ആധുനിക ലോകത്ത് നഗരത്തിലെ (നഗരം എന്നു പറഞ്ഞാൽ മലയാള സിനിമയിൽ കൊച്ചി...കൊച്ചി മാത്രമാണ്) ഫ്ലാറ്റുകളിൽ താമസിക്കുന്ന സമ്പന്നരായ കൗമാരക്കാർ അനുഭവിക്കുന്ന വേദന, സങ്കടം, എന്തായിരിക്കും? സംശയമില്ല 'സ്നേഹം' തന്നെ. പ്രൊഫഷണൽ കോളേജുകളിൽ പഠിക്കുന്ന, ബൈക്കും മറ്റു സൗകര്യങ്ങളും ഉള്ള, ഇന്റർനെറ്റ് ഉപയോഗിക്കുന്ന, തരം കിട്ടിയാൽ ബാറിലിരുന്നോ മറ്റോ ബിയർ നുണയുന്ന എല്ലാ സൗകര്യങ്ങളുമുള്ള കുട്ടികൾക്ക് ഒന്നു മാത്രം കിട്ടില്ല. സ്നേഹം! അവരുടേ അച്ഛനമ്മമാർ ബിസിനസ്സ് തിരക്കുകൾ ഉള്ളവരോ, വിദേശത്ത് വലിയ ജോലി ചെയ്യുന്നവരോ ആയിരിക്കും. ഈ കുട്ടികൾ ഇങ്ങിനെ സ്നേഹം കിട്ടാതെ, മാതാപിതാക്കളുടെ സംരക്ഷണം ലഭിക്കാതെ 'എവിടെ കിട്ടും സ്നേഹം, എവിടെ കിട്ടും സ്നേഹം' എന്ന മട്ടിൽ ദാഹിച്ചങ്ങിനെ നടക്കും. മിക്കവാറും അവർ വല്ല പെൺകുട്ടികളെ വളച്ചെടുക്കുകയോ അല്ലെങ്കിൽ ലഹരി മരുന്നിനു അടിമയാകുകയോ ഒളിഞ്ഞുനോട്ടക്കാരാകുകയോ ചെയ്യും! ഇതൊക്കെ അവർ വേണമെന്നു വെച്ചു ചെയ്യുന്നതോ ആകുന്നതോ അല്ല. സ്നേഹം! അതൊരൊറ്റ സംഗതി ഇല്ലാത്തതു കാരണമാണ്. തികച്ചും "പുതുമയാർന്നതും ആരും ഒരിടത്തും പറയാത്തതുമായ" ഈ ത്രെഡ് കിട്ടിയാൽ 'ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട്" എന്ന സിനിമയുടേ ബേസിക് ത്രെഡ് ആയി.
സിനിമയുടെ കഥാസാരവും മറ്റ് പൂർണ്ണവിവരങ്ങളും ഓർക്കുട്ട് ഒരോർമ്മക്കൂട്ടിന്റെ ഡാറ്റാബേസ് പേജിൽ വായിക്കാം.
ആ കുട്ടികൾ (മിക്കവാറും നാലു കൂട്ടുകാരായിരിക്കും, ഇതിലും അങ്ങിനെ തന്നെ) ഇങ്ങിനെ അടിച്ചു പൊളിച്ചും വായ് നോക്കിയും നടക്കുമ്പോൾ, നമ്മുടെ തനതു സംസ്ക്കാരത്തെ നശിപ്പിക്കുന്ന ഈ തലമുറയുടെ ഇത്തരം ചെയ്തികളെ വിമർശിക്കാനും ഒരു കഥാപാത്രം വേണം. തീർച്ചയായും അത് മദ്ധ്യവയസ്കനോ അതിനുമപ്പുറം പ്രായമുള്ള ഒരാളോ ആയിരിക്കും ഉറപ്പായും അയാളൊരു എഴുത്തുകാരനായിരിക്കും (ലോകമറിയുന്ന, ഇംഗ്ലീഷ് ഭാഷയിലടക്കം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടൂള്ള ടിയാനെ താമസിക്കുന്ന അപ്പാർട്ട് മെന്റിലെ ആർക്കും അറിയുകയേയില്ല! ഫ്ലാറ്റിൽ താമസിക്കുന്നവർ പുസ്തകം