കഴിഞ്ഞ കുറച്ചു വർഷങ്ങളായി ടി വി മാധ്യമത്തിൽ നിന്നുള്ള കലാകാരന്മാർ സിനിമയിലേക്കുള്ള ഒഴുക്കിലാണ്.നടീ നടന്മാർ പണ്ടു മുതലേ സിനിമയിലും ചാനലുകളിലുമുണ്ട് എങ്കിലും ടി വി മാധ്യമ രംഗത്തെ ടെക്നീഷ്യന്മാരെ (പൊതുവിൽ എഴുത്തുകാരേയും സംവിധായകരേയും) മലയാള സിനിമാ രംഗം രണ്ടാം തരമായിട്ടാണ് കണ്ടിട്ടുള്ളത്. [ ഏറ്റവും വലിയ തമാശ, ലോകത്തിലും ഇന്ത്യയിലും മലയാളത്തിലും ടി വി രംഗത്തു പ്രവർത്തന പരിചയമുള്ളവർ പിന്നീട് സിനിമയിൽ വെന്നിക്കൊടി പാറിച്ചിട്ടുള്ളതെന്നാണ് ചരിത്രം. അമേരിക്കയിലെ പ്രമുഖ നടൻ, സംവിധായകൻ, റൈറ്റർ ആയ പോപ്പുലർ നടൻ ടോം ഹാങ്ക്സ് മുതൽ ഇന്ത്യയിൽ കിങ്ങ് ഖാൻ ആയ ഷാരൂഖ് ഖാൻ വരെ, മലയാളത്തിൽ സംവിധായകൻ ശ്യാമപ്രസാദ്, ക്യാമറമാൻ അഴകപ്പൻ വരെയൊക്കെ ടി വി മാധ്യമത്തിൽ നിന്നു വന്നവരാണ്] എന്നിട്ടും കഴിഞ്ഞ കുറേ വർഷങ്ങളായി ടി വി രംഗത്തു നിന്നുള്ളവരെ വിലകുറഞ്ഞവരായി കാണാൻ മലയാള സിനിമക്കും സിനിമാ പ്രേക്ഷകർക്കും മടിയേമേതുമില്ല. ടി വി സീരിയലുകളുടെ നിലവാരമില്ലായ്മ അതിനൊരു കാരണമാണെന്നു തന്നെ കരുതുന്നു. മാത്രമല്ല, ഈയടുത്ത് ടി വി സീരിയൽ രംഗത്തു നിന്നും സിനിമയിലേക്ക് വന്നവർ സീരിയലുകളുടെ നിലവാരമുള്ള സിനിമകൾ ചെയ്യാനും തുടങ്ങിയത് ഈ ധാരണക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു. സജി സുരേന്ദ്രൻ, ബോബൻ സാമുവൽ, കൃഷ്ണ പൂജപ്പുര, രാധാകൃഷ്ണൻ മംഗലത്ത് എന്നിവർക്ക് ശേഷം സിനിമാ സംവിധാനത്തേക്ക് വന്ന പുതിയ സംവിധായകനാണ് കെ കെ രാജീവ്. ടെലിവിഷനിലെ ജനപ്രിയ പരമ്പരകൾ ചെയ്ത പരിചയവും പ്രശസ്തിയും രാജീവിനു കൂട്ടിനായുണ്ട്. ഒരു മമ്മൂട്ടീ ചിത്രത്തോടെ ഏറെ നാളുമുൻപേ സിനിമയിൽ ഉദയം ചെയ്യുന്നു എന്ന് പറഞ്ഞു കേട്ടെങ്കിലും രാജീവിനു ശേഷം ടെലിവിഷൻ രംഗത്തേക്ക് വന്നവരുടെ സിനിമാ പ്രവേശത്തിനു ശേഷമാണ് രാജീവിനു ഒരു സിനിമ ചെയ്യാൻ സാധ്യമായത്. മലയാളത്തിലെ വലിയ ബാനർ ആയ സെവൻ ആർട്ട്സാണ് നിർമ്മാണം, പക്ഷേ, ലാത്സലാം, ഉള്ളടക്കം തുടങ്ങിയ ചിത്രങ്ങൾക്ക് തൂലികയേന്തിയ ചെറിയാൻ കല്പകവാടിയുടെ തിരക്കഥ, ‘ഫാമിലി സ്റ്റാർ’ എന്ന ഖ്യാതിയുള്ള നടൻ ജയറാം. ചിത്രം “ഞാനും എന്റെ ഫാമിലിയും”. പക്ഷേ, ഇതൊക്കെയുണ്ടായിട്ടും സിനിമയെന്നെ മാധ്യമത്തെ മനസ്സിലാക്കാനോ സിനിമയുടെ ട്രീന്റുമെന്റുകളിലേക്ക് കടന്നു ചെല്ലാനോ കെ കെ രാജീവിനായിട്ടില്ല എന്ന് പറയട്ടെ. ചുരുക്കത്തിൽ “ഞാനും എന്റെ ഫാമിലിയും” എന്ന സിനിമ “ടി വി സീരിയൽ സിനിമാ സ്ക്രീനിൽ കാണുന്ന ആദ്യാനുഭവം” മാത്രമായിപ്പോയി.
