ലോകത്തിൽ മറ്റൊരിടത്തും കാണാത്ത, കേരളത്തിൽ മാത്രം കണ്ടുവരുന്ന ഒരു കലയാണ് വിവിധ താളപ്രകാരങ്ങളിലും ഗതികളിലും അധിഷ്ഠിതമാക്കി ചിട്ടപ്പെടുത്തപ്പെട്ട മേളങ്ങൾ. കൊട്ടുന്ന ഉപകരണങ്ങൾ മാത്രമുപയോഗിച്ച് മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന, താളത്തെ മാത്രം ആശ്രയിച്ച് ആവിഷ്കരിക്കപ്പെടുന്ന ഒരു കലാപ്രകടനമാണിത്. ‘നാദ’ത്തിലധികം ‘ഒച്ച’യ്ക്ക് പ്രാധാന്യം നൽകിയ കേരളീയശബ്ദസംസ്കാരം നാദപ്രധാനമായ സംഗീതത്തിന്റെ അഭാവത്തിൽ നിർമ്മിച്ചെടുത്ത കലാവിസ്മയം. നല്ല കെട്ടുറപ്പുള്ള, ശാസ്ത്രീയമായ ചിട്ടകളോടുകൂടിയ ഒരു താളപദ്ധതിയുണ്ടെങ്കിൽ മാത്രമേ മേളങ്ങൾ ആവിഷ്ക്കരിയ്ക്കാൻ കഴിയുകയുള്ളു. അതായത് പഞ്ചാരി, അടന്ത ചമ്പ മുതലായ വിവിധതരത്തിലുള്ള മേളങ്ങളുടെ സാന്നിദ്ധ്യംതന്നെ ആ താളപദ്ധതിയുടെ മഹത്വത്തെ വിളിച്ചോതുന്നതാണെന്നർത്ഥം.
ഇത്തരത്തിലുള്ള മേളങ്ങൾ മെനഞ്ഞെടുക്കുന്നതിന്നും, അവ ആവിഷ്ക്കരിയ്ക്കുന്നതിന്നും അടിസ്ഥാനമായി വർത്തിയ്ക്കുന്നത് ഇവിടെ താളപദ്ധതിയാണ്. ഇതിന് ദക്ഷിണേന്ത്യയുടെ മറ്റുഭാഗങ്ങളിലും, ഹിന്ദുസ്ഥാനിസംഗീതത്തിലും പ്രചരിച്ചു വരുന്നതുമായ താളപദ്ധതിയുമായി അടിസ്ഥാനപരമായി വ്യത്യാസമൊന്നുമില്ല. എന്നാൽ പ്രായോഗിക തലത്തിൽ കാര്യമായ ചില വ്യത്യാസങ്ങളുണ്ടുതാനും. ഇന്ത്യയുടെ ഇതരപ്രദേശങ്ങളിൽ സംഗീതത്തെകുറിച്ച് കാര്യക്ഷമമായി ചിന്തിയ്ക്കാനും, അതിന്നനുസരിച്ച് സംഗീതം വളർന്ന് വികസിയ്ക്കാനും തുടങ്ങുന്നതിന്ന് എത്രയോ മുമ്പുതന്നെ മലയാളിമനസ്സിനെ താളം സ്വാധീനിയ്ക്കുകയുണ്ടായി. അതിൻഫലമായി ശാസ്ത്രീയമായി നല്ല കെട്ടുറപ്പുള്ള ഒരു താളപദ്ധതി ഇവിടെ നിലവിൽ വന്നു. ആ താളപദ്ധതിയെ ഉപജീവിച്ച് കുറേ കലാപ്രസ്ഥാനങ്ങളും ഉടലെടുത്തു. ഇത് വേണമെങ്കിൽ മറ്റൊരുതരത്തിലും പറയാവുന്നതാണ്, കേരളത്തിൽ ഉടലെടുത്ത് പ്രചാരത്തിൽ വന്ന വിവിധതരം കലകളിൽ താളത്തിന്ന് എന്തെന്നില്ലാത്ത പ്രാധാന്യം വന്നു. അങ്ങിനെ താളത്തെ മാത്രം ആശ്രയിച്ച് ഒട്ടും സംഗീതമില്ലാതെ, ആവിഷ്ക്കരിയ്ക്കപ്പെടുന്ന ചിലകലകളും ഇവിടെ ആവിർഭവിയ്ക്കുകയുണ്ടായി. അവയാണ് മുൻസൂചിപ്പിച്ച 'മേള'ങ്ങൾ.
നല്ല കാലപ്പഴക്കുമുള്ള ഒരു താളപദ്ധതിയാണിത്. ആറാട്ടുപുഴ അമ്പലത്തിന്റെ ഗോപുരത്തിന്മേൽ കുറിച്ചിരിയ്ക്കുന്ന ഒരു ശ്ലോകത്തിലുള്ള കലിദിനസംഖ്യയുടെ അടിസ്ഥാനത്തിൽ അവിടത്തെ പൂരം ഇന്നത്തെ നിലയിൽ ആഘോഷിയ്ക്കാൻ തുടങ്ങിയിട്ട് ആയിരത്തിനാനൂറു കൊല്ലത്തിലധികമായി എന്ന് മനസ്സിലാക്കാവുന്നതാണ്. അതായത് വിവിധതരത്തിലുള്ള മേളങ്ങൾ പ്രയോഗിയ്ക്കാൻ തുടങ്ങിയിട്ട് ഒരു ആയിരത്തിനാനൂറിലധികം കൊല്ലങ്ങളായി എന്ന് കാര്യം. കാലത്തിന്റെ അനുസ്യൂതമായ ഒഴുക്കിൽപ്പെട്ട്, ഈ മേളങ്ങൾ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ടാകുമെന്നത് പരമാർത്ഥം തന്നെ. എന്നാൽ അടിസ്ഥാനപരമായി വർത്തിയ്ക്കുന്ന താളപദ്ധതിയ്ക്ക് കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിരിയ്ക്കാൻ സാദ്ധ്യതയില്ല.
കാലപ്പഴക്കമുണ്ടെന്ന് പറഞ്ഞാൽതന്നെ നല്ല കെട്ടുറപ്പുള്ള, ശാസ്ത്രീയമായിതന്നെ ചിട്ടയുള്ള താളപദ്ധതിയാണ് എന്നനുമാനിയ്ക്കാവുന്നതാണ്. അത് സത്യമാണുതാനും. ഒരു പുതിയ താളം തയ്യാറാക്കി അതിൽ ഒരു മേളം ഉണ്ടാക്കിയെടുക്കാവുന്നതാണ്. പലരും അത് ചെയ്തിട്ടുമുണ്ട്. ഉദാഹരണത്തിന്നായി പഞ്ചവാദ്യമെടുക്കുക. സ്വതേ പഞ്ചവാദ്യം ത്രിപുടതാളത്തിലാണ്. എന്നാൽ അടുത്തകാലത്ത് അത് പഞ്ചാരിതാളത്തിൽ ചിട്ടപ്പെടുത്തി കാണുകയുണ്ടായി.അതുപോലെ നിലവിലുള്ള ഒന്നാം കാലത്തിന്ന് തൊട്ട് താഴെയുള്ള പതിഞ്ഞകാലവും കൊട്ടികാണുകയുണ്ടായി. ഇതെല്ലാം സാധിയ്ക്കുന്നു എന്നുള്ളതുതന്നെ ആ പദ്ധതിയുടെ ശാസ്ത്രീയതയും, കെട്ടുറപ്പുമാണ് സൂചിപ്പിയ്ക്കുന്നത്. പുതിയ, അനേകമനേകം പരീക്ഷണങ്ങൾക്ക് ഇനിയും സാദ്ധ്യതകളവശേഷിപ്പിക്കുന്നു എന്നതാണ് കേരളീയതാളസമുച്ചയത്തിന്റെ വിസ്മയം.
കേരളീയമായ താളപദ്ധതിയ്ക്ക് 'ഏകസൂളാദിതാളം' എന്നൊരു പേരുണ്ട്. അതിന്റെ സ്വഭാവങ്ങളെ കുറിച്ച് ചിലത് പറയാം.
ഇനി വരുന്ന കാര്യങ്ങൾ വിശദീകരിയ്ക്കുമ്പോൾ കൂടുതൽ വ്യക്തമാകുന്നതിനു വേണ്ടി, താഴെ പറയുന്ന രണ്ട് വാക്കുകളുടെ നിരുക്തി ഒന്ന് വ്യക്തമാക്കേണ്ടിയിരിയ്ക്കുന്നു.
ആദ്യത്തേത് 'മാത്ര'യെന്ന വാക്കാണ്. ഓരോ താളവും സമങ്ങളായ ഖണ്ഡങ്ങളാക്കിയാണ് പിടിയ്ക്കുക. അതായത് ചെമ്പടയ്ക്ക് എട്ടും, പഞ്ചാരിയ്ക്ക് ആറും, അടന്തയ്ക്ക് പതിന്നാലും, ചമ്പയ്ക്ക് പത്തും എണ്ണം ഖണ്ഡങ്ങളാണുള്ളത്. ഈ ഓരോ ഖണ്ഡത്തിന്നും 'മാത്രാ' എന്ന് പേര്. അപ്പോൾ ചെമ്പടയ്ക്ക് എട്ടും, പഞ്ചാരിയ്ക്ക് ആറും, അടന്തയ്ക്ക് പതിന്നാലും, ചമ്പയ്ക്ക് പത്തും എണ്ണം മാത്രകളാണുള്ളത് എന്നർത്ഥം.
അടുത്തത് 'അക്ഷര'മാണ്. അക്ഷരമെന്നത് സമയത്തിന്റെ അളവുകോലാണ്. ഒരു ഹ്രസ്വാക്ഷരം ഉച്ചരിയ്ക്കുന്നതിന്നുള്ള സമയദൈർഘ്യമാണ് ഒരു 'അക്ഷരം'. ചെമ്പടതാളത്തിന്ന് എട്ട് മാത്രകളാണുള്ളതെന്ന് മുമ്പ് പറഞ്ഞു. ഓരോ മാത്രയ്ക്കും ഒരക്ഷരം വീതം നീളമുണ്ടെങ്കിൽ ഒരു ചെമ്പടതാളവട്ടത്തിന്ന് മൊത്തം എട്ടക്ഷരം നീളം വരുന്നു. ഒരു മാത്രയ്ക്ക് രണ്ടക്ഷരം നീളമാണുള്ളതെങ്കിൽ ഒരു താളവട്ടത്തിൽ മൊത്തം പതിന്നാറക്ഷരങ്ങൾ വരുന്നു.
ഈ രണ്ട് പദങ്ങൾക്കും താളശാസ്ത്രത്തിൽ ഇതേ നിരുക്തിതന്നെയാണ് ഉള്ളത് എന്നുറയ്ക്കേണ്ട. ഇവിടെ കാര്യങ്ങൾ വ്യക്തമാക്കാനുള്ള സൗകര്യത്തിന്നായി ഇപ്രകാരത്തിൽ പറഞ്ഞു എന്നു മാത്രം കണക്കാക്കിയാൽ മതി.
താളത്തിന്റെ പ്രാണസമാനമായി കാലം, മാർഗ്ഗം എന്ന് തുടങ്ങി പത്ത് കാര്യങ്ങൾ സംഗീതശാസ്ത്രത്തിൽ വിവരിയ്ക്കുന്നുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടതും, ഇവിടെ പ്രസക്തമായതും ആയി രണ്ടെണ്ണമാണുള്ളത്. അവയാണ് 'ക്രിയ', 'അംഗം' എന്നിവ. താളം പിടിയ്ക്കുന്നതിന്നായി നടത്തുന്ന മനുഷ്യന്റെ പ്രയത്നമാണ് ക്രിയ. താളത്തിന്റെ അവയവങ്ങളാണ് അംഗങ്ങൾ. ഒന്നിലധികം അവയവങ്ങൾ ഒന്നിച്ച് ചേർന്നാലാണ് ഒരു പരിപൂർണ്ണ താളമാകുന്നത്.
ക്രിയകൾ രണ്ടുതരത്തിലാണുള്ളത്. ഒന്ന്, സശബ്ദക്രിയ, രണ്ട്, നിശ്ശബ്ദക്രിയ. പേരുകൾ സൂചിപ്പിയ്ക്കുന്നതുപോലെ തന്നെയാണ് അവയുടെ അർത്ഥവും. ശബ്ദം ഉണ്ടാക്കുന്ന ക്രിയ സശബ്ദക്രിയ. കയ്യുകൾ തമ്മിൽ കൂട്ടിയടിയ്ക്കുക, വിരൽ ഞൊടിയ്ക്കുക, ചേങ്ങിലയിൽ വടികൊണ്ടടിയ്ക്കുക, രണ്ട് ഇലത്താളങ്ങൾ തമ്മിലടിയ്ക്കുക മുതലായവ സശബ്ദക്രിയകളാണ്. അതുപോലെ ശബ്ദം ഉണ്ടാക്കാത്ത ക്രിയകൾ നിശ്ശബ്ദക്രിയകൾ. കയ്യ് വീശുക, വിരൽ മടക്കുക, ക്രിയകൾ ഒന്നും ചെയ്യാതിരിയ്ക്കുക എന്നിവ നിശ്ശബ്ദക്രിയകൾക്ക് ഉദാഹരണമാണ്.
കേരളത്തിൽ ഈ സശബ്ദനിശബ്ദക്രിയകൾ പിടിയ്ക്കുന്നതിന്നുള്ള പതിവും ഒന്ന് പറയാം. താളം പിടിയ്ക്കുന്നതിന്ന് ഇവിടെ പ്രധാനമായും ഉപയോഗിയ്ക്കുന്ന ഉപകരണം ഇലത്താളമാണ്. അതിനാൽ അതിന്റെ ക്രമം പറയാം. മൂന്ന് തരത്തിൽ സശബ്ദക്രിയ പിടിയ്ക്കുന്നു. അടച്ച്, തുറന്ന്, തരിയിട്ട് എന്നിവയാണവ. രണ്ട് ഇലത്താളങ്ങളും കൂട്ടിയടിച്ച് വേർപ്പെടുത്താതെ അടച്ച് തന്നെ പിടിയ്ക്കുന്നത് അടച്ച്. തമ്മിൽ കൂട്ടിയടിച്ചുകഴിഞ്ഞാൽ ഉടനെതന്നെ വലിച്ചെടുക്കുന്നത് തുറന്നത്. ഇതിന്റെ ശബ്ദത്തിന്ന് നീളം കൂടുന്നതാണ്. താഴത്തെ ഇലത്താളത്തിന്റെ ഉപരിതലത്തിൽകൂടി മുകളിലെ ഇലത്താളം ഉരുട്ടിയെടുക്കുന്നതാണ് തരിയിട്ടത്. ഒരു നിശ്ശബ്ദക്രിയയുടെ തൊട്ടുമുമ്പുവരുന്ന സശബ്ദക്രിയയാണ് സാധാരണയായി തരിയിട്ട് പിടിയ്ക്കുക പതിവ്. നിശബ്ദക്രിയയ്ക്ക് ക്രിയകളൊന്നുമില്ല. ചെണ്ടയായാലും ചേങ്ങിലയായാലും അതുപോലുള്ള മറ്റേതൊരു ഉപകരണമായാലും എല്ലാം പിടിയ്ക്കുന്നത് ഏകദേശം ഇതുപോലെതന്നെ. ഉപകരണത്തിന്റെ സ്വഭാവത്തിന്നനുസരിച്ച് സ്വൽപം വ്യത്യാസങ്ങൾ വരില്ലെന്നില്ല.
ഈ ക്രിയകളുടെ കൂട്ടമാണ് വ്യത്യസ്തതാളങ്ങളെ ഉണ്ടാക്കുന്നത്. അതായത് ഒന്നിലധികം ക്രിയകൾ ഒന്നിച്ച് ഒരു യൂണിറ്റായി നിൽക്കുന്നു. അങ്ങനെയുള്ള ഒന്നിലധികം യൂണിറ്റുകൾ കൂടിച്ചേർന്നാണ് ഒരു താളം ഉണ്ടാകുന്നത്. യൂണിറ്റിന്നുള്ളിലെ താളക്രിയകളുടേയും, അതുപോലെ യൂണിറ്റുകളുടെ തന്നെയും എണ്ണത്തിൽ വൈവിദ്ധ്യം വരുത്തിയാണ് വിവിധതരത്തിലുള്ള താളങ്ങൾ ഉണ്ടായിട്ടുള്ളത്. ഈ യൂണിറ്റുകളെയാണ് അംഗങ്ങൾ എന്ന് വിളിയ്ക്കുന്നത്. ഒരു യൂണിറ്റിലെ ഓരോ ക്രിയയും ഒരു മാത്രയേയാണ് പ്രതിനിധീകരിയ്ക്കുന്നത്.
കേരളീയതാളപദ്ധതിയിലും, കർണ്ണാടകസംഗീതപദ്ധതിയിലും താളം സ്വരൂപപ്പെട്ടുവരുന്നതിന്നുള്ള സിദ്ധാന്തം ഒന്നുതന്നെയാണ്. അതായത് ക്രിയകൾ ചേർന്ന് അംഗമുണ്ടാകുന്നു. അംഗങ്ങളൊന്നിച്ച് താളമുണ്ടാകുന്നു. എന്നാൽ ക്രിയയുടേയും അംഗത്തിന്റേയും അടിസ്ഥാനസ്വഭാവത്തിൽ രണ്ടും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്.
ഒന്ന് വിശദീകരിയ്ക്കാം. ഒന്നിലധികം താളക്രിയകൾ ഒന്നിച്ച് നിൽക്കുന്നതാണ് അംഗം എന്ന് മുമ്പു പറഞ്ഞുവല്ലോ. കേരളീയതാളപദ്ധതിയിൽ അംഗത്തിന്ന് ചില നിയതമായ സ്വഭാവങ്ങളുണ്ട്.
അവ താഴെ കൊടുക്കുന്നു.
1 |
ഒരംഗത്തില് രണ്ടോ അതിലധികമോ ക്രിയകളുണ്ടായിരിയ്ക്കും |
2 |
എല്ലാ അംഗങ്ങളും സശബ്ദത്തോടെ തുടങ്ങുന്നു |
3 |
ഓരോ അംഗത്തിലും ഒരു നിശ്ശബ്ദക്രിയ മാത്രമേ ഉണ്ടായിരിയ്ക്കുകയുള്ളു. ബാക്കിയെല്ലാം സശബ്ദക്രിയകളായിരിയ്ക്കും |
4 |
ആ നിശ്ശബ്ദക്രിയ ഏറ്റവും അവസാനത്തേതുമായിരിയ്ക്കും |
5 |
ഓരോ ക്രിയയും ഒരു മാത്രയേയാണ് പ്രതിനിധീകരിയ്ക്കുന്നത് |
ഈ ലക്ഷണങ്ങളുള്ള അഞ്ചെണ്ണം അംഗങ്ങളാണ് നമ്മുടെ താളപദ്ധതിയിലുള്ളത്. ഇവ താളത്തിന്റെ അടിസ്ഥാനഘടകങ്ങൾ മാത്രമാണ്. ഈ അഞ്ച് യൂണിറ്റുകളുടെ, അഥവാ, അംഗങ്ങളുടെ വിശദ വിവരങ്ങൾ താഴെ പട്ടികയായി കൊടുത്തിരിയ്ക്കുന്നു.
