കിളിപുരാണം നിലയ്ക്കുന്നില്ല. അത് കുരുവിപുരാണമായി നീളുന്നു. പറക്കുന്ന എന്തിനേയും ഭാവനയുടെ ചിറകിൽക്കെട്ടി വൈവിദ്ധ്യമാർന്ന കൽപ്പനകൾ ചിറകുവിടർത്തുകായാണ്. ‘നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ കാതോർത്തു ഞാനിരുന്നു, താവക വീഥിയിൽ എൻ മിഴിപ്പക്ഷികൾ തൂവൽ വിരിച്ചു നിന്നൂ എന്ന് കേൾക്കുമ്പോൾ ആ ഭാവനാസൗകുമാര്യത്തിൽ നാം അലിഞ്ഞു ചേരുകയാണ് ചെയ്യുന്നത്. ഇത്തരം അതിമനോഹരമായ അനേകം ശകലങ്ങൾ ഗാനങ്ങളിൽ നിന്നും അടർത്തിയെടുക്കാൻ കഴിയും.
പാട്ടുകളിലെ പൈങ്കിളികളേയും കുരുവികളേയും കുറിച്ച് ചില നിരീക്ഷണങ്ങൾ.
‘നിൻ മുടിച്ചുരുളുകളാം മുന്തിരിക്കുലകളിലെൻ കണ്ണിലെ കരിങ്കിളികൾ പറന്നണഞ്ഞൂ മധുനുകർന്നൂ മധുരം നുകർന്നൂ മനസ്സിലെ മണിച്ചെപ്പ് നിറഞ്ഞൂ ‘എന്ന് ഓ.എൻ.വി. എത്ര മനോഹരമായ കവിഭാവന. ആ ചുരുൾ മുടികൾ കണ്ടപ്പോൾ തന്നെ നായകൻ മോഹിതനായി, പിന്നെ മറ്റുകാര്യങ്ങൾ പറയാനുണ്ടോ?! ‘അമ്മേ അമ്മേ മലയാളം കൊഞ്ചിപ്പാടും മായപൈങ്കിളി മകളേ വാ’ എന്ന് പാടിയത് പുത്തഞ്ചേരി. അമ്മയെ പൈങ്കിളി ആക്കിയിരിക്കുന്നു സന്തോഷ് വർമ്മ! ‘അമ്മത്തിങ്കൾപൈങ്കിളി ഒന്നെന്നെക്കാണാൻ വാ കിളി ചെഞ്ചുണ്ടത്തുമ്മക്കല്ക്കണ്ടങ്ങൾ കൊണ്ടുവാ…’ എന്നദ്ദേഹം വികാരനിർഭരം എഴുതി വയ്ക്കുമ്പോൾ അതു കണ്ടു നമ്മളും കരഞ്ഞുപോകുന്നു!:) ‘പണ്ടുപണ്ടൊരു ചിത്തിരപ്പൈങ്കിളി പമ്പാനദിയുടെ കരയില്‍ പത്മപ്പൂവിതള്കൂട്ടിനുള്ളില് തന്‍പ്രിയനേയും തേടീ ഇരുന്നു’ എന്നു കഥപറഞ്ഞുതുടങ്ങുന്നു ഭരണിക്കാവ്. ‘മൌനരാഗപൈങ്കിളി നിൻചിറകു വിടർന്നെങ്കിൽ മനസ്സാകും കൂടു വിട്ടെൻ ചുണ്ടിൽ പറന്നെങ്കിൽ’ എന്ന് ശ്രീകുമാരൻ തമ്പി. പക്ഷേ ഇങ്ങനൊരുകിളിയെ എങ്ങും കാണാങ്കിട്ടൂലാ. ‘കല്യാണക്കച്ചേരി പാടാമെടീ കച്ചേരിക്കാരാനും പോരുന്നോടീ പോരുമ്പൊ പൂക്കൊമ്പത്താടുന്നൊടീ അമ്പാട്ടെ തമ്പ്രാട്ടി കുഞ്ഞാങ്കിളി’ എന്ന് പുത്തഞ്ചേരി. ‘നെഞ്ചിലിരിക്കണ പഞ്ചാരപൈങ്കിളി സ്നേഹത്തിൻ തേന്മാരി പെയ്യണു ഹായ് ഹായ് പെയ്യണ്’ എന്നെഴുതി തന്റെ കിളിക്ക് മധുരം കൊടുത്തത് യൂസഫലി. ‘മാനമിരുണ്ടുവല്ലോ മാരിക്കാർ കൊണ്ടുവല്ലോ മാമ്പൂ കരിഞ്ഞുവല്ലൊ മാനസപ്പൈങ്കിളിയേ’ എന്ന് ശ്രീകുമാരൻ തമ്പി. ‘നാട്ടുപച്ചക്കിളിപ്പെണ്ണേ നല്ലോലപ്പൈങ്കിളിയേ കാലമുറങ്ങും കാകളിച്ചിന്തിൽ നീ നന്മവിളയും നാടോടിപ്പാട്ടിൽ തുയിലുണ’രാൻ പറയുന്നത് കാവാലം. ‘പൊന്നോമലാളേ ചിത്രവർണ്ണക്കിളി ചിങ്കാരപ്പൈങ്കിളി നൃത്തം വയ്ക്കുക നീ’ എന്ന് ആയിഷയിൽ വയലാർ. ‘കാമുകമന്ത്രവും പാടിനടന്നവൾ പാതിരാപ്പൈങ്കിളിയായി’ എന്നെഴുതിയതും അദ്ദേഹം തന്നെ.
മണികെട്ടിത്തൂക്കിയ കിളികളാണ് ബിച്ചുവിന്റേത്:) ‘മണിപ്പൈങ്കിളി മൊഞ്ചേറും മൊഴികളില്‍ മൂളിക്കോളീ’ എന്ന് അദ്ദേഹം എഴുതി. ‘കിളിയേ കിളികിളിയേ നീലാഞ്ജനപൈങ്കിളിയേ ഈ കറുകവയല്‍ കുളിരു കൊയ്യാന്‍ നീ കൂടെ വാ’ എന്ന് വയലാർ. കറുത്ത ഏതോ കിളിയാകാം ഈ കിളി. ഏതായാലും കാക്കയാകാൻ വഴിയില്ല, കുയിലാകാനും വകുപ്പില്ല. അപ്പോൾ ഈ കിളിയെ അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്! വ്യത്യസ്തങ്ങളായ കിളികളെ അണിയിച്ചൊരുക്കിയ കൈതപ്രം കടമിഴിയിൽ കമലദളം എന്ന പാട്ടിൽ ‘നീയെത്തും നേരത്താ മലയോരത്ത് മദനപ്പൈങ്കിളിയായ് വന്നൂ’ എന്നും ‘കട്ടിപ്പൊൻകുടം ചിട്ടിപ്പൈങ്കിളി തട്ട കൂട്ടാൻ വരും’ എന്നുമാണ് എഴുതിയത്. ആദ്യത്തെ കിളിയെ വെറുതേ വിടാമെങ്കിലും രണ്ടാമത്തേത് ഒരു കടന്നകയ്യായിപ്പോയി, ‘ചിട്ടി’ നടത്തുന്ന കിളികളെ അദ്ദേഹം പരിചയപ്പെടുത്തുന്നു! ‘കരളിന്റെ കൂട്ടിലെ പ്രണയപ്പൈങ്കിളിയേ കവിളത്തു മുത്തുവാന്‍ മോഹവുമായി’ നടക്കുന്നത് ഡോ. പവിത്രൻ. ‘നീയെന്റെ ആത്മാവിൻ ആനന്ദ മധുരം കന്നിപ്പനങ്കിളി താമരപ്പൂങ്കുരുവീ’ എന്ന് കൈതപ്രം റോക്സ്! ‘കതിരോലപ്പൈങ്കിളി കദളീവനക്കിളി കമലപ്പൂക്കണികാണും തേന്‍കിളിയേ’ എന്ന് ശ്രീകുമാരൻ തമ്പി. ‘മഞ്ഞക്കിളിയുടെ മൂളിപ്പാട്ടു’മായി വരുന്നു പുത്തഞ്ചേരി. ‘പച്ചമലപ്പൈങ്കിളിയേ പഞ്ചാരക്കുറത്തീ കൊച്ചുകള്ളീ നിന്നെക്കാണാൻ ഓടിയോടിയെത്തി’യത് ഭാസ്കരൻ മാസ്റ്റർ. ‘മകം പിറന്ന നക്ഷത്രത്തിൻ മടിയിൽ നിന്നോ മലർത്തിങ്കൾപ്പൈങ്കിളി തൻ ചിറകിൽ നിന്നോ എങ്ങു നിന്നു നീ പറന്നെത്തീ’ എന്നു ചോദിക്കുന്നു വയലാർ. ‘ഒന്നാം കൊമ്പത്ത് വന്നിരുന്നന്നൊരു പുന്നാരക്കിളി ചോദിച്ചു കൂട്ടിന്നിളം കിളി ചങ്ങാലിപൈങ്കിളി കൂടും വിട്ടിങ്ങോട്ടു പോരാമോ’ എന്നുചോദിച്ചതും അദ്ദേഹം തന്നെ. കൈതപ്രത്തിന്റേത് ‘തേനിയ്ക്കപ്പുറം തെങ്കാശിക്കപ്പുറം തെന്നാലിക്കിപ്പുറത്ത് നാടെനിക്കുണ്ടെടീ നാട്ടാരുമുണ്ടെടീ നാടോടിപ്പൈങ്കിളി’യാണ്. ‘മാംഗല്യപ്പൈങ്കിളികൾ കുറി നോക്കി ചൊല്ലു’ന്ന കാര്യവും അദ്ദേഹം വിവരിക്കുന്നു.
പി കെ ഗൊപിയുടേത് മണമുള്ള കിളിയാണ്. ‘പെടപെടപെടച്ചവനോടിപ്പോയ് ചിറകടിച്ചിളകിയ കസ്തൂരിപ്പൈങ്കിളി’ എന്നാണദ്ദേഹം പാടിയത്. ‘നക്ഷത്രക്കണ്ണുള്ള മാണിക്യപൈങ്കിളി മേലോട്ടു നിന്നെ വിളിച്ചോരു കാലം’ എന്നു പാടിയത് ഭാസ്കരൻ മാസ്റ്റർ. ‘പഞ്ചതന്ത്രം കഥയിലെ പഞ്ചവർണ്ണക്കുടിലിലെ മാണിക്യപൈങ്കിളി മാനം പറക്കുന്ന വാനമ്പാടിയെ സ്നേഹി’ച്ചകഥ പറയുന്നത് വയലാർ. ‘തെന്നലിന്റെ തോണിയിലെ കണുനീർപ്പൈങ്കിളി നിന്റെ കാമുകി പിരിഞ്ഞു പോയോ’ എന്നു വിലപിക്കുന്നത് വയലാർ. ‘മുട്ടുകൾ കുത്തി നിൻ ഖൽബിൽ കളിക്കുന്ന മുത്തോളിപൈങ്കിളി കണ്മണിക്കു പട്ടുടുപ്പെന്തിനു പാദസരം എന്തി’നെന്നു ചോദിക്കുന്നു ഭാസ്കരൻ മാസ്റ്റർ.എന്നാൽ ഇതിനെയൊക്കെ കടത്തിവെട്ടി ഭാസ്കരൻ മാസ്റ്റർ. അദ്ദേഹത്തിനു അരയന്നം വെറും പങ്കിളിയാണ്. ‘പഞ്ചമിത്താമര പൊയ്കയിൽ അരയന്നപൈങ്കിളിയായ് നീ കളിച്ചിരുന്നു’ എന്ന് ഏതു ശീതളഛായാതലങ്ങളിൽ എന്ന ഗാനത്തിൽ! വയലാറും മോശമാക്കിയില്ല, ‘അല്ലിത്താമരവള്ളിക്കുടിലുകളക്കരെയാണോ അഴകിന് പൈങ്കിളി അരയന്നക്കിളി അക്കരെയാണോ’ എന്ന് അദ്ദേഹവും. ‘ഉയിർപ്പൈങ്കിളി എന്നുമീ യാത്രയില്‍ നിന് നിഴല്‍പ്പാട് ഞാനല്ലയോ’ പാടുന്നത് കോന്നിയൂർ ഭാസ്.
