ജി വേണുഗോപാലുമൊത്ത് അൽപ്പസമയം..!

Submitted by Kiranz on Wed, 12/21/2011 - 01:32

വേണൂഗോപാലിനോട് ഇരുപത് ചോദ്യങ്ങൾ..
1.ഇളയരാജക്ക് വേണ്ടി പാടി മികച്ച ഗായകൻ എന്ന സംസ്ഥാന അവാർഡ് മേടിച്ചിട്ടും അത്തരം ഗാനങ്ങൾ പിറന്നില്ല ?
2.കാമ്പസുകൾക്ക് ഏറെ പ്രിയങ്കരമായിരുന്ന രവീന്ദ്രൻ-വേണുഗോപാൽ "ചന്ദനമണിവാതിൽ" എന്ന ഗാനത്തിനു ശേഷം മറ്റൊന്നുണ്ടാവാതിരുന്നത് ?
3.ഒരേ ടൈപ്പ് പാട്ടുകൾ പാടി നിന്നതിനേക്കുറിച്ച് ?
4.കോപ്പിയടി ട്രെന്റിനേപ്പറ്റി :)
5.റിയാലിറ്റി ഷോ ഇഷ്ടപ്പെടാതിരുന്ന ആളായിട്ടും അതിൽ അകപ്പെട്ടതിനേപ്പറ്റി..

യുണീക്കോഡ് മലയാളത്തിൽ മലയാളസിനിമകൾക്കും ഗാനങ്ങൾക്കും വേണ്ടി ഒരു സമ്പൂർണ്ണ സിനിമാ ഡാറ്റാബേസ് ഉണ്ടാക്കിയെടുക്കുവാൻ രൂപപ്പെടുത്തിയ മലയാളം മൂവി & മ്യൂസിക്ക് ഡാറ്റബേസിന്റെ (എം3ഡിബിയുടെ) ഒന്നാം വാർഷികമാണ് ഇന്ന് ഈ ഡിസംബർ 21-ആം തീയതി. കഴിഞ്ഞ വർഷം ഇതേ ദിവസം ജോൺസൻ മാസ്റ്ററാണ് ഈ സംരംഭത്തെ ഉദ്ഘാടനം ചെയ്ത് പ്രോത്സാഹിപ്പിച്ചത്. ഇന്ന് ജോൺസൻ മാഷിന് ഏറെ പ്രിയമുണ്ടായിരുന്ന,മലയാളത്തിന്റെ പ്രിയങ്കരനായ ഗായകൻ ശ്രീ.ജി വേണൂഗോപാലുമൊത്തുള്ള ഇന്റർവ്യൂ ആണ് വാർഷികം പ്രമാണിച്ച് എം3ഡിബി പ്രസിദ്ധീകരിക്കുന്നത്. ഈ ഇന്റർവ്യൂ ഉണ്ടാവാനുള്ള സാഹചര്യം മുൻപ് പ്രസിദ്ധീകരിച്ചിരുന്നു.അത് ഇവിടെ വായിക്കാം.

ഹോട്ടൽ റൂമിലെ വെളിച്ചത്തിന്റെ തകരാറ് മൂലം പുറത്ത് ഹോട്ടലിന്റെ കോറിഡോറിലാണ് ഈ ഇന്റർവ്യൂ ഷൂട്ട് ചെയ്യപ്പെട്ടത്.അതും ആളുകൾ കടന്നുപോവുന്ന ലിഫിറ്റിന്റെ തൊട്ടു മുന്നിൽ.ഇടക്കിടെ കടന്നുവരുന്ന ലിഫ്റ്റിന്റെ ശബ്ദവും,മറ്റ് ആളുകളുടെ ശബ്ദവും,പശ്ചാത്തലത്തിലെ ഇരമ്പലുമൊക്കെ പ്രേക്ഷകർ ദയവായി ക്ഷമിക്കുക.ഒരു ക്യാമറ മാത്രമാണ് ഷൂട്ടിംഗിന് ഉപയോഗിച്ചുള്ളു എന്നതിനാൽ ഇന്റർവ്യൂവിന്റെ ചില പരിമിതികളുമുണ്ട്.ഏറെപ്പറയുന്നില്ല.കണ്ട് തന്നെ നോക്കുക.യുട്യൂബ് വീഡിയോ കാണാൻ കഴിയാത്തവർക്കായി ഇന്റർവ്യൂ ഒരു ലേഖനമായി പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. കുഞ്ഞൻസും ദിലീപുമാണ് ഇത്രയും വലിയ ഈ ഇന്റർവ്യൂ മുഴുവൻ ലേഖനമാക്കിത്തന്നത്. ഇഷ്ടഗായകനായ വേണുഗോപാലിനൊപ്പം അൽപ്പം സമയം ചിലവഴിക്കാനാവുമെന്ന് ഉറപ്പായതിന്റെ സന്തോഷത്തിൽ മുൻകൂറായി ചോദ്യങ്ങൾ തയ്യാറാക്കാൻ മറന്നു പോയ എനിക്ക് അവസാന നിമിഷം ചോദ്യങ്ങൾ തയ്യാറാക്കാൻ സഹായിച്ച എം3ഡിബിയിലെ അംഗങ്ങളായ (ജോ,വില്ലൂസ്,ഉമേച്ചി,കുമാറേട്ടൻ,രാജേഷ് രാമൻ,കുഞ്ഞൻസ്,തഹ്സീൻ) എന്നിവർക്ക് കെട്ടിപ്പിടീം കടീം..:).വേണുഗോപാലിന്റെ മുൻപിലെത്തിയാൽ ചോദിക്കണം എന്ന് കരുതിയ ചോദ്യങ്ങളൊക്കെ ചോദിച്ചു എന്ന് കരുതുന്നു.ഇന്റർവ്യൂവിന് മോറൽ സപ്പോർട്ടായി ഒപ്പമുണ്ടായിരുന്ന വിനീതിനും,ഇത്തരമൊരു അവസരം ഉണ്ടാക്കിത്തന്ന ദോഹയിലെ ഷാനവാസ് എലച്ചോലക്കും,സംസ്കൃതി,ദോഹ-ഖത്തറിനും ഏറെ നന്ദി. വളരെ വിശദമായും സൗമ്യതയോടെയും ഓരോ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞ ശ്രീ.ജി വേണുഗോപാലിനും എം3ഡിബിയുടെ പേരിലുള്ള നന്ദി. അപ്പോ ഐശ്വര്യമായി എല്ലാവരും കാണുക.കഴിയുമെങ്കിൽ HDവീഡിയോ തന്നെ തിരഞ്ഞെടുത്ത് കാണുക. നിങ്ങളുടെ അഭിപ്രായമറിയിക്കുക.

 

കിരൺ : -  നമസ്ക്കാരം വേണുച്ചേട്ടാ, ഞാൻ നേരത്തേ പറഞ്ഞതുപോലെ എം.ത്രീ.ഡി.ബി.യുടെ ഒരുകൂട്ടം പ്രവർത്തകർ അയച്ചു തന്നിട്ടുള്ള ചോദ്യങ്ങളാണിതൊക്കെ. വേണുഗോപാലെന്ന ഗായകനിലുപരിയായിട്ട് ഒരു പക്ഷേ വേണുഗോപാലിന്റെ പത്രപ്രവർത്തന പരിചയം ഒക്കെക്കൊണ്ട് ഉത്തരം പറയേണ്ട ചില ചോദ്യങ്ങളുണ്ട്. നമുക്ക് ആദ്യത്തെ ചോദ്യത്തിലേക്ക് കടക്കാം.

വേണുഗോപാലെന്ന വ്യക്തിയെപ്പറ്റി പൊതുവേയുള്ള ഒരു ഇമേജ്, അതായത്, പലർക്കുമുള്ള ഒരു ധാരണ, വളരെ ശാന്തനായ സൌമ്യനായ ഒരു വ്യക്തിയുടേതെന്നാണ്. അതുപോലെയാണ് ഏകദേശം വേണുച്ചേട്ടന്റെ പാട്ടുകളും നോക്കിക്കഴിഞ്ഞാൻ. ഇതു ബോധപൂർവ്വമായിട്ടുള്ള ഒരു തെരഞ്ഞെടുപ്പാണോ?

വേണുഗോപാൽ: അങ്ങനെ വന്ന് ഭവിക്കുന്നതാണ്.നമുക്ക് ജീവിതത്തിൽ ബോധപൂർവ്വം ചെയ്യാൻ സംഗതികൾ ഒരുപാടൊന്നുമില്ല.എല്ലാം കുറേ നിമിത്തങ്ങളും നല്ല കുറേ കാര്യങ്ങളും സംഭവിച്ചു പോകുന്നതാണ്.പക്ഷേ എനിക്ക് ചേർന്ന കുറേ പാട്ടുകളും, എന്റെ ശരീരഭാഷയ്ക്ക് ഇണങ്ങുന്ന കുറെ പാട്ടുകൾ കിട്ടി എന്നു പറയുന്നതിൽ അതിശയോക്തി ഇല്ല എന്നെനിക്ക് തോന്നുന്നു.

കിരൺ: ഒരു ഗായകനെ സംബന്ധിച്ചിടത്തോളം വളരെയധികം വൈവിധ്യമേറിയിട്ടുള്ള പാട്ടുകൾ പാടണമെന്നാണ് പൊതുവേയുള്ള ഒരു ധാരണ. അപ്പൊ അത്തരം വൈവിധ്യമുള്ള പാട്ടുകൾ പാടി ഇൻഡസ്ട്രിയിൽ എസ്റ്റാബ്ലിഷ്ഡായിട്ടുള്ള ഗായകരുടെ ഇടയിൽ ഒരേ ടൈപ്പ് ഗാനങ്ങൾ പാടി വേണുഗോപാൽ എന്നു പറയുന്ന ഒരു ഗായകന് വളരെയധികം പ്രസക്തിയോടെ പിടിച്ചു നിൽക്കാൻ പറ്റി.അത്,അതിന്റെയൊരു രഹസ്യം എന്താണ് ?

വേണുഗോപാൽ: നമ്മളൊരു പാട്ടുകാരൻ എന്നുള്ള രീതിയിൽ ആദ്യമായിട്ട് ഒരു ബഡ്ഡിംഗ് സിംഗർ ആവുമ്പോൾ,നമ്മുടെ മനസ്സിൽ ഒരു ഒരുപാട് പാട്ടുകൾ ഉണ്ട്. പക്ഷേ വ്യക്തമായിട്ട് നമുക്ക് നമ്മുടെയൊരു ഇഷ്ടാനിഷ്ടങ്ങൾ വേണം. ആദ്യകാലത്തെ ഒരു നാലഞ്ച് വർഷമാണിത് ഷേപ്പ് ചെയ്ത് എടുക്കുന്നത്. പ്ലേബായ്ക്ക് സിംഗിങ് എന്നു പറയുന്നത്. അതിൽ ക്രിയേറ്റിവിറ്റി എന്നതിനേക്കാൾ പെർഫോർമൻസിന്റെ തലത്തിലാണ് വരുന്നത്. നമുക്ക് പാട്ടു തരുന്നു, അതു പാടുന്നു.  ഒന്നു നോക്കിയാൽ
ആദ്യകാലത്ത് എനിക്ക് ഒരേതരത്തിലുള്ള പാട്ടുകൾ കുറെ കിട്ടിയിട്ടുണ്ട്. അപ്പോൾ അത്തരത്തിലുള്ള ഒരു ട്രാക്കിലേക്ക് വരുന്നു. രണ്ടാമത്തെ ചോദ്യം എന്നു പറയുന്നത് എല്ലാത്തരത്തിലുള്ള പാട്ടുകൾ പാടുന്നവരും അതിനോടൊപ്പം ഒരു തരത്തിലുള്ള പാട്ടുകൾ പാടുന്നവരും എസ്റ്റാബ്ലിഷ്ഡ് ആവുനു. അതിന്റെ ഒരു കാരണം, ഉദാഹരണത്തിന് ഒന്നിൽ കൂടുതൽ വെറൈറ്റീസ് പാടിയിരുന്ന എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടുകാരൻ ദി ഗ്രേറ്റ് മുഹമ്മദ് റാഫി സാബ് ആണ്. അദ്ദേഹം ഉള്ളിൽ നിരവധി ഗായകർ ഉള്ള ഒരു പാട്ടുകാരനാണ്. അദ്ദേഹം വളരെ ഫാസ്റ്റ് ആയിട്ടുള്ള ഒരു ലൌ സോങിന് ശേഷം ഒരു പേറ്റിയോട്രിക് സോങ്, തത്വചിന്തകന്റെ ചോദ്യം എറിയുന്ന ഒരു പാട്ട്, ഹൃദയം പറിഞ്ഞു പോകുന്ന വേദനയുള്ള ഒരു പാട്ട്, ഇതെല്ലാം അദ്ദേഹത്തിന് അനായാസമായിട്ട് പാടാൻ സാധിച്ചിട്ടുണ്ട്. പക്ഷേ അതിന്റെ പിറകിലുള്ള ഒരു സത്യാവസ്ഥ എന്നു പറയുന്നത്, ഓരോന്ന് പാടുമ്പോഴും അദ്ദേഹത്തിന്റെ ഹൃദയം അതിൽ നൂറ്റൊന്ന് ശതമാനം അലിഞ്ഞു ചേർന്നിട്ടുണ്ട് എന്നതാണ്. പക്ഷേ, എന്നെപ്പോലുള്ള ഒരു ഗായകന്, എന്റെ ട്രാക്കിൽ വരുമ്പോൾ ഞാൻ കുറെക്കൂടി കംഫർട്ടബിൾ ആവും. അത്തരത്തിലുള്ള ഒരു പാട്ടു കിട്ടുമ്പോൾ എന്റെ റെന്ററിങ് സ്വാഭാവികമാവും. അപ്പോൾ ഏതെങ്കിലും ഒരു സ്റ്റൈൽ പാടുകയാണെങ്കിൽ ആ സ്റ്റൈൽ നമ്മളെക്കൊണ്ട് ആകാവുന്നത്ര ഭംഗിയായി പാടി ഫലിപ്പിക്കുക. റ്റു ദി എക്സ്റ്റന്റ്, വേറൊരു പാട്ടുകാരൻ ഒരു പക്ഷേ ആ പാട്ട് അറ്റന്റ് ചെയ്താൽ ഏതാണ്ടിതുപോലെയൊക്കെത്തന്നെ പാടാൻ കഴിയുമെന്ന് മറ്റുള്ളവർക്ക് പറയാൻ പറ്റിയ രീതിയിൽ. ഇതിനേക്കാൾ മുകളിലേക്ക് പോകാൻ ഒരു പക്ഷേ സാധ്യത കുറവാണ് എന്നു പറയാം, അല്ലെങ്കിൽ , ഈ പാട്ടുകാരൻ അതിനു കൊടുത്തിരിക്കുന്ന അയാളുടെ ശബ്ദത്തിനും അയാൾ അതിൽ കൊടുത്തിരിക്കുന്ന വികാരങ്ങൾക്കുമപ്പുറം ഇതിനകത്ത് ഒന്നും ചെയ്യാൻ ഇല്ല എന്നൊരു തോന്നൽ ഉളവാക്കുക. തീർച്ചയായും ഈ അക്സപ്റ്റൻസ് വരുന്നത്, പാട്ടുകാർ എന്നതിനേക്കാൽ പാട്ടു കേൾക്കുന്ന സംഗീത പ്രേമികളുടെ അടുത്തു നിന്നാണ്. കാരണം അവരുടെ മനസ്സിനെയെ മഥിക്കാൻ പറ്റുകയുള്ളു. അവരുടെ മനസ്സിലെ ആഴങ്ങളിലേക്ക് കൂടുതൽ കൂടുതൽ ഇറങ്ങിച്ചെന്ന് വേരുപിടിക്കാൻ സാധിക്കുകയുള്ളു.ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് എത്തുമ്പോൾ ഒരു ക്രോണിക്ക് ഇൻഫക്ഷൻ പോലെ ഇതു പടരും. രണ്ടുപേർക്കും ഒരേപോലെയായിക്കൊള്ളണമെന്നില്ല ഈ പാട്ട് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്. പക്ഷേ, എന്തൊക്കെയൊ അവരുടെ ഉള്ളിൽ ചില പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ചുരുക്കിപ്പറഞാൽ ഒരു ആശയക്കുഴപ്പം. എനിക്കറിഞ്ഞുകൂടാ, നിങ്ങളുടെ പാട്ട് എന്തോ ചെയ്യുന്നു. എന്താണെന്നറിയില്ല. നമുക്കും അറിയില്ല, ഇതെന്താണ് സംഭവിക്കുന്നന്തെന്നുള്ളത്. ആ ഒരു ഐഡിയ ആണ് ഇതിൽ ഉള്ളത്.

