സിനിമാസാഹിത്യം

പി കെ ശ്രീനിവാസൻ

Submitted by Kiranz on Sat, 08/29/2015 - 19:42
Name in English
P K Sreenivasan

എഴുത്തുകാരൻ, പത്രപ്രവർത്തകൻ, മീഡിയ കൺസൾട്ടന്റ്. 

മലയാള നാട്, കലാകൗമുദി, കേരളകൗമുദി, ഇന്ത്യാറ്റുഡേ (മലയാളം) തുടങ്ങിയ ആനുകാലികങ്ങളിൽ പ്രവർത്തിച്ചു.

മറവിൽക്രിയ (നാടകം), അക്ഷരങ്ങളുടെ മരണം (കഥകൾ), കോടമ്പാക്കം: ബ്ലാക്ക് & വൈറ്റ്, സർഗസാക്ഷ്യം- സൃഷ്ടിയുടെ പഞ്ചമുഖങ്ങൾ എന്നിവ സ്വതന്ത്രകൃതികൾ. മണിയോർഡർ - തിരക്കഥ ( കഥ - എം ഗോവിന്ദൻ, സംവിധായകൻ - പി എൻ മേനോൻ ).  തണ്ണീർ (നോവൽ - അശോകമിത്രൻ) ,കൃഷ്ണാ കൃഷ്ണാ, വേദപുരത്തെ വ്യാപാരികൾ (നോവലുകൾ - ഇന്ദിരാപാർത്ഥസാരഥി), കനിമൊഴിക്കവിതകൾ (കവിതകൾ), കറുക്കുന്ന മൈലാഞ്ചി (കനിമൊഴിയുടെ ലേഖനങ്ങൾ) , ഡോംഗ്രിയിൽ നിന്ന് ദുബായിലേക്ക്, ബൈക്കുളയിൽ നിന്ന് ബാങ്കോങ്കിലേക്ക് (എസ് ഹുസൈൻ സെയ്ദി) എന്നിവ മൊഴിമാറ്റങ്ങൾ. എം ഗോവിന്ദൻ എഡിറ്റ് ചെയ്ത "Poetry And Renaissance - Kumaran Asan Birth Centenary Volume പുന:പ്രകാശിപ്പിച്ചു.

എഡിറ്റർ - മലയാളാ സിനിമ അരനൂറ്റാണ് (1986), നീയെവിടെ പ്രിയപ്പെട്ട വാഗോഗ് (വിശ്വനാഥൻ പാരീസ്). മലയാള സിനിമ ടെലിവിഷൻ ഇയർ ബുക്ക് 2010. പ്രശസ്ത ചിത്രകാരൻ കെ സി എസ് പണിക്കരേപ്പറ്റിയുള്ള ഇംഗ്ലീഷ് ഡോക്യുമെന്ററി “ കെ സി എസ് പണിക്കർ : റിഥം ഓഫ് സിംബൽസ്” സംവിധാനം ചെയ്തു. ഫിലിം ക്രിട്ടിക്സ് സ്വർണ്ണമെഡലുകൾ ഉൾപ്പടെയുള്ള അംഗീകാരങ്ങൾ. ഇപ്പോൾ ചെന്നൈയിലെ ബ്ലൈസ് മീഡിയ പബ്ലിക്കേഷന്റെ എഡിറ്റർ.

വിലാസം : 

  • Blaze Media, No:172A,
  • Paranjothi Street,Valsaravakkam,
  • Chennai 600 087 ,
  • Email : pksreenivasan (at) gmail.com
  • Cell : +91 9444904990 / 9884219777 
  • പി കെ ശ്രീനിവാസിന്റെ "കോടമ്പാക്കം ബ്ലാക്ക് & വൈറ്റ്" എന്ന സിനിമാ രംഗത്തെ വ്യക്തികളെക്കുറിച്ചുള്ള കുറിപ്പുകളുടെ സമാഹാരം പല ആർട്ടിസ്റ്റുകളുടെ പ്രൊഫൈലുകൾക്കും അവലംബമായി സൂക്ഷിക്കാവുന്നതാണ്.