ക്രമ നമ്പർ, കൂട്ടത്തിന്റെ പേര്, അതിൽ വരുന്ന ക്രിയകൾ, മൊത്തം മാത്രകളുടെ എണ്ണം എന്ന ക്രമത്തിൽ കൊടുത്തിരിയ്ക്കുന്നു.
1 |
ഏകം |
ഒരു സശബ്ദം, ഒരു നിശ്ശബ്ദം |
2 |
2 |
രൂപം |
രണ്ട് സശബ്ദം,ഒരു നിശ്ശബ്ദം |
3 |
3 |
ചെമ്പട |
മൂന്ന് സശബ്ദം,ഒരു നിശ്ശബ്ദം |
4 |
4 |
കാരിക |
നാല് സശബ്ദം,ഒരു നിശ്ശബ്ദം |
5 |
5 |
പഞ്ചകാരിക |
അഞ്ച് സശബ്ദം,ഒരു നിശ്ശബ്ദം |
6 |
ഇവിടെയാണ് ആദ്യത്തെ ചെമ്പട വരുന്നത്. അത് ഒരു ലക്ഷണമൊത്ത താളമല്ല, മറിച്ച് താളങ്ങൾ രൂപപ്പെട്ടുവരുന്നതിന്ന് കാരണമായിവർത്തിയ്ക്കുന്ന ചില അടിസ്ഥാന യൂണിറ്റുകളിൽ ഒന്നുമാത്രമാണത്. ഈ യൂണിറ്റ് കേരളീയ പദ്ധതിയിൽ മാത്രം കാണുന്ന ഒന്നാണ്. കർണ്ണാടക സംഗീതപദ്ധതിയിൽ നാല് മാത്രകളുള്ള താളാംഗമുണ്ട്. ചതുരസ്രജാതിയിൽ വരുന്ന ലഘുവാണത്. എന്നാൽ അതിന്റെ സ്വഭാവം വളരെ വ്യത്യസ്ഥമാണ്. ഒരടിയും, മൂന്ന് വിരലുകൾ വെയ്ക്കുകയുമാണ് അതിന്റെ ക്രിയകൾ. അതായത്, ഒരു സശബ്ദക്രിയയും, തുടർന്ന് മൂന്ന് നിശ്ശബ്ദക്രിയകളുമെന്നർത്ഥം.
ഏകാദികളായിരിയ്ക്കുന്ന ഈ അഞ്ച് യൂണിറ്റുകളുടെ വിവിധതരത്തിലുള്ള ചേരുവകളാണ് വിവിധ താളത്തിലുള്ളത് എന്ന് മുമ്പ് പറഞ്ഞു. ഈ അഞ്ച് യൂണിറ്റുകൾ ചേർന്ന് എങ്ങനെയാണ് താളങ്ങളുണ്ടാകുന്നത് എന്നത് താഴെ കാണുന്ന പട്ടികയിൽ കാണിച്ചിരിയ്ക്കുന്നു. കേരളത്തിൽ പ്രചാരമുള്ള പ്രധാനപ്പെട്ട ആറ് താളങ്ങളാണ് പട്ടികയിൽ ചേർത്തിരിയ്ക്കുന്നത്.
ക്രമനമ്പർ, താളത്തിന്റെ പേര്, യൂണിറ്റുകളിൽ വരുന്ന മാത്രകൾ, യൂണിറ്റുകൾ ഏവ എന്ന്, മൊത്തം മാത്രകളുടെ എണ്ണം എന്ന ക്രമത്തിൽ കൊടുത്തിരിയ്ക്കുന്നു.
1 |
പഞ്ചാരി |
6 |
ഒരു പഞ്ചകാരിക |
6 |
2 |
ചെമ്പട |
4,2,2 |
ഒരു ചെമ്പട, രണ്ട് ഏകം |
8 |
3 |
ചമ്പ |
5,3,2 |
ഒരു കാരിക,ഒരു രൂപം, ഒരു ഏകം |
10 |
4 |
അടന്ത |
5,5,2,2 |
രണ്ട് കാരിക, രണ്ട് ഏകം |
14 |
5 |
ത്രിപുട |
6,4,4 |
ഒരു പഞ്ചകാരിക,രണ്ട് ചെമ്പട |
14 |
6 |
മുറിയടന്ത |
3,4 |
ഒരു രൂപം,ഒരു ചെമ്പട |
7 |
ഇങ്ങനെ ക്രിയയുടെ കൂട്ടങ്ങൾ ഒരു പ്രത്യേകരീതിയിൽ ചേർന്ന് നിന്ന് താളാംഗങ്ങൾ ഉണ്ടാകുന്നു. ആ അംഗങ്ങൾ പ്രത്യേക രീതിയിൽ ചേർന്ന് നിന്ന് താളവും ഉണ്ടാകുന്നു.
ഈ സിദ്ധാന്തത്തിന്ന് പല മെച്ചങ്ങളുമുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ്, പുതിയ മേളങ്ങൾ ചിട്ടപ്പെടുത്താൻ കഴിയുന്നു എന്നത്. മാത്രമല്ല നിലവിലുള്ളത് വൈവിദ്ധ്യത്തോടെ പരിഷ്ക്കരിച്ചെടുക്കാനും കഴിയുന്നുണ്ട്.
ഒരു ഉദാഹരണം പറയാം. പഞ്ചവാദ്യത്തിലെ അവസാനത്തിലുള്ള 'തിമിലവറവ്' അഥവാ 'തിമിലഇടച്ചിൽ' എന്ന ഭാഗം എടുക്കുക. അതിന്റെ വായ്ത്താരി ചെമ്പടയൂണിറ്റിലാണ് പ്രചാരത്തിലുള്ളത്. തക്കെ തക്കെ തോംകെ, തക്കെ എന്നാണ് അതിന്റെ വായ്ത്താരി. ഇവിടെ ശ്രദ്ധിയ്ക്കാനുള്ളത് രണ്ട് കാര്യങ്ങളാണ്. ഒന്ന് ഒരു മാത്രയിൽ രണ്ടക്ഷരം വരുന്നു. രണ്ട്, നിശബ്ദക്രിയയ്ക്ക് തൊട്ടു മുമ്പ് വരുന്ന സശബ്ദക്രിയ 'തുറന്ന്' പിടിയ്ക്കുന്നു. അതായത് തകാരം മാറി തോംകാരം വരുന്നു. എന്നിട്ട് കൊട്ടിന്റെ വേഗത ക്രമേണ കൂട്ടിക്കൊണ്ടുവരുകയും, അതിനോടൊപ്പം അവനവന്റെ സാധകത്തെ വെളിപ്പെടുത്തിക്കൊണ്ട് ഭാവനാത്മകമായി ചെയ്യുകയും ചെയ്യുന്നു. അങ്ങനെ പരമാവധി വേഗതകൂട്ടി പഞ്ചവാദ്യം കലാശിയ്ക്കുന്നു.