കുരുവികളാണ് പാട്ടിലെ അതിലേറെ രസകരമായ ബിംബങ്ങൾ. അനേകതരം കുരുവികളേയും കവികൾ ഗാനങ്ങളിൽ അണിനിരത്തുന്നു, പരിചയപ്പെടുത്തുന്നു. അതെന്തെല്ലാമെന്നുകൂടി നോക്കാം. പക്ഷികളുടേത് പോലെ വ്യത്യസ്തവർഗ്ഗങ്ങളുടെ പേരുകൾ മലയാളത്തിൽ ഇല്ലാത്തതിനാൽ സ്വന്തം ഭാവനയ്ക്കനുസരിച്ച് ഓരോ കുരുവികളെ സൃഷ്ടിക്കുകയാണ് എഴുത്തുകാർ.
ആദ്യം ഓർമ്മവരുന്നത് പുത്തഞ്ചേരിയുടെ കരിമിഴിക്കുരുവിയെ ആണ്. ആ കുരുവി പണ്ടേതൊട്ടേ ചിരിക്കാത്ത ഒന്നും മിണ്ടാത്ത കുരുവി കൂടിയാണ്..! എന്നാൽ ഈ കരിമിഴിക്കുരുവി ആദ്യത്തേതല്ല, ‘കരിമിഴിക്കുരുവികൾ കവിത മൂളിയോ കരളിലെ കുയിലുകൾ കവിത പാടിയോ’ എന്നാദ്യം പാടിയത് ഓ.എൻ.വിയാണ്. തൂക്കണാംകുരുവിയെ എല്ലാരും കണ്ടിട്ടുണ്ടാകും. ‘തൂക്കണാംകുരുവിക്കൂടു തകർക്കാതെ കുരുവിയെ കൊല്ലാതെ കൂടിരിക്കും കൊമ്പിലെ പൂവെയ്തു തരുമോ കുറവാ’ എന്നു ചോദിക്കുന്നു വയലാർ. കുരുവിപ്പെട്ടി എന്നൊരു പെട്ടിയുണ്ടെന്നു പറയുന്നതും അദ്ദേഹം തന്നെ. അതു നമ്മുടെപെട്ടിയാണെന്നും. 'തൂക്കണാംകുരുവിയോ താമരക്കുരുന്നോ കാട്ടുപാലരുവിയോ താരിളം വിരുന്നോ' എന്നു പാടിയത് ബിച്ചു. ഭാസ്കരൻ മാഷിന്റേത് കല്യാണക്കുരുവിയാണ്. ‘കല്യാണക്കുരുവിയ്ക്കു പുല്ലാനിപ്പുരകെട്ടാൻ പുല്ലും നെല്ലും വൈക്കോലും പഞ്ഞിയും പായലും കുമ്മായം ഇല്ലിയും ചുള്ളിയും മോന്തായം’ എന്നദ്ദേഹം. ഒരു പക്ഷേ കല്യാണം കഴിക്കാൻ പോകുന്ന കുരുവിയാകാം അത്. ‘ഇണക്കുരുവി നിന്നോമലാൾക്കിനി വിട തരിക പൂവന വീഥിയിലോടി നടന്നൊരു പുള്ളിമാനിനു വിട തരിക’ എന്നും അദ്ദേഹം പാടി.