വായിക്കില്ലല്ലോ!!!) അപ്പാർട്ട്മെന്റിനു വാച്ച്മാൻ ഉണ്ടെങ്കിൽ (ഉണ്ടാവുമല്ലോ!) അയാൾ മണ്ടത്തരം പറയുന്നവനും ചെയ്യുന്നവനും രാത്രി വെള്ളമടിക്കുന്നവനുമായിരിക്കും. സ്ത്രീകളോട് പഞ്ചാരയടിക്കുന്നതും അവരുടെ നഗ്നത കാണുന്നതും ഒരു വീക്നസ്സായിരിക്കണം. ഈയൊരു കഥാ പശ്ചാത്തലത്തെ ആധുനികകാലവുമായി ബന്ധിപ്പിക്കണമെങ്കിൽ സമകാലിക വിഷയവും കൂടി വരണം. ലോകമെങ്ങും സ്വാധീനം ചെലുത്തിയിട്ടുള്ള "ഓർക്കുട്ട്" എന്ന സോഷ്യൽ നെറ്റ് വർക്ക് ആയാൽ ഇതിൽപ്പരം സമകാലികത വേറേ എന്തുണ്ട് ( കഥ എഴുതിയപ്പോഴും സിനിമ ഷൂട്ട് ചെയ്തപ്പോഴും ഓർക്കുട്ടായിരുന്നു പ്രചാരത്തിൽ, പക്ഷെ പടം റിലീസായപ്പോഴേക്കും ഓർക്കുട്ടിന്റെ ശവമടക്ക് കഴിഞ്ഞു!! വിധി വൈപരീത്യം!! അല്ലാതെന്തു പറയാൻ!) ഇത്രയും ആയാൽ "ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട്" എന്ന സിനിമയുടെ ആദ്യ പകുതിയായി. സിനിമ ഇന്റർവെൽ ആക്കണമെങ്കിൽ ഒരു ഇന്റർവെൽ പഞ്ച് വേണ്ടേ? ഒരു ട്വിസ്റ്റ്?! അപ്പോഴതാ ഈ നാൽവർ സംഘത്തിലെ ഒരു ഇന്റർനെറ്റ് പ്രേമി ഓർക്കുട്ട് വഴി പരിചയപ്പെട്ട ജർമ്മനിക്കാരി ക്രിസ്റ്റീന കേരളത്തിലേക്ക് വരുന്നു. പോരെ പൂരം. ജനിച്ചിട്ട് ഇന്നേവരെ ഒരു പെൺ രൂപത്തേയും കാണാത്ത (സിനിമയിലെ കൗമാരക്കാർ എന്നും ഇങ്ങിനെയാണ് !) നാൽവർ സംഘത്തിന് ആക്രാന്തമായി. അവർ അവൾക്ക് താമസിക്കാൻ വീടൊരുക്കി. മനസ്സിൽ പ്രണയം തുളുമ്പി. എന്നാൽ "ഞാൻ നിങ്ങളേക്കാൾ രണ്ടൂ മൂന്നു വയസ്സ് മൂത്തതാണ്, എന്നെ നിങ്ങളുടെ ഒരു നല്ല സുഹൃത്തായി കണ്ടുകൂടേ എന്ന് നായിക ചോദിക്കുമ്പോൾ ടക്കേന്ന് എല്ലാവരും സുഹൃത്തുക്കളാവുകയാണ്. അപ്പോഴാണ് നായിക തന്റെ ജന്മരഹസ്യം തേടിയാണ് കേരളത്തിലെത്തിയതെന്നു പറയുന്നത്. ആ ജന്മരഹസ്യം അന്വേഷിക്കുന്നതും രണ്ടു പാട്ടും കൂടി ചിത്രീകരിച്ചാൽ രണ്ടാം പകുതിയുമായി. ഒടുക്കം പ്രേക്ഷകനെ തൃപ്തിപ്പെടൂത്തുന്ന രീതിയിൽ എല്ലാവരേയും ചേർത്ത് വെച്ച് ഒരു ഗ്രൂപ്പ് ഫോട്ടോ കൂടി എടുത്താൽ "ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട്" എന്ന തികച്ചും' നവീനവും ഇതുവരെ ആരും പറയാത്തതുമായ പുതുമയാർന്ന' ഒരു സിനിമയാകും.
