ഓറഞ്ച് - സിനിമാറിവ്യൂ

Submitted by nanz on Fri, 03/30/2012 - 09:32

1997 ൽ ‘വാചാലം‘ എന്ന ചിത്രത്തോടെയാണ് ബിജു വർക്കി എന്ന സംവിധായകന്റെ ഉദയം. പിന്നീട് ദേവദാസി, ഫാന്റം പൈലി, ചന്ദ്രനിലേക്കുള്ള വഴി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തെങ്കിലും ശേഷം ഈ കാലയളവിൽ ബിജു വർക്കിയുടേതായി അധികം ചിത്രങ്ങളൊന്നും പുറത്തു വന്നില്ല. ദേവദാസി എന്ന ചിത്രത്തിൽ നിർമ്മാതാവുമായുണ്ടായ വഴക്കും ഫാന്റം പൈലി എന്ന ചിത്രത്തിന്റെ തിരക്കഥാ ചോരണവുമായി വന്ന വിവാദങ്ങളും ബിജു വർക്കിയെ ഇടക്ക് ശ്രദ്ധയിൽ കൊണ്ടുവന്നു. ഇതിനിടയിൽ ഈ മാസം പുറത്തിറങ്ങിയ “ഈ അടുത്ത കാലത്ത്” എന്ന സിനിമയിൽ ഒരു വികാരിയച്ചന്റെ വേഷത്തിലും ബിജു വർക്കിയെത്തി. ബിജു വർക്കിയുടെ ഏറ്റവും പുതിയ സിനിമയായ “ഓറഞ്ച്” വർഷങ്ങൾക്ക് മുൻപേ നിർമ്മാണം തുടങ്ങിയതും പൂർത്തിയായതുമാണ്. റിലീസ് ചെയ്യാനുള്ള ഭാഗ്യം 2012ലായെന്നു മാത്രം. 

കലാഭവൻ മണി, ബിജുമേനോൻ, ലെന എന്നിവരോടൊപ്പം രണ്ടു യുവ പുതുമുഖങ്ങളേയും അണി നിരത്തിയിട്ടുണ്ട്. തമിഴ് നാടിനോട് ചേർന്നുള്ള കമ്പം പ്രദേശത്താണ് കഥ നടക്കുന്നത്. കുടുംബ ബന്ധങ്ങളുടെ സ്നേഹവും അടുപ്പവും, കൂട്ടുകാരുടെ സൌഹൃദവും ചതിയും പകയുമൊക്കെ ചേർന്ന വൈകാരിക ബന്ധങ്ങളുടെ ഇഴയടുപ്പവും അകൽച്ചയുമാണ്. ബിജു വർക്കി “ഓറഞ്ചി”ൽ ദൃശ്യവൽക്കരിക്കുന്നത്. സ്നേഹ വാത്സല്യത്തോടെ വളർത്തിയ തന്റെ മകളുടെ അച്ഛൻ താനല്ലായെന്നറിയുമ്പോഴുള്ള ഒരു പിതാവിന്റെ മാനസിക ഭാവങ്ങളും അത് കുടുംബ ബന്ധങ്ങളിലുണ്ടാക്കുന്ന വിള്ളലുകളുമാണ് മുഖ്യപ്രമേയം. ലോറി ഡ്രൈവർമാരുടെ ജീവിതപരിസരവും തമിഴ് ഗ്രാമീണതയുമൊക്കെ പശ്ചാത്തലമായി വരുന്ന പ്രമേയത്തിനു പുതുമയൊക്കെയുണ്ടെങ്കിലും പ്രേക്ഷകനിൽ പല കാരണങ്ങൾ കൊണ്ട് സംവേദിക്കാൻ പോന്നതായില്ല. അഭിനേതാക്കളുടെ മോശം പ്രകടനവും സാങ്കേതികവിഭാഗത്തിന്റെ നിലവാരത്തകർച്ചയും ചിത്രത്തെ മോശമാക്കുന്നതിൽ നല്ലൊരു പങ്കു വഹിച്ചു. ചിത്രത്തിന്റെ തുടക്കം വലിയ സുഖം പകരുന്നില്ലെങ്കിലും അല്പം കഴിഞ്ഞ് കഥയുടെ വഴിത്തിരിവിലേക്കെത്തുമ്പോൾ വികാര തീവ്രമാകുന്നുണ്ട്. കഥയുടേ കയറ്റിറക്കത്തിൽ മുഴുകിയിരിക്കുന്ന പ്രേക്ഷകനെ ഇളിഭ്യരാക്കിക്കൊണ്ട്  നായകനെ ത്യാഗിയാക്കാനും സിനിമയെ നാടകീയമാക്കാനുമുള്ള  വ്യഗ്രതയിൽ ആവശ്യമില്ലാത്തിടങ്ങളിലേക്കും അതിനാടകീയമായ കണ്ണിരൊഴുക്കലുകളിലേക്കും കടന്ന് സിനിമാന്ത്യം അമ്പേ പരാജയപ്പെട്ടുപോകുന്നുണ്ട്

ചിത്രത്തിന്റെ വിശദാംശങ്ങളും കഥാസാരവും വായിക്കുവാൻ ഡാറ്റാബേസ് പേജിലേക്ക് പോകുക. 

