മോഹം കൊണ്ടു ഞാൻ.........

Submitted by Nisi on Fri, 08/19/2011 - 15:25

ഡിസംബർ 19, 2010 - അന്ന് അനുജന്റെ വിവാഹമായിരുന്നു. അതു കഴിഞ്ഞ് തിരുവനന്തപുരത്തു നിന്നും ചെങ്ങന്നൂരെത്തുമ്പൊഴേക്കും നേരം വൈകിയിരുന്നു. പിറ്റേന്നാണ് പാലക്കാട്ട് വച്ച് M3DB യുടെ ഔദ്യോഗിക ഉദ്ഘാടനം! ട്രെയിനിൽ ടിക്കറ്റ് പോലും ബുക്കു ചെയ്തിട്ടില്ല. പോകാതിരിക്കാനും കഴിയില്ല, കാരണം ഉദ്ഘാടനത്തിനു പങ്കെടുക്കണമെന്നും എല്ലാരെയും കാണണമെന്നുമുള്ള ആഗ്രഹത്തിനൊപ്പം തന്നെ അവിടെ എത്തുന്ന മറ്റൊരാളെ കാണാനും പരിചയപ്പെടാനും കഴിയുമെന്ന ആവേശമായിരുന്നു മനസ്സു നിറയെ. മറ്റാരുമായിരുന്നില്ല അത്, ഇന്നലെ നമ്മേ വിട്ടു പിരിഞ്ഞ ജോൺസൺ മാഷ്. ആലോചിക്കാൻ അധികം സമയം ഇല്ലാത്തതു കൊണ്ട് കാറിൽ തന്നെ അർദ്ധരാത്രി പാലക്കാട്ടേക്ക് വച്ചു പിടിച്ചു. പുലർച്ചെ ആയപ്പോൾ പരിപാടി നടക്കുന്ന മൃണ്മയിയിൽ. എതിരൻ കതിരവനും ഉമേച്ചിയും നന്ദനും ഷാജി മുള്ളൂക്കാരനും ഹബിയുമെല്ലാം അവിടെയുണ്ടായിരുന്നു. ഞങ്ങൾ ഉദ്ഘാടകനായ വിശിഷ്ടാതിഥിയെ കാത്തിരുന്നു. ഒൻപതോടെ അദ്ദേഹം എത്തി.

കറുത്ത ഷർട്ടും കറുത്ത പാൻസും ധരിച്ച തടിച്ചു കുറുകിയ മനുഷ്യൻ. ഇടം കണ്ണ് ലേശം അടച്ചു പിടിച്ച് പുഞ്ചിരിയോടെ അദ്ദേഹം വന്നിറങ്ങുമ്പോൾ മനസ്സിൽ, രണ്ടു ദശാബ്ദക്കാലമായി മലയാള സിനിമാ സംഗീതത്തിൽ ഭാവഗാനങ്ങൾ പെയ്തുകൊണ്ടിരുന്ന ഒരുമേഘത്തിന്റെ ഗാംഭീര്യമുണ്ടായിരുന്നു. സഘാടകരായ ഞങ്ങളുടെ സ്നേഹ നിർഭരമായ സ്വീകരണത്തിലും പരിചരണത്തിലും അദ്ദേഹം കൂടുതൽ ആവേശഭരിതനായി കാണപ്പെട്ടു. വളരെ നാളുകളായി തനതു ശബ്ദം നഷ്ടപ്പെട്ട് ചികിൽസയിലായിരുന്ന അദ്ദേഹം സംസാരിക്കാൻ വളരെ ക്ലേശപ്പെട്ടെങ്കിലും അതെല്ലാം അവഗണിച്ച് ഞങ്ങളോട് ദീർഘനേരം സംസാരിക്കുകയും ഉദ്ഘാട ശേഷം സ്വന്തം ഇഷ്ടപ്രകാരം ഗിറ്റാറുമായി വേദിയിലെത്തി പത്തു പന്ത്രണ്ട് ഗാനങ്ങളുടെ പല്ലവി പാടുകയും ചെയ്തത് സത്യത്തിൽ എല്ലാവരേയും അത്ഭുതപ്പെടുത്തി. "നിങ്ങൾ ഇനി ഒരിക്കൽ വിളിക്ക്, ഞാൻ തീർച്ചയായും വരാം" എന്ന് അദ്ദേഹം പറഞ്ഞപ്പോൾ മനസ്സ് ആവേശം കൊണ്ട് നിറയുകയായിരുന്നു. എന്നാൽ അതെല്ലാം വെറും ഓർമ്മകളാക്കി എന്നെന്നേക്കുമായി 'തലക്കനം തൊട്ടു തീണ്ടിയിട്ടില്ലാത്ത' ആ എളിയ സംഗീത സംവിധായകൻ തിരശ്ശീലയ്ക്ക് പിന്നിലേക്ക് മറഞ്ഞു. ഓർക്കുമ്പോൾ മനസ്സിൽ എവിടെയോ ഒരു തീരാത്ത നൊമ്പരത്തിന്റെ രേഖകൾ തെളിഞ്ഞു വരുന്നു.