ടി വി സീരിയലുകളിൽ ഇപ്പോഴും തുടരുന്ന അവിഹിത ബന്ധം, അതിന്റെ നൂലാമാലകൾ, ഓവർ ഡോസ് സെന്റിമെന്റ്സ്, കുടുംബം, സാരോപദേശം, ഇത്യാദി ചേരുവകൾ മിക്സിയിലിട്ട് ഒന്നാകെ അടിച്ചെടുത്താൽ ഞാനും എന്റെ ഫാമിലിയുടേയും കഥയായി. പ്രമേയത്തിലോ ട്രീറ്റ്മെന്റിലോ അഭിനേതാക്കളുടെ പെർഫോർമൻസിലോ യാതൊരു പുതുമയോ പ്രത്യേകതയോ കൊണ്ടുവരാൻ ഈ സിനിമക്കു കഴിഞ്ഞിട്ടില്ല. പ്രേം നസീർ കാലം മുതലേ, മമ്മൂട്ടിയുടെ പ്രശസ്തകാലത്തിലെ സിനിമകളടക്കം(മമ്മൂട്ടി-പെട്ടി-കുട്ടി) പറഞ്ഞു പോന്നിട്ടൂള്ള കുടുംബ-അവിഹിത-പരസ്ത്രീ/പുരുഷ-തകരുന്ന ദാമ്പത്യ കഥ തന്നെയാണ് ഞാനും എന്റെ ഫാമിലിയും. സിനിമയുടെ മേക്കിങ്ങ് ആണെങ്കിൽ സീരിയലിന്റെ മേക്കിങ്ങ് ഹാങ്ങോവർ വിട്ടുപോകാത്ത തരത്തിലുള്ളതും. പ്രേക്ഷകനു യാതൊരു ഇന്റിമസിയും പകർന്നു തരാതെ സിനിമ വെറുമൊരു ദുരന്തമാകുന്നു.
സിനിമയുടെ വിശദാംശങ്ങളും കഥാസാരവും വായിക്കുവാൻ ഞാനും എന്റെ ഫാമിലിയുടെ ഡാറ്റാബേസ് എൻട്രിയിലേക്ക് പോകുക.