ഇത് എല്ലാ താളത്തിലും ചെയ്യാവുന്നതാണ്. വിവിധ താളത്തിലുള്ള തിമിലവറവിന്റെ വായ്ത്താരികൾ താഴെ കൊടുക്കുന്നു.
ക്രമനമ്പർ, താളത്തിന്റെ പേര്, വായ്ത്താരി എന്നീ ക്രമത്തിൽ കൊടുത്തിരിയ്ക്കുന്നു.
1 |
പഞ്ചാരി |
തക്കെ, തക്കെ, തക്കെ, തക്കെ, തോംക്കെ, തക്കെ |
2 |
ചെമ്പട |
തക്കെ, തക്കെ, തോംക്കെ, തക്കെ, തോംക്കെ, തക്കെ, തോംക്കെ, തക്കെ |
3 |
ചമ്പ |
തക്കെ,തക്കെ,തക്കെ, തോംക്കെ,തക്കെ, തക്കെ, തോംക്കെ,തക്കെ, തോംക്കെ,തക്കെ |
4 |
അടന്ത |
തക്കെ,തക്കെ,തക്കെ, തോംക്കെ,തക്കെ, തക്കെ,തക്കെ,തക്കെ, തോംക്കെ,തക്കെ, തോംക്കെ,തക്കെ, തോംക്കെ,തക്കെ |
5 |
ത്രിപുട |
തക്കെ,തക്കെ,തക്കെ,തക്കെ, തോംക്കെ,തക്കെ, തക്കെ,തക്കെ, തോംക്കെ,തക്കെ, തക്കെ,തക്കെ, തോംക്കെ,തക്കെ |
6 |
മുറിയടന്ത |
തക്കെ, തോംക്കെ,തക്കെ, തക്കെ,തക്കെ, തോംക്കെ,തക്കെ. |
ഇതൊരു ഉദാഹരണം മാത്രമാണ്. ഇതുപോലെ പുതിയ താളങ്ങളും, ആ താളത്തിലുള്ള കൊട്ടലുകളും സംവിധാനം ചെയ്തെടുക്കാൻ കഴിയുന്നതാണ്, എന്നുള്ളതിന്ന് ഒരു തെളിവ് അവതരിപ്പിച്ചു എന്ന് മാത്രം കരുതിയാൽ മതി.
കർണ്ണാടകസംഗീതപദ്ധതിയിൽ ക്രിയകൾ, അവ ചേർന്ന് അംഗങ്ങൾ ഉണ്ടാകുന്നത് എന്നിവ കേരളീയപദ്ധതിയിൽ എന്നപോലെതന്നെ. എന്നാൽ അംഗങ്ങളുടേയും അവ ചേർന്നുണ്ടാകുന്ന താളങ്ങളുടേയും സ്വഭാവത്തിൽ ചില വ്യത്യാസങ്ങളുണ്ട്.
നിരവധി സമാനതകളുണ്ടെങ്കിലും താളത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളിൽ, കേരളവും കർണ്ണാടകസംഗീതപദ്ധതിയും തമ്മിൽ കാര്യമായ ചില വ്യത്യാസങ്ങളൂണ്ട്. സപ്തതാളപദ്ധതി അഥവാ സൂളാദിതാളപദ്ധതി എന്നൊക്കെ വിളിയ്ക്കുന്ന ഒരു പദ്ധതിയാണ് കർണ്ണാടകസംഗീതത്തിന്നുള്ളത്. ഏഴ് അടിസ്ഥാനതാളങ്ങളെ പറഞ്ഞ്, അവയിൽ വരുന്ന ഗതിഭേദങ്ങളേയും, ജാതിഭേദങ്ങളേയും ആശ്രയിച്ച്, ഒരുന്നൂറ്റി എഴുപത്തിയഞ്ച് എണ്ണം താളങ്ങളെ അതിൽ വിവരിയ്ക്കുന്നു.
മുകളിൽ പറഞ്ഞ സപ്തതാളങ്ങളിൽ ഓരോ താളവും പിടിയ്ക്കുന്നത് സശബ്ദക്രിയ, നിശ്ശബ്ദക്രിയ എന്നീ രണ്ട് ക്രിയകളെകൊണ്ടാണ്. ഇവയുടെ വിവിധതരത്തിലുള്ള ചേരുവകൾ കൊണ്ടാണ് താളം പിടിയ്ക്കുക. സശബ്ദവും, നിശ്ശബ്ദവും പ്രത്യേകതരത്തിലുള്ള കൂട്ടങ്ങൾ കൂട്ടിച്ചേർത്താണ് താളത്തിന്റെ സ്വരൂപം ഉണ്ടാകുന്നത്. ആ കൂട്ടങ്ങളെയാണ് താളാംഗങ്ങൾ എന്നു പറയുന്നത്. ഇതെല്ലാം മുമ്പ് പറഞ്ഞവ തന്നെ. ഈ താളാംഗങ്ങളുടെ സ്വഭാവം താഴെ ചേർക്കുന്നു. കേരളീയപദ്ധതിയുമായുള്ള വ്യത്യാസവും കൂടി ചേർത്തിട്ടുണ്ട്.
ക്രമനമ്പർ, കർണ്ണാടക സംഗീതപദ്ധതിപ്രകാരമുള്ളത്, കേരളീയപദ്ധതിയിൽ കാണുന്ന വ്യത്യാസം എന്നീ ക്രമത്തിൽ കൊടുത്തിരിയ്ക്കുന്നു.