കുരുവിക്ക് തട്ടമിടുകയാണ് പുത്തഞ്ചേരി. ആ കുരുവി താമരക്കുരുവിയാണ്. ‘താമരക്കുരുവിക്ക് തട്ടമിട് തങ്കക്കിനാവിന്റെ കമ്മലിട് അരിമുല്ലക്കഴുത്തിൽ ഏലസ്സിട് സുറുമക്കണ്ണിണയിൽ സൂര്യനിട്’ ഈ അവസാനത്തെ സൂര്യനിട് എന്താണെന്നു മാത്രം മനസ്സിലായില്ല!!! അരയാല്കുരുവികള് പാടി ഉദയം ഉഷസിന്നുദയം എന്നെഴുതിയത് ബിച്ചു തിരുമല. യൂസഫലിയുടെ കുരുവി മോഹക്കുരുവിയാണ്. മോഹക്കുരുവിയ്ക്ക് കൂടുകൂട്ടാനൊരു പൂംചില്ല നൽകിയ തേൻകിനാവേ എന്നദ്ദേഹം പാടുന്നു. പി. കെ. ഗോപിയുടേത് ചീരപ്പൂവുകൾക്കുമ്മകൊടുക്കണ നീലക്കുരുവികളാണ്. കാണാക്കുരുവി തൻ പ്രേമവിലോലമാം ഗാനം കുളിരു പകർന്നത് ഓ.എൻ.വി. ‘ആറ്റക്കുരുവീ കുഞ്ഞാറ്റക്കുരുവീ ആയില്യം പാടത്തൊരാഴക്കു നെല്ലിനു നീയെത്ര നോറ്റിരുന്നൂ…’ എന്നു പാടുന്നു ഭാസ്കരൻ മാഷ്. താരിളംകുരുവിക്കു കല്യാണമായെന്നു ഗിരീഷ് പുത്തഞ്ചേരി. കന്നിമഴക്കാറിലെകുരുവി മൂളിയെന്നും പറഞ്ഞതും പുള്ളിതന്നെ! കിന്നാരക്കുരുവിക്കു ചോറൂണ് പിന്നെ അണ്ണാറക്കണ്ണനു പാലൂട്ടുമായാണ് കൈതപ്രം എത്തുന്നത്. രൂപവതീ എന്ന ഗാനത്തിൽ നിറവാലൻകുരുവികൾ കളിവീടു കൂട്ടുമെന്ന് ശ്രീകുമാരൻ തമ്പി. ഷിബു ചക്രവർത്തിയുടേത് ചങ്ങാതിമാരൊത്തു പാടിനടക്കുന്ന ചെങ്ങാലിപ്പൂങ്കുരുവിയാണ്. ‘മനസ്സിനൊരായിരം കിളിവാതിൽ അടച്ചാലുമോർമ്മതൻ അടയ്ക്കാക്കുരുവികൾ ചിലയ്ക്കുന്ന കിളിവാതിൽ…’ എന്ന് പി.കെ. ഗോപി.
‘മഞ്ഞണിക്കൊമ്പിൽ ഒരു കിങ്ങിണിത്തുമ്പിൽ താനിരുന്നലിഞ്ഞാടിടുന്നൊരു സുമംഗലിക്കുരുവി’യാണ് ബിച്ചുവിന്റേത്. ഈ കുരുവിയേ പിന്നീട് കൈതപ്രവും വിലയ്ക്കെടുത്തു. ‘സുമംഗലിക്കുരുവീ പാടാത്തതെന്തേ’ എന്ന് അദ്ദേഹം. ‘വലംപിരിശംഖിൽ തീർത്ഥവുമായി വന്നൂ ദ്വാദശിപുലരി വാരണ വീടുവാൻ വരിനെല്ലുമായി വന്നു വണ്ണാത്തിക്കുരുവി..’ എന്ന് ശ്രീകുമാരൻ തമ്പി. ‘കളമൊഴിയിലെ സ്വരം കവർന്നീ ആലോലക്കുരുവികൾ പാടിയല്ലോ..’ എന്നും അദ്ദേഹം. തീർന്നില്ല’ വർണ്ണമണിമേടയിൽ വഴിമുട്ടി നിൽക്കും വായാടിക്കുരുവികളേ’യും അദ്ദേഹം അവതരിപ്പിച്ചു. കിനാവിൻപൂങ്കുരുവിയും അദ്ദേഹത്തിനു സ്വന്തം. ‘കഥയിലെ നായകന്റെ കണ്ണാടിക്കൂട്ടിലെ കണ്ണുനീർക്കുരുവിയെ കല്ലെറിഞ്ഞ’ വിഷമത്തിലാണ് വയലാർ. ‘പച്ചമലപ്പനംകുരുവി എന്നെ വിട്ടുപോയ കുറവനിക്കൂട്ടത്തിലുണ്ടോ..’ എന്നു ചോദിക്കുന്നു ഭാസ്കരൻ മാഷ്. ‘പരിഭവം കൊള്ളുമ്പോൾ തേൻകുരുവി പഴി ചൊല്ലി ചിലയ്ക്കുന്ന പൂങ്കുരുവീ..’ ശ്രീകുമാരൻ തമ്പി വീണ്ടും. ‘കാണുമ്പോൾ മാറി മാറി നോട്ടമിടും പൊന്നോലക്കുരുവി..’ എന്നു ഭാസ്കരൻ മാഷ്.
