പൊൻകണി വയ്ക്കുവാന്‍... (നാദം - ഓഡിയോ)

Submitted by Nisi on Sat, 04/28/2012 - 11:58
Ponkani vaykkuvaan

kanikkonna

പൊൻകണി വയ്ക്കുവാന്‍...

പൊൻകണി വയ്ക്കുവാന്‍ എന്‍ തൊടി അറ്റത്തു
പിന്നെയും കൊന്ന ഒരുങ്ങി
പിന്നെയും കൊന്ന ഒരുങ്ങി
കിങ്ങിണി കൊഞ്ചുന്ന ചേലൊന്നു കാണുമ്പോൾ
എല്ലാം മറന്നുള്ളം തുള്ളി
ഞാന്‍ എന്നെ മറന്നെങ്ങോ പോയി


നാളെ ഇതു വഴി വീശാൻ, നീളും
ചേല ഞൊറിയുന്ന കാറ്റേ
നിന്‍ വിരൽ തുമ്പു കൊണ്ടെന്റെ, കണി-
ക്കൊന്ന മലരെ തൊടാതെ
കൊന്ന മലരെത്തൊടാതെ
കുമ്പിളൊരെണ്ണം ഞാന്‍ തീർക്കാം, നീ-
യെത്തിടും മുന്നേ പെറുക്കാൻ, ചെറു
ചെപ്പിലടച്ചു ഞാന്‍ വയ്ക്കാം, പ്രിയ-
നെത്തുമ്പോൾ കയ്യിൽ കൊടുക്കാൻ


വിൺ ചെരുവിൽ ഒറ്റ നാണ്യം, വിഷു-
ക്കൈനീട്ടമായിന്നുദിയ്ക്കേ..
നിന്റെ വാർ നെറ്റിയിൽ മെല്ലതു തൊട്ടൊരു
മഞ്ഞളിന്‍ ചന്തത്തിൽ ഞാൻ മയങ്ങി
വെള്ളരി പിഞ്ചൊന്നു പേറും, നല്ല
വെള്ളൊട്ടുരുളിയിന്‍ മധ്യേ
ഭംഗിയിൽ ചാർത്തിടാം നിന്നെ, വരും
നല്ല കാലത്തിന്‍ കണിയെ
വരും നല്ല കാലത്തിന്‍ കണിയെ