ജിഞ്ചർ - സിനിമാറിവ്യൂ - ശ്രീഹരി

Submitted by Sree Hari on Sat, 07/25/2015 - 09:24

എക്കാലത്തെയും മികച്ച ബ്രഹ്മാണ്ഡസിനിമയായ 'ദ്രോണ' യെ തോല്പിക്കുന്ന ഒരു സിനിമ ഇനി മലയാളത്തിൽ സാധ്യമല്ല എന്ന നിരൂപകരുടെ വെല്ലുവിളിയെ ഷാജി കൈലാസ് എന്ന മാസ്റ്റർ സംവിധായകൻ സധൈര്യം നേരിടുകയാണ് ജിഞ്ചറിലൂടെ. ഇക്കയോ ലാലേട്ടനോ എന്തിനു സുരേഷ് ഗോപിയ്ക്കോ പോലും മറ്റൊരു ദ്രോണ സാധ്യമല്ല എന്നുറപ്പുള്ളത് കൊണ്ട് ജയറാമേട്ടനെ തന്നെ നായകനാക്കാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്.

തന്റെ കരിയറിൽ ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രമാണ് ജയറാമിന്റേത്. നന്മമരമായ കവിയൂർ പൊന്നമ്മ, സ്ത്രീധനബാക്കി ചോദിക്കുന്ന പെങ്ങളും ഭർത്താവും, കെട്ടുപ്രായം കഴിഞ്ഞ ഇനിയൊരു പെങ്ങൾ, കടബാധ്യത ബാക്കിവെച്ച് ആത്മഹത്യ ചെയ്ത അച്ഛൻ. ഒരു നടനെന്ന രീതിയിൽ താനിതുവരെ സഞ്ചരിക്കാത്ത പ്രതലങ്ങളിലൂടെ കടന്നു പോയി, ജയറാമിനു തീർത്തും വെല്ലുവിളിയായി വിവേകാനന്ദൻ എന്ന കഥാപാത്രം. കടക്കാരെ പേടിച്ച് ഓടുന്ന രംഗങ്ങളിൽ അദ്ദേഹത്തിന്റെ പ്രകടനം എടുത്ത് പറയേണ്ടതാണ്. കൂട്ടിനു സുധീഷും അനൂപ് ചന്ദ്രനും എത്തുന്നതോടെ പൊട്ടിച്ചിരിയുടെ അലമാലകൾ പ്രേക്ഷകഹൃദയങ്ങളിൽ തിരയടിക്കുകയാണ്.

കടബാധ്യതകൾ തീർക്കാനായി ജയറാമും സംഘവും സുരേഷ് കൃഷ്ണയുടെ വീട്ടിൽ കയറുന്നുവെങ്കിലും സുരേഷ് അവരെ കയ്യോടെ പിടികൂടുന്നു. അവിടെ വെച്ച് സുരേഷേട്ടൻ അവരോട് തന്റെ കദനകഥ വിവരിക്കയാണ്.

സുരേഷേട്ടന്റെ ഏറ്റവും അടുത്ത സുഹൃത്തായ സർ കൈലാഷ്ജി ഒരു കടുത്ത വുമണൈസറാണ്. എന്ന്വച്ചാൽ സദാസമയവും ഒരു കിടക്കയും കയ്യിലേന്തിയാണ് ഓഫീസിൽ വരുന്നത് തന്നെ. എപ്പഴാണാവശ്യം വരിക എന്നറിയില്ലല്ലോ. ഒരാക്സിഡന്റിൽ പെട്ട് തളർന്ന് പോയ സുരേഷ്, തന്റെ ഭാര്യയെ സർ കൈലാഷ് സെഡ്യൂസ് ചെയ്യുമോ എന്ന് പേടിക്യാണ് (എയ്റ്റീസിൽ സുരേഷേട്ടൻ കണ്ട ഉച്ചപ്പടങ്ങളിലെല്ലാം അതായിരുന്നല്ലോ കഥ). സുരേഷേട്ടൻ ജയറാമേട്ടനോട് പറയുന്നു, സർ കൈലാഷിനെ കാച്ചിക്കളയണം.

ഇനിയാണ് റ്റ്വിസ്റ്റ്. കൈലാഷിനെ കൊല്ലണ്ട പകരം ഭാര്യ ലക്ഷ്മി മേനവനെ ആണ് കൊല്ലേണ്ടതെന്ന് ജയറാമേട്ടൻ കട്ടായം പറയുന്നു. പെണ്ണുള്ളത് കൊണ്ടാണല്ലോ പെണ്ണുങ്ങളെ വളയ്ക്കാൻ ആണുങ്ങൾ നടക്കുന്നത്. പെണ്ണുങ്ങളെ അങ്ങ് തട്ടിക്കളഞ്ഞാൽ പ്രോബ്ലം സോൾവായില്ലേ? ജയറാമേട്ടൻ നയന്റീസിൽ ചെയ്ത സിനിമകളിൽ അങ്ങനെ ആയിരുന്നു. ഇതു വരെ നേരിട്ട് കണ്ടിട്ട് പോലുമില്ലെങ്കിലും മേനങ്കുട്ടി ശര്യല്ല എന്ന് ജയറാമേട്ടനുറപ്പാണ്.

പിന്നൊന്നും പറയണ്ട. മേനങ്കുട്യേ കൊല്ലാൻ വേണ്ടി സ്യൂട്ടും കോട്ടുമിട്ടിറങ്ങുന്ന ജയറാമേട്ടന്റെ തമാശകൾ, ചില നർമസല്ലാപങ്ങൾ. ക്ലൈമാക്സ് വരെ രസച്ചരടു പൊട്ടാതെ ഷാജി കൈലാസ് എന്ന മാസ്റ്റർ സംവിധായകൻ പ്രേക്ഷകരെ അമ്പരപ്പിക്കുന്നു.

Contributors