നുറുങ്ങുകൾ

Submitted by Kiranz on Fri, 10/16/2009 - 00:02

 മലയാള ഗാനശേഖരത്തിന്റെ ആസ്വാദർക്കായി ഒരു പുതിയ പംക്തി കൂടി തുടങ്ങി വയ്ക്കുകയാണ്. ഒരു പക്ഷേ നമ്മൾ അറിഞ്ഞും അറിയാതെയും പോയ ചില രസകരവും വിജ്ഞാനപ്രദവുമായ സംഗീതസംബന്ധിയായ വിവരങ്ങൾ നുറുങ്ങുകളായി ഓരോ ആഴ്ച്ചയും നിങ്ങളുടെ മുന്നിലേക്കെത്തുന്നു.ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ച അചിന്ത്യക്ക് അഭിനന്ദനങ്ങൾ. മലയാളഗാന ശേഖരത്തിന്റെ അണിയറയിലെ ഒരു കൂട്ടം സംഗീത പ്രേമികളാണ് ഈ നുറുങ്ങുകൾ നിങ്ങൾക്കായി പങ്കു വയ്ക്കുന്നത്.

  അചിന്ത്യ

  1.  അരവിന്ദന്‍ തന്റെ പോക്കുവെയില്‍ എന്ന ചിത്രത്തിനു പശ്ചാത്തല സംഗീതം ഒരുക്കുകയല്ല ചെയ്തത്. മറിച്ച് ഹരിപ്രസാദ് ചൗരസിയയുടെ ഫ്ലൂട്ടും രാജീവ് താരാനാഥിന്റെ സരോദും ചേര്‍ന്ന മനോഹരമായ സംഗീതം ആദ്യം റെക്കോര്‍ഡ് ചെയ്ത് അതിന്റെ ഗതിവിഗതികള്‍ക്കനിസരിച്ച് ചിത്രത്തിലെ ദൃശ്യങ്ങള്‍ ഒരുക്കുകയായിരുന്നു.പ്രത്യേകിച്ച് സ്ക്രിപ്റ്റൊന്നുമില്ലാതെ സംഗീതം പോകുന്ന വഴിയിലായിരുന്നു പോക്കുവെയിലിന്റെ ചിത്രീകരണവും..!   
  2. തീസ്രീ മന്‍സില്‍ എന്ന ചിത്രത്തിലെ "ഓ മേരെ സോനാരേ സോനാരേ" എന്ന ആശാ ഭോസ്ലെ ഗാനത്തിലൂടെയാണത്രെ ഇന്‍ഡ്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായി ആര്‍ ഡീ ബ്ബര്‍മ്മന്‍  ഇലക്റ്റ്രോണിക് ഓര്‍ഗന്‍ പശ്ചാത്തലത്തില്‍ ഉപയോഗിച്ചത്   
  3. ചെമ്മീന്‍ എന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിക്കാന്‍ രാമു കാര്യാട്ട് സലില്‍ ചൗധരി എന്ന ബംഗാളി സംഗീതസംവിധായകനെ കേരളത്തിലേക്ക് ക്ഷണിച്ചു . ഇവിടെ വന്ന സലില്‍ ചൗധരി വളരെ പോപ്പുലറായ ഒരു മലയാള ചലച്ചിത്രത്തിലെ ഒട്ടും പ്രശസ്തമല്ലാത്ത ഒരു ഗാനം മൂളിയിട്ട് ഇതിന്റെ സംഗീതകാരന്‍ ആരാണെന്ന് അന്വേഷിക്കുകയുണ്ടായി.രാഘവന്‍ മാസ്റ്ററുടെ സിനിമാരംഗത്തെ ആദ്യകാൽവയ്പ്പായ  "കായലരികത്ത്" "എല്ലാരും ചൊല്ലണ്‌", "കുയിലിനെത്തേടി" തുടങ്ങിയ ജനപ്രിയഗാനങ്ങള്‍ നിറഞ്ഞ ചിത്രമായ നീലക്കുയിലിലെ "ജിഞ്ചക്കന്താരോ" എന്ന നാടോടി ഗാനമായിരുന്നു ആസ്സാമിയ-ബംഗാളി നാടോടിഗാനങ്ങള്‍ ഓടക്കുഴലില്‍ വായിച്ചു വളര്‍ന്ന ചൗധരിയെ ആകര്‍ഷിച്ച ആ പാട്ട്.