ദേവരാജൻ മാഷിനു ശേഷം ആ രീതിയിലുള്ള സംഗീത സംവിധാന ശൈലി പിന്നെ ദൃശ്യമായത് ജോൺസൺ മാഷിലാണ്. ഒരു അനുകരണമെന്ന നിലയിലല്ല, ഒരു അനുഭവം എന്ന നിലയിൽ. പരിമിതമായ പശ്ചാത്തല സംഗീതങ്ങളുടെ അകമ്പടിയോടെ അദ്ദേഹം തയ്യാറാക്കിയ ഗാനങ്ങൾ മിക്കവയും സംഗീത പരമായ ആസ്വാദന ക്ഷമതയാൽ സമ്പന്നമായിരുന്നു. അതുവരെ ഉണ്ടായിരുന്ന ഒരു രീതിയിൽ നിന്ന് മനസ്സിലേക്ക് ഇറങ്ങിച്ചെന്ന് ആധിപത്യം സ്ഥാപിക്കുന്ന ഒരു ആധികാരികത ആ സംഗീതത്തിൽ അന്തർലീനമായിരുന്നു. 81 ൽ ഇറങ്ങിയ ആദ്യ ഗാനമായ 'കുറു നിരയോ മഴമഴ മുകിൽ നിരയോ' എന്നത് ഒരു തുടക്കക്കാരനിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാൻ കഴിയാത്ത രീതിയിലുള്ള ഒഴുക്കും പദസഞ്ചാരത്തിനനുസൃതമായ ലളിതമായ സംഗീത ലാളനവും ദൃശ്യമായതായിരുന്നു. മലയാളികൾ ഒന്നടങ്കം ആ ഗാനം നെഞ്ചോടു ചേർത്തുവച്ചു. സാഹിത്യം വിവിധ തലങ്ങളിൽ സ്പർശിച്ചു കടന്നു പോകുന്നതിനനുസരിച്ച് ഈണത്തിന്റെ ഭാവവും മാറിമാറിവരുന്നത് നമുക്ക് ആ ഗാനത്തിൽ അനുഭവവേദ്യമാകുന്നു. 'വിരൽ‌നഖനാദമിഴയുമൂടുവഴികളിൽ' എന്ന വരിയിലും 'രതിരസമെന്നുമൊഴുമേക മൂർച്ഛയിൽ' എന്ന വരിയിലും നൽകിയിരിക്കുന്ന ഭാവം ഇക്കാലത്തെ ഒരു സം.സംവിധായകനു സ്വപ്നം മാത്രമായിരിക്കും എന്നും. 'അസ്ഥികൾക്കുള്ളിലൊരു തീനാളം' എന്ന അവസാന പദത്തിലെത്തുമ്പോൾ സംഭോഗ ശൃംഗാരത്തിന്റെ ഉന്നതങ്ങളിലേക്ക് ആസ്വാദകൻ ആനയിക്കപ്പെടുന്നു. എത്ര സം.സംവിധായകർക്ക് ഇത്തരത്തിൽ മനുഷ്യന്റെ മനസ്സിനെ നിയന്ത്രിച്ച് തന്റെ വരുതിയിലാക്കാൻ സാധിക്കുന്നുണ്ട് എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.