സുരേഷ് കൊച്ചമ്മിണിയുടേയും ബിജുവർക്കിയുടെയും കഥക്ക് ബിജു വർക്കി തിരക്കഥ സംഭാഷണം എഴുതിയിരിക്കുന്നു. ഏറെ വൈകാരിക മുഹൂർത്തങ്ങൾ കരുതിവെയ്ക്കുന്ന സന്ദർഭങ്ങളുണ്ട് തിരക്കഥയിൽ. പക്ഷെ, തിരക്കഥയിൽ ഒരുക്കിയ വൈകാരിക നിമിഷങ്ങളെ അതർഹിക്കുന്ന ശക്തിയോടെയും ചാരുതയോടെയും ഒരുക്കിയെടുക്കാൻ കഴിഞ്ഞില്ല തിരക്കഥാകൃത്തുകൂടിയായ സംവിധായകന്. നായകന്റെ മകളുടെ പിതൃത്വം, നായികയുടെ മുൻ പ്രണയം, അതുപോലുള്ള സംഭവങ്ങളെ ടിപ്പിക്കൽ മലയാള സിനിമാ സദാചാര കാഴ്ചപ്പാടിലൂടെയല്ലാതെ (മുഴുവനായല്ലെങ്കിലും) നോക്കിക്കാണാനുള്ള ചെറിയ ശ്രമമൊക്കെ സംവിധായകനിലുണ്ട്. പക്ഷെ അത്തരം വിഷയങ്ങളെ സ്വീകരിച്ചപ്പോൾ പ്രേക്ഷകപ്രീതിയെ മുൻ നിർത്തി ചില അതി നാടകീയതയിലേക്കു പോയതും നായകനെ ത്യാഗവൽക്കരിക്കാനുമൊക്കെ ശ്രമിച്ചത് വിഷയത്തോടുള്ള സമീപനത്തിന്റെ ആത്മാർത്ഥത കളഞ്ഞു. ദ്വായാർത്ഥവും മിമിക്രിയുമൊന്നുമില്ലെങ്കിലും തമാശക്കു വേണ്ടി ഒരുക്കിയ സീനുകളൊക്കെ അല്പം ബോറാണെന്ന് പറയേണ്ടിവരും. യുവനായകന്റെ പ്രണയത്തിനു വേണ്ടി ഉണ്ടാക്കിയ സീനുകൾ ക്ലീഷേയും പ്രണയത്തിന്റെ തുടക്കവുമൊക്കെ വേഗത്തിലുമായിപ്പോയി. രാമലിംഗത്തിന്റെ ക്യാമറക്കുമില്ല എടുത്തുപറയാവുന്ന ഗുണം. പലപ്പോഴും (കാലപ്പഴക്കം കൊണ്ടെന്നപോലെ )പല ടോണുകളിലുള്ളതും  വ്യക്തമാകാത്തതുമായ ഫ്രെയിമുകൾ.ബി അജിത്കുമാറിന്റെ എഡിറ്റിങ്ങും കലാദാസിന്റെ കലാസംവിധാനവും വലിയ നിലവാരം പുലർത്തിയതായി തോന്നിയില്ല. മണികാന്ത് കദ്രിയുടെ മൂന്നു ഗാനങ്ങൾ വളരെ ഭേദപ്പെട്ടതാണ്. “റോസാപ്പൂ..“ എന്ന റൊമാന്റിക്ക് ഗാനം ഈണം കൊണ്ടും ആലാപനം കൊണ്ടും മികച്ചു നിൽക്കുന്നു. ചമയ വിഭാഗം മറ്റേതൊരു മലയാള സിനിമയിലുമെന്നപോലെ താഴ്ന്ന നിലവാരം കാത്തു സൂക്ഷിക്കുന്നു. കലാഭവൻ മണിയുടെ മുഖത്ത് ഒട്ടിച്ചിരിക്കുന്ന മീശ പ്രൊഫഷണൽ നാടക നടന്മാരെ ഓർമ്മിപ്പിക്കുന്നു. 

കണ്ണുകളിൽ കാമവും ഉള്ളിൽ ചതിയുമായി നടക്കുന്ന ലോറി ഡ്രൈവർ ബാബുട്ടനായി ബിജു മേനോൻ വലിയ മോശമാക്കിയില്ല. പലവിധ വികാരങ്ങളിലൂടെ കടന്നുപോകുന്ന യാക്കോബിന്റെ മനോവിചാരങ്ങൾ പ്രകടിപ്പിക്കാൻ കലാഭവൻ മണിക്കായില്ല.ലെനയുടെ സരിതക്കും വലിയ റോളില്ല.ജാഫർ ഇടുക്കി, മച്ചാൻ വർഗ്ഗീസ്, സലീംകുമാർ എന്നിവരുടെ കോമഡിയൊന്നും കാര്യമായി ഏശുന്നില്ല. യാക്കോബിന്റെ മകൾ ദിയ-യായി അഭിനയിച്ച പുതുമുഖം പ്രതീക്ഷയർപ്പിക്കുന്നുണ്ട്. ജിത്തുവായി അഭിനയിച്ച പുതുമുഖ നടനും വലിയ കുഴപ്പമില്ലാതെ പൂർത്തീകരിച്ചു. 

താരചിത്രങ്ങളുടെ ബഹളത്തിനിടക്ക് വലിയ മാർക്കറ്റിങ്ങൊന്നുമില്ലാതെ വന്ന “ഓറഞ്ച്” പ്രേക്ഷകർ അറിഞ്ഞുപോലുമില്ലെന്നു തോന്നുന്നു. അതുകൊണ്ട് തന്നെ ഒരാഴ്ച തികക്കും മുൻപ് ചിത്രം തിയ്യറ്റർ വിട്ടു.കലാഭവൻ മണിയുടെ തല പോസ്റ്ററിൽ വെച്ചാൽ ആളുകൂടാൻ ഇത് കോമഡി കാസറ്റൊന്നുമല്ലല്ലോ!

Relates to
Contributors