കിരൺ:- 1984 ൽ, ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിനു വേണ്ടി,ഒരു പാട്ടിന്റെ ചില ഹിന്ദി പോർഷൻസ് പാടിക്കൊണ്ടാണ് ജി. വേണുഗോപാൽ എന്ന ഗായകൻ മലയാള സിനിമാ സംഗീതത്തിലേക്ക് കടന്നു വരുന്നത്. അതേ വർഷം തന്നെ മറ്റു രണ്ടു ചിത്രങ്ങൾക്കു കൂടി വേണുഗോപാൽ പാടി. എന്നാൽ അതും കഴിഞ്ഞ് 1986ൽ ഇറങ്ങിയ ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലെ മോഹൻ സിതാര സംഗീതസംവിധാനം ചെയ്തിട്ടുള്ള പാട്ടുകൾ പാടിയതാണ് ശ്രി. ജി. വേണുഗോപാലെന്ന ഗായകൻ മലയാളത്തിൽ പ്രശസ്തനാവാനുള്ള കാരണം. ആദ്യഗാനമായ രാരീ രാരീരം രാരോയേപ്പറ്റി എന്താണ് അഭിപ്രായം?

വേണുഗോപാൽ:- എനിക്കു തോന്നുന്നത് ഒരു വ്യത്യസ്തത അന്ന് ആലാപനത്തിൽ പുലർത്തിയിരുന്നു ആ പാട്ട്. എന്നോടൊപ്പം തന്നെ കടന്നു വന്ന ആൾ, ഞാൻ ഒരു പക്ഷേ മോഹനെക്കാൾ മുന്നേ സിനിമയിൽ വന്ന ആളാണ്. അത് മോഹന്റെ ആദ്യത്തെ വർക്ക് ആണ്. മോഹൻ ഇതു വരെ ചെയ്തിട്ടുള്ളതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന്, അല്ലെങ്കിൽ അതിനകത്തെ ഗാനങ്ങളാണ് മോഹന്റെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടുകൾ. വളരെയധികം ശ്രമഫലം ഉണ്ടായിരുന്നു അതിന്റെ പിന്നിൽ. പ്രത്യേകിച്ച് മോഹൻ സിതാര വളരെ കഷ്ടപ്പാടുകൾ അതിനു വേണ്ടി സഹിച്ചിട്ടുണ്ട്. ആലാപനസമയത്ത് പുതിയ ആളാണെങ്കിലും പാടാനുള്ള സ്വാതന്ത്ര്യം എനിക്ക് തന്നിരുന്നു. ഞാനതിനകത്ത്  എന്റെ മനസ്സിൽ ഒരു പാട് പാട്ടുകൾ എണ്ണി. പാട്ടുകേൾക്കുമ്പോൾ  ഞാനന്ന് ഹിന്ദി ഒരുപാട് കേൾക്കുമായിരുന്നു. തീർച്ചയായും മലയാളം ഗാനങ്ങൾ നമ്മൾ കേൾക്കാതിരിക്കാൻ സാധിക്കില്ല, പാട്ട് ഇഷ്ടമുള്ള ഒരു മലയാളി എന്നുള്ള രീതിയിൽ. ചില സാധനങ്ങൾ ഞാനതിൽ കോൺഷ്യസ് ആയിട്ട് ട്രൈ ചെയ്തിട്ടുണ്ട്. അത് സക്സസ്ഫുൾ ആയി എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. നമ്മുടെ മലയാളത്തിൽ സാധാരണ ഒതുക്കിപ്പാടുക എന്ന ഒരു ചടങ്ങ് വളരെ കുറവായിരുന്നു. അതായിരുന്നു ഞാനതിൽ കോൺഷ്യസ് ആയിട്ട് കൊണ്ടുവന്നത്.

കന്നിപ്പൂമാനം പൂത്തൂ തിങ്കൾ ഇന്നെന്റെയുള്ളിൽ വന്നുദിച്ചു,
പൊന്നോമൽ തിങ്കൾ പൂത്തൂ വാനം ഇന്നെന്റെ മാറിൽ ചാഞ്ഞുറങ്ങി..
(പാടുന്നു )

ഇങ്ങനെ ഒരു ലൈനിൽ തന്നെ ആൾട്ടർനേറ്റ് ചെയ്യുന്ന ഒരു പാറ്റേൺ. ശബ്ദത്തിന്റെ ഒരു നിയന്ത്രണവും അങ്ങനെ ഒരു പാറ്റേൺ അതിൽ കൊണ്ടുവന്നു. അത് അന്ന് ആരും ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു. പിൽക്കാലത്ത് എനിക്ക് തോന്നുന്നു അത് അതിനു ഫൌണ്ടേഷൻ ഇടുന്നതിനു നല്ലൊരു പങ്കുവഹിച്ചു എന്ന്. ഒരു പുതുമ അതിനകത്തുണ്ട്. സധാരണ മലയാളത്തിൽ കേൾക്കാത്ത ഒരു ആലാപനം. മനോഹരമായ രചനയാണു ഓ.എൻ.വി. സാറിന്റെ. ഒഫ്കോഴ്സ്, അതിൽ ഏറ്റവും പ്രധാനമെന്ന് പറയുന്നത് മോഹൻ സിത്താരയുടെ സംഗീതം. അദ്ദേഹത്തിന്റെ ഹൃദയവേദനയിൽ ചാലിച്ചെടുത്ത ഒരു പാട്ടാണിത് എന്നു പറയാനാണ് എനിക്ക് താല്പര്യം.

കിരൺ: സാധാരണ ഗായകരുടെ ഇഷ്ടഗാനങ്ങളെപ്പറ്റി ചോദിച്ചു കഴിഞ്ഞാൽ അവർ മറുപടി പറയുക അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ട്യൂണുകൾ ഉള്ള ഗാനങ്ങളെപ്പറ്റിയാരിക്കാം. പക്ഷേ ഇവിടെ ചോദിക്കുന്ന ഒരു ചോദ്യം വ്യത്യസ്ത്ഥമാണ്. വേണുഗോപാൽ എന്നു പറയുന്ന ഒരു ഗായകന് ഏറ്റവും ഇഷ്ടമായ വരികൾ ഉള്ള പാട്ട് ഏതാണ്?

വേണുഗോപാൽ: ഞാൻ പാടിയിട്ടുള്ള പാട്ടുകളേക്കാൾ എനിക്ക് ഏറ്റവും ഇഷ്ടമുള്ള വരികൾ എനിക്ക് പാടാൻ കഴിയാത്ത പാട്ടുകൾ ആണ്. കാരണം, നമുക്ക് പാടാൻ സാധിക്കാത്ത പാട്ടുകൾ ആയിരിക്കുമല്ലോ നമ്മളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത്.  ഞാൻ പാടിക്കഴിയുന്നതോടു കൂടി ആഗ്രഹം അവിടെ തീരുന്നു. വാസ്തവത്തിൽ, നിരവധി പാട്ടുകൾ, ഉദാഹരണത്തിന്, ഞാൻ ഇന്നലെ ഗാനമേളയ്ക്ക് പാ‍ടിയ ഒരമ്മയുടേയും ഒരച്ഛന്റെയും മനസ്സിൽ നിന്നുള്ള ഒരു താരാട്ടു പാട്ട്, എനിക്ക് തോന്നുന്നു ഇത്ര നല്ലൊരു താരാട്ടു പാട്ട് ഇനിയൊരുപക്ഷേ മലയാളത്തിൽ ഉണ്ടാവില്ല. ഒരു പാട്ടു എഴുതി കമ്പോസ് ചെയ്തു പാടിക്കഴിഞ്ഞാ‍ൽ, ഇതിനപ്പുറം ഇനി ഇത്തരത്തിലുള്ള ഒരു മൂഡ് വരില്ലെന്ന് തോന്നിക്കത്തക്ക വിധത്തിലുള്ള പാട്ടുകൾ.

(കവിത പോലെ ഉരുവിടുന്നു )

ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ,
എന്നോമലുറക്കമായ് ഉണർത്തരുതേ...
ഒന്നിനി തിരിതാഴ്ത്തൂ ശാരദനിലാവേ
എൻ കണ്ണിലെ കിനാവുകൾ കെടുത്തരുതേ,
ഉച്ചത്തിൽ മിടിക്കല്ലേ നീയെന്റെ ഹൃദന്തമേ
സ്വച്ഛശാന്തമെന്നോമൽ മയങ്ങിടുമ്പോൾ..
ഇത്രയും ദൂരമെന്നോടൊപ്പം നടന്ന
പദപത്മങ്ങൾ തരളമായ് ഇളവേൽക്കുമ്പോൾ,
താരാട്ടിനനുയാത്ര നിദ്രതൻ പടി വരെ
താമര മലർമിഴി അടയും വരെ...
ഇതിനപ്പുറം ഒരമ്മയ്ക്കോ ഒരച്ഛനോ ഈ ലോകത്തോടു മുഴുവൻ നിശബ്ദമായിരിക്കുക,എന്റെ ഉണ്ണിയൊന്ന് ഉറങ്ങിക്കോട്ടെ എന്നു പറയാൻ പറ്റില്ല. അതുപോലെയുള്ള വേറൊരു പാട്ട് കുറെക്കൂടി സിമ്പിൾ ആയിട്ട് കൈതപ്രം എഴുതിയിട്ടുണ്ട്. പക്ഷേ, കൈതപ്രത്തിന്റെ പാട്ടിൽ എന്നുണ്ണിക്കണ്ണനുറങ്ങാൻ മൂലോകം മുഴുവനുറങ്ങ് എന്നുള്ള ഒരമ്മയുടെ വാക്കുകളാണ്. ഇതു പക്ഷേ ഒരച്ഛന്റെ അല്ലെങ്കിൽ ഒരു യൂണിസെക്ഷ്വൽ ഗാനമാണ്, ആർക്കും പാടാം. ഈ പാട്ടിന്റെ രണ്ടാമത്തെ ചരണത്തിൽ കവി ഒരു യൂണിവേഴ്സൽ രീതിയിലേക്കാണ് പോകുന്നത്.

നിഴലും നിലാവും ഇണ ചേരുന്ന സന്ധ്യകളിൽ സൌവർണ്ണ നിറമോലും നിൻ മുഖം നോക്കി...
കാലത്തിൽ കണികയാം ഒരു ജന്മത്തിന്റെ ജാലകത്തിലൂടപാ‍രതയെനോക്കി...
ഞാനിരിക്കുമ്പോൾ കേവലാനന്ദസമുദ്രമെൻ പ്രാണനിലലതല്ലി ആർത്തിടുന്നു.

അവിടെ ഈ ഭൂമുഖത്തുള്ള എല്ലാ സ്നേഹത്തിന്റെയും കണികയുടെ ഒരു ബ്ലെന്റ് അവിടെ ചേർക്കുന്നു. ഇത്രയും നന്നായി എഴുതപ്പെട്ട് കമ്പോസ് ചെയ്യപ്പെട്ട, പാടിയ ഒരു താരാട്ടു പാട്ട് ഇനിയുമുണ്ടാവുമോ എന്ന സംശയം തോന്നണം. അതാണൊരു പാട്ടിന്റെ ആത്യന്തികമായ കാര്യം.

കിരൺ:- പാട്ടിന്റെ വരികളെപ്പറ്റി പറയുകയാണെനിൽ ഒരുപക്ഷേ മലയാളത്തിൽ ഏറ്റവും കൂടുതൽ പാട്ടുകളുടെ വരികൾക്ക് ഇമ്പോർട്ടൻസ് കൊടുത്ത് പാട്ടുകൾ സംഗീതസംവിധാനം ചെയ്തിട്ടുള്ളത് ജോൺസൺ മാഷാ‍ണെന്ന് പറയാം.