അതുപോലെ തന്നെ നാം ഇഷ്ടപ്പെടുന്ന ഒരു 'സിമ്പിൾ' ഗാനമാണ് 'നീ നിറയൂ ജീവനിൽ പുളകമായ്'. അധികം പശ്ചാത്തലത്തിന്റെ അകമ്പടി ഇല്ലാതെ ഗായകന്റെ ശബ്ദവും വരികളുടെ ഭംഗിയും ചെറിയ ബീറ്റും ചേർന്ന് നമ്മിലേക്ക് അതിന്റെ സന്ദേശം എത്തിക്കുന്നു. 'ഗോപികേ നിൻ വിരൽ തുമ്പുരുമ്മി', 'സ്വർണ്ണ മുകിലേ സ്വപ്നം കാണാറുണ്ടോ', 'എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ', തുടങ്ങിയ ആർദ്രഗാനങ്ങൾ എവിടെ എപ്പോൾ കേട്ടാലും മനസ്സിന്റെ കാതു കൂർപ്പിക്കാത്ത മലയാളികൾ ഉണ്ടാകുമെന്നു തോന്നുന്നില്ല. രചയിതാക്കൾ ആരുതന്നെ ആയിക്കൊള്ളട്ടെ സംഗീതത്തിന്റെ ഭാവം ജോൺസൺ എന്ന സംഗീതജ്ഞന്റെ കയ്യൊപ്പു ചാർത്തിയതായിരിക്കും. ഈ വിഭാഗത്തിലുള്ള അർദ്ധവിഷാദ ഗാനങ്ങളുടെ എല്ലാം പ്രത്യേകത അതിന്റെ രചനയിലുള്ള ആശയത്തേക്കാൾ അതിനു നൽകപ്പെട്ട സംഗീതത്തിന്റെ വികാരാർദ്രതയിൽ ആസ്വാദകരുമായി സംവദിക്കാൻ കഴിയുന്നുണ്ടെന്നതാണ്. 'അറിയാതെ, അറിയാതെ, എന്നിലെ എന്നിൽ നീ കവിതയായ് വന്നു തുളുമ്പി' എന്ന വരിയുടെ സാഹിത്യപരമായ ഗുണത്തെ കുറച്ചു കാണുന്നില്ല. എന്നാൽ അത് ജനഹൃദയങ്ങളിലേക്ക് പതിഞ്ഞിരിക്കുന്നത് അതിൽ ജോൺസൺ മാഷ് പൂശിയ പത്തര മാറ്റുള്ള സ്വർണ്ണ സംഗീതത്തിന്റെ മാസ്മര പ്രഭയിലാണെന്നത് ആർക്കും അവഗണിക്കാൻ കഴിയില്ല. അത് 'അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ' എന്ന ഗാനത്തിലേക്കെത്തുമ്പോൾ പ്രേമലോലുപയായ ഏതു പെണ്ണും അറിയാതെ കയ്യും മനസ്സും അതു വാങ്ങാൻ നീട്ടുന്ന ഒരു മായികാന്തരീക്ഷം തന്നെ സൃഷ്ടിക്കപ്പെടുന്നു. 'കൊച്ചു സുഖ ദുഃഖങ്ങൾ ജപമണി മുത്തുകളായെണ്ണുന്നു' എന്ന ഭാഗത്ത് അദ്ദേഹം എടുത്തെടുത്തു നൽകിയ ആ പഞ്ച് ആ ഗാനത്തിന്റെ സന്ധർഭവുമായി എത്ര ഇഴുകിച്ചേർന്നിരിക്കുന്നു എന്ന് ശ്രദ്ധിക്കുക. 'ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം' കേൾക്കുമ്പോൾ അനുഭവപ്പെടുന്ന ആ ഏകാന്തതയും ശൂന്യതയും കല്യാണി എന്ന രാഗത്തിലൂടെ പ്രകടിപ്പിച്ചത് ഒരു അസാധാരണ സംഭവമായിരുന്നു. 'നീല രാവിൽ ഇന്നു നിന്റെ താരഹാരമിളകി', 'ബ്രഹ്മകമലം ശ്രീലകമക്കിയ', 'മൗനസരൊവരമാകെയുണർന്നു', 'രാജഹംസമേ', 'മധുരം ജീവാമൃതബിന്ദു', 'രാത്തിങ്കൾ പൂത്താലിചാർത്തി', 'പൊന്നിൽ കുളിച്ചു നിന്നു', 'ആദ്യമായ് കണ്ട നാൾ', 'എന്തേ കണ്ണനു കറുപ്പു നിറം' എന്നീ ഗാനങ്ങളിലെ പ്രൗഢഗംഭീരമാർന്ന സംഗീത ഭാവം ഒരിക്കലും ഒരു മലയാള സംഗീതാസ്വാദകനും മറക്കാൻ കഴിയില്ല. അത്രമാത്രം അത് ഹൃദയത്തോട് ചേർന്നു നിൽക്കുന്നു, രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കന്നു.