1 |
ഒന്നോ അതിലധികമോ ക്രിയകള് ഒരംഗത്തിലുണ്ടായിരിയ്ക്കും |
ചുരുങ്ങിയത് രണ്ടു ക്രിയകളുണ്ടായിരിയ്ക്കും |
2 |
ഒരംഗത്തില് വരാവുന്ന സശബ്ദക്രിയകളുടേയും, നിശ്ശബ്ദക്രിയകളുടേയും എണ്ണത്തിന്ന് നിയതമായ ഒരു കണക്കില്ല. |
ഒരംഗത്തില് ഒരു നിശ്ശബ്ദക്രിയ മാത്രം. ബാക്കിയൊക്കെ സശബ്ദക്രിയകളാണ് |
3 |
കാകപാദം എന്ന അംഗമൊഴിച്ച് ബാക്കിയെല്ലാ അംഗങ്ങളും സശബ്ദക്രിയയോടെ തുടങ്ങുന്നു |
എല്ലാ അംഗങ്ങളും സശബ്ദക്രിയയോടെ തുടങ്ങുന്നു |
4 |
അനുദ്രുതമൊഴിച്ച് ബാക്കിയെല്ലാ അംഗങ്ങളും നിശ്ശബ്ദക്രിയയോടെ അവസാനിയ്ക്കുന്നു |
എല്ലാ അംഗങ്ങളും സശബ്ദക്രിയയോടെ അവസാനിയ്ക്കുന്നു |
5 |
കാകപാദമെന്ന അംഗത്തില് എല്ലാം നിശ്ശബ്ദക്രിയകളാണ് |
നിശ്ശബ്ദക്രിയകള് മാത്രമായ അംഗമില്ല |
6 |
ഒരു ക്രിയ ഒരു മാത്രയേ പ്രതിനിധീകരിയ്ക്കുന്നു |
ഒരു ക്രിയ ഒരു മാത്രയേ പ്രതിനിധീകരിയ്ക്ക്കുന്നു |
7 |
മൊത്തം ആറെണ്ണം അംഗങ്ങളുണ്ട് |
മൊത്തം അഞ്ച് അംഗങ്ങള് മാത്രം |
കർണ്ണാടകസംഗീതപദ്ധതിയിൽ ആറ് അംഗങ്ങളാണുള്ളത്. അവയുടെ സ്വരൂപം താഴെ കൊടുക്കുന്നു.
ക്രമനമ്പർ, അംഗത്തിന്റെ പേരുകൾ, ക്രിയകൾ എന്നീ ക്രമത്തിൽ താഴെ കൊടുത്തിരിയ്ക്കുന്നു.
1 |
അനുദ്രുതം |
കൈ വീശി അടിയ്ക്കുന്നത് |
2 |
ദ്രുതം |
ഒരടിയും ഒരു വീച്ചും. കൈ വീശുന്നതിനേയാണ് വീച്ച് എന്നു പറയുന്നത് |
3 |
ലഘു |
ഒരടിയും വിരലുകള് വെയ്ക്കുകയും ചെയ്യുന്നത് |
4 |
ഗുരു |
ഒരടി, തുടര്ന്ന് വിരലുകള് വെയ്ക്കുക, അതിന്ന് ശേഷം കൈ താഴോട്ട് വീശുകയും ചെയ്യുന്നത് |
5 |
പ്ലുതം |
ഒരടി, തുടര്ന്ന് വിരലുകള് വെയ്ക്കുക അതിന്നു ശേഷം ആദ്യം ഇടത്തോട്ടും പിന്നെ വലത്തോട്ടും കൈ വീശുന്നത് |
6 |
കാകപാദം |
കൈ ആദ്യം ഇടത്തോട്ടും പിന്നീട് ക്രമേണ വലത്തോട്ടും, മുകളിലേയ്ക്കും, താഴേയ്ക്കും വീശുന്നത് |
ഇതിൽ അവസാനം പറഞ്ഞ മൂന്നെണ്ണം അൽപം സങ്കീർണ്ണമാണ്, മാത്രമല്ല ഇവിടെ അത്ര പ്രസക്തവുമല്ല. അതിനാൽ അവയെ തൽക്കാലം മറക്കാവുന്നതാണ്.
ആദ്യത്തെ മൂന്ന് അംഗങ്ങൾ വിവിധ തരത്തിൽ വ്യന്യസിച്ചാണ് സപ്തതാളങ്ങൾ നിർമ്മിച്ചിരിയ്ക്കുന്നത്. അത് താഴെ കാണിച്ച പ്രകാരത്തിലാന്.
ക്രമനമ്പർ, താളത്തിന്റെ പേര്, അംഗങ്ങൾ എന്നീ ക്രമത്തിൽ കൊടുത്തിരിയ്ക്കുന്നു.
1 |
ധ്രുവം |
ലഘു, ദ്രുതം, ലഘു,ലഘു |
2 |
മഠ്യം |
ലഘു,ദ്രുതും,ലഘു |
3 |
രൂപകം |
ദ്രുതം,ലഘു |
4 |
ഝംപ |
ലഘു,അനുദ്രുതം,ദ്രുതം |
5 |
ത്രിപുട |
ലഘു,ദ്രുതം,ദ്രുതം |
6 |
അട |
ലഘു,ലഘു,ദ്രുതം,ദ്രുതം |
7 |
ഏകം |
ലഘു |
ഓരോ ക്രിയയ്ക്കും ഒരു മാത്ര വീതമാണ് വരുന്നത്. ഒരു ദ്രുതം എന്ന് പറഞ്ഞാൽ ഒരടിയും, ഒരു വീച്ചും എന്നാണല്ലോ അർത്ഥം. അപ്പോൾ ഒരംഗത്തിലെ ഓരോ ക്രിയയ്ക്കും ഓരോ മാത്ര വീതം കണക്കാക്കിയാൽ ഒരു ദ്രുതത്തിന്ന് രണ്ട് മാത്രയാണ് വരുക. ലഘുവിന്നാകട്ടെ അടിച്ച് വിരൽ വെയ്ക്കുകയാണ് ക്രിയ. അപ്പോൾ എത്ര വിരൽവെയ്ക്കുന്നു എന്നതിന്നനുസരിച്ചാണ് ആ അംഗത്തിലെ മാത്ര നിശ്ചയിയ്ക്കുന്നത്. അടിച്ച് രണ്ട് വിരൽ വെച്ചാൽ മൊത്തം മാത്രകൾ മൂന്ന്. ഇങ്ങനെ ലഘുവിലെ മാത്രകളുടെ എണ്ണത്തിൽ വ്യത്യാസം വരുത്തി താളത്തിന്ന് വൈവിദ്ധ്യം വരുത്താവുന്നതാണ്. ഈ വകഭേദങ്ങൾക്ക് ജാതി എന്ന് പേർ. ജാതികൾ അഞ്ചെണ്ണമാണ്. അവയുടെ സ്വരൂപവിവരണം താഴെ കൊടുക്കുന്നു.
ക്രമനമ്പർ, ജാതിയുടെ പേർ അടിയ്ക്ക് ശേഷമുള്ള വിരലുകളുടെ എണം, ആകെ ആ ലഘുവിൽ വരുന്ന മാത്രകളുടെ എണം എന്നീ ക്രമത്തിൽ കൊടുത്തിരിയ്ക്കുന്നു.