ടി പി ശാസ്തമംഗലം

Submitted by aku on Sun, 12/06/2015 - 21:23
Alias
ടി പി രാജു
Name in English
T P Sasthamangalam

1970കളുടെ ഒടുവിലാണ് ടി പി ശാസ്തമംഗലം സിനിമാഗാന നിരൂപകൻ/ വിമര്‍ശന രംഗത്തേക്ക് വരുന്നത്. 'രാഷ്ട്രപ്രഭ' എന്ന ആനുകാലികത്തിലായിരുന്നു ആദ്യ ലേഖനം വരുന്നത്, വളരെക്കുറച്ച് കോപ്പികള്‍ മാത്രമുള്ള ഇതിലെ ലേഖനമെഴുത്ത് പലരുടെയും ശ്രദ്ധയില്‍പ്പെട്ടു.മാധ്യമപ്രവര്‍ത്തകരായ എസ്.ജയച്ചന്ദ്രന്‍ നായരുടെയും  എന്‍.ആര്‍.എസ്.ബാബുവിന്റെയും നിർദേശ പ്രകാരം 'ഫിലിം മാഗസിനു' വേണ്ടി എഴുതി കൊണ്ട്‌ ആണ് മുഖ്യധാരയിലേക്ക് എത്തുന്നത്‌. ഗാനവിമര്‍ശനം ഒരു എഴുത്ത് ശാഖയായി മലയാളത്തില്‍ തുടങ്ങിവെച്ചത്  ടി പി ശാസ്തമംഗലം ആണ്, കഴിഞ്ഞ 35 വര്‍ഷത്തിലേറെയായി ഗാനവിമര്‍ശനം തുടര്‍ച്ചയായി എഴുതുന്ന മലയാളത്തിലെ ഏക ഗാനവിമര്‍ശകനാണ്.

അദ്ദേഹത്തിന്‍െറ ഗാനപഠനങ്ങള്‍ 'കാവ്യഗീതിക' എന്ന പേരിൽ പുസ്തകം ആയി. മലയാളഗാനലോകത്തിലെ മുത്തുകളായ 100 പാട്ടുകള്‍ തെരഞ്ഞെടുത്ത് അതിനുള്ള ആസ്വാദനമാണീ പുസ്തകം,ഒപ്പം ഒരു ലളിതഗാനം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചലചിത്രഗാനങ്ങള്‍ നിരര്‍ത്ഥ ശബ്ദങ്ങളായി മാറിയിരിക്കുന്ന ഇക്കാലത്ത് ഗാനങ്ങളുടെ ശക്തിയും കാവ്യഭംഗിയും ഓര്‍മ്മപ്പെടുത്താനുള്ള ശ്രമം തികച്ചും അര്‍ത്ഥപൂര്‍ണ്ണം തന്നെ.

 ഫുഡ്‌കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ ഔദ്യോഗിക ജീവിതത്തില്‍നിന്ന് ഈയിടെ വിരമിച്ചു. 

 

അവലംബം : മാധ്യമം, മാതൃഭൂമി   

 

ടി എം പി നെടുങ്ങാടി

Submitted by aku on Sat, 08/22/2015 - 17:35
Nadirsha
Alias
നാദിര്‍ഷ
Name in English
T M P Nedungadi

പ്രശസ്ത സിനിമാ നിരൂപകന്‍ ആണ്  നാദിര്‍ഷ എന്നപേരിൽ അറിയപെടുന്ന  ടി.എം.പി. നെടുങ്ങാടി.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സിനിമാവിശേഷങ്ങള്‍ക്കായി ചിത്രശാല എന്ന പംക്തി തുടങ്ങിയിരുന്ന സമയത്ത്  തുടര്‍ച്ചയായി അതിൽ നിരൂപണങ്ങള്‍ എഴുതി വായനക്കാരെ ആകര്‍ഷിക്കുവാൻ അദ്ദേഹത്തിനു സാധിച്ചു. 