പ്രൗഢസുന്ദരങ്ങളായ അർദ്ധശാസ്ത്രീയ ഗാനങ്ങൾക്കൊപ്പം തന്നെ ഒരു പിടി ഗ്രാമീണ ശാലീനത തുളുമ്പുന്ന പാട്ടുകളും അദ്ദേഹം നമുക്കായി സമ്മാനിച്ചു. 'പൂവേണം പൂപ്പട വേണം', 'കുന്നിമണിച്ചെപ്പുതുറന്നെണ്ണി നോക്കും നേരം', 'തങ്കത്തോണി തെന്മലയോരം കണ്ടേ', 'കണ്ണാടിക്കൈയിൽ കല്യാണം കണ്ടോ', 'മഞ്ചാടിമണികൊണ്ടു മാണിക്യക്കുടം നിറഞ്ഞു', 'അന്തിക്കടപ്പുറത്തൊരോലക്കുട', 'ഇനിയൊന്നുപാടൂ ഹൃദയമേ', 'നാട്ടുമാവിൻ ചോട്ടിലെ', 'സൂര്യാംശുവോരോ വയൽപ്പൂവിലും' തുടങ്ങിയ ഗാനങ്ങൾ നൽകിയ ലാളിത്യം ആർക്കും ഒരിക്കലും മറക്കാൻ കഴിയില്ല. സന്ദർഭത്തിന്റെ മർമ്മമറിഞ്ഞ് വരികളിലെ അർത്ഥവും ഭാവവും മനസ്സിലാക്കി സംഗീതം നൽകാൻ അദ്ദേഹത്തിനുള്ള കഴിവ് മലയാള സം.സംവിധായകർ അധികം പേർക്കുണ്ടായിരുന്നില്ല. 'മോഹം കൊണ്ടു ഞാൻ ദൂരെയേതോ....' എന്ന ഗാനം ജയേട്ടന്റെ ശബ്ദത്തിൽ മനസ്സിൽ പതിയുന്നത് അദ്ദേഹത്തിന്റെ നിഗൂഢമായ സംഗീത സ്പർശത്തിന്റെ സ്വാധീനത്താലാണ്. 'മെല്ലെ മെല്ലെ മുഖപടം' പോലെയുള്ള ഗാനങ്ങളിലെ സുഖദമായ ആർദ്രതയും വികാരവും അതിന്റെ സംഗീതത്തിനു മാത്രം അവകാശപ്പെട്ടതാണ്. ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി 'ആടിവാ കാറ്റേ പാടിവാ കാറ്റേ', 'കണ്ണുകളിൽ പൂ വിരിയും കവിതപോലെ', 'മന്ദാരച്ചെപ്പുണ്ടോ', 'ദൂരെ ദൂരേ സാഗരം തേടി', 'പൂത്താലം വലം കയ്യിലേന്തി', ' ആകാശ ഗോപുരം', 'മൗനത്തിൻ ഇടനാഴിയിൽ', 'കണ്ണാടിക്കൈയിൽ', 'താനേ പൂവിട്ട മോഹം', 'പീലിക്കണ്ണെഴുതി', 'ഇനിയൊന്നു പാടൂ ഹൃദയമേ', 'തൂമഞ്ഞിൻ നെഞ്ചിലുറങ്ങി' പോലെയുള്ള ഗാനങ്ങളിലൂടെ തന്റെ മാത്രമായ ഒരു ശൈലി രൂപപ്പെടുത്തിയെടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. എത്ര കാലങ്ങൾ കഴിഞ്ഞാലും വിസ്മൃതിക്ക് തൊട്ടു നോക്കാൻ പോലുമാകാത്ത വിധം അത് ജനമനസ്സുകളിലേക്ക് പതിഞ്ഞുവെന്നത് ആ സംഗീതത്തിന്റെ സ്വീകാര്യതയും ജനകീയതയും വെളിവാക്കുന്നു. എടുത്തു പറയാനാണെങ്കിൽ നൂറുകണക്കിനു പാട്ടുകൾ....!!!

ഇക്കാലത്തെ സം.സംവിധായകർക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഭാവങ്ങളായിരുന്നു രവീന്ദ്രൻ മാഷിനെപ്പോലെ ജോൺസൺ മാഷിന്റേയും മുഖമുദ്ര. പാട്ടെന്നാൽ ശബ്ദകോലാഹലങ്ങളാണെന്ന് വിശ്വസിക്കുന്ന പുതുതലമുറയ്ക്ക് അദ്ദേഹം അന്യനായിരുന്നു. ആരും ആ ശൈലിയിലെ സൗന്ദര്യം തിരിച്ചറിയാനും തങ്ങളുടെ സൃഷ്ടികളിലേക്ക് അതിന്റെ ചാരുത ആവാഹിച്ച് സ്വന്തമായൊരു ശൈലി രൂപപ്പെടുത്തിയെടുക്കാനും ശ്രമിച്ചില്ല, ശ്രമിക്കുന്നുമില്ല. വരികളെഴുതി ഈണമിട്ടാലും മറിച്ചായാലും ഒരു ഗാനത്തിന്റെ ഭംഗി നഷ്ടപ്പെടരുതെന്ന ബോധമൊന്നുമില്ലാത്ത ഇക്കാലത്തെ ഗാന കലാപങ്ങൾ അടിച്ചമർത്താൻ ഒരു പോരാളിയായി അദ്ദേഹം വീണ്ടും എത്തുമെന്ന ഒരു ശുഭപ്രതീക്ഷയുണ്ടായിരുന്നു, ഇന്നലെ വരെ. ഇനി ആരുണ്ട് നമുക്ക് 'കണ്ണീർ പൂവ്' പോലെയും 'കാമിനീ മുല്ലകൾ' പോലെയും 'പ്രിയേ.. പ്രിയേ.. വസന്തമായ്' പോലെയുമുള്ള ഗാനങ്ങൾ സമ്മാനിക്കാൻ...........!