1 |
തിസ്രജാതി |
2 |
3 |
2 |
ചതുരസ്രജാതി |
3 |
4 |
3 |
ഖണ്ഡജാതി |
4 |
5 |
4 |
മിശ്രജാതി |
6 |
7 |
5 |
സങ്കീര്ണ്ണജാതി |
8 |
9 |
ഉദാഹരണത്തിന്നായി ത്രിപുട താളമെടുക്കുക. അതിൽ വരുന്ന ജാതിഭേദങ്ങളേയും അതുമൂലമുണ്ടാകുന്ന മാത്രകളുടെ എണ്ണത്തിൽ വരുന്ന വ്യത്യാസവും താഴെ പട്ടികയായി ചേർത്തിരിയ്ക്കുന്നു. ത്രിപുട താളത്തിൽ ഒരു ലഘുവും, രണ്ട് ദ്രുതങ്ങളുമാണുള്ളതെന്ന് ഓർക്കുമല്ലോ.
ക്രമനമ്പർ, ജാതിയുടെ പേർ അടിയ്ക്കു ശേഷമുള്ള വിരലുകളുടെ എണ്ണം, ആകെ ആ ലഘുവിൽ വരുന്ന മാത്രകളുടെ എണ്ണം, ഒരു താളവട്ടത്തിൽ വരുന്ന മൊത്തം മാത്രകളുടെ എണ്ണം എന്നീ ക്രമത്തിൽ കൊടുത്തിരിയ്ക്കുന്നു.
1 |
തിസ്രജാതി |
2 |
3 |
3+2+2=7 |
2 |
ചതുരസ്രജാതി |
3 |
4 |
4+2+2=8 |
3 |
ഖണ്ഡജാതി |
4 |
5 |
5+2+2=9 |
4 |
മിശ്രജാതി |
6 |
7 |
7+2+2=11 |
5 |
സങ്കീര്ണ്ണജാതി |
8 |
9 |
9+2+2=13 |
ഇത്തരത്തിലുള്ള ജാതിഭേദങ്ങൾ എല്ലാ താളത്തിലുമുണ്ടാക്കാവുന്നതാണ്. ഇവിടെ പ്രസക്തമായ താളം ചതുരസ്രജാതി ത്രിപുടയാണ്. അതിൽ നാല് മാത്രകളുള്ള ഒരു ലഘുവും രണ്ട് ദ്രുതങ്ങളുമാണുള്ളത്. അതായത് മൊത്തം, എട്ട് മാത്രകൾ. അതും നാല്, രണ്ട്, രണ്ട് എന്നിങ്ങനെ മൂന്ന് ഖണ്ഡങ്ങളിലായി. താളം പിടിയ്ക്കുന്നത്, ഒരടി, മൂന്ന് വിരലുകൾ, ഒരടി, ഒരു വീച്ച്, ഒരടി, ഒരു വീച്ച് എന്ന ക്രമത്തിലാണ്. ഇത് കേരളീയ താളപദ്ധതിപ്രകാരം ചെമ്പട എന്ന സ്വതന്ത്രതാളം തന്നെയാണ്.
ഏകചൂഴാദി അനുസരിച്ച് കേരളീയ താളങ്ങളെ വിശദമാക്കുകയാണ് മനസ്സിലാക്കാൻ എളുപ്പം. ‘താളം’ എന്ന സംജ്ഞ മുതൽ അൽപ്പമൊന്ന് ചിന്തിക്കാം.
ലളിതമായി പറഞ്ഞാൽ ക്രമമുള്ള എല്ലാറ്റിനും താളമുണ്ട്. സ്ഥലബദ്ധമായ ഒരു സംഗതിക്ക് ആകൃതിയുണ്ടാകുന്നത് അതിനു ക്രമമുള്ളതുകൊണ്ടാണ്. എങ്കിലും സവിശേഷാർഥത്തിൽ സ്ഥലപരമായ ക്രമത്തെ താളത്തിന്റെ നിര്വചനത്തിൽ ഉൾപ്പെടുത്താറില്ല. എന്നാൽ കാലത്തെ സംബന്ധിച്ച അളവുകൾ താളത്തിന്റെ നിർവ്വചനപരിധിയിൽ വരുന്നുമുണ്ട്. സാമാന്യവ്യവഹാരത്തിൽ തന്നെ പ്രകൃതിയുടെ താളം, ഋതുക്കളുടെ താളം, പ്രപഞ്ചത്തിന്റെ താളം എന്നൊക്കെപ്പറയുമ്പോൾ അതാതിന്റെ നിശ്ചിതമായ ക്രമമാണല്ലൊ വിവക്ഷിക്കപ്പെടുന്നത്. 60 സെക്കന്റ് ഒരു മിനിറ്റ്, 60 മിനിറ്റ് ഒരു മണിക്കൂർ എന്നിങ്ങനെ സുപരിചിതമായ കാലഗണന പ്രായോഗിക ജീവിതത്തിൽ തന്നെ ഉപയോഗിച്ചുപോരുന്നു.
സംഗീതശാസ്ത്രഗ്രന്ഥങ്ങളിൽ താളത്തെ സാങ്കേതികമായി നിർവ്വചിച്ചിട്ടുണ്ട്. ‘താളഃ കാലക്രിയാമാനം’ എന്നാണ് അമരസിംഹനെ അനുസരിച്ചുകൊണ്ട് ആറ്റൂർ കൃഷ്ണപ്പിഷാരടിയുടെ സംഗീതചന്ദ്രിക നല്കുന്ന നിർവ്വചനം. ‘കാലത്തെ കണക്കാക്കാനുള്ള ഉപാധികളായ ക്രിയകളെക്കൊണ്ട് വ്യവസ്ഥപ്പെടുത്തുന്ന കാലപരിമാണത്തിനാണ് താളമെന്നു പറയുന്നത്’എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അതിന്റെ സാങ്കേതികവശങ്ങൾ കഴിയുന്നത്ര ലളിതമായി വിശദീകരിക്കാം.
ക്രമമായ ചലനമാണ് താളത്തിന്റെ അടിസ്ഥാനം. ക്ലോക്കിന്റെ ചലനംതന്നെയെടുക്കുക. അതിൽ ഓരോ സെക്കന്റിനും തുല്യ അളവാണല്ലൊ. അതുപോലെ ഓരോ മിനിറ്റിനും തുല്യമായ അളവ്. അത്തരത്തില് ക്രമമായ ചലനമാണത്. ഈ ചലനത്തെ അളക്കുന്നതിന് ക്ലോക്കിലുപയോഗിക്കുന്നത് സൂചികളുടെ ചലനവും ‘ടിക് ടിക്’ ശബ്ദവുമാണ്. കലകളിൽ ഇത്തരത്തിൽ കൃത്യവും യാന്ത്രികവുമായ രീതിയിലല്ല താളം പിടിക്കുന്നത് എന്നു പ്രത്യേകം ഓർക്കേണ്ടതുണ്ട്. അവിടെ താളത്തെ അളക്കുന്നത്, താളം പിടിക്കുന്നത് പല വിധത്തിലാണ്. കൈയടിക്കുക, വിരൽ മടക്കുക, കൈ വീശുക തുടങ്ങിയ ഹസ്തക്രിയകൾ കർണാടകസംഗീതതിലൂടെ കണ്ടുകാണും. അതാണ് അവിടെ താളക്രിയകൾ
ക്രിയകൾ പൊതുവേ രണ്ടു തരം.