കതിരവൻ

  1. “പാമ്പുകൾക്ക് മാളമുണ്ട്...’ പാട്ടിൽ “ദുസ്വപ്നം കണ്ടുണർന്ന ദുശ്ശകുനം ആണു ഞാൻ” എന്നായിരുന്നു ആദ്യം. കെ. എസ്. ജോർജ്ജ് കുറെ വേദികളിൽ ഇങ്ങനെ പാടുകയും ചെയ്തു. രണ്ടു “ദു” അടുത്തടുത്തു വരുന്ന അരോചകത മാറ്റണമെന്ന നിർദ്ദേശം വന്നതിനാൽ “ദുഃഖഭാരം ചുമക്കുന്ന” എന്നാക്കി മാറ്റി.
  2. കാട്ടുതുളസിയിലെ “ഗംഗയാറൊഴുകുന്ന നാട്ടിൽ നിന്നൊരു.....(പി. സുശീല) എന്ന പാട്ട് എഴുതിക്കഴിഞ്ഞപ്പോൾ കുഞ്ചാക്കോ (പ്രൊഡ്യൂസർ)യ്ക്കും മറ്റും സംശയമായി. നായകൻ കൽക്കട്ടയിൽ നിന്നാണു വരുന്നതെന്ന് കൊളുന്തു നുള്ളി നടക്കുന്ന നായികയ്ക്ക് അറിയാമോ എന്ന്. അതു മാറ്റണമെന്നായി. വയലാറ് നിർബ്ബന്ധം പിടിച്ചു.
  3. ഇടയ്ക്കയും മൃദംഗവും മാത്രം മാറിമാറി ഉപയോഗിച്ചു ചിട്ടപ്പെടുത്തിയ പാട്ടാണ് “ചെത്തി മന്ദാരം തുളസി”. വോക്കൽ സപ്പോർട്ടിന് മൃദംഗം. ചരണങ്ങൾക്കിടയ്ക്ക് ഇടയ്ക്ക.തബല വിട്ട് ദേവരാജൻ ചെയ്ത ആദ്യ ഉദ്യമം.

തഹ്സീൻ മുഹമ്മദ്  :-  മദന്‍ മോഹന്‍ കോഹ്ലിയുടെ ഗാനങ്ങളില്‍ സിതാര്‍ വായിച്ചിരിക്കുന്നത് ഉസ്താദ്‌ റൈസ്‌ ഖാന്‍ ആണ് (ഉസ്താദ്‌ വിലായത്ത്‌ ഖാന്റെ സഹോദരന്‍).ഒരിക്കല്‍ അവര്‍ തമ്മില്‍ പിണങ്ങി.പിന്നീട് മദന്‍ മോഹന്റെ പാട്ടില്‍ സിതാര്‍ ഉപയോഗിച്ചിട്ടേ ഇല്ല.! 

ബൈജു ടി :- “വെണ്ണതോൽക്കുമുടലില്‍ സുഗന്ധിയാം എണ്ണതേച്ചരയിലൊറ്റമുണ്ടുമായ്
തിണ്ണമേലമരുമാ നതാംഗി മുക്കണ്ണനേകി മിഴികള്‍ക്കൊരുത്സവം“ മഹാകവി വള്ളത്തോളിന്റെ ഈ  പാര്‍വ്വതീ വര്‍ണ്ണനയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട്  രണ്ടു മലയാളഗാനങ്ങളുടെ  പല്ലവികള്‍ ഉണ്ടായി  “വെണ്ണതോല്ക്കുമുടലോടെ...
അരയിലൊറ്റമുണ്ടുടുത്ത പെണ്ണേ “