വേണുഗോപാൽ:- ദേവരാജൻ മാഷാണ് ശരിക്കും. അദ്ദേഹത്തിന്റെ സംഗീതമാണ് മലയാളത്തിന്റെ രചനകളെ സുഗമമായിട്ടുള്ള ചിഹ്നങ്ങളിൽ എത്തിച്ചതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അഭിപ്രായവ്യത്യാസങ്ങൾ ഒരു പക്ഷേ പലർക്കും കാണുമായിരിക്കും. പക്ഷേ ദേവരാജൻ മാസ്റ്ററുടെ സംഗീതം എന്നു പറയുന്നത് നമ്മുടെ മലയാളത്തിനു മാത്രം അവകാശപ്പെട്ട ഒരു സംഗീതമാണ്. ആ പാട്ടുകളെല്ലാം ഒരു മലയാളിയുടെ പാട്ടുകളാണ്. എന്താണ് മലയാളി എന്നു ചോദിച്ചാൽ നമുക്ക് ഒറ്റവാക്കിൽ പറയാൻ പറ്റില്ല, പക്ഷേ നമുക്ക് പാടാൻ പറ്റും, കേൾപ്പിക്കാൻ പറ്റും. അതാണ് ദേവരാജൻ മാസ്റ്ററുടെ പാട്ടുകളെന്ന് പറയുന്നത്. മറ്റുപലർക്കും ഹിന്ദുസ്ഥാനി സ്ട്രീംസ് ഉണ്ട്. എനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ളത് ബാബുരാജിന്റെ പാട്ടുകളാണ്,ദക്ഷിണാമൂർത്തിയുടെ പാട്ടുകളാണ് ദേവരാജൻ മാസ്റ്ററുടെ പാട്ടുളെക്കാൾ. ഞാനതു തുറന്നു പറയുകയാണ്. പക്ഷേ, ദേവരാജൻ മാസ്റ്റർ ഒരു ജീനിയസ് ആണ്. അദ്ദേഹത്തെ നമുക്ക് മറക്കാൻ സാധിക്കില്ല. അദ്ദേഹത്തെ എതിർക്കാം, അദ്ദേഹത്തിന്റെ പാട്ടുകൾ ഇഷ്ടമല്ല എന്നു പറയാം. പക്ഷേ, മലയാളത്തിന്റെ ഒരു സംഗീതസംവിധായകൻ എന്നു പറയുന്നത് ദേവരാജൻ മാസ്റ്ററാണ്. അതു കഴിഞ്ഞിട്ടേ പിന്നെ ആരുമുള്ളു.

കിരൺ:- മുൻപത്തെ ചോദ്യത്തിന്റെ തുടർച്ചയായി.. ജോൺസൺ മാഷ് സൈലന്റ് ആയപ്പോൾ ഒരുപക്ഷേ, യേശുദാസ് കഴിഞ്ഞാൽ ജോൺസൺ മാഷുടെ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ള വേണുഗോപാലും ഒരു പരിധി വരെ സൈലന്റ് ആയി എന്നു തോന്നുന്നുണ്ടോ?

വേണുഗോപാൽ:- എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്, ജോൺസേട്ടൻ എന്റെ കാര്യത്തിൽ സൈലന്റ് ആയിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല. കാരണം, ഒരു കാലത്ത് ഞങ്ങൾ പാടിത്തുടങ്ങിയ സമയത്ത് ഒരു പാട്ടുകാരന് ആവശ്യമായ് ഫൌണ്ടേഷൻ ഉണ്ടാക്കേണ്ട സമയത്ത് അദ്ദേഹത്തിന്റെ ഗാനങ്ങൾ എനിക്ക് അരക്കിട്ടുറപ്പിച്ചതുപോലെയുള്ള ഒരു അടിത്തറ തന്നു. അത് ജോൺസേട്ടനും ഞാനുമെന്നല്ല, ആ സമയത്ത് പാടിയിരുന്ന ശ്രീകുമാറായാലും, പിന്നെ പിൽക്കാലത്ത് പാടിയിരുന്ന മഞ്ജരിയായാലും സുജാതയാണെങ്കിലും എന്നോടൊപ്പം പാടിയിരുന്ന വിജയ് യേശുദാസ് ആണെങ്കിലും. എന്റെ ഭാര്യയുടെ  ചേട്ടൻ എന്നു പറയുന്നത് ഒരു വയലിനിസ്റ്റ് ആണ്. ചന്ദ്രു എന്നു വിളിക്കുന്ന രാമചന്ദ്രൻ എന്നോട് പറഞ്ഞിട്ടുള്ളത് ആദ്യത്തെ ഓപ്പർട്യൂണിറ്റി കൊടുക്കുന്നത് ജോൺസൺ മാഷാണ്. ആ രംഗത്ത് ആരു വന്നാലും കൊള്ളാവുന്നയാളാണെങ്കിൽ ആദ്യത്തെ അവസരം എന്നു പറയുന്നത് ജോൺസൺ മാഷിന്റെയാണ്. എന്റെ ആദ്യത്തെ പാട്ട് ജോൺസൻ മാഷിന്റെയായിരുന്നില്ല. പക്ഷേ പ്രധാനപ്പെട്ട പാട്ടുകളെല്ലാം ജോൺസൻ മാഷിന്റെയാണ്, ഉദാഹരണത്തിന് മിന്മിനി..മിന്മിനിയുടെ ആദ്യത്തെ അവസരം ജോൺസനായിരുന്നില്ല,പക്ഷേ പ്രധാനപ്പെട്ട പാട്ടുകൾ.. നീലരാവിലിന്നു നിന്റെ താരഹാരമിളകി തുടങ്ങി ഒരുപാടു പാട്ടുകൾ ജോൺസേട്ടനു വേണ്ടി പാടിയിട്ടുണ്ട്. കൊള്ളാവുന്ന ഒരു സിംഗറായാലും ഇൻസ്ട്രമെന്റലിസ്റ്റായാലും, ഉദാഹരത്തിനു രാജാമണി, ഇവരെയൊക്കെ ഇണ്ട്രൊഡ്യൂസ് ചെയ്തത് ജോൺസേട്ടനാണ്. ആ സമയത്ത് അദ്ദേഹത്തിന് ഒരു വർഷം പതിനാലിലധികം സിനിമകളുണ്ടായിട്ടുണ്ട്. നിരന്തരമായി ഇവരെയെല്ലാം ഈ വർക്കുകളിലെല്ലാം ഉൾപ്പെടുത്തുക. ആ സമയത്ത് രവീന്ദ്രനാണെങ്കിൽ ദാസേട്ടനെ മാത്രമേ ഉപയോഗിക്കുകയുള്ളായിരുന്നു. എന്റെ പാട്ടുകൾ ദാസ് പാടിയാലേ ശരിയാവുകയുള്ളു എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. പക്ഷേ, ജോൺസേട്ടൻ അങ്ങനെയല്ല. ജോൺസേട്ടനു അദ്ദേഹത്തിന്റെ ഗാനങ്ങളെക്കുറിച്ചൊരു കോൺഫിഡൻസ് ഉണ്ടായിരുന്നു. എനിക്കതു മതി, എന്റെ പാട്ടുകൾ, അതു കൊള്ളാവുന്ന ആൾക്കാർ പാടുക. ഒരു ശബ്ദം തന്നെ എനിക്ക് വേണമെന്നില്ല. ഞാനിതു പലപ്പോഴും പറഞ്ഞിട്ടുണ്ട്. ജോൺസനു നന്ദി എന്നു പറയേണ്ട കാര്യമില്ല.

അദ്ദേഹത്തിനു അദ്ദേഹത്തിന്റെ ഗാനങ്ങളോടുണ്ടായിരുന്ന ഒരു ആത്മവിശ്വാസം നമ്മൾ തിരിച്ചറിയണം. എന്റെ പാട്ട് വേണുഗോപാലായാലും ശരി, ശ്രീകുമാറായലും ശരി, ഉണ്ണിമേനോനായലും ശരി, കൃഷ്ണചന്ദ്രനായാലും ശരി, അവർക്ക് സ്യൂട്ട് ചെയ്യുന്ന പാട്ടുകൾ ഞാൻ കൊടുക്കുന്നു, അതു ഹിറ്റാവുന്നു. കണ്ണീർപൂവിന്റെ കവിളിൽ തലോടി, മൈനാഗപ്പൊന്മുടിയിൽ, അല്ലെങ്കിൽ താനേ പൂവിട്ട മോഹം, ഇതൊക്കെ ആർക്കും പാടാമായിരുന്നു, അക്കാലത്ത് എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള ആർക്കും പാടാമായിരുന്നു. പക്ഷേ, അതിൽ തീരുമാനം എടുക്കുന്നത് ജോൺസനാണ്. അതുകൊണ്ടാണ് ഞങ്ങൾ നിലനിന്നത്. ഒരുകാലഘട്ടം കഴിഞ്ഞപ്പോൾ ധാരാളം ആൾക്കാർ വന്നു, അവർക്കെല്ലാം അദ്ദേഹം അവസരം കൊടുത്തു. അപ്പോഴേക്കും ജോൺസൻ എന്നു പറയുന്ന സംഗീത സംവിധായകൻ പിറകിലേക്ക് വന്നു കഴിഞ്ഞു. അദ്ദേഹത്തിനു കൊടുക്കാവുന്ന പലതും കൊടുത്തിട്ട് അദ്ദേഹം പിറകിലേക്ക് മാറിക്കഴിഞ്ഞു. അത് കാലത്തിന്റെ ഒരു പ്രത്യേകതയാണ്.

കിരൺ:- ജോൺസൻ മാഷിന്റെ പതിവു ഗായകനായിരുന്നു വേണുഗോപാൽ. അക്കാലത്ത് പുറത്തിറങ്ങിയ വടക്കുനോക്കിയന്ത്രമെന്ന സിനിമയിലെ മായാമയൂരമെന്ന ഗാനം. അതു വേണുഗോപാലിന്റെ പാട്ടു രീതികളോട് വളരെയധികം യോജിച്ചുപോകുന്ന ഗാനമായിരുന്നിട്ടു പോലും വേണുഗോപാലെന്ന ഗായകന് ആ ഗാനം പാടാൻ കഴിഞ്ഞില്ല. അത് മറ്റൊരു ഗായകനാണ് പാടിയത്. സത്യത്തിൽ ആ ഒരു ഗാനം വേണുച്ചേട്ടനിൽ നിന്ന് അകന്നു പോയതിൽ എന്തെങ്കിലും വിഷമമുണ്ടോ?

വേണുഗോപാൽ:- സത്യത്തിൽ ആ ഒരു കാര്യത്തിൽ എനിക്ക് വിഷമം തോന്നിയിട്ടില്ല എന്നത് സത്യമാണ്. കാരണം ഒരു പാട്ട് ആരു പാടണം എന്നുള്ള തീരുമാനം എടുക്കേണ്ടത് സംഗീത സംവിധായകനാണ്. അന്നത്തെ കാലത്ത് അതു നടന്നിരുന്നു. ഇന്നു പക്ഷേ എനിക്കതു തോന്നുന്നില്ല. അങ്ങനെയൊരു തീരുമാനം എടുക്കാനുള്ള ഒരു പവർ ഇന്നു സംഗീതസംവിധായനുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹം വന്നു തീരുമാനമെടുത്തു, ഇയാൽ പാടട്ടെ എന്നു തീരുമാനിച്ചു, ഞാൻ പാടി. ജോൺസേട്ടനു അതു പാടാൻ പാടില്ല എന്നുണ്ടായിരുന്നെങ്കിൽ അതു പാടാൻ വേറൊരാൾക്കു സാധിക്കില്ല. വേറെ ആർക്കും ഇന്റർഫിയർ ചെയ്യാൻ സാധിക്കില്ല, അത്ര പവർഫുൾ ആയിരുന്നു മ്യൂസിക് ഡയറക്ടർ.

കിരൺ:- സത്യൻ അന്തിക്കാട് - ജോൺസൺ കൂട്ടുകെട്ട് ഒരു കാലത്ത് വളരെ പോപ്പുലർ ആയിരുന്നു. ജോൺസൺ - വേണുഗോപാൽ എന്ന കൂട്ടുകെട്ട് പോലെ സത്യൻ അന്തിക്കാട് - ജോൺസൺ കൂട്ടുകെട്ടും. എന്നാൽ അതിനുശേഷം ഇളയരാജ - സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വന്നു. ഇളയരാജയ്ക്ക് വേണ്ടി പാട്ട് പാടി മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് വാങ്ങിയിട്ടുപോലും പിന്നീട് തുടർച്ചയായി ഇളയരാജ - വേണുഗോപാൽ കോമ്പിനേഷനിലുള്ള ഗാനങ്ങൾ പുറത്തിറങ്ങിയില്ല. എന്താണ് ഇതിന്റെ കാരണം?

വേണുഗോപാൽ:- രാജാ സാർ പറയുന്നത് ഇങ്കേയിരുക്കണം എന്നാണ്..തമിഴ് ഇന്റസ്ട്രിയുടെ ഒരു ആറ്റിറ്റ്യൂഡ് ആണത്. അവിടെ മ്യൂസിക് ഡയറക്ടരുടെ മുന്നിൽ ദിവസം നമ്മൾ ചെന്ന് പ്രസന്റ് ചെയ്യുക, അവരെ കണ്ടുകൊണ്ടിരിക്കുക, പക്ഷേ, എനിക്ക് ആകാശവാണിയിലെ ജോലിയുമായി ബന്ധപ്പെട്ട് മാറിനിൽക്കേണ്ടി വന്നിട്ടുണ്ട്. ഞാൻ തന്നെ പിറകിലേക്ക് മാറുകയാണുണ്ടായത്. എനിക്ക് അദ്ദേഹത്തെ റഗുലർ ആയി കാണാൻ സാധിച്ചില്ല. പക്ഷേ ഇപ്പോഴും കാണുമ്പോൾ അദ്ദേഹത്തിന് വലിയ കാര്യമാണ്.