സർവ്വകലാശാലാ, ഉള്ളടക്കം, പക്ഷേ, ലാൽ സലാം, വൈരം, ബനാറസ്, ഭാര്യ സ്വന്തം സുഹൃത്ത്, എന്നീ ഭേദപ്പെട്ടതും അല്ലാത്തതുമായ നിരവധി സിനിമകൾക്ക് തിരക്കഥയെഴുതിയ ചെറിയാൻ കല്പകവാടിയാണ് ഈ ഫാമിലി കഥക്ക് തിരനാടകമെഴുതിയത്. തികച്ചും പ്രവചനീയമായൊരു കഥയും കഥാഗതികളുമാണ് ഈ സിനിമയുടേത്. സിനിമയുടെ തുടക്കത്തിലേത്തന്നെ സിനിമയുടെ ഗതിയും അവസാനവും കൃത്യമായി ഊഹിച്ചെടുക്കാം. പ്രേക്ഷകന്റെ ആ ഊഹങ്ങൾക്കപ്പുറം ഒന്നും പറയാൻ പോലും തിരക്കഥാകൃത്തിനും സംവിധാനകനുമാകുന്നില്ല. സീരിയലിന്റെ സ്വഭാവം പേറുന്ന ഈ സിനിമ ഒരു സെക്കന്റ് പോലും മൌനമില്ലാതെ ( നിശ്ശബ്ദം/Silence) കഥാപാത്രങ്ങൾ കൌണ്ടർ ഡയലോഗിലൂടേ മുന്നോട്ട് പോകുകയാണ്. രണ്ടാം ഭാഗത്തിലാണ് അല്പമെങ്കിലും (വെറും സെക്കന്റുകൾ) സീനുകൾക്കിടയിലോ കഥാപാത്രങ്ങളുടെ ഭാവങ്ങൾക്കിടയിലോ അല്പമെങ്കിലും മൌന ദൃശ്യങ്ങൾ കാണാനാവുന്നത്. ഏറെ പഴകിയ അതേ ഡയലോഗുകൾ വീണ്ടു കാണുമ്പോൾ/കേൾക്കുമ്പോൾ പ്രേക്ഷകൻ നാണിച്ചു തല താഴ്ത്തും (ഉദാഹരണങ്ങൾ : - ഭർത്താവിനു മറ്റൊരു ബന്ധമുണ്ടെന്ന് അറിയുന്ന ഭാര്യ പൊട്ടിത്തെറിച്ച് : “ എന്റെ ഭർത്താവിനെ എനിക്ക് വിശ്വാസമായിരുന്നു. അതാ നിങ്ങൾ നഷ്ടപ്പെടുത്തിയത്..ഹൌ കുഡ് യൂ ദിനാ? ഐ ഹേറ്റ് യു..ഐ ഹേറ്റ് യൂ”. | താറുമാറായ കുടൂംബബന്ധത്തിലുഴറുന്ന നായകനു ഉപദേശം നൽകുന്ന അമ്മാവൻ കഥാപാത്രം ഒരു ഫിലോസഫി പോലെ ഇങ്ങിനെ പറയുന്നു : “ കുടുംബം എന്നത് പളുങ്കു പാത്രം പോലെയാ... കയ്യീന്ന് വഴുതിപോയാൽ പൊട്ടിച്ചിതറും” )
കെ കെ രാജീവിന്റെ സംവിധാനത്തിനുമില്ല നിലവാരം. സീരിയലുകളുടെ ദൃശ്യങ്ങൾ പോലെതന്നെയാണ് ഈ സിനിമയുടെ രീതിയും. മനസ്സിൽ തങ്ങിനിൽക്കുന്നൊരു സീൻ പോലുമുണ്ടാക്കാൻ സാധിച്ചിട്ടില്ല കെ കെ രാജീവിന്. വൈദിയുടെ ക്യാമറയും വിനോദ് സുകുമാരന്റെ എഡിറ്റിങ്ങും സിനിമക്കിണങ്ങുന്നു. രാജീവ് ആലുങ്കലിന്റെ വരികൾക്ക് എം ജി ശ്രീകുമാർ ഈണം പകർന്ന മൂന്നു ഗാനങ്ങളിൽ “കുങ്കുമ പൂവിതളിൽ...” എന്ന ഗാനം ഇമ്പമാർന്നതാണ്. അഭിനേതാക്കളുടെ പ്രകടനത്തിൽ എല്ലാവരും മോശമാകാൻ മത്സരിച്ചിരിക്കുന്നുവെന്ന് തോന്നുന്നു. അഭിനയകാലം