അദ്ദേഹത്തെ നേരിൽ കാണാൻ കഴിയുന്നതിൽ സ്വകാര്യമായ ചില ആവശ്യങ്ങളും ഞാൻ മനസ്സിൽ ഒളിപ്പിച്ചു വച്ചിരുന്നു. ഒരു പാട്ടിനെങ്കിലും അദ്ദേഹത്തെക്കൊണ്ട് ഈണം നൽകിക്കണമെന്ന ഒരത്യാഗ്രഹം. ആരും കേൾക്കാതെ അതൊന്നറിയിക്കുന്നതെങ്ങനെയെന്നുവച്ച് അദ്ദേഹത്തെ ഒറ്റയ്ക്ക് കിട്ടാനായി ഞാൻ കറങ്ങി നടന്നു. അദ്ദേഹത്തിനു ആഹാരം വിളമ്പിക്കൊടുക്കുമ്പോഴും സംസാരിച്ചിരിക്കുമ്പോഴും ചിത്രൻ അടക്കമുള്ളവർ കൂടെ ഉണ്ടായിരുന്നതിനാൽ ചോദിക്കാനൊരു ചമ്മൽ! അവസാനം അദ്ദേഹം വീടിന്റെ പുറകിലേക്ക് ഒറ്റയ്ക്ക് നടക്കുന്നതു കണ്ടപ്പോൾ ഞാൻ പുറകേ ചെന്നു. കാര്യം അവതരിപ്പിച്ചു. എന്നെ ഓടിച്ചു വിടുമെന്ന ഭയത്താൽ മറുപടി കാത്തു നിന്ന എന്നോടു പറഞ്ഞത് 'അതിനെന്താ, അതല്ലേ എന്റെ പണി, സൗകര്യം പോലെ വിളിച്ചാൽ മതി, നമുക്കിരിക്കാം' എന്നാണ്. അന്നേരത്തെ മനസ്സിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാത്തതായിരുന്നു. ഭാസ്കരൻ മാഷിനും ഓ.എൻ.വി സാറിനും മറ്റും സംഗീതം നൽകിയ പ്രതിഭ എന്റെ ഒരു പാട്ടിനു സംഗീതം നൽകുന്ന ആ നിമിഷം ഇന്നലെ വരെ സ്വപ്നം കണ്ടിരുന്നു. അദ്ദേഹം പറഞ്ഞതിന്റെ അടുത്ത ദിവസങ്ങളിൽ തന്നെ പാട്ടും പകുതി എഴുതി വച്ചു.

"ദേവദൂതികേ... രാഗ സന്ധ്യയിൽ
നീ വരൂ,വിലോലയായ്, പദങ്ങളാടുവാൻ
തേടി നിൽക്കയായ്, പ്രണയാർദ്രമാനസം
മദനകദനമുണരും പുതു മധുരകവിതയൊഴുകും
രാസ സന്ധ്യയിൽ..., അനുരാഗ സന്ധ്യയിൽ..."

ഇനി ഇത് ആരെക്കൊണ്ട് ചെയ്യിക്കും എന്നറിയാതെ മനസ്സു വിങ്ങുകയാണ്, കണ്ണുകൾ താനേ നനയുന്നു.... ഒരിക്കലും നടക്കാത്ത ഒരു സ്വപ്നമായി, ദുഃഖമായി എന്നെന്നും മനസ്സിലവശേഷിപ്പിച്ച് അദ്ദേഹം പോയി, നമ്മളുടെ സന്തോഷങ്ങളിൽ, ദുഃഖങ്ങളിൽ, സ്വകാര്യ വികാരങ്ങളിൽ കൂടെക്കൂട്ടാൻ ഒരുപിടി ഈണങ്ങൾ ബാക്കിയാക്കി....

മറക്കില്ല, ഒരിക്കലും.....

Article Tags
Contributors