കണ്ടു മടുത്ത സീനുകളും ദൃശ്യങ്ങളുമായി ആദ്യപകുതി സാമാന്യം നല്ല രീതിയിൽ ബോറടിപ്പിക്കുന്നുണ്ട് ചിത്രം. എന്നാൽ റിമ കല്ലിങ്കൽ അവതരിപ്പിക്കുന്ന ക്രിസ്റ്റീന എന്ന കഥാപാത്രം അവളുടേ വേരുകൾ തേടി തിരുവില്ലാമല എന്ന ഗ്രാമത്തിലേക്ക് ഈ നാൽവർ സംഘത്തേയും കൊണ്ടു ചെല്ലുന്ന ഭാഗം മുതൽ ചിത്രത്തിനു ഒരു പിരിമുറുക്കം വരുന്നുണ്ട് എന്നതാണു സത്യം. കാര്യമായൊരു വിഷയത്തിലേക്കും രീതിയല്ലേക്കും ചിത്രം മാറുന്നുണ്ടെന്ന തോന്നൽ ജനിപ്പിക്കുന്നുണ്ട്. എന്നു മാത്രമല്ല ക്രിസ്റ്റീന അവളുടെ ജന്മ രഹസ്യം ആരായുന്നതും അവളെ സംരക്ഷിച്ച സ്ത്രീയുമൊപ്പം കുറച്ചു ദിവസം താമസിക്കുന്നതുമായ കുറച്ചു കാര്യങ്ങൾ പ്രമേയപരമായി നന്നായിട്ടുണ്ട് എന്നുതന്നെയാണ്. പക്ഷെ നഗരം കാപട്യവും ഗ്രാമം നന്മയും നിറഞ്ഞതാണെന്ന ചില ക്ലീഷേ സങ്കൽപ്പങ്ങളും അതിന്റെ ദൃശ്യവൽക്കരണവുമൊക്കെ ബോറായി തോന്നുകയും ചെയ്തു. കുളവും പാടവും വാഴയും തെയ്യവും അമ്പലവും, കള്ളുഷാപ്പും സർവ്വോപരി നിഷ്കളങ്കരും കഠിനാദ്ധ്വാനികളുമായ ഗ്രാമീണർ (അവർക്ക് 'നന്മ' എന്നൊരു വിചാരം മാത്രമേയുള്ളൂ! ശ്ശോ!!) പിന്നെ, ഒരു തറവാട് അതിൽ ഐശ്വര്യമുള്ളൊരു അമ്മൂമ്മ. ഐശ്വര്യം & അമ്മൂമ്മ എന്നു പറയുമ്പോൾ മിനിമം കവിയൂർ പൊന്നമ്മ തന്നെ വേണമല്ലോ. അവരാണെങ്കിൽ ഗുരുവായൂരപ്പ ഭക്തയും; ശ്രീകൃഷ്ണ വിഗ്രഹത്തെ കെട്ടിപ്പിടിച്ച് മിനിമം ഒരു നാമം ചൊല്ലലും വേണം. ഇതും പോരാഞ്ഞ് ഇംഗ്ലീഷിൽ ചീത്ത പറയുന്ന നഗരവാസി പയ്യനോട് അതേ ഇംഗ്ലീഷിൽ മറുപടി പറയുന്ന ഭസ്മകുറിയണിഞ്ഞ സാധാരണക്കാരൻ ഗ്രാമവാസിയും ഈ ചിത്രത്തിലും ഉണ്ട്. ഈ സിനിമയുടെ പിന്നണി പ്രവർത്തകർക്ക് ഇതു പുതുമയുള്ള, പ്രേക്ഷകന്റെ കയ്യടി പ്രതീക്ഷിച്ച ഒന്നായിരിക്കാം പക്ഷേ, ഞാനടക്കമുള്ള പ്രേക്ഷകൻ സംവിധായകൻ ഐ.വി ശശി യുടെ 'അങ്ങാടി' മുതലിങ്ങോട്ട് കാണുന്ന സീനാണിതെന്ന് ഓർത്താൽ കൊള്ളാം.(പുവർ ബഗ്ഗേർ ർ ർ ർ ർ ർസ് സ് സ് സ് സ്)
അഭിനയിച്ചവരിൽ റിമാ കല്ലിങ്കൽ മാത്രമാണ് അല്പമൊരു ആശ്വാസം പകർന്നത്. റിമക്ക് ആടിത്തീർക്കാനുള്ള വേഷമൊന്നുമല്ലെങ്കിലും. പുതുമുഖങ്ങളിൽ ആരെയും ഭാവി വാഗ്ദാനങ്ങളായി കാണാൻ സാധിച്ചില്ല. വില്ലൻ വേഷത്തിൽ നിന്ന് ചെറിയ കോമഡിയിലേക്ക് നീങ്ങിയ ശ്രീജിത്ത് രവിയേയും കണ്ടു. മിമിക്രിക്കാരൻ നമ്പൂരി ഭാഷ പറയുന്ന കൃത്രിമത്വം അനുഭവപ്പെടുകയും ചെയ്തു. എം ജി ശശിയുടെ പ്രൊഫ. നരേന്ദ്രൻ, സിദ്ദിഖിന്റെ സൂപ്പർസ്റ്റാർ പ്രേം നാഥ്, അങ്ങിനെ കഥാപാത്രങ്ങളൊരുപാടുണ്ട് ചിത്രത്തിൽ. കഴിവുള്ളവരെങ്കിലും പലർക്കും തിളങ്ങാനുള്ള അവസരമൊന്നും ലഭിച്ചിട്ടില്ല.
കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത മനോജ് -വിനോദ് (രണ്ടുപേർ?) ബാലാരിഷ്ടത തീരാൻ സമയമൊരുപാട് എടുക്കും. പ്രത്യകിച്ച് തിരക്കഥയുടെ കാര്യത്തിൽ. സാങ്കേതികതയിലും കഥപറച്ചിലിലും ആദ്യപകുതി അസഹനീയമാണ്. രണ്ടാം പകുതി മുതലാണ് ഇതൊരു സിനിമയാണെന്ന തോന്നലെങ്കിലും ഉണ്ടാവുക. അതുകൊണ്ട് തന്നെ രണ്ടാം പകുതിയിലെ സ്വരൂപ് ഫിലിപ്പിന്റെ ക്യാമറാ ദൃശ്യങ്ങൾ ആകർഷകമാണ്. സുനിൽ റഹ്മാന്റെ വസ്ത്രാലങ്കരവും പ്രദീപ് രംഗന്റെ ചമയവും ഗിരീഷ് മേനോന്റെ കലാസംവിധാനവും കൊള്ളാം എന്നേ പറയാനാവു. ലീലാ ഗിരീഷ് കുട്ടന്റെ സംഗീതത്തിൽ "അമ്പാടീ തന്നിലൊരുണ്ണിയിണ്ടുങ്ങിനെ..." എന്ന ഗാനവും അതിനോട് ചേർന്നു വരുന്ന "മച്ചിലെ കാവിലെ ദേവിക്ക് " (എം ജി ശ്രീകുമാർ) എന്നീ ഗാനങ്ങളും ആകർഷകമായി. പ്രത്യേകിച്ച് ഇതിൽ കൂട്ടിച്ചേർത്തിട്ടൂള്ള നാടൻ പാട്ട്.
ക്രിസ്റ്റീന എന്ന കഥാപാത്രം തന്റെ അസ്തിത്വം തേടുന്നതും തിരിച്ചു പോകുന്നതുമായ വിഷയത്തിൽ സിനിമ കേന്ദ്രീകരിച്ചിരുന്നെങ്കിൽ ചിത്രം കുറേക്കൂടി നന്നായേനെ എന്നു തോന്നി. ഒരു ഒന്നര മണിക്കൂറിൽ പറയാവുന്ന, കൊള്ളാവുന്ന ഒരു കഥാതന്തു ഈ ചിത്രത്തിലുണ്ട്. പക്ഷെ, തിരക്കഥയുടെ ബലഹീനതയും സംവിധാനത്തിന്റെ പരിചയക്കുറവും യുവത്വത്തെ തിയ്യറ്ററിലേക്ക് ആകർഷിക്കാനുമുള്ള കച്ചവട ബുദ്ധി ചേർത്തതും നല്ലൊരു കഥാതന്തുവിനെ മികച്ച തിരക്കഥയാക്കുന്നതിലും സിനിമയാക്കുന്നതിലും പരാജയപ്പെടുത്തി എന്നാണു കരുതുന്നത്.
വാൽക്കഷ്ണം : 2011, ട്രാഫിക് എന്നൊരു സിനിമയോടെ നല്ല തുടക്കം നൽകിയെങ്കിൽ 2012 ഓർക്കുട്ട് പോലെ എക്സ്പെയറി ഡേറ്റ് കഴിഞ്ഞൊരു സിനിമകൊണ്ട് തുടക്കമായി എന്നൊരു വിഷമമേയുള്ളു.
നല്ല റിവ്യൂ നാൻസ്. ഇത്തരം