ഉദയഭാനു എന്ന നവാഗത സംവിധായകന്റെ പ്രഥമ സംരഭവും അതിന്റെ വേദനകളും സിനിമാ-സ്വകാര്യ ജീവിത അനുഭവങ്ങളുടെ ആവിഷ്കാരവുമൊക്കെയായിരുന്നു 'ഉദയനാണ് താരം' എന്ന 'റോഷൻ ആൻഡ്രൂസ്' സിനിമയെങ്കിൽ ആ സിനിമയിലെ 'സൂപ്പർസ്റ്റാർ സരോജ് കുമാർ' എന്നൊരു കഥാപാത്രത്തിന്റെ വികല ചിത്രീകരണവും മലയാള സിനിമയിലെ ചില സൂപ്പർ സ്റ്റാറുകളുടെ (ഒരു സൂപ്പർ സ്റ്റാർ എന്നു മതിയാകും) നേർക്കുള്ള ആക്ഷേപവും പരിഹാസവും മാത്രമാണ് പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർ എന്ന സിനിമ.
സിനിമക്കുള്ളിലെ സിനിമാക്കഥകൾ പ്രേക്ഷകനെന്നും ഇഷ്ടം തോന്നിക്കുന്ന വിഷയം തന്നെയാണ്. ആ ഒരിഷ്ടം എന്നതിനു പുറമേ പ്രേക്ഷകൻ ഇന്ന് താര രാജാക്കന്മാരെന്ന് സ്വയം വിശേഷിപ്പിക്കുന്നവരേയും അവർ ഉണ്ടാക്കിയിരിക്കുന്ന ചില പ്രവണതകളേയും വിമർശന ബുദ്ധിയോടെ നിരീക്ഷിക്കുന്നവർക്ക് തിരശ്ശീലയിൽ കിട്ടിയ സംതൃപ്തി കൂടിയായിരുന്നു ഉദയനാണു താരം. പ്രേക്ഷകൻ പറയാൻ/ചെയ്യാൻ ആഗ്രഹിക്കുന്നത് സിനിമയിലെ നായകൻ ചെയ്യുന്നതുകാണുമ്പോഴാണല്ലോ പ്രേക്ഷകൻ കയ്യടിക്കുന്നതും സിനിമ കൊമേഴ്സ്യലായി വിജയിക്കുന്നതും. ഒരു തരത്തിൽ പറഞ്ഞാൽ സുരേഷ് ഗോപി - രഞ്ജി പണിക്കർ ചിത്രങ്ങളുടെ സൈക്കോളജി തന്നെയായിരുന്നു ഉദയനാണു താരത്തിന്റെയും. എങ്കിലും അതിനെല്ലാമുപരി ആ സിനിമയിൽ, കുറച്ചു വർഷങ്ങളായി മോഹൻലാൽ എന്നൊരു നടനിൽ അപ്രത്യക്ഷമായിരുന്ന അഭിനയ മികവ് തിരിച്ചുകൊണ്ടുവരാനായി എന്നതും നർമ്മ മുഹൂർത്തങ്ങളാലും മറ്റുമെല്ലാം പ്രേക്ഷകനെ തൃപ്തിപ്പെടുത്തുകയും ചെയ്തിരുന്ന ഒരു എന്റർടെയ്നർ ആയിരുന്നു. പക്ഷെ ഉദയനാണു താരത്തിന്റെ തുടർച്ച സരോജ് കുമാറിൽ എത്തുമ്പോൾ കേവലം പരിഹാസങ്ങളുടെ 'സിനിമാല' മാത്രമാകുന്നു. പാതി വെന്ത കഥാപാത്രങ്ങളും തുടർച്ചയില്ലാത്ത കഥാ സന്ദർഭങ്ങളുമായി മുൻ സിനിമയുടെ നിഴലിൽ പോലും നിർത്താനാവാത്ത നിർഗ്ഗുണ ചിത്രമാകുന്നു സരോജ് കുമാർ.
ചിത്രത്തിന്റെ വിശദാംശങ്ങളും കഥാസാരവും വായിക്കുവാൻ എം3ഡിബിയുടേ ഈ പേജിലേക്ക് പോകുക.
