലി എന്ന ആംഗ്ലോ ഇന്ത്യൻ യുവതിയുടെ പ്രണയവും വിരഹവും വേദനയും നിറഞ്ഞ ജീവിതമാണ് പ്രമേയം. ( സിനിമയെക്കുറിച്ചുള്ള വിശദാംശങ്ങൾക്കും കഥാസാരത്തിനും ഡാറ്റാബേസ് പേജിലേക്ക് ക്ലിക്ക് ചെയ്യുക )
സിനിമ പൂർണ്ണമായും പഴയ കാലഘട്ടത്തിൽ നടക്കുന്ന രീതിയിലാണ് ചിത്രീകരണം. ഊട്ടി പോലുള്ള ഹിത്സ്റ്റേഷന്റെ പശ്ചാത്തല ഭൂമികയിലാണ് കഥ. മലയാള സിനിമയിലെ ഏതു സിനിമയിലേയും ആംഗ്ലോ ഇന്ത്യൻസിനെപ്പോലെയാണ് ചട്ടക്കാരിയിലെ നായികയുടെ കുടുംബവും. പരമാവധി സമയങ്ങളിൽ മദ്യപാനം, സാമ്പത്തിക ബാദ്ധ്യതകൾ നിറഞ്ഞ പ്രാരാബ്ദ ജീവിതം, കുട്ടിയുടുപ്പുകൾ, ബേക്കിങ്ങ്, ഇന്ത്യയിൽ നിന്നും സ്വന്തം ഭൂമിയിലേക്ക് പോവാനുള്ള ത്വര അങ്ങിനെത്തന്നെ ‘ചട്ടക്കാരി‘യിലും. വിനോദ് ഇല്ലമ്പള്ളിയുടെ ചില ദൃശ്യഭംഗിയും എം ജയചന്ദ്രന്റെ ചില പാട്ടുകളും മാത്രമാണ് സിനിമയെ അല്പമെങ്കിലും കാണാൻ പ്രേരിപ്പിക്കുന്നത്. ജൂലിയായെത്തിയ ഷംനാ കാസിം തന്റെ വസ്ത്രത്തിൽ കംഫർട്ട് അല്ലെന്ന ഫീലാണ് പലപ്പോഴും പ്രേക്ഷകനു അനുഭവപ്പെടുന്നത്. ജൂലിയായുള്ള അഭിനയം ഭേദമെങ്കിലും ശശിയായെത്തിയെ ഹേമന്ദ്, മറ്റു കഥാപാത്രങ്ങൾ എല്ലാം അമ്പേ പരാജയമാണ്. ഇന്നസെന്റ് അവതരിപ്പിക്കുന്ന മോറിസ് എന്ന ജൂലിയുടെ ഡാഡി അസഹനീയമാണ്. സിനിമയിലെ ഇംഗ്ലീഷ് ഡയലോഗുകളും അവ പറയുന്ന രീതിയും കണ്ടാൽ സിനിമക്ക് മറ്റു കോമഡി സീനുകളൊന്നും വേണ്ട ( ആംഗ്ലോ ഇന്ത്യൻസും ജീവിതത്തിൽ പരമാവധി ഇംഗ്ലീഷിൽ സംസാരിക്കുന്നവരും എന്ന ധാരണയോടെയാണ് ഇന്നസെന്റിനേയും സുകുമാരിയേയുമൊക്കെ ഇംഗ്ലീഷ് സംസാരിപ്പിക്കുന്നത്. കേട്ടുകഴിഞ്ഞാൽ പൊട്ടിച്ചിരിക്കാനേ നമുക്ക് നേരമുള്ളൂ) രാജീവ് ആലുങ്കൽ, മുരുകൻ കാട്ടാക്കട എന്നിവരുടേ വരികൾക്ക് എം ജയചന്ദ്രന്റെ സംഗീതത്തിൽ ശ്രേയാഘോഷാൽ പാടിയ “നിലാവേ..നിലാവേ..”, ഓ മൈ ജൂലി..” എന്നീ ഗാനങ്ങൾ ശ്രവണ സുഖമാർന്നവയാണ്.
മലയാളത്തിലെ ക്ലാസിക്കുകൾ പുനരവതരിപ്പിക്കുന്നു എന്ന ലേബലിൽ നായികമാരുടെ ശരീരപ്രദർശനം നടത്തി സാമ്പത്തിക ലാഭം നേടുന്ന ഈ പ്രക്രിയക്ക് റീമേക്ക് എന്ന് വിളിക്കുന്നത് ശുദ്ധ പോക്രിത്തരമെന്നു പറയാതെ വയ്യ. അത്തരം തൊഴിൽ മൊത്തമായിട്ടെടുത്ത സുരേഷ് കുമാർ & മേനക സുരേഷ് കുമാറിനെപ്പോലുള്ള നിർമ്മാതാക്കൾ പഴയകാല മലയാളസിനിമയെക്കുറിച്ച് പുതുതലമുറകളിൽ തെറ്റിദ്ധാരണ പരത്തുകയാണെന്നും മാറിയ സിനിമാ കാഴ്ചകളിൽ തിയ്യറ്ററിലേക്ക് വരുന്ന പ്രേക്ഷകരെ തിരികെ ആട്ടിയോടിക്കുകയാണെന്നും മാത്രം ഓർമ്മപ്പെടുത്തുന്നു.
രേവതി സുരേഷ്കുമാര് അല്ല
ജസ്റ്റിനു മറുപടി
പാട്ടുകൾ കേട്ടു...