1. സശബ്ദക്രിയ.
ഉദാ: കൈകൊണ്ടു തുടയിലോ മറുകൈയിലോ ഉള്ള അടി (കർണാടകസംഗീതത്തിൽ)
2. നിശ്ശബ്ദക്രിയ.ഉദാ: സശബ്ദക്രിയകളുടെ ഇടവേളകൾ ശബ്ദമില്ലാതെതന്നെ അളക്കുന്ന ‘കൈവീശൽ(കർണാടകസംഗീതത്തിൽ).
കേരളീയ താളങ്ങളിൽ കൈവീശൽ ഇല്ലാത്തതുകൊണ്ട് ഇവ അടി, ഇട എന്നിങ്ങനെ തിരിക്കുന്നു. സശബ്ദക്രിയ ‘അടി’യും നിശ്ശബ്ദക്രിയ‘ ഇട’യും.
തിശ്ര – ചതുരശ്ര – മിശ്ര – ഖണ്ഡങ്ങളെപ്പറ്റി നിശീ വിശദീകരിച്ച സ്ഥിതിക്ക് അവ കേരളീയ താളങ്ങളിൽ പ്രവർത്തിക്കുന്ന വിധം ഒന്നു വിശദീകരിക്കാൻ ശ്രമിക്കാം.
(കേരളീയതാളപദ്ധതിയിലേക്കു കടക്കാൻ വളരെ സഹായകമായ “ഏകചൂഴാതി” എന്ന പദ്ധതിയാവും ഇവിടെ ഉചിതം എന്നു തോന്നുന്നു. “മയിൽപ്പീലിത്തൂക്കം’ അഥവാ ‘അർജ്ജുനനൃത്തം’ അവതരിപ്പിക്കുന്ന കലാകാരന്മാർ ഇന്നും ഈ പദ്ധതി അനുസരിച്ചുപോരുന്നു. കുറിച്ചി കുമാരൻ നായർ, ഗോപാലൻ നായർ, ശങ്കുപ്പണിക്കേ എന്നിവരോട് കടപ്പാട്. ഒപ്പം ഈ അന്വേഷണങ്ങളിൽ ഒപ്പം നിന്ന മനോജ് കുറൂരിനും)
ഈ പദ്ധതിയിൽ ഏഴായി താളങ്ങളെ വിഭജിക്കുന്നു. താളങ്ങളുടെ ക്രിയ വിശദീകരിക്കാൻ അടി, ഇട എന്നീ വാക്കുകൾ തന്നെ. ഇപ്പോൾ ഞാൻ അടിയെ കുറിക്കാൻ @ എന്ന ചിഹ്നവും ഇടയെ കുറിക്കാൻ # എന്ന ചിഹ്നവും ഉപയോഗിക്കുന്നു.
ഏകചൂഴാതിതാളങ്ങൾ
------------------------------
ഏകതാളം
-------------
ഒരു അടി, ഒരു ഇട
@ #
രൂപതാളം
---------------
രണ്ട് അടി, ഒരു ഇട
@ @ #
ചെമ്പടതാളം
-----------------
മൂന്ന് അടി, ഒരു ഇട
@ @ @ #
കാരികതാളം
----------------
നാല് അടി, ഒരു ഇട
@ @ @ @ #
പഞ്ചാരി താളം
------------------
അഞ്ച് അടി, ഒരു ഇട
@ @ @ @ @ #
മർമ്മതാളം
--------------
ഒരു അറി, ഒരു ഇട, രണ്ട് അടി, ഒരു ഇട, മൂന്ന് അടി, ഒരു ഇട, നാല് അടി ഒരു ഇട
@ # @ @ # @ @ @ # @ @ @ @ #
കുംഭതാളം
---------------
(ഇത് അൽപ്പം ഘടനാവ്യത്യാസമുള്ള താളമാണ്. അപൂർവ്വം. )
@ @ @ @ @@ # @ @ @@ # @ # @ # @@ #
(ഇവിടെ ക്രിയകൾ തമ്മിലുള്ള അകലം ആണ് ശ്രദ്ധിക്കേണ്ടത്. കൂടുതൽ ചേർന്നിരിക്കുന്ന അടികളുടെ അകലം അകന്നിരിക്കുന്നവയുടെ പകുതിയാണ്. മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ വിട്ടേക്കുക. നിങ്ങളുടെ അല്ല, എന്റെയാണ് പരാജയം.:)
ഈ പദ്ധതി ശ്രദ്ധിച്ചാൽ, ആദ്യത്തെ അഞ്ച് താളങ്ങളിൽ അടികളുടെ എണ്ണം ക്രമമായി കൂടിവരുന്നത് കാണാം. ആറാമത്തെ താളമായ മർമ്മം, ആദ്യത്തെ നാലുതാളങ്ങളെ കൂട്ടിയുണ്ടാക്കിയതാണെന്നും ശ്രദ്ധിച്ചാൽ മനസ്സിലാവും.
ചുരുക്കത്തിൽ ഇത്രയേ ഉള്ളൂ, കാര്യങ്ങൾ വളരെ ലളിതമാണ്, മനസ്സിലായിക്കഴിഞ്ഞാൽ. സൈക്കിൾ ചവിട്ടാൻ പഠിയ്ക്കുന്നപോലെ പെട്ടെന്ന് അൽപ്പം തപ്പലും തട്ടിവീഴലും സാധാരണമാണ്. കേരളീയതാളസങ്കൽപ്പനത്തെപ്പറ്റിയുള്ള പഠനം സംഗീതപഠനവും ആസ്വാദനവും കൂടുതൽ സൂക്ഷ്മവും സമഗ്രവുമാക്കും. നമ്മുടെ സംസ്കാരത്തിന്റെ സുവർണ്ണഖനികളായ മേളങ്ങൾ ആസ്വദിയ്ക്കാനുള്ള മനസ്സ് മാത്രമേ ഇതിന് ആവശ്യമുള്ളൂ.
സമകാലീന മലയാളത്തില്‍
Good one