മല്ലികാബാണന്റെ പുഷ്പബാണങ്ങള്‍ ഏതെല്ലാം?

Submitted by Manikandan on Tue, 01/12/2010 - 00:09

അച്ചാണി എന്ന ചിത്രത്തിനുവേണ്ടി പി ഭാസ്ക്രന്‍ മാസ്റ്റര്‍ രചിച്ച്, ദേവരാജന്‍ മാസ്റ്റര്‍ സംഗീതം നല്‍കി പി ജയചന്ദ്രനും പി മാധുരിയും ചേര്‍ന്ന് പാടിയ മനോഹരഗാനമാണ് മല്ലികാബാണന്‍ തന്റെ വില്ലെടുത്തു.... ഈ ഗാനം കേള്‍ക്കാത്തവരും കുറവായിരിക്കും എന്ന് കരുതുന്നു. ഒരുപാടു തവണ ഈ ഗാനം കേട്ടിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഇതെപ്പറ്റി പറയാന്‍ കാരണം ഒരു സുഹൃത്ത് ഇന്നലെ അയച്ച എസ് എം എസ് ആണ്. അദ്ദേഹത്തിന്റെ ചോദ്യം കാമദേവന്റെ അസ്ത്രങ്ങള്‍ എതെല്ലാം എന്നായിരുന്നു. എനിക്ക് തീരെ അറിയാത്ത കാര്യം. എങ്കിലും നെറ്റില്‍ ഒന്നു പരിശോധിച്ചു പല സൈറ്റുകളില്‍ നിന്നും മറുപടിയും കിട്ടി. അരവിന്ദം (താമര), അശോകം, മാമ്പൂ, നവമല്ലിക, നീലോല്പലം (കരിങ്കൂവളം) ഇവയാണത്രെ  പഞ്ചബാണന്റെ ആ അഞ്ച് അസ്ത്രങ്ങള്‍. കിട്ടിയ വിവരം മറുപടി എസ് എം എസ് ആയി അപ്പോളേ അയച്ചു. രാവിലെ അദ്ദേഹത്തിന്റെ മറുചോദ്യം. അപ്പോള്‍ മന്ദാരം ഇല്ലെ?? ഞാന്‍ നേരത്തെ പറഞ്ഞ പാട്ടില്‍ മല്ലികാബാണനെക്കൊണ്ട് മന്ദാരമലര്‍ ശരം എയ്യിച്ച ഭാസ്കരന്‍ മാസ്റ്റര്‍ക്കാണോ മറുപടി അയച്ച എനിക്കാണോ തെറ്റിയത്. ആകെ കുഴക്കുന്ന പ്രശ്നം. നേരത്തെ പറഞ്ഞ പുഷ്പങ്ങളില്‍ ഏതെങ്കിലും മന്ദാരം തന്നെയാണോ? എനിക്കറിയില്ല. ഒന്നു കൂടി നെറ്റില്‍ പരതി. ഓരോ പുഷ്പബാണത്തിനും ഓരോ ലക്ഷ്യമുണ്ടത്രെ! താമരയ്ക്ക് നെഞ്ച്, അശോകത്തിന് ചുണ്ടുകള്‍, മാമ്പൂവിന് ശിരസ്സ്, നവമല്ലികയ്ക്ക് കണ്ണുകള്‍, നീലോല്പലത്തിന് ശരീരത്തില്‍ എവിടേയും ഇങ്ങനെയാണ് ലക്ഷ്യങ്ങള്‍. ഇവിടെ നായികയുടെ മാറിലാണ് വേദന അപ്പോള്‍ അസ്ത്രം താമരയാവണ്ടെ? എന്തായാലും തെറ്റ് ഭാസ്കരന്‍ മാസ്റ്ററുടെതാവാന്‍ വഴിയില്ല. എങ്കിലും ആഞ്ചു ശരങ്ങള്‍ എതെല്ലാം? ആരെങ്കിലും ഉത്തരം കണ്ടെത്താന്‍ സഹായിക്കുമോ?