 വികടശിരോമണി

  1. ദക്ഷിണാമൂർത്തിയുടെ പ്രസിദ്ധഗാനമായ “ഹൃദയസരസ്സിലെ പ്രണയപുഷ്പമേ”അദ്ദേഹം ഏറ്റവും വേഗം സംഗീതസംവിധാനം നിർവ്വഹിച്ച ഗാനങ്ങളിലൊന്നാണ്.ഒന്നര മണിക്കൂർ കൊണ്ട്.
  2. തിശ്ര-ചതുരശ്ര-മിശ്ര-ഖണ്ഡ-താളഗതികളെല്ലാം വന്നുപോകുന്ന അപൂർവ്വമായ ഗാനമാണ് രവീന്ദ്രന്റെ ആറാം തമ്പുരാനിലെ “പാടീ..പുഴയിലേതോ”എന്ന ഗാനം.അത്തരത്തിലൊന്നു ചെയ്യാമോ എന്ന യേശുദാസിന്റെ അഭിപ്രായത്തിൽ നിന്നാണ് രവീന്ദ്രൻ മാഷ് പ്രസ്തുതഗാനം നിർമ്മിച്ചത്.
  3. “വികാരനൌകയുമായ്”എന്ന അമരത്തിലെ യേശുദാസിന്റെ അവാർഡ്ഗാനം പാടാൻ ആദ്യം ഭരതനും രവീന്ദ്രനും നിശചയിച്ചിരുന്നത് ബാലമുരളീകൃഷ്ണയെ ആയിരുന്നു.ബാലമുരളീകൃഷ്ണ തന്നെയാണ്, “ദാസ് പാടേണ്ട പാട്ടാണിത്,ഞാനല്ല ഇതു പാടേണ്ടത്”എന്നു പറഞ്ഞ് തിരിച്ചയച്ചത്.
  4. എം.ജി.ശ്രീകുമാറിന്റെ വീട്ടിൽ വെച്ച്,ഓഡിയോ കാസറ്റിന്റെ ദൈർഘ്യം നിറയ്ക്കാനായി പാടി റൊക്കോഡ് ചെയ്ത പാട്ടാണ് ചിത്രത്തിലെ “സ്വാമിനാഥപരിപാലയാശുമാം”എന്ന എന്ന കീർത്തനം.അത് പിന്നീട് ക്ലൈമാക്സിൽ ഉപയോഗിക്കാൻ തീരുമാനിക്കപ്പെടുകയായിരുന്നു.
  5. രണ്ടു വരിയ്ക്കു മാത്രം ഈണം നൽകപ്പെട്ട,അതേ ഈണം എല്ലാവരികൾക്കും ആവർത്തിക്കുന്ന അപൂർവ്വഗാനമാണ് കൈതപ്രത്തിന്റെ “എങ്ങനെ ഞാൻ ഉറക്കേണ്ടൂ”എന്ന ഗാനം.
  6. തഹ്സീന്റെ നുറുങ്ങിനോട് ചേർക്കാൻ: മദൻ മോഹന് ആവേശമായിരുന്നു അലി അക്ബർ ഖാന്റെ സരോദ്.റൈസ് ഖാനോടുള്ള പിണക്കത്തിനു ശേഷം,പലവട്ടം അലി അക്ബർ ഖാനെ മദൻ മോഹൻ സമീപിച്ചെങ്കിലും ഒരിക്കലും അലി അക്ബർ ഖാൻ വഴങ്ങിയില്ല.അത് മദൻ മോഹന്റെ വലിയൊരു നിരാശയായിരുന്നു.
  7. “താമസമെന്തേ വരുവാൻ എന്ന പാട്ട് എത്ര തവണ പാടിയിട്ടും ദാസിന് ശരിയായില്ല.അവസാനം കേട്ടുകൊണ്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ അരയിലുള്ള കത്തിയെടുത്ത് “മര്യാദയ്ക്ക് പാടെടാ,അല്ലെങ്കിൽ തട്ടിക്കളയും”എന്നു ഭീഷണിപ്പെടുത്തി.പിന്നെയാണ് ദാസ് നന്നായിട്ടു പാടിയത്”എന്നൊരു നുണക്കഥ(അല്ല,ഭാവന:),ഇറക്കിയ മഹാൻ സാക്ഷാൽ തിക്കുറിശ്ശിയാണ്.അതു സത്യമാണെന്ന് പിന്നീട് പല പാട്ടെഴുത്തുകാർ പോലും വിശ്വസിച്ചു.
  8. മധ്യമാവതി മധ്യമശ്രുതിയിലുള്ള “കദളീവനങ്ങൾക്കരികിലല്ലോ”എന്ന ദേവരാജൻ ഗാനമാണ്,കഥകളിസംഗീതത്തിലെ വിസ്മയഗായകൻ കലാ.ഹൈദരാലിയെ നളചരിതം രണ്ടാംദിവസത്തിലെ കാട്ടാളന്റെ കഥകളിപ്പദം മധ്യമാവതി മധ്യമശ്രുതിയിലേയ്ക്കു മാറ്റാൻ പ്രേരിപ്പിച്ചത്.പ്രത്യക്ഷത്തിൽ തന്നെ കാണാനാവും വിധം ഒരു പാരമ്പര്യകലയിൽ സിനിമാഗാനം സ്വാധീനമായത് ചരിത്രത്തിലാദ്യമാകണം.
  9. അവസാനമായി ഒരു നിലചക്രം കൂടി കത്തിക്കട്ടെ-കതിരവന്റെ ശാന്താ.പി.നായരെക്കുറിച്ചുള്ള പോസ്റ്റിൽ എഴുതിയ “എത്ര മനോഹരമാണവിടത്തെ”എന്ന ഗാനം ജി.ശങ്കരക്കുറുപ്പിന്റെ ഗീതാജ്ഞലീവിവർത്തനത്തിലേതാണ്.പക്ഷേ,അദ്ദേഹം “ഞാനറിവീലാ ഭവാന്റെ മോഹനഗാനാലാപനശൈലി”എന്നാണെഴുതിയിരിക്കുന്നത്.ആരാണ് അർത്ഥം അമ്പേ മാറിപ്പോകും വിധം മഹാകവിയുടെ ഗാനത്തെ പൊളിച്ചെഴുതിയത് എന്നത് ഇന്നും ചുരുളഴിയാരഹസ്യമാണ്.

  മണികണ്ഠൻ :- “ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍....” എന്ന ബാ‍ബുരാജ് ഗാനത്തിന്റെ പല്ലവിയുടെ അവസാനത്തെ വരികള്‍

 “ഒരുപുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍

ഒടുവില്‍ നീ എത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍

ഇങ്ങനെയാണ്. എത്രപേര്‍ ഇത് ശ്രദ്ധിച്ചിട്ടുണ്ട് ?