കിരൺ:- നേരത്തെ ചോദിച്ച ചോദ്യവുമായി ബന്ധപ്പെട്ടുള്ള ഒരു ചോദ്യമാണ്. ക്യാമ്പസുകളിൽ പ്രണയജോഡികളെ ഏറ്റവുമധികം സന്തോഷിപ്പിച്ചിട്ടുള്ള ഒരു ഗാനമാണ് ചന്ദനമണിവാതിൽ. രവീന്ദ്രന്മാഷിന്റെ എക്കാലത്തെയും ഹിറ്റ് ആയിട്ടുള്ള ഒരു വേണുഗോപാൽ ഗാനം. എന്നാൽ രവീന്ദ്രൻ മാഷിന്റെ മറ്റു ഹിറ്റ് ഗാനങ്ങളിൽ വേണുഗോപാൽ എന്ന ഗായകൻ ഇല്ല. അല്ലെങ്കിൽ പിന്നെ വേണുഗോപാൽ-രവീന്ദ്രൻ എന്ന ഒരു കോമ്പിനേഷൻ പുറത്തു വന്നില്ല. അതിനെക്കുറിച്ച് എന്താണ് വേണുച്ചേട്ടന്റെ അഭിപ്രാ‍യം?

വേണുഗോപാൽ:- രവിയേട്ടനും ഈയൊരു പ്രശ്നമുണ്ടായിരുന്നു. രവിയേട്ടനു തന്റെ പാട്ടുകളെല്ലാം യേശുദാസ് പാടണമെന്ന ഒരു നിർബന്ധം ഉണ്ടായിരുന്നു. ഒരു സംഗീത സംവിധായകന്റെ ഏറ്റവും നല്ല ഒരു നൂറ് പാട്ടുകൾ എടുത്താൽ അതിൽ എത്രെ വെറൈറ്റി വോയ്സ് ഉണ്ടെന്നു നോക്കിയാൽ രവീന്ദ്രൻ മാഷിനു കാണിക്കാൻ വളരെ കുറച്ചേ ഉണ്ടാവുകയുള്ളു. അത് ഞാൻ ഒരിക്കൽ അദ്ദേഹത്തിനോട് നേരിട്ട് പറയുകയും അതിന്റെ പേരിൽ അദ്ദേഹത്തിൻ എന്നോട് ഒരു ചെറിയ നീരസം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ചരിത്രം നിങ്ങളോട് ചോദിക്കുന്ന ഒരു ചോദ്യം ഉണ്ടാവും. നിങ്ങളുടെ ഗാനങ്ങൾ എത്ര പുതിയ ആൾക്കാർ പാടി ഹിറ്റ് ആ‍ക്കിയിട്ടുണ്ട്. ഞാൻ ഒരു പാട്ടു പാടി, അതു സൂപ്പർ ഹിറ്റ് ആയി. പക്ഷേ നിങ്ങൾ അതിനു ശേഷം എന്നെ വിളിച്ചില്ലല്ലോ എന്നു ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞത്, അദ്ദേഹത്തിന്റെ പോയിന്റ് ഓഫ് വ്യൂവിൽ നിന്നും ചെയ്യുന്നത് ശരിയാണ്. അദ്ദേഹം പറഞ്ഞത്: “എന്റെ നിയോഗം പുതിയ ആൾക്കാരെ ഇണ്ട്രൊഡ്യൂസ് ചെയ്യുക എന്നുള്ളതല്ല. എന്റെ പാട്ടുകൾ ആരു പാടണം എന്നു തീരുമാനിക്കാനുള്ള പരിപൂർണ്ണ സ്വാതന്ത്ര്യം എനിക്കുണ്ട്”. എനിക്കപ്പോൾ തിരിച്ചു ഉത്തരം പറയാൻ ഒന്നുമില്ല. അപ്പോൾ ഞാൻ നേരത്തേ പറഞ്ഞതുപോലെ അന്നത്തെ കാലത്തെ സംഗീതസംവിധായകർക്ക് കൃത്യമായിട്ടുള്ള അവരുടേതായ തീരുമാനങ്ങൾ ഉണ്ടായിരുന്നു, അതു നടപ്പായിരുന്നു.

കിരൺ:- സാങ്കേതികത വളരെയധികം സ്വാധീനം ചെലുത്തുന്ന ഇന്നത്തെ റെക്കോർഡിംഗ് രീതികളിൽ സത്യത്തിൽ ഒരു ഗായകന്റെ പ്രസക്തി എത്രത്തോളമാണ്?

വേണുഗോപാൽ:- ശബ്ദത്തിന്റെ ഒരു പ്രാധാന്യം വളരെ പിറകിലേക്ക് പോയി എന്നെനിക്ക് തോന്നിയിട്ടുണ്ട്.വേറൊരു രീതിയിൽ പറയുകയാണെങ്കിൽ സാങ്കേതികത മുന്നിലേക്ക് വന്നപ്പോൾ സൌന്ദര്യശാസ്ത്രം പിന്നിലേക്ക് പോയി എന്നു പറയുന്നത് ഒരു കാര്യം. രണ്ട്, ശബ്ദം എന്നു പറയുന്നതിൻ വലിയ പ്രാധാന്യം ഇല്ല എന്നു റഹ്മാൻ തെളിയിച്ചു. ഒരു ആവറേജ് അല്ലെങ്കിൽ ബിലോ വോയിസ് പോലും സോഫ്റ്റ്വെയറിന്റെ സഹായത്തോടെ ശരിയാക്കി, റിയലാക്കി, പോളിഷ് ചെയ്തു കൊടുക്കാം ശബ്ദത്തിന്റെ അഭംഗി സിനിമയിൽ എടുത്തുകാട്ടാതെ തന്നെ. കമ്പ്യൂട്ടർ ഗ്രാഫിക്സിന് സിനിമയിൽ ഞെട്ടിക്കുന്ന സാധ്യതകൾ ആണുള്ളത്. യഥാർത്ഥ ജീവിതത്തിൽ അങ്ങനെയൊരു ഞെട്ടൽ കുറവായിരിക്കും. അപ്പോൾ സാധാരണയിൽ നിന്നും മാറി നിൽക്കുന്ന, അല്ലെങ്കിൽ ചിന്തിപ്പിക്കുന്ന, നമ്മെ കേൾപ്പിക്കുന്ന ചില ശബ്ദങ്ങൾ, അതിനു മാധുര്യം വേണമെന്നില്ല. (ചിരിക്കുന്നു ) പണ്ട് നമ്മൾ പശുവിനെ വിളിക്കാൻ ഉപയോഗിച്ചിരുന്ന ശബ്ദമൊക്കെ പാട്ടിൽ ഇപ്പോൾ ഉപയോഗിക്കുന്നു. കാരണം ആ ശബ്ദത്തിന്റെ ഹ്യൂമൻ വോയിസിനു വേണ്ടി വരുന്ന നോബിളായിട്ടുള്ള ഒരു ഫ്രീക്ക്വൻസി, അത്തരത്തിലുള്ള ആലാപനരീതി, അന്ന് അതിനനുസരിച്ചുള്ള രചനകൾ ഉണ്ടായിരുന്നു. അതൊക്കെ പോയി. ഇപ്പോൾ സിനിമ എന്നു പറയുന്നത് അങ്ങനെ ഉദാത്തമായ കാര്യങ്ങൾ ഒന്നുമല്ല കൈകാര്യം ചെയ്യുന്നത്. ഇപ്പോൾ തീംസ് എന്നു പറയുന്നത് സർവ്വസാധാരണമാണ്. പ്രത്യേകിച്ച് തീം ഒന്നും വേണമെന്നില്ല പാട്ടിന്. പത്തിരുപത് പേർ ഡാൻസ് ചെയ്യാനുണ്ടെങ്കിൽ, അതിനനുസരിച്ചുള്ള ഒരു സെറ്റിങ് ഉണ്ടെങ്കിൽ, ഒരു ട്യൂൺ ഇടുക, ഒരു ലിറിക്സ് എഴുതുക എന്നുള്ളത് മാത്രമാണ്. സിനിമ കാലാകാലങ്ങളിലൂടെ ഒരുപാട് മാറ്റങ്ങളിലേക്ക് വന്നിട്ടുണ്ട്. സിനിമയുടെ ഭാഗമായ സംഗീതം അതിനോടൊപ്പം തന്നെ ഒരു പക്ഷേ മുകളിലേക്ക് പോവുകയോ താഴേക്ക് പോവുകയോ ഒക്കെ ചെയ്യാം. ഇപ്പോൾ എനിക്ക് തോന്നുന്നു, കൂടുതൽ താഴേയ്ക്കാണ് വന്നിരിക്കുന്നത് എന്ന്. അതു പക്ഷേ സിനിമയുടെ അവസ്ഥയായിട്ട് കൈകാര്യം ചെയ്താൽ മതി. അങ്ങനെ നോക്കുമ്പോൾ സിനിമ മാത്രമല്ല, നമ്മുടെ സാഹിത്യവും, നമ്മുടെ രാഷ്ട്രീയവും, ജനങ്ങളുടെ മൂല്യവും ഒക്കെ തകർന്നില്ലേ? അതൊക്കെ റിഫ്ലക്റ്റ് ചെയ്യുന്ന ഒന്നാണ് നമ്മുടെ കല. അങ്ങനെ പോപ്പുലർ ആയിട്ടുള്ള ഒരു കലയുടെ ഭാഗമാണ് സിനിമ. സിനിമ താഴേക്കു വന്നു, അപ്പോൾ സിനിമയിലെ സംഗീതം താഴേക്ക് വരാതിരിക്കാൻ പറ്റുമോ? ഇപ്പോഴും മലയാളസിനിമയിൽ നല്ല പാട്ടുകൾ ഉണ്ടാവുന്നുണ്ട് എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. പക്ഷേ ഈ പാട്ടുകൾ പലതും വേണ്ടരീതിയിൽ ശ്രദ്ധിക്കപ്പെടുന്നില്ല എന്നൊരു പരാതിയാണ് എനിക്കുള്ളത്. ഭയങ്കരമായ ജോലിത്തിരക്കുകൾക്കിടയിൽ, വേഗതയുടെ ഇടയിൽ, ഈ പാട്ടുകളെല്ലാം കേൾക്കാനും റജിസ്റ്റർ ചെയ്യാനുമുള്ള സമയം ആൾക്കാർക്കില്ല. സംഗീതപ്രേമികളുടെ പാഷൻ സിനിമാ നിലവാരത്തകർച്ചയോടൊപ്പം തന്നെ തകർന്നു എന്നുള്ളതാണ് വേറൊരു സത്യാവസ്ഥ.

കിരൺ:- താങ്കളുടെ പല അഭിമുഖങ്ങളിലും ഗാ‍യകന്റെ അപ്പിയറൻസിനെക്കുറിച്ച് പറയുന്നുണ്ട്. സൌന്ദര്യമില്ലാത്ത ഗായകർക്ക് ഒരുപക്ഷേ പിടിച്ചു നിൽക്കാൻ പറ്റില്ലെന്നാണോ ഇതുകൊണ്ട് വേണുച്ചേട്ടൻ ഉദ്ദേശിച്ചത്?

വേണുഗോപാൽ:- പണ്ടത്തെക്കാലത്ത് ഒരുപക്ഷേ ഹിന്ദിയിലൊക്കെ നോക്കുകയാണെങ്കിൽ ഒരു വിധം പ്രസന്റബിൾ ആയിട്ടുള്ള കലാകാരന്മാരാണ് എക്കാലത്തും പിടിച്ചുനിന്നിട്ടുള്ളത്.കാരണം ഒരു പാട്ടുകാരൻ എന്നു പറയുന്നത് എപ്പോഴും പിന്നണിയിൽ മാത്രം നിൽക്കേണ്ട ഒരാളല്ല, അയാൾ മുന്നണിയിലും വരേണ്ട ഒരാളാണ്. ആദ്യകാലത്ത് എടുക്കുകയാണെങ്കിൽ പാട്ടുകാർ എല്ലാവരും, നാടകങ്ങൾ എടുക്കുകയാണെങ്കിൽ ഉദാഹരണത്തിൻ, അഗസ്റ്റ്യൻ ഭാഗവതരാണെങ്കിലും, സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരാണെങ്കിലും വൈക്കം മണിയാണെങ്കിലും, കെ എൽ. സുന്ദർലാൽ സൈഗൾ ആണെങ്കിലും,തലത് മെഹ്മൂദാണെങങ്കിലും അവരൊക്കെ കാണാൻ സൌന്ദര്യമുള്ളവരായിരുന്നു, സിനിമയിൽ അഭിനയിച്ചു പാടിയിരുന്നു. അത്തരത്തിലുള്ള ഒരു കൺസപ്റ്റ് പണ്ടുമുതലേയുണ്ട്. നല്ല ശബ്ദമുള്ളവർക്ക് നല്ല രൂപം വേണം. അത്തരത്തിലുള്ള ഒരു ചിന്താഗതിയുണ്ടായിരുന്നു. രൂപഭംഗി കുറവുള്ള ധാരാളം പാട്ടുകാർ ഇവിടെ ഉണ്ടായിട്ടില്ല, ഒരു കാലത്തും. പിൽക്കാലത്ത് ഇതൊരു വിഷ്വൽ മീഡിയ കൂടിയായി മാറിക്കഴിഞ്ഞപ്പോൾ, റഗുലർ ആയിട്ട് മീഡിയയിൽ വരേണ്ടിവരുന്ന ഒരു പാട്ടുകാരൻ, അല്ലെങ്കിൽ ഒരു പെർഫോർമർ എന്തൊക്കെ ചെയ്യണം. ഏറ്റവും അത്യന്താപേക്ഷികമായി വേണ്ടത് രൂപഭംഗിയാണ്, നന്നായി പ്രസന്റബിൾ ആയിരിക്കണം.ഇതിലെ ഒരു പ്രശ്നമെന്നത് പണ്ടത്തെക്കാലത്ത് ഒരുപക്ഷേ ഗുഡ് ലുക്കിംഗ് അല്ലാത്ത ഒരു എക്സ്ട്രാ ഓർഡിനറി പാട്ടുകാരനു മുന്നിലേക്ക് വരാമായിരുന്നു. പക്ഷേ ഇന്നു ആവറേജ് അല്ലെങ്കിൽ എബൌ ആവറേജ് ഗുഡ്‌ലുക്കിങ് ആയിട്ടുള്ള ഒരു പാട്ടുകാരൻ മാത്രമേ മറ്റുള്ളവരേക്കാൾ എളുപ്പത്തിൽ മുന്നോട്ടു വരാൻ അവൂ എന്നുള്ളതാണ് ടി.വി. കൊണ്ടുവന്നിട്ടുള്ള, സംഗീതത്തെ തകർക്കുവാനായിട്ടുള്ള ഏറ്റവും വലിയ കാര്യം. സംഗീതത്തിന്റെ വിലയേക്കാളും വിഷ്വൽ ആണവിടെ മുന്നിൽ നിൽക്കുന്നത്.