സജിൻ രാഘവൻ എന്ന പുതുമുഖ സംവിധായകനാണ് സരോജ് കുമാറിന്റെ സംവിധായകനെങ്കിലും കഥയും തിരക്കഥയും സംഭാഷണങ്ങളുമെഴുതി പ്രധാന വേഷവും കൈകാര്യം ചെയ്തിരിക്കുന്നത് ശ്രീനിവാസനാണ്. ചിത്രത്തിൽ മുഴുവൻ ശ്രീനിവാസനേയുള്ളു. സജിൻ രാഘവൻ എന്നൊരു സംവിധായകന്റെ അസാന്നിദ്ധ്യം(ഒരു സംവിധായകന്റെ കരസ്പർശം) ചിത്രത്തിലുടനീളമുണ്ട്. സൂപ്പർ സ്റ്റാർ സരോജ് കുമാർ എന്നൊരു കാരിക്കേച്ചർ ഉദയനാണ് താരത്തിൽ പ്രേക്ഷകനെ എത്രത്തോളം പൊട്ടിച്ചിരിപ്പിച്ചോ അതിന്റെ പതിന്മടങ്ങ് ശ്രീനിവാസൻ ഈ ചിത്രത്തിൽ നമ്മെ വെറുപ്പിക്കുന്നുണ്ട്. സൂപ്പർ താരങ്ങളുടെ സിനിമാ നിർമ്മാണ ബിസിനസ്സ്, ഫാൻസ് അസോസിയേഷനുകളെ കൊണ്ടുള്ള വേഷം കെട്ടിക്കലുകൾ, പത്മശ്രീ, ഭരത്, ലഫ്റ്റ്. കേണൽ പദവികൾ പണം കൊടുത്തും സ്വാധീനിച്ചും കൈവശമാക്കൽ, സൂപ്പർ താരങ്ങളുടേ വീട്ടിലെ ഇൻ കം ടാക്സ് റെയ്ഡ് തുടങ്ങി കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളായി മലയാള സിനിമയിലെ സൂപ്പർ താരങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ മാത്രം ഊന്നിയാണ് ഈ സിനിമ. അത്തരം രംഗങ്ങളുമാകട്ടെ ആക്ഷേപ ഹാസ്യത്തിന്റെ പരിധിയും കടന്ന് പരിഹാസത്തിന്റേയും കോമാളിത്തരത്തിന്റേയും ലെവലിലേക്ക് കടന്നിരിക്കുന്നു. സിനിമാ താരങ്ങൾ പദവികൾ കൈക്കലാക്കുന്നതും ബിസിനസ്സ് നടത്തുന്നതുമൊക്കെ പറഞ്ഞാൽ ഞെട്ടുന്ന പ്രേക്ഷകനൊക്കെ ഇവിടെ ഉണ്ടായിരുന്നു മുൻപ്,എന്നാൽ ഇന്ന് ഏത് പ്രേക്ഷകനാണ് ഇതൊക്കെ അറിയാത്തത്? ഊതി വീർപ്പിച്ച ബലൂണുകളാണ് ഇന്നത്തെ സൂപ്പർസ്റ്റാറുകളെന്നും അവരുടെ സ്വാധീനവലയങ്ങളുടെ ദാനങ്ങളാണ് അവരുടെ പേരിനൊപ്പമുള്ള പദവിപദങ്ങളെന്നും ആർക്കാണ് അറിഞ്ഞുകൂടാത്തത്?
ജീവിതവുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഒരൊറ്റ സീൻ പോലും തിരക്കഥാകൃത്ത് ശ്രീനിവാസനു സൃഷ്ടിക്കാനായിട്ടില്ല എന്നതാണ് പരിതാപകരം. ക്ലീഷേകളുടെ ഇട്ടാവട്ടങ്ങളിലും പതിവു കോമാളിക്കളികളുടെ ട്രപ്പീസിലും തന്നെയാണ് 'കച്ചവടസിനിമയിലെ ബുദ്ധിജീവി'യായ ശ്രീനിവാസന്റെ ഈ തിരക്കഥ. ഒപ്പം അതി ദുർബലവും ഏച്ചുകെട്ടിയതുമായ ഒരു ക്ലൈമാക്സും ഈ ചിത്രത്തെ പരിതാപ നിലയിലെത്തിക്കുന്നു. ക്യാമറാമാൻ എസ്. കുമാറിന്റെ പതിവു ലൈറ്റിങ്ങ് മാജിക്കുകളൊന്നും ഈ സിനിമയിൽ കാണാൻ കഴിഞ്ഞില്ല.'"മൊഴികളും മൗനങ്ങളും..." എന്ന ഗാനരംഗത്തിന്റെ പിക്സറൈസേഷൻ മാത്രം അതി സുന്ദരം. വി സാജന്റെ എഡിറ്റിങ്ങും മിലന്റെ കലാസംവിധാനവും കൊള്ളാം. കൈതപ്രം, അനിൽ പനച്ചൂരാൻ, സന്തോഷ് വർമ്മ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് ദീപക് ദേവ് ഈണം പകർന്നിരിക്കുന്നു. 'മൊഴികളും..മൗനങ്ങളും.." എന്ന ഗാനം ഇമ്പമാർന്നതാണ്. ഉദയനാണ് താരത്തിലെ 'കരളേ...കരളിന്റെ കരളെ..." എന്ന ഗാനത്തെ അനുസ്മരിപ്പിക്കുമാറ് ഇതിൽ 'കേശു..." എന്നൊരു ഗാനം ഉൾപ്പെടുത്തിയിട്ടുണ്ട്. ആ ഗാനരംഗത്തിന്റെ കളർ ടോൺ മാറ്റിയിരിക്കുന്നതു കൊള്ളാം എന്നല്ലാതെ പഴയ പോലെ ഒരു തരംഗം സൃഷ്ടിക്കാൻ ആ ഗാനത്തിനാകുമെന്നു തോന്നുന്നില്ല.
ശ്രീനിവാസനടക്കം പലരുടേയും അഭിനയം അരോചകമുണ്ടാക്കുന്നുണ്ട്. വിനീത് ശ്രീനിവാസനും, ഫഹദ് ഫാസിലുമാണ് അല്പമെങ്കിലും നമുക്ക് ഇഷ്ടം തോന്നിക്കുന്ന നടന്മാരായി തോന്നിയത്. സരോജിന്റെ ഭാര്യ നീലിമയായി എത്തുന്ന മംമ്ത മോഹൻ ദാസിന്റെ കഥാപാത്രവും ശ്യാമിന്റെ കാമുകിയായി വരുന്ന കൗമാരക്കാരിയും വെറുതെ വന്നുപോകുന്ന കഥാപാത്രമെന്നതിലപ്പുറം ഒന്നും അവശേഷിപ്പിക്കുന്നില്ല. സന്തോഷം വന്നാലും സങ്കടം വന്നാലും (മകന്റെ ഫോൺ വിളി കേൾക്കുമ്പോൾ പോലും) നെഞ്ചും തടവി കരയുന്ന, ഉലയാത്ത കോട്ടൺ സാരിയുടുത്ത ദാരിദ്രമുള്ള ഒരു അമ്മക്കഥാപാത്രവും (ശ്യാമിന്റെ അമ്മയായി ശാരി) ഇതിലുണ്ട് .
സൂപ്പർ താരങ്ങളെ കളിയാക്കാൻ വേണ്ടി ഒരു 'സിനിമ' എടുക്കേണ്ടതില്ല എന്നു മാത്രമേ ഈ സിനിമ കണ്ടു കഴിയുമ്പോൾ നമുക്ക് പറയാൻ തോന്നുന്നുള്ളു. കാരണം അതിലുമപ്പുറം ഈ സിനിമ എന്തെങ്കിലും പങ്കു വെക്കുന്നുണ്ടെന്നു തോന്നുന്നില്ല. അത്തരം വിമർശനങ്ങൾക്കും ആക്ഷേപ ഹാസ്യങ്ങൾക്കുമൊക്കെ ഇവിടെ ഇഷ്ടം പോലെ വേദികളുണ്ട്. കാര്യങ്ങൾ മനസ്സിലാക്കിത്തുടങ്ങിയ പ്രേക്ഷകൻ അവനു കഴിയുന്ന പോലെ ഇത്തരം വേദികളിൽ അത് പ്രകടിപ്പിക്കുന്നുമുണ്ട്. അല്ലാതെ അത് പറയാൻ മാത്രം ഒരു മുഴു നീള സിനിമ എടുത്ത് പ്രേക്ഷകനെ ബോധവൽക്കരിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.
Relates to
Article Tags
Contributors
Nanni nandan, sreenivasanu
Kachara movie...
nalla review
Valare mosham srini
2012