‘കുരുവിക്കിളി’ എന്ന സവിശേഷമായ ഒന്നിനേയും കാണാൻ കഴിഞ്ഞു..!! ‘പണ്ടുപണ്ടൊരുകാട്ടിൽ പൂമരക്കൊമ്പിന്റെ ചോട്ടിൽ രണ്ടു കുരുവിക്കിളികൾ കണ്ടുമുട്ടി തമ്മിൽ…’ എന്നു ഡോ. പവിത്രൻ. ‘കലപില കൂട്ടി കാകളി മീട്ടി കുട്ടിക്കുരുവികൾ ചിറകിൻ ചിതറിപ്പോയ്..’ (എന്തരോ..എന്തോ!!) എന്ന് പുത്തഞ്ചേരി. ‘രാക്കുരുവി മിഴികളില്‍ നനവാര്‍ന്നുവോ’ എന്ന് ഓ.എൻ.വി. സൂചിമുഖിക്കിളി കുറുമൊഴിമുല്ലമാല കോർത്തെന്ന് അനിൽ പനച്ചൂരാൻ!!! ‘മണ്ണാത്തിക്കുരുവീ കൈതോലക്കാടു വിട്ടു കാറ്റാടിക്കൂടു വിട്ടു വന്നാട്ടെ വന്നാട്ടെ’ എന്ന് വിളിക്കുന്നത് ഭാസ്കരൻ മാസ്റ്ററാണ്. അങ്ങനെ ജാതിതിരിച്ചുള്ള കുരുവിയും ഉണ്ടായി! നായരുകുരുവീ, നമ്പൂരിക്കുരുവീ എന്നൊക്കെ പാട്ടിൽ കണ്ടാലും ആരും ഞെട്ടരുതല്ലോ ;) ‘കൈനീട്ടമൊരുക്കിയിരിക്കണ കണ്മണിയാകണ്ടേ സിന്ദൂരക്കതിരുകളേ സംഗീതക്കുരുവികളേ..’ എന്ന് ശരച്ചന്ദ്രവർമ്മ.