കിരൺ:- ഒരു കുസൃതി ചോദ്യമാണ്.. സൌമ്യനും സുന്ദരനുമാണ്. അഭിനയത്തിൽ എന്തെങ്കിലും ഓഫറുകൾ വന്നിട്ടുണ്ടോ?

വേണുഗോപാൽ:- എനിക്ക് താല്പര്യമില്ലായിരുന്നു. വിനയന്റെ ആലിലക്കുരുവികൾ എന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള ഒരു ഓഫർ വന്നിരുന്നു. അഭിനയത്തിൽ എനിക്കു  താല്പര്യമില്ല, പാട്ടു പാടാൻ മാത്രമേ താല്പര്യമുള്ളു എന്നു പറഞ്ഞു. പോസിറ്റീവ് എന്ന വി.കെ.പിയുടെ ഒരു സിനിമയിൽ പാട്ടു പാടിത്തന്നെ അഭിനയിച്ചിട്ടുണ്ട്. അത്തരത്തിലുള്ള റോളുകൾ ഇപ്പോഴും വരുന്നുണ്ട്, ഞാനത് ചെയ്യാമെന്ന് സമ്മതിച്ചിട്ടുണ്ട്. അതൊക്കെ സംഗീതവുമായി ബന്ധപ്പെട്ടിട്ടുള്ള, പാട്ടുകാരനായിട്ടോ അല്ലെങ്കിൽ പാട്ടുപാടുന്ന ചെറിയ റോളുകളോ ഒക്കെയാണെങ്കിൽ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അത്തരത്തിലുള്ള ഒരു ഓഫർ വരുകയാണെങ്കിൽ, മറ്റവസരങ്ങളൊക്കെ ഒത്തുവരികയാണെങ്കിൽ ചെയ്യാം.. ചെയ്തേക്കാം.

കിരണ്‍:- ഇപ്പോ നമുക്ക് ചാനലുകളിൽ ഏറ്റവുമധികം പോപ്പുലറായിക്കൊണ്ടിരിക്കുന്നത് ഒരു പക്ഷേ റിയാലിറ്റി ഷോകളാണു്. ടിവി സീരിയലുകളുടെ സ്ഥാനം ഒരുപക്ഷേ റിയാലിറ്റി ഷോകൾ കടന്നെടുത്തു എന്നു തന്നെ പറയാം. റിയാലിറ്റി ഷോകളെപ്പറ്റിയുള്ള വേണുച്ചേട്ടന്റെ അഭിപ്രായമെന്താണു്? സത്യത്തിൽ ഒരു റിയാലിറ്റി ഷോയിലു് വിന്നർ ആകുന്ന ഒരു ഗായകനു ശരിക്കും സംഗീതം ഒരു കരിയറായിട്ട് തെരഞ്ഞെടുക്കാൻ കഴിയുന്നുണ്ടോ?

വേണുഗോപാൽ:  പുതിയ കാലത്തില് പലപല പുതിയ സംഗതികളു് വന്നു.  റിയാലിറ്റി ഷോ ഇന്ത്യയിലു് ഒറിജിനൽ ആണെന്നെനിക്ക് തോന്നുന്നില്ല. കാരണം അമേരിക്കൻ ഐഡൽ ഒക്കെ വന്ന് അത് വളരെ പോപ്പുലർ ആയ അത് ഏതാണ്ട് തകരാറാവുമ്പോഴാണു് ഇവിടെ സരിഗമാന്ന് പറയുന്ന പ്രോഗ്രാം നോർത്തിലു് തുടങ്ങുന്നത്. അത് കഴിഞ്ഞിട്ടാണു് മലയാളത്തിലു് അമൃതയിലു് സൂപ്പർസ്റ്റാറു വരുന്നത്.  അതുകഴിഞ്ഞിട്ടാണു് ഐഡിയ സ്റ്റാറു് വരുന്നത്.  കുട്ടികളുടെ മഞ്ച് സ്റ്റാർ, അങ്ങനെ ധാരാളം പ്രോഗ്രാംസ് റിയാലിറ്റി ഷോയുടെ ഭാഗമായിട്ട് വന്നിട്ടുണ്ടായിരുന്നു. നല്ല ഭാഗങ്ങളുമുണ്ട് അതിനു ദോഷവശങ്ങളുമുണ്ട്. ഇപ്പോൾ ഏറ്റവും നല്ലൊരു പാട്ടുകാരൻ അല്ലെങ്കിൽ പാട്ടുകാരിയ്ക്ക് റിയാലിറ്റി ഷോ ഇല്ലെങ്കിലും അത് സംഭവിച്ചിരിക്കും.. അതിനു യാതൊരു സംശയവുമില്ല. പിന്നെ റിയാലിറ്റി ഷോ ചെയ്യുന്ന ഒരു  കാര്യം ഇവർക്ക് ലോകമാകുന്ന ഒരു വലിയൊരു പ്ലാറ്റ്ഫോം സമ്മാനിയ്ക്കുകയാണു്.  ആദ്യത്തെ പാട്ടു മുതൽ കണ്ട് കേൾക്കുവാനവസരം. അപ്പോൾ ആദ്യത്തെ ഒരു എൻട്രി എന്നു പറയുന്നത് പണ്ടത്തേനെക്കാട്ടിലും വളരെ ഈസിയായി. പിന്നെ റിമോട്ടായിട്ട് ഈ നമ്മുടെ കേരളത്തിനകത്തുള്ള , ഞാൻ കേരളത്തിലെ കാര്യമാണു് പറയുന്നത്, ഒരു കാലത്ത് കാലത്ത് തിരുവനന്തപുരത്തും എറണാകുളത്തും ഉണ്ടായിരുന്നവരു് മാത്രമായിരുന്നു വളരെ പെട്ടെന്ന് സിനിമയിലേയ്ക്ക്. ഹാപ്പനിംഗ് പ്ലേസസ് എന്നു പറയുന്നത് ഇതൊക്കെയാ. ആ ഒരു കാര്യം ഇപ്പോഴ് മാറിയിട്ടുണ്ട് കേട്ടോ. ഞങ്ങളുടെ തന്നെ ആ കുട്ടികളുടെ പരിപാടി എടുക്കുകയാണെങ്കിൽ ഓരോ വർഷം പ്രൈസ് കിട്ടിയിരിക്കുന്നവരൊക്കെ സാമ്പത്തികമായി വളരെ താഴ്ന്ന നിലവാരത്തിലുള്ള ഫാമിലിയിൽ നിന്നുള്ളവരൊക്കെയാണു്. അതുപോലെ വളരെ എന്താ പറയുന്നത്  ചെറിയ ചെറിയ സ്ഥലങ്ങളിൽ നിന്നു വന്ന പാട്ടിന്റെ കഴിവു കൊണ്ട് മാത്രം ഇവിടെ വന്ന് രംഗത്തെത്തി പ്രശസ്തരാവുകയും അതിലൂടെ വലിയ സമ്മാനങ്ങൾ നേടുകയും ഒക്കെ ചെയ്തിട്ടുള്ളവരാണു്. അതിനു് ദോഷവശവുമുണ്ട്. കുട്ടികൾക്ക് വല്ലാത്തൊരു സ്റ്റ്രെസ് ചെറുപ്പത്തിൽ തന്നെ കിട്ടുന്നു എന്നത്.. അതിന്റെ കാര്യമെന്നു പറയുന്നത്, വലിയൊരു സമ്മാനം ഒരു കോടീടെ സമ്മാനം അല്ലെങ്കിൽ എഴുപത്തഞ്ച് ലക്ഷം എന്നൊക്കെ പറയുന്നത് ആദ്യം തന്നെ സമ്മാനമായിട്ട് കിട്ടിക്കഴിഞ്ഞാൽ  അതിന്റേതായിട്ടുള്ള ചില മിസ് ഡയറക്ഷൻസ് വരാൻ വഴിയുണ്ട്. പിന്നെല്ലാം ഈയൊരു തോതിലായിരിക്കും കാണുന്നത്. പാട്ടിനേക്കാളും കൂടുതൽ നമ്മക്ക് കിട്ടുന്ന റെമ്യൂണറേഷനെക്കുറിച്ചും അല്ലെങ്കിലു് പാടുകയെന്നതിനെക്കാളും പാടിക്കഴിഞ്ഞതിനു ശേഷം എന്ത് സംഭവിക്കുന്നു അല്ലെങ്കിലു് അതിൽ നിന്നു കിട്ടുന്ന വരുമാനം എന്താണെന്നുള്ളതിനെക്കുറിച്ചും കുട്ടികളെ ഫോക്കസ് ചെയ്യിപ്പിക്കുന്ന ഒരു പരിപാടിയാണു്. ശരിക്ക് ചെയ്യേണ്ടത് ഈത്തരത്തിലുള്ള കോമ്പറ്റീഷനുകൾ ഒരുപക്ഷേ, എന്റെയീ അഭിപ്രായം മുഖവിലയ്ക്ക് ആരുമെടുക്കും എന്നെനിക്ക് തോന്നുന്നില്ല. കാരണം അവർക്കെല്ലാം, ഒരു ചാനലിനുള്ള പെട്ടെന്നുള്ള പോപ്പുലാരിറ്റിയ്ക്ക് വേണ്ടിയിട്ടുള്ള കാര്യമല്ലത്, ഒരു മത്സരത്തിൽ പങ്കെടുത്ത് പ്രൈസ് കിട്ടുന്ന അല്ലെങ്കിൽ മോളിൽ വരുന്ന ഒരു അഞ്ചോ ആറോ കുട്ടികളെ, കൃത്യമായി  അടുത്ത മൂന്നോ നാലോ വർഷം അവരെ സംഗീതം പഠിപ്പിയ്ക്കുകയും, അവരീ രംഗത്ത് തന്നെ നിൽക്കുന്നതിനുള്ള അഷ്യുറൻസ് ഉണ്ടാക്കുകയും, അവരെ കറക്റ്റ് ആയിട്ട് വേണ്ടരീതിയിൽ അവരെ പ്ലേസ് ചെയ്യാൻ സാധിയ്ക്കുകയും ചെയ്യുകയാണെങ്കിൽ അതാണ് ഏറ്റവും നല്ല സമ്മാനം. ഇവിടെ കലാകേരളത്തിനു് കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനം അതായിരിക്കും. പക്ഷേ അത് ഒരു ചാനലും ചെയ്യുമെന്നെനിയ്ക്ക് തോന്നുന്നില്ല. കുട്ടികളും കുട്ടികളുടെ അച്ഛനമ്മമാരും ഇതു ചെയ്യുമെന്നും എനിയ്ക്ക് തോന്നുന്നില്ല. (ചിരിക്കുന്നു )

കിരണ്‍:- റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട മറ്റൊരു ചോദ്യമാണു്, ഒരുപക്ഷേ വേണുഗോപാലെന്ന ഗായകനിലുപരിയായി വേണുഗോപാലെന്ന ഗുരുനാഥനെയാണു് മഞ്ച് സ്റ്റാർ സിംഗർ എന്നു പറയുന്ന റിയാലിറ്റി ഷോയിൽ നമ്മൾ കണ്ടത്. മുഖ്യധാരാഗായകർ പലരും റിയാലിറ്റിഷോയിലേയ്ക്ക് കടന്നുവരുകയാണു്. ശങ്കർ മഹാദേവൻ, ഹരിഹരൻ ഇപ്പോ യേശുദാസും, ഒരുപക്ഷേ ദാസേട്ടൻ.. പലപ്പോഴും റിയാലിറ്റി ഷോകളെ എതിർത്ത് സംസാരിച്ചുകൊണ്ടിരുന്ന ദാസേട്ടൻ പോലും, ഇപ്പോൾ  റിയാലിറ്റി ഷോയുടെ മുഖ്യധാരാ റിയാലിറ്റി ഷോയിലേയ്ക്ക് കടന്നുവന്നുകൊണ്ടിരിയ്ക്കുന്നു. ചില ഗായകർ പറയുന്നു റിയാലിറ്റി ഷോയില്ലെങ്കിൽ ജീവിത പ്രശ്നം കൂടിയാണു്. എന്താണു് വേണുഗോപാൽ റിയാലിറ്റി ഷോയിലേയ്ക്ക് കടന്നുവരാനുള്ള കാരണം.