മുന്നോട്ട് പോകുന്തോറും യാതൊരു പുരോഗതിയും ഇല്ലാത്ത ജയറാം എന്ന നടനെ ‘പോപ്പുലർ ഫാമിലി സ്റ്റാർ’ എന്നൊക്കെ വിളിക്കണമെങ്കിൽ തൊലിക്കട്ടി തെല്ലും പോരാ. ശ്വാസം വലിച്ചു (ഉള്ള) മസിലു പിടിച്ച് നിന്ന് നെഞ്ചത്ത് തടവുന്നതും ബട്ടൻസ് തിരുപ്പിടിപ്പിക്കുന്നതും സീരിയസ് ആയ അഭിനയമെന്ന് ജയറാം ധരിച്ചു വെച്ചിട്ടുണ്ടെന്നു തോന്നുന്നു. പല ചിത്രങ്ങളിലും ഭേദപ്പെട്ട അഭിനയം പുറത്തെടുത്തിട്ടുള്ള മംതാ മോഹന്ദാസു പോലും ആവറേജിൽ നിന്നുമുയർന്നില്ല. മൈഥിലിയുടെ സോഫിയ പ്രേക്ഷകനെ വെറുപ്പിലാഴ്ത്തുന്ന അഭിനയം കാഴ്ചവെച്ചു. അഭിനയത്തിലിതുവരെ ഈ നടിക്ക് മുന്നോട്ട് വരാൻ കഴിഞ്ഞിട്ടില്ല. നെടുമുടി വേണുവും, ജഗതിയും, സുബി സുരേഷും പല സിനിമകളിലാടിയ വേഷപകർച്ചകൾ തന്നെ ഈ സിനിമയിലും പകർന്നാടുന്നുണ്ട്. അഭിനയിക്കാനറിയാത്ത (അഭിനയിപ്പിക്കാൻ കഴിയാത്ത) കുട്ടികളുടെ വായിൽ മുതിർന്നവരുടെ ഡയലോഗുകൾ തിരുകി കൊടുക്കുന്ന പതിവു കാഴ്ചയും ഇതിലുണ്ട്.
കുടുംബം എന്നത് എളുപ്പം തകരുന്ന ‘പളുങ്കുപാത്രം’ പോലെയാണെന്നും സമൂഹം അനുവദിച്ചു തരുന്ന ചിട്ട വട്ടങ്ങളിൽ ജീവിച്ചു തീർക്കണമെന്നും ചിത്രം പറഞ്ഞു വെക്കുന്നു. വിധവയായ സ്ത്രീ മറ്റൊരു പുരുഷനെ (വിവാഹിതനെ) പ്രണയിക്കരുതെന്നും പ്രണയിച്ചാൽ അവൾക്ക് മരണം തന്നെ ശിക്ഷ എന്നും, ഭാര്യ, കുട്ടികൾ ഉള്ള ഭർത്താവ് അന്യ സ്ത്രീയെ പ്രണയിക്കുക്കയോ കൂടെ ജീവിക്കുകയോ ചെയ്താലും കുറച്ചു ദിവസത്തെ മാനസിക ബുദ്ധിമുട്ടുകൾക്കു ശേഷം സന്തോഷകരമായ സ്വന്തം കുടുംബ ജീവിതത്തിലേക്ക് അവനുഎളുപ്പം തിരിച്ചു വരാമെന്നും, ഭർത്താവിന്റെ എല്ലാ തെറ്റുകളും ഒടുക്കം ഉത്തമയായ ഭാര്യ പൊറുക്കുമെന്നും ഈ സിനിമ നമുക്ക് കാട്ടിത്തരുന്നു. തികച്ചും പിന്തിരിപ്പൻ ആശയങ്ങളെ വർണ്ണക്കടലാസ്സിൽ പൊതിഞ്ഞ് നമുക്ക് നേരെ നീട്ടുന്ന എക്സ്പെയറി ഡേറ്റു കഴിഞ്ഞ സിനിമാ മിഠായിയാണ് “ഞാനും എന്റെ ഫാമിലി”യും. തുടർച്ചയായി സീരിയൽ കാണുന്ന സീരിയൽ പ്രേമികൾക്ക് ഒരു പക്ഷേ ഇഷ്ടപ്പെട്ടേക്കാം..
Relates to
Article Tags
Contributors
ജയറാം = സൈക്കിക്ക്
കൂതറ സിനിമ. കെ കെ രാജീവിനു
നാൻസിന്റെ റിവ്യൂസ് എല്ലാം