ഇതിനെയെല്ലാം കടത്തിവെട്ടുന്നു പുത്തഞ്ചേരി. അദ്ദേഹത്തിന്റേത് കണ്ണാടിക്കുരുവിയാണ്. കണ്ണാടി, ചില്ല്, തൂവൽ, കൂട്, പൊട്ട്, പടം ഇത്യാദികൾ വിട്ടൊരുകളിയുമില്ലാത്ത അദ്ദേഹം ‘പട്ടുടുത്ത പാട്ടിന്റെ പൊട്ടുതൊട്ട ഞൊറിയില്‍ പകല്‍ക്കിളിപ്പൈതലേ നീ പറക്കൂ നിന്റെ കണ്ണാടിക്കുരുവിയ്ക്കും കൈതോലപ്പറവയ്ക്കും പിരിയാത്ത കൂട്ടായിപ്പോരുന്നു ഞാന്‍..’ എന്ന് നീട്ടിവിടുന്നു. തീർന്നില്ല ‘കട്ടുറുമ്പിനും മാമ്പഴക്കാലം കുക്കുരുവിക്കും മാമ്പഴക്കാലം’ എന്നും ഇഷ്ടൻ! പോരാ, ‘തെച്ചിമണി കാവോരം നീ കുറുകും കുറുകുരുവിയെ കണ്ടോ…’ എന്ന് ബാലേട്ടാ ബാലേട്ടാ എന്ന ഗാനത്തിൽ. ‘ചുണ്ടിൽ മുട്ടിയുരുമ്മിയ സ്നേഹക്കുരുവികൾ പല്ലവി പാടി..’ എന്ന് കൈതപ്രം. റഫീക് അഹമ്മദിന്റേത് നീല നിറത്തിലുള്ള ആറ്റക്കുരുവിയാണ്, നീലാറ്റക്കുരുവി. എന്നാൽ അഭയദേവിന്റേത് ‘കാനനച്ചോലകളില് ഗാനം നിലച്ചുപോയ് കാക്കക്കുരുവിക’ളാണ്..!!! ‘പാതിരാക്കുരുവി നിന് കിനാവുകള്‍ നിനവുകള്‍ ഏതു മൺവീണ തന് മലര്ത്തന്തി തേടുന്നുവോ…’ എന്ന് ഓ.എൻ.വി. ‘കതിർമണികൾ തേടി വരും കണ്മണിക്കുരുവികളെ കണ്ടുവോ നിങ്ങൾ കണ്ടുവോ കടലലകൾ തഴുകുമീ പുണ്യഭൂമി..’ എന്നും അദ്ദേഹം. ‘മഴവില്ലിന് കതിരെവിടെ മാവേലിക്കുരുവി..’ എന്നു ചോദിക്കുന്നത് മറ്റാരുമല്ല, കൈതപ്രമാണ്. വർഷത്തിലൊരിക്കൽ മാത്രം വരുന്ന കുരുവിയാകാം ഇത്! ‘ചുട്ടിക്കുരുവികളേ കൂട്ടുവരുമോ’ എന്നും അദ്ദേഹം. ‘ചിട്ടിക്കുരുവിയും’ അദ്ദേഹത്തിനു പേറ്റന്റുള്ള ഒരുതരം കുരുവിയാണ്. ‘നെയ്ത്തിരി എന്നെ വിട്ടിട്ടെന്തേ പോയി മഞ്ചാടിക്കുരുവി..’ എന്ന് റെഫീക്.
ഇനിയും വൈവിദ്ധ്യമാർന്ന പലതരം കിളികളും കുരുവികളും ഗാനങ്ങളിൽ ഉണ്ട്. അവയെക്കുറിച്ച് അടുത്ത ഭാഗത്തിൽ നമുക്ക് വിലയിരുത്താം. വിട്ടുപോയവയെ ഇവിടെ സൂചിപ്പിക്കാൻ മറക്കരുത്.
ഏവർക്കും നന്ദി....
“തളിർ
ഈ കിളികളെപറ്റി ഒരു പ്രാവശ്യം
മാടപ്രാവുകൾക്കും പ്രാതിനിധ്യം
ഹഹ... പ്രാവുകളും മോശമല്ല
അരുവീ തേനരുവീ അരുവിക്കരയിൽ
ചിങ്കാരക്കിളി..
ഇല്ലിയിളം കിളി ചില്ലിമുളം കിളി..
വളരെ മനോഹരമായിരിക്കുന്നു നിശി
വളരെ നന്ദി അശോകൻ ചേട്ടാ.. ഈ
തുമ്പികളേയും കൂട്ടണം.
തുമ്പികളും ശലഭങ്ങളും ഉടൻ
ചില മലയാളം പാട്ടുകളുടെ കരോകൈ കിട്ടുമോ
കുട്ടിമണിക്കുയിൽ എവിടെ ? :- )