വേണുഗോപാൽ:-  എനിക്ക് ആദ്യം ഈ റിയാലിറ്റിഷോവിനോട് എനിക്ക് ദേഷ്യമായിരുന്നു. കാരണം, ഞാൻ കാണുന്നത് മുഴുവൻ എനിക്കിഷ്ടമല്ലാത്ത കാര്യങ്ങളായിരുന്നു. പ്രത്യേകിച്ച് ജഡ്ജസിന്റെ സൈഡിൽ നിന്നുള്ള പ്രതികരണങ്ങൾ എന്നെ വളരെയധികം മടുപ്പിച്ചിരുന്നു. പിന്നെ "that became the norm". കാരണം എല്ലാം റിയാലിറ്റി ഷോയിലേയ്ക്ക് മാറി. അപ്പോ, അപ്പോഴും, ഈ റിക്വസ്റ്റ് ഇങ്ങനെ വരണം എന്നുപറഞ്ഞിട്ടിങ്ങനെ വരുന്നുണ്ട്. അപ്പോ ഞാൻ ആലോചിച്ചത് എന്ത്കൊണ്ട് ഒരു ഡിഫറന്റായിട്ട്, നമ്മളുടെ,നമ്മളെന്താണു് വിശ്വസിക്കുന്നത്, നമ്മളുടെ ഉള്ളിലെന്താണോ അതാൾക്കാരെ അറിയിക്കാൻ വളരെ വ്യത്യസ്തമായിട്ട് ദൈവം സഹായിച്ച്, ഞാൻ ദൈവത്തിനെ പിടിക്കുന്നതെന്തിനാണെന്ന് [വച്ചാൽ] അന്നത്തെ ആ ഒരു പാനൽ എന്നു പറയുന്നത് അതിനനുസൃതമായിട്ട് ഞാനും സുജാതയും ഗോപിയും കൂടി, ഞങ്ങളുടെ ഒരേ വേവ്‌ലെങ്തിലാണു് ഞങ്ങൾ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും എല്ലാം. അപ്പോ ആ ഗ്രൂപ്പുള്ളതുകൊണ്ട് ഞങ്ങൾ എന്തായിരുന്നോ ഞങ്ങളുടെ ഉള്ളിൽ ഉണ്ടായിരുന്നത് - അപ്പോ ഞങ്ങൾക്കെല്ലാവർക്കും, എനിക്കൊരു ഗുരുവുണ്ടായിരുന്നു, ഒന്നല്ല ഒന്നിൽ കൂടുതൽ ഗുരുക്കന്മാരുണ്ടായിരുന്നു, ആ ഒരു ഗുരുവിനോടുള്ള എന്റെ..എനിക്ക് കുട്ടികളുണ്ട്, എനിക്ക് എന്റെ മക്കളോട് എന്താണോ എനിക്ക് എന്റെ സ്നേഹം എന്നു പറയുന്നത് ആ പ്രായത്തീന്നും ചെറിയ കുട്ടികളാണവിടെ വരുന്നത്. അപ്പോ ഈ രണ്ട് ഫാക്റ്റേഴ്സും അതിനകത്ത് കോൺട്രിബ്യൂട്ട് ചെയ്തു. നമുക്ക് നമ്മുടെ കുട്ടികളോട് എന്ത് പറയാൻ പാടില്ല, നമ്മുടെ കുട്ടികൾ നമ്മൾ ആവശ്യമില്ലാണ്ട് വേദനിപ്പിക്കില്ലല്ലോ, നമ്മുടെ  കയ്യിൽ നിന്നും ഒരു ഗുരു നമ്മുടെ അടുത്ത് നിന്നും എന്താണോ പ്രതീക്ഷിയ്ക്കുന്നത് അത് നമ്മളുടെ ഒരാറ്റിറ്റ്യൂഡിൽ നിന്നു തന്നെ അവർക്ക് മനസിലാക്കും.നമ്മൾ വെറുതെ അവിടെയിരുന്ന് നോക്കി ആ കുട്ടികളുമായിട്ട് ഇടപഴകുമ്പോൾ അവർക്ക് മനസിലാവണം, ഇയാളെ നിങ്ങൾ ഒരു ഗുരുവായിട്ട് അക്സപ്റ്റ് ചെയ്യാനായിട്ട് കൊള്ളണം. നന്നായി അയാൾ കുഴപ്പമില്ല എന്നവർക്ക് തോന്നണം, നമ്മളീ ബഹുമാനമെന്ന് പറയുന്നത് സ്നേഹം എന്നു പറയുന്ന സാധനം പിടിച്ച് നമ്മക്ക് പറിക്കാൻ പറ്റില്ല . അവരു തന്നാലെ നമുക്ക് മേടിക്കാൻ പറ്റൂ. അതിനുള്ളൊരു ഒരു സ്വഭാവം നമ്മൾക്കുണ്ടാകണം, നമ്മുടെ സ്വഭാവരൂപീകരണമാണു് അതിനകത്തേറ്റവും പ്രധാനപ്പെട്ടത്.

പിന്നെ, എന്തു പറയണം എന്ത് പറഞ്ഞ് കൂടാ എന്നുള്ളതിനെക്കുറിച്ചൊരു നമ്മുടെ ഉള്ളിത്തന്നെ ഒരു ധാരണ വേണം. അതിനു് എന്നെ എന്റെ ജേർണലിസം പഠനം എന്നെ വല്ലാണ്ട് ഹെല്പ് ചെയ്തിട്ടുണ്ട് പലതരത്തിലുമെന്ന് തോന്നിയിട്ടുണ്ട്. കാരണം സംസാരിക്കുമ്പോ തന്നെ നമ്മുടെ ഉള്ളിലൊരു എഡിറ്റിംഗ് നടക്കും, സംസാരിച്ച് വെളിയിൽ പോകുന്ന കാര്യങ്ങളു്, വാക്കുകളു് നമുക്ക് തിരിച്ചെടുക്കാൻ പറ്റില്ല, പറയുന്ന കാര്യങ്ങൾ വളരെ ശ്രദ്ധയോടു കൂടി പറയുക. പറയുന്നതിനു മുൻപ് തന്നെ ഉള്ളിലൊന്ന് അത് ഏതൊക്കെ രീതിയിലുള്ള പ്രശ്നങ്ങളുണ്ടാകാം, അല്ലെങ്കിലു്  ഉണ്ടാക്കാമെന്നതിനെക്കുറിച്ചൊരു ധാരണ നമുക്ക് കുറച്ച് ജനറലായിട്ടെങ്കിലും വേണം. ഒരു പൊതുജനസമക്ഷം നമ്മളു് പറയുന്ന കാര്യങ്ങളു് എന്നു പറയുന്നതെല്ലാം കൊണ്ട് പറയാൻ കഴിയില്ല ഇയാളൊരു വാപൊളന്താനാണെന്നേ വിചാരിക്കുകയുള്ളു... പറയുന്ന കാര്യങ്ങൾ വളരെ പരിമിതമായിട്ട് പറയുക. പക്ഷേ വളരെ പരിമിതമായിട്ട് തന്നെ അതിനകത്ത് മാക്സിമം സംഗ്രഹിച്ച് പറയുക. അതും ഈ പറഞ്ഞപോലെ അത് പഠനത്തിന്റെ ഒരു ഭാഗമായിട്ടെനിക്ക് കിട്ടിയതാണ്. ഞങ്ങടെ അന്ന് ഞങ്ങളുടെ ഗുരു എന്ന് പറയുന്നത് ജോർജ്ജ്, ജോർജ്ജ് വർഗ്ഗീസ് വിളനിലത്ത് എന്നൊരു  സാറു്. വിളനിലം സാറു്, എന്റെ ഗുരുക്കന്മാരിൽ ഞാൻ വളരെ മോളിലു് പ്രതിഷ്ഠിക്കുന്ന ഒരാളാണു്. അദ്ദേഹം പിൽക്കാലത്ത് വൈസ് ചാൻസലറായിരുന്നു.  അദ്ദേഹം ഒരു സബ്ജക്റ്റിന്റെ എക്സ്പേർട്ടായിരുന്നു. അപ്പോ ഞങ്ങളുടെയെല്ലാം വിചാരം ഞങ്ങളെല്ലാം വലിയ എഴുത്തുകാരാണു്, പ്രാസംഗികരാണ് എന്നൊക്കെയാണു്. അപ്പോ എഴുതിക്കൊടുക്കുന്നതെല്ലാം വെട്ടിത്തിരുത്തി, വേണ്ടത് വേണ്ടാത്തത്, കൃത്യമായി കാര്യകാരണസഹിതം അദ്ദേഹം പറയുമായിരുന്നു. എന്തുകൊണ്ടിതു പറ്റില്ല എന്തുകൊണ്ടിതു ഷോർട്ടർ വേഡ്സിലിത് ഭംഗിയായിട്ടെഴുതിക്കൂടാ. പക്ഷേ പിൽക്കാലത്ത് ഞാനാ ഒരു പ്രാക്റ്റിക്കൽ ജേണലിസം വിട്ടിരുന്നു, ഇപ്പോഴും ബ്ലോഗിനു വേണ്ടി അത്യാവശ്യം സംഗീതവുമായി ബന്ധപ്പെട്ട മാറ്റേഴ്സ് എഴുതുമെന്നല്ലാതെ.  പക്ഷേ വിളനിലം സാറിന്റെയും അന്നുണ്ടായിരുന്ന ഗുരുക്കന്മാരുടെയും പിന്നെ വിജയകുമാർ സാർ, ശശിഭൂഷൺ സാര്, രേഖ ടീച്ചർ അവരുടെയൊക്കെയാ പാഠങ്ങൾ മനസിലുണ്ട്. അത് വല്ലാണ്ട് ഹെല്പ് ചെയ്തിട്ടുണ്ട്, സംസാരിക്കുമ്പോൾ.

കിരണ്‍:- മലയാളികൾക്ക് ഒരുപക്ഷേ, ആൽബം കൾച്ചർ എന്നു പറയുന്നത് ചലച്ചിത്ര സംഗീതത്തിന്റെ അകമ്പടിയോടെ വരുന്ന അതേ അല്ലെന്നുണ്ടെങ്കിൽ അതേ ടൈപ്പ് പാട്ടുകളാണു്. എന്നാൽ ഉത്തരേന്ത്യയിൽ വളരെയധികം ഇന്നോവേഷൻസ് ആ ഒരു മേഖലയിൽ നടന്നിട്ടുണ്ട്. വളരെയധികം ട്രൂപ്പുകൾ, നമുക്ക് ആകെപ്പാടെ പരിചയപ്പെടുത്താനുള്ളത് അവിയൽ എന്ന് പറയുന്ന ഒരു ബാൻഡ്. അല്ലെന്നുണ്ടെങ്കിൽ വ്യത്യസ്തമായ സംഗീത രീതികൾ ഇവിടെ വരുന്നില്ല. ഒരുപക്ഷേ മലയാളത്തിന്റെ വേണുഗോപാലെന്ന് പറയുന്നത്പോലെ തന്നെയാണു് തമിഴിന്റെ കാർത്തിക്. അത്രയും സൂത്തിംഗ് ആയിട്ടുള്ള വോയിസ് ഉള്ള ഒരു ഗായകൻ. കാർത്തിക് ഈയടുത്ത കാലത്ത് "മ്യൂസിക് ഐ ലൈക്" എന്നു പറഞ്ഞിട്ട് പത്ത് കൃതികളെ ശാസ്ത്രീയ സംഗീത കൃതികളെ വ്യത്യസ്തമായ് ഒരാൽബമായി പരിചയപ്പെടുത്തുകയുണ്ടായി. സത്യത്തിൽ അത്തരം വ്യത്യസ്തമായ സംഗീതസംരംഭങ്ങൾ മലയാളത്തിൽ കൂടുതലായിട്ടും കടന്നു വരുന്നില്ല. അതിനെപ്പറ്റി, എന്താണു് വേണുച്ചേട്ടന്റെ അഭിപ്രായം.

വേണുഗോപാൽ:-എന്റെ ഒരനുഭവം പറയാം, ഞാന് എനിക്കീ ആൽബംസ് തന്നെ വീണ്ടുമിറക്കീട്ട് കാര്യമില്ലാന്ന് അന്ന് തന്നെ എനിക്ക് മനസിലായി. അതുകൊണ്ടാണു് മ്യൂസിക്കൽ മീനിംഗ്സ് എന്ന് മനസിൽ ഒരു പ്രോജക്റ്റ് ഇട്ടിട്ട് contemporary ഒരു പ്രോജക്റ്റ് ഞാൻ ഇറക്കീത്. അതിന്റെയൊരു ലക്ഷക്കണക്കിനാൾക്കാർ മേടിച്ചില്ലെങ്കിലും അതിനൊരു niche market ഉണ്ട്. നമ്മുടെ കയ്യിൽ കൊള്ളില്ല. എനിക്ക് ഞാൻ മനസിലാക്കിയൊരു കാര്യം നമ്മളിഷ്ടപ്പെട്ടൊരു കാര്യം ചെയ്യുകയാണെങ്കിൽ അത് ആൾക്കാർ.. അല്ലെങ്കിൽ ഏതാണ്ട് അതേ വേവ്‌ലെങ്ത് ഉള്ള ഒരു പിടി ആൾക്കാർക്കറിയാം..ഇഷ്ടമെന്ന്.. അതിന്റെ പിറകിലുള്ള ബുദ്ധിയിതായിരുന്നു പണ്ട് കാലത്തെ കവിതകളു്. ഗാനങ്ങളായി പെയ്തിറങ്ങിയ സമയത്ത്.. ഇപ്പോഴത് നഷ്ടമായി, അതില്ല അപ്പോ അതിനെയിഷ്ടപ്പെടുന്ന സെക്ഷൻ ആൾക്കാരുണ്ട്. ഈ മെലോഡിയസ് ആയിട്ടുള്ള മ്യൂസിക്ക് ഇഷ്ടമുള്ള ആൾക്കാരുണ്ട്. അപ്പോൾ രചനയും അതിനനുസരിച്ച് സംഗീതവും കൊടുക്കുകയാണെങ്കിൽ സിനിമയിൽ എന്തു കിട്ടുന്നില്ലയോ അത്തരത്തിൽ പാരലലായിട്ട് വരുകയാണെങ്കിൽ ഇഷ്ടപ്പെടാവുന്ന ഒരു ഓഡിയൻസ് ഉണ്ടായിരിക്കും. അത് കറക്റ്റായിരുന്നു ആ ജഡ്ജ്മെന്റ് എന്നു പറയുന്നത്.അപ്പോ ഞാൻ നേരത്തെ പറഞ്ഞത് പഴയ ഗാനങ്ങൾ നഷ്ടമായല്ലോ, പഴയ ഗാനങ്ങൾ നഷ്ടമായല്ലോ എന്ന് വിചാരിക്കരുത്. ഞാൻ പരിപൂർണ്ണമായിട്ട് കവിതകൾ മാത്രം വായിക്കുന്ന ഒരാളാണു്. എന്റെ ഉള്ളിലെ ചിന്ത മുഴുവൻ ഇത് പാട്ടാക്കാൻ പറ്റുമോ എന്നുള്ളതാണു്. അപ്പോ അത്തരത്തിലൊരു ഓഡിയൻസിനു വേണ്ടീട്ട് ഞാൻ ചെയ്തുവെന്നേ പറയുന്നുള്ളൂ, അവകാശപ്പെടൂ. കവിത ഇവിടെ വളരാനായിട്ട് ഞാനൊന്നും ചെയ്തിട്ടില്ല, ഞാനൊന്നും ചെയ്യേണ്ട ആവശ്യമില്ല. വളരെ എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള വലിയ വലിയ കവികളുടെ കുറച്ച് കവിതകൾ ഞാനുപയോഗിച്ചു. അത് മോശമാക്കിയിട്ടുണ്ട് എന്ന് അവരാരും അഭിപ്രായപ്പെട്ടിട്ടില്ല അവർക്കൊക്കെ എന്നോട്, ഒരു പുത്രനോടുള്ള പോലെ സ്നേഹമുണ്ട്. അതാണെന്റെ ഏറ്റവും വലിയ ഒരു മുതൽക്കൂട്ട്..