വളരെക്കാലം ബോംബെയിലായിരുന്ന ശ്രീ നെടുങ്ങാടി, അവിടെ പുറപ്പാട്  എന്ന പേരിൽ ഒരു നാടക സമിതി രൂപീകരിച്ചിരുന്നു.  

 

കെ അപ്പുക്കുട്ടൻ നായർ

Submitted by aku on Sun, 08/23/2015 - 15:06
K Appukuttan Nair
Alias
കോഴിക്കോടൻ
Name in English
K Appukuttan Nair
Date of Death

മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നിരൂപകനായിരുന്നു കോഴിക്കോടന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന കെ അപ്പുക്കുട്ടന്‍ നായര്‍.1925-ല്‍ പാലക്കാട് തിരുവേഗപ്പുറം ചെമ്പ്രയില്‍ ജനിച്ചു. പോസ്റ്റുമാസ്റ്ററായി സേവനം അനുഷ്ടിച്ചിരുന്നു.മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ചിത്രശാല എന്ന സിനിമാ നിരൂപണ പംക്തിയാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. രണ്ടായിരത്തോളം സിനിമാ നിരൂപണങ്ങളെഴുതി, കേരള ഫിലിം ക്രിട്ടിക്സ്‌ അസോസിയേഷന്റെ ആദ്യ പ്രസിഡന്റായിരുന്നു.

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പത്തു ചിത്രങ്ങള്‍ ചലച്ചിത്ര സല്ലാപം, ചലച്ചിത്ര ജാലകം, സത്യന്‍ എന്ന നടന്‍, മലയാള സിനിമ എന്റെ പ്രേമ ഭാജനം തുടങ്ങിയ ചലച്ചിത്രസംബന്ധിയായ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മഹാനായ ശിക്കാറി, ഏഷണിപുരാണം തുടങ്ങിയ ഹാസ്യ കൃതികളും വെറും മക്കാര്‍, സ്‌നേഹാദരപൂര്‍വ്വം എന്നീ കവിതാസമാഹാരങ്ങളും രചിച്ചു. ചലച്ചിത്ര ആസ്വാദനം എങ്ങനെ എന്ന പുസ്തകത്തിന് 1988-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡും പടച്ചോനിക്ക് സലാം എന്ന കവിതാസമാഹാരത്തിന് 2002-ലെ ഹാസ്യസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. 2007 ജനുവരി 20-ന് അന്തരിച്ചു.

മൂർക്കോത്ത് കുഞ്ഞപ്പ

Submitted by aku on Sat, 10/10/2015 - 08:32
Moorkoth Kunhappa
Tags
മലയാളത്തിലെ ആദ്യത്തെ സിനിമാ ലേഖനം/പുസ്തകം
Name in English
Moorkoth Kunhappa
Date of Birth
  • മലയാള മനോരമയിൽ(കോഴിക്കോട് )അസോസിയേറ്റ്‌ എഡിറ്ററായിരുന്നു.
  • 1951-ൽ 'സിനിമ' എന്ന പേരിൽ ഒരു സിനിമാ പുസ്തകം പ്രസിദ്ധീകരിച്ചു.

അച്ഛന്‍: എഴുത്തുകാരനും അധ്യാപകനും ആയിരുന്ന മൂര്‍ക്കോത്ത് കുമാരന്‍
അമ്മ: യശോദ
സഹോദരങ്ങൾ : മൂര്‍ക്കോത്ത് രാമുണ്ണി(എഴുത്തുകാര‍ൻ, ഭരണതന്ത്രജ്ഞൻ, സാമൂഹ്യ പ്രവർത്തകൻ) & മൂര്‍ക്കോത്ത് ശ്രീനിവാസന്‍(കവി, പത്രപ്രവര്‍ത്തകൻ, പ്രാസംഗികൻ, അധ്യാപകൻ)

സിനിക്ക് വാസുദേവൻ നായർ

Submitted by Kiranz on Sun, 08/23/2015 - 18:17
Alias
സിനിക്ക്
വാസുദേവൻ നായർ
Vausdevan Nair
Name in English
Cynic Vasudevan Nair

സിനിക്ക് എന്ന തൂലികാ നാമം കൊണ്ട് മലയാള ചലച്ചിത്രശാഖയിൽ തന്റേതായ ഒരു പേരു കൊത്തി വച്ച വ്യക്തിത്വം. ഒരു ചലച്ചിത്ര നിരൂപകൻ മാത്രമായിരുന്നില്ല സിനിക്ക്. ഇരുത്തം വന്ന ഒരു ചെറുകഥാകൃത്തും നടനും നാടകകൃത്തുമായിരുന്നു.കായിക വിനോദങ്ങളിലും സംഗീതത്തിലും അതീവതല്പ്പരനായിരുന്നു.സിനിമ അദ്ദേഹത്തിനു ജീവനായിരുന്നു.രസതന്ത്ര ബിരുദധാരിയായിരുന്ന സിനിക്ക് പോസ്റ്റൽ ഡിപ്പാർട്ട്മെന്റിലായിരുന്നു ജോലി ചെയ്തിരുന്നത്.1930 ൽ സെക്കൻഡ് ഫോറത്തിൽ പഠിക്കുമ്പോൾ കോഴിക്കോട്ടെ രാധാ പിക്ചർ പാലസിൽ വച്ചായിരുന്നത്രെ ആദ്യമായി അദ്ദേഹം സിനിമ കണ്ടത്.

"സിനിക്കെ"ന്ന തൂലികാനാമത്തിൽ അദ്ദേഹം ആദ്യമെഴുതിയ സിനിമാ നിരൂപണം "മാതൃഭൂമി" ആഴ്ചപ്പതിപ്പിൽ പ്രസിദ്ധം ചെയ്തത് 1950 ഒക്ടോബർ 3 ലക്കത്തിൽ ആയിരുന്നു."മഹൽ -ഒരാസ്വാദനം" എന്നായിരുന്നു അതിന്റെ ശീർഷകം. സിനിമയുടെ നന്മക്കും മേന്മക്കും വേണ്ടി അൻപതിൽ ചലിപ്പിക്കാൻ തുടങ്ങിയ ആ തൂലിക മരിക്കുന്നതിനു രണ്ടു ദിവസം മുൻപ് വരെ ഊർജസ്വലമായി ചലിക്കുക തന്നെയായിരുന്നു. മലയാള സിനിമയെക്കുറിച്ച് വിമർശനം എഴുതി തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ തൂലിക കൂടുതൽ മൂർച്ചയുള്ളതായി മാറി. അതിശയോക്തിയും ആഭാസീകരണവും തുടങ്ങി ബോക്സോഫീസ് ഘടകങ്ങളുടെ രൂപത്തിൽ കഥയുടെ കെട്ടുറപ്പ് തകർത്തു കളയുന്ന അസംബന്ധങ്ങളെ മുഖം നോക്കാതെ തുറന്നടിക്കാനുള്ള ഉശിരും സത്യസന്ധതയും അദ്ദേഹം ഓരോ നിരൂപണത്തിലും പ്രകടമാക്കിയിരുന്നു. തന്മൂലം സുഹൃത്തുക്കളേക്കാളേറെ ശത്രുകളെ സമ്പാദിച്ചു .

1962 -ൽ "പാലാട്ടു കോമൻ "എന്ന കുഞ്ചാക്കോ ചിത്രം വിമർശിച്ചതിന്റെ പേരിൽ സിനിക്കിന് കോടതി കയറേണ്ട ഗതികേടും വരുകയുണ്ടായി. തന്റെ സർക്കാരുദ്യോഗത്തിനു പോലും അപകടം സംഭവിക്കാവുന്ന കാര്യം. കേരള ചരിത്രത്തിൽ ഇത്തരത്തിലുള്ള ആദ്യ സംഭവം. ചങ്ങനാശ്ശേരി കോടതിയിൽ ഫയൽ ചെയ്ത കേസ് പിന്നീട് പിൻവലിക്കപ്പെട്ടു . കുഞ്ചാക്കോവിന്റെ പേരിൽ മലയാള സിനിമയുടെ ഉൽക്