കിരണ്‍ :-  മിക്ക പുതുതലമുറപ്പാട്ടുകാരും വളരെ പ്രശസ്തരാണെങ്കിലും  സത്യത്തിൽ അവർ പാടിയിട്ടുള്ള പാട്ടുകൾ വളരെ ചുരുക്കമാണു്. പലരും സ്റ്റാർ ഷോകളും, മറ്റ് ടി വി പ്രോഗ്രാമുകളുമൊക്കെയായിട്ട് പിടിച്ച് നിൽക്കുകയാണു് അതുപോലെ തന്നെയാണു് തിരുവനന്തപുരം കൊച്ചി, ചെന്നൈയിലൊന്നും ബേയ്സ് ഇല്ലാത്ത ഗായകർ, അത്തരം ഈ പട്ടണങ്ങളിലൊന്നും താമസിക്കാൻ പറ്റാത്ത ഗായകരെപ്പറ്റി, അവരുടെ ഓപ്പർച്യൂണിറ്റി എന്താണു് സത്യത്തിൽ ?

വേണുഗോപാൽ:- ഒരു സൊല്യൂഷനുമില്ല. എന്നെക്കാളും നന്നായിട്ട് പാടുന്ന എത്രയോ പാടുകാർ.. എനിക്ക് തന്നെ അറിയാവുന്ന ഒരാളുണ്ടായിരുന്നു. അവർക്ക് കിട്ടാത്ത സൌഭാഗ്യങ്ങൾ എനിക്ക് കിട്ടി. അതിനു ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. ഈ കിട്ടിയ കാര്യങ്ങളെല്ലാം എന്റേതാണെന്ന് എനിക്കൊരിക്കലും പറയാൻ കഴിയില്ല. ആദ്യകാലത്തെ പാട്ടുകൾ പലതും കമേഴ്സലി പൊളിഞ്ഞ ചിത്രങ്ങളിലേതായിരുന്നു. പക്ഷേ പാട്ടുകൾ എല്ലാം അക്സപ്റ്റഡ് ആയി. അതിപ്പോ എന്റെ മാത്രം കഴിവാണെന്ന് പറയാൻ പറ്റില്ല.  ഇതെടുത്ത് സാമ്പത്തികമായി പൊളിഞ്ഞ് വീടും കെട്ടുതാലി പോലും പണയം വച്ച പ്രൊഡ്യൂസർമാരും അവരുടെ ഭാര്യമാരും ഉണ്ട്. ഇതിനിപ്പോ ഓരോ നിമിത്തങ്ങളും ഓരൊ കാര്യങ്ങളും വന്നു സംഭവിക്കുന്നുണ്ട്. ഇതിപ്പോ എല്ലാ കാര്യങ്ങൾക്കും നമ്മൾക്കൊരുത്തർക്കും പറയാൻ സാധിക്കുന്നില്ല. എന്തുകൊണ്ട് ഇത്രയും നല്ലൊരു പാട്ടുകാരൻ സിനിമയിൽ വന്നില്ല. ഒരിക്കലും അതിനൊരുത്തരമില്ല. അവർക്കും അതിനൊരുത്തരമില്ല. നമുക്കീ ചോദ്യം അന്തരീക്ഷത്തിലേയ്ക്ക് ചോദിക്കാമെന്നല്ലാണ്ട് ഒരവസരം ഒരു പാട്ടുകാരനുണ്ടാക്കിക്കൊടുക്കാൻ സാധിക്കുമോ? നമുക്കുണ്ടാക്കിക്കൊടുക്കണമെന്ന് ആഗ്രഹം കാണും. അവസരം കൊടുത്താലൊരു പക്ഷേ അത് രക്ഷപെട്ടോണമെന്നുമില്ല. വലിയ ബുദ്ധിമുട്ടാണു്.  അതിനൊക്കെ ഈ ഭാഗ്യം എന്നുപറയുന്ന അദൃശ്യമായ ഒരു കരം അല്ലെങ്കിൽ ദൈവാധീനം വേണം. അത് ഒരു സാധാരണ എളിമയുള്ള ദൈവഭയമുള്ള  ഒരാളെന്ന നിലയിൽ എനിക്കതുണ്ട്. അത് തന്നെയായിരിക്കും എന്നെ സഹായിച്ചിരിക്കുന്നത്.

കിരണ്‍ :‌-  ഒരുകാലത്ത് നെഗറ്റീവ് ട്രാക്കുകളെ അല്ലെങ്കിൽ മൈനസ് ട്രാക്കുകളെ വളരെയധികം എതിർത്ത് മുന്നോട്ട് വന്ന വേണുഗോപാൽ.. ഓർക്കസ്ട്രാക്കാർക്കും.. അവർക്കു വേണ്ടിയും ശബ്ദമുയർത്തി. അതുപോലെ തന്നെ പാട്ടുകാർക്കും ഒരു സെപ്പറേറ്റ് യൂണിയൻ വേണമെന്ന് പറഞ്ഞിരുന്നു. സത്യത്തിൽ ഈ യൂണിയനുകൾ ശ്രോതാക്കളെ സംബന്ധിച്ചിടത്തോളം ഗുണകരമാണോ?

വേണുഗോപാൽ:-  മാക്ടയുടെ ആദ്യത്തെ വേർതിരിവിൽ വളരെ ബുദ്ധിപൂർവ്വം വിനയൻ ചെയ്തത് പത്തിരുപത് പേരുള്ള ഗായകരുടെ ഒരു ഗ്രൂപ്പും പത്ത്മുന്നൂറു പേരുള്ള ഓർക്കസ്ട്രക്കാരുടെ ഗ്രൂപ്പുമായിരുന്നു. അന്ന് ഞാനവർക്കെതിരായിരുന്നു. ഓരോ പ്രാവശ്യവും പാട്ടുകാർ വെളിയിലേയ്ക്ക് പോകുമ്പോഴും ഇവിടെ ഓർക്കസ്ട്രക്കാർക്ക് ഒരു ഫണ്ടുണ്ടാക്കി പൈസ അതിലേയ്ക്കടച്ചുകൊണ്ടിരിക്കണം. ഇങ്ങനെ നിയമം ഉണ്ടാക്കിയതിനെതിരെ പാട്ടുകാരെല്ലാം തിരിഞ്ഞു പിൽക്കാലത്ത്. അന്നതിനു നേതൃത്വം കൊടുത്തത് ഞാനാണു്. പക്ഷേ ഞാൻ എന്റെയൊരു വാദഗതിയെന്നു പറയുന്നത് അതല്ലായിരുന്നു. ഓർക്കസ്ട്രക്കാരെ കൊണ്ടുപോയിട്ടും അവർക്ക് വായിക്കാൻ പറ്റാത്ത കാര്യങ്ങളിലും,  പലരും മൈനസ് ട്രാക്കെന്ന് അവിടെയാണ്..ഇന്നലെ നടന്ന ഗാനമേളയാണെങ്കിലും ചില പാട്ടുകളെങ്കിലും രണ്ടോ മൂന്നോ ഇൻസ്ട്രമെന്റ്സ് വച്ച് വായിക്കാൻ കഴിഞ്ഞിരുന്നു. പലപ്പോഴും അവർ മൈനസ് ട്രാക്കാക്കിക്കൊണ്ട് വന്നിട്ട് അതും ഓൺചെയ്ത് പ്ലേയ് ചെയ്യാണ്ട് അവിടെ ഇരുന്നിട്ട് അവർക്ക് നോക്കുകൂലി പോലെ കാശു കൊടുക്കുകയാണു്, അതിനെതിരായിരുന്നു ഞാൻ. അപ്പോ അതിനെതിരെ ചില അഭിപ്രായ വ്യത്യാസങ്ങൾ അതിനകത്തുണ്ടായിരുന്നു. ഇപ്പോ തത്ക്കാലം അത് ഒരിടത്തും എത്താണ്ട് പാട്ടുകാരിപ്പോ ഫെഫ്കയിലും ചേർന്നിട്ടില്ല. ഒരിടത്തും ഇല്ല. പക്ഷേ വല്ലവരും വിളിക്കുകയാണെങ്കിൽ നല്ലകാര്യങ്ങൾക്കെല്ലാം ഞങ്ങൾ സഹകരിക്കുന്നുണ്ട്. പക്ഷേ ഈ യൂണിയൻ എന്റെ വ്യക്തിപരമായ ഒരഭിപ്രായം, പണ്ട് മാക്ടയും അമ്മയും മാത്രം ഉണ്ടായിരുന്നു. അന്ന് ഇത്രേം പ്രശ്നങ്ങളുണ്ടായിരുന്നില്ല. ഇപ്പോ പത്തിലധികം സംഘടനകളുണ്ട്. മലയാളസിനിമയുടെ പ്രതിസന്ധി, തീർന്നിട്ടില്ലെന്ന് മാത്രമല്ല അനുദിനം പുതിയ പലപ്രതിസന്ധികൾ ഉണ്ടായിക്കൊണ്ടിരിക്കുന്നുമുണ്ട്. പലരും ഇതിൽ അങ്ങോട്ടും ഇങ്ങോട്ടും പ്രശ്നങ്ങളുണ്ട്. മിനിസ്റ്ററുമായിട്ടും പ്രശ്നങ്ങളുണ്ട്. പണ്ട് ഇതൊന്നുമില്ലായിരുന്നപ്പോ ഒരു സാഹോദര്യം ഉണ്ടായിരുന്നു. അത് നഷ്ടപ്പെട്ടില്ലേന്ന് എനിക്കൊരു സംശയമുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും നല്ലത് ചിന്തിക്കുന്നതും നല്ലതു പ്രവർത്തിക്കുന്നതുമായ ധാരാളം ആൾക്കാരു് സിനിമാരംഗത്തുണ്ട്. ബാക്കി ഏതു വേദിയിലുമെന്ന പോലെ തന്നെ കലാകാരന്മാർക്ക് നല്ല ഹൃദയമുള്ളവരാണെന്ന് തോന്നുന്നു. അപ്പോ അവർക്ക് സംഘടന ഉണ്ടെങ്കിലും ഇല്ലെങ്കിലും മറ്റൊരാളുടെ വിഷമം കാണുമ്പോൾ ദുഃഖം കാണുമ്പോ സഹതപിക്കുന്നവരും സഹായം ചെയ്യുന്നവരും ധാരാളം അതിനകത്തുണ്ട്. ഇപ്പോ അതൊരു സംഘടനയായിട്ട് വന്ന്, സംഘടനയെന്നു പറയുമ്പോൾ അതിന്റെ മുകളിൽ നിൽക്കുന്നവരുടെ ഉദ്ദേശം എന്നു പറയുന്നത് മറ്റ് പലതുമായിരിക്കും. അതിനകത്ത് പിന്നെ വേറെ പലപല അജണ്ടകളുണ്ടാവും. സംഘടനയായിട്ട് നമുക്ക് നന്മ, അല്ലെങ്കിൽ കഷ്ടപ്പാടുകൾ അനുഭവിക്കുന്ന കലാകാരന്മാർക്ക് കാശ് കൊടുക്കാൻ വേണ്ടി മാത്രം ഒരു സംഘടന. അങ്ങനെയാരെങ്കിലും ആ ഒരു സംഘടനയുടെ നേതൃത്വത്തിൽ വരുമോ? ഇല്ല. അവർക്ക് അനുദിനം മീറ്റിംഗുകൾ വേണം അതിനകത്ത് ഈഗോക്ലാഷുകൾ വേണം. പരസ്പരമുള്ള പോരടികൾ വേണം. അതിനോട് എനിക്ക് വലിയ താല്പര്യമില്ല. ഞാനിത്തരത്തിലുള്ള സംഘടനകളിലൊന്നിലും ഞാനംഗമാകാൻ താല്പര്യപ്പെടുന്നില്ല. എല്ലാ നല്ല കാര്യത്തിനും വേണമെങ്കിൽ ഞാൻ വരാം. നല്ലതാണെന്ന് എനിക്ക് ബോധ്യമായാൽ തീർച്ചയായും അതിനകത്ത് നൂറ്റൊന്നു ശതമാനം ഞാൻ സഹകരിക്കാം. പക്ഷേ എനിക്കതിന്റെ നേതൃത്വത്തിൽ വരാൻ താല്പര്യമില്ല. സാധാരണ ഒരു പാട്ടുകാരനായിട്ട്, വെളിയിൽ നിന്നു കൊണ്ട് സഹായിക്കാൻ ഞാൻ വരാം.

കിരണ്‍:- അടുത്തകാലത്ത് ഏറ്റവും പോപ്പുലറായിട്ടുള്ള ഒരു വാക്കാണു് ഇൻസ്പിറേഷൻ. മലയാള സംഗീതത്തിന്റെ കാര്യത്തിലായാലും സിനിമകളുടെ കാര്യത്തിലായാലും ഇൻസ്പിറേഷനെന്ന എന്ന വാക്ക് തെറ്റിദ്ധാരണാജനകമായ രീതിയിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. ഏകദേശം തൊണ്ണൂറ്റൊമ്പതോളം സൂപ്പർഹിറ്റ് മലയാള സിനിമകളുടെ ഇൻസ്പയേഡ് കോപ്പീസിന്റെ അതായത് വിദേശചിത്രങ്ങളുടെ ഒരു ലിസ്റ്റ് ഈ അടുത്തകാലത്ത് ഇന്റർനെറ്റ് ഇടങ്ങളിലും ബ്ലോഗുകളിലും ഒക്കെ പ്രത്യക്ഷമായിരുന്നു. പലപ്പോഴും ഇൻസ്പിറേഷൻ എന്ന വാക്ക് നമ്മൾ ശരിക്കും പരിശോധിച്ച് കഴിഞ്ഞാൽ പലപ്പോഴും ഇൻസ്പിറേഷനല്ല, അതിലുപരിയായിട്ട് കോപ്പികാറ്റ് അതുപോലെ തന്നെയുള്ള രംഗങ്ങളും അതുപോലെ സംഗീതവുമൊക്കെ വിദേശചിത്രങ്ങളിൽ നിന്നും നമ്മൾ കോപ്പിയടിയ്ക്കുകയാണു് ചെയ്യുന്നത് . സത്യത്തിൽ ഈ ഇൻസ്പിറേഷൻ അല്ലെങ്കിൽ കോപ്പികാറ്റ് പാട്ടുകൾ അല്ലെങ്കിൽ സിനിമകൾ, വർക്കുകൾ, ഇതിനെപ്പറ്റിയൊക്കെ എന്താണു് വേണുച്ചേട്ടന്റെ അഭിപ്രായം.

വേണുഗോപാൽ:- നല്ലൊരു ട്രെൻഡല്ല. കോപ്പിയടിക്കുന്നത് ഒരുകാലത്തും നല്ലൊരു ട്രെൻഡാണെന്ന് എനിക്ക് തോന്നുന്നില്ല. എനിക്ക് പറയാനുള്ളത് ഈ കോപ്പിയടിയെന്നു പറയുന്നത് ഇന്നു കൂടുതൽ നെറ്റും ഒക്കെ വന്നപ്പോൾ വളരെ പെട്ടെന്ന് ഇത് കണ്ടുപിടിക്കപ്പെടുന്നു. പണ്ടും ധാരാളം കോപ്പിയടി നടന്നിട്ടുണ്ട്. അന്നാരും കണ്ടുപിടിച്ചിട്ടില്ല. എത്രയോ വലിയ വലിയ പാട്ടുകളെ അവർ പാട്ടെന്നു പറയുന്നത്,  കോപ്പിയടിച്ചിട്ട് തന്നെയാണു് ചെയ്യുന്നത്. അപ്പോ ഇൻസ്പയേഡ് ആയെന്ന്  ഇപ്പൊ ഒരു പാട്ടുകാരൻ ഒരാൾ കമ്പോസ് ചെയ്യുമ്പോൾ ഞാൻ ഇൻസ്പയേഡ് ആയെന്ന് പറയുന്നതും കൃത്യമായി തെളിവുകൾ ഹാജരാക്കി അതിനായി വാദിക്കുന്ന ഒരു പത്രസമൂഹം ഉണ്ടായിരുന്നില്ല അപ്പോൾ

(പാടിക്കേൾപ്പിക്കുന്നു )
हम से आया न गया तुम से बुलाया ना गया
फ़ासला प्यार में दोनों से मिटाया ना गया
താമസമെന്തേ വരുവാൻ
പ്രാണസഖീ എന്റെ മുന്നിൽ

वो कहती याद
തളിർമരമിളകി നിന്റെ തങ്കവള കിലുങ്ങിയല്ലോ

तुझे जीवन की डोर से, बाँध लिया है
സഖി എൻ പ്രാണനായകനെ എന്തു വിളിക്കും

आ भी जा आ भी जा आ भी जा
ദേവലോകരഥവുമായ് തെന്നലേ തെന്നലേ തെന്നലേ

जलते है जिसके लिए तेरी
കണ്മണീ കരയല്ലേ നീ

അപ്പോ പിന്നെ പഴയ കാലത്ത് ആൾക്കാർ तू मेरा चाँद मैं तेरी चाँदनी ओ എന്ന പാട്ടിന്റെ മട്ട് എന്ന് താഴെ എഴുതിവയ്ക്കുമായിരുന്നു. ഈ മട്ടിപ്പോ ആരും പറയാറില്ല. അതിന്റെ പേരിൽ നമ്മൾ പലരെയും ഇപ്പോ ക്രൂശിക്കുന്നുണ്ട്. പണ്ടും ഇത് നടന്നിട്ടുണ്ട്, അന്നത് കണ്ട്പിടിച്ച് പ്രസന്റ് ചെയ്യാനായിട്ട് പത്രക്കാരില്ലായിരുന്നു. ഇന്ന് ഇഷ്ടം പോലെ നടക്കുന്നുണ്ട്, അവരെ പെട്ടെന്ന് തന്നെ പിടിക്കപ്പെടുന്നുവെന്നുള്ളതേ ഉള്ളൂ. പിടിച്ച് കഴിഞ്ഞാൽ പത്രക്കാർക്ക് ഒരാഴ്ചത്തേയ്ക്ക് കുശാലായി.  പിന്നെ അതുകൊണ്ട് കൂടിയല്ലേ നമ്മളെപ്പോലെയുള്ള ആൾക്കാരെ  ബുദ്ധിമുട്ടിക്കുന്നത്.  അപ്പോ നമുക്കറിയാവുന്ന പഴയകാര്യങ്ങളൊക്കെ പറയേണ്ടി വരും, പക്ഷേ എന്തൊക്കെ കോപ്പിയടി നടന്നിട്ടുണ്ടെങ്കിലും ഇപ്പോ ഞാൻ പറയാം..

(പാടിക്കേൾപ്പിക്കുന്നു )
സ്വപ്നങ്ങൾ സ്വപ്നങ്ങളെ
നന്ദനാ രഘുനന്ദനാ ശ്രീനന്ദനാ
സ്വപ്നങ്ങൾ സ്വപ്നങ്ങളെ
നിങ്ങൾ സ്വർഗ്ഗകുമാരികളല്ലോ

അതുപോലെ തന്നെ

ശ്രീചക്രരാജ സിംഹാസനേശ്വരീ ശ്രീ ലളിതാ അംബികേ...
സൂര്യകിരീടം വീണുടഞ്ഞൂ രാവിൻ തിരുവരങ്ങിൽ

എന്തു വ്യത്യാസം ഇവിടെ ? ഈ കോപ്പിയടിയൊക്കെ നടന്നിട്ടുണ്ടെങ്കിലും ബാബുരാജിനെയും എം.ജി.രാധാകൃഷ്ണനെയും ദക്ഷിണാമൂർത്തിയേയും ഞാൻ ദൈവത്തിനെപ്പോലെ ധ്യാനിക്കുന്നു. അതുപോലെ തന്നെ ഇന്ന് കോപ്പിയടിക്കുന്ന മ്യൂസിക് ഡയറക്ടേഴ്സിനെ തള്ളിപ്പറയരുതേ എന്നാണെനിക്ക് പറയാനുള്ളത്. (ചിരിക്കുന്നു)

കിരണ്‍:‌-  നമ്മൾ ഇന്റർവ്യൂവിന്റെ അവസാനഭാഗത്തേക്ക് കടക്കുകയാണു്. വേണുഗോപാൽ എന്നു പറയുന്ന ഗായകനെ സ്വയം എങ്ങനെ വിലയിരുത്തുന്നു?

വേണുഗോപാൽ:  എന്നെ വിലയിരുത്തുന്നത്, (ചിരിയോടെ) ഞാൻ തന്നെ വിലയിരുത്തണോ? എനിക്കങ്ങനെ ഞാനങ്ങനെ കൂടുതലങ്ങനെ ചിന്തിച്ചിട്ടില്ല. യേശുദാസിനും ജയചന്ദ്രനും ബ്രഹ്മാനന്ദനും ഒക്കെ ശേഷം വന്ന ഒരു കാലഘട്ടത്തില് കുറേ നല്ല പാട്ടുകൾ പാടാനൊരവസരം, അതായത് കുറേ നല്ല പാട്ടുകളുണ്ടായിരുന്ന സമയത്ത് അത് പാടാനുള്ള ഒരവസരം, ഭാഗ്യം കിട്ടിയിട്ടുള്ള ഒരു ഗായകസമൂഹമാണു് ഈ ഒരു എൺപതുകൾക്കും തൊണ്ണൂറുകൾക്കും ഇടയ്ക്ക് വന്നിട്ടുള്ള ഞങ്ങളുടെ ഒരു ബാച്ച്. ട്രാൻസിഷൻ പീരിയഡ് എന്നു പറയാം. അതായത് പഴയവരുടെ അവസാന കാലത്തെ നല്ല പാട്ട്, ദേവരാജൻ മാസ്റ്റർ അർജ്ജുനൻ മാസ്റ്ററുടെയും ഒക്കെ ഞാൻ പാടിയിട്ടുണ്ട്. രാഘവൻ മാസ്റ്ററുടെയും. അവസാനകാലമെന്ന് വച്ചാൽ അവർ അവസാനം ചെയ്ത സിനിമകളിൽ നിന്നും. അതുപോലെ തന്നെ ആ സമയത്ത് ഏറ്റവും പ്രോമിസിംഗ് ആയി വന്നിരുന്ന ജോൺസൺ മാഷ്, രവീന്ദ്രൻ, ഇവർക്കൊക്കെ വേണ്ടി പാടുവാനുള്ള അവസരം കിട്ടിയിട്ടുണ്ട്. അപ്പോ ബെറ്റർ ഓഫ് ബോത്ത് വേൾഡ്സ് ഈ രണ്ട് ലോകങ്ങളുടെയും അല്ലെങ്കിൽ രണ്ട് തലമുറകളുടെയും കൂടെ പ്രവർത്തിക്കാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. പക്ഷേ ഒരിക്കലും,ഒരു ഗ്രേറ്റ് സിംഗേർസ് എന്നു പറയുന്നവരുടെ ലിസ്റ്റില് എന്നെയോ ശ്രീകുമാറിനെയോ പെടുത്താൻ സാധിക്കില്ല. അത് ജയചന്ദ്രൻ,ബ്രഹ്മാനന്ദനൊക്കെയുള്ള ആ കാലഘട്ടം, ആ കാലഘട്ടത്തിലൊരിക്കലും ഞങ്ങളെപ്പെടുത്തരുത്. കാരണം അവരുടെയിൽ നിന്നും കുറഞ്ഞ കഴിവുകളാണു് ഞങ്ങൾക്കുള്ളത്. ജയചന്ദ്രന്റെയും ദാസേട്ടന്റെയും മുഹമ്മദ് റാഫിയുടേയും തലത് മഹ്‌മൂദിന്റേയും ശബ്ദമെന്നു പറയുന്നത് അഭൗമമായ ശബ്ദങ്ങളായിരുന്നു. ഔട്ട് ഓഫ് ദിസ് വേൾഡ് എന്നാണു് അതിനു പറയുന്നത്. ഈ ലോകത്തിലെ ശബ്ദങ്ങളാണോയെന്ന സംശയം തോന്നിയിട്ടുണ്ട് പലപ്പോഴും. ഞങ്ങളുടെ വോയിസ് എന്നു പറയുന്നത്, ഞാൻ ഇംഗ്ലീഷ് വാക്കുപയോഗിക്കുന്നതിൽ തെറ്റിദ്ധരിക്കരുത്. "earthy"യാണു്. കൂടുതലും ഈ മണ്ണിൽ തന്നെ ബിലോംഗ് ചെയ്യുന്നു. അന്ന് സ്വീറ്റ്നെസ്സും ഡിഗ്നിറ്റിയും മാത്രം പറയാനുണ്ടായിരുന്ന ശബ്ദത്തെ വച്ച് നോക്കുമ്പോൾ ഞങ്ങളുടെ ശബ്ദം അന്ന് sweet sour and bitter ആയിരുന്നു.   സാധാരണ നമ്മുടെ ഈ കടകളിലെയൊക്കെ പോലെ എല്ലാം കൊണ്ടിടുമായിരുന്നില്ല . ഞങ്ങൾക്ക് ശേഷം വന്ന ശബ്ദമാണെങ്കിൽ they bit the dust..ഭൂമിയുടെ ധൂളിയിലേയ്ക്കാണു് പിന്നെ വന്ന് പതിച്ചത്. അത് കുറ്റമായിട്ട് ഞാൻ പറയില്ല. കാരണം ഓരോരോ കാലഘട്ടത്തിലേയ്ക്ക് വരേണ്ട ഓരോരോ കാര്യങ്ങൾ അതാത് കാലങ്ങളിൽ വന്നുവെന്നേ ഞാൻ പറയുന്നുള്ളൂ. അത് ഒരു രീതിയിലും അവരെ ഞാൻ താഴ്ത്തിപ്പറയുകയാണെന്നോ ഇകഴ്ത്തിപ്പറയുകയാണെന്നോ വിചാരിക്കരുത്. പക്ഷേ ശബ്ദത്തിന്റെ മാധുര്യം ഞാൻ നേരത്തെ പറഞ്ഞ പോലെ സാങ്കേതികത്വത്തിനിടയിൽ സൗന്ദര്യശാസ്ത്രം പിഴച്ചു. അതിനി തിരിച്ചു വരുമോന്നുള്ളത് സിനിമയെ ആശ്രയിച്ചിരിക്കും, സിനിമയിലെ ഒരു ക്യാരക്ടറിനെ അനുസരിച്ച് അത്തരത്തിലുള്ള..പിന്നെ നമ്മുടെ ഏറ്റവും വലിയ ഒരു ഭാഗ്യമെന്നു പറയുന്നത് ഈ പഴയ ജനറേഷനെയൊക്കെ ഇപ്പോഴുമുണ്ട്. അവരുടെ പാട്ടുകൾ പാടുവാനും അവരുടെ പഴയ കാലത്തെക്കുറിച്ച് നമ്മോട് സംസാരിക്കുവാനും. അവരൊക്കെ പ്രായമായിക്കഴിഞ്ഞു. ഇങ്ങനെയൊക്കെയാണെങ്കിലും ഗുരുതുല്യരായ അവരുടെ സാന്നിദ്ധ്യം  ഇപ്പോഴും ഞങ്ങളോടൊപ്പമുണ്ട്. അതാണു് ഏറ്റവും വലിയ കാര്യം.

കിരണ്‍:- തിരക്കിലായിരുന്നിട്ടും നിറഞ്ഞ മനസോടെ ഇത്രയും നേരം ഞങ്ങൾക്ക് വേണ്ടി നീക്കിവച്ച ശ്രീ.ജി വേണുഗോപാലിനു് M3DB യുടെ നന്ദി. ഒരു ചെറിയ റിക്വസ്റ്റ് കൂടിയുണ്ട്. ഒരുപക്ഷേ ഏറ്റവും കൂടുതൽ ആൾക്കാർ ഇഷ്ടപ്പെട്ടിട്ടുള്ള വേണുഗോപാലിന്റെ ഒരു ഗാനം ചന്ദന മണിവാതിൽ എന്നു പറയുന്ന ഗാനം, അതിന്റെ ഒരു രണ്ട് വരികൾ:

വേണുഗോപാൽ: ( പാടുന്നു )
ചന്ദന മണിവാതിൽ പാതി ചാരി
ഹിന്ദോളം കണ്ണിൽ തിരയിളക്കി
ശൃംഗാരചന്ദ്രികേ നീരാടി നീ നിൽക്കെ
എന്തായിരുന്നു മനസ്സിൽ...

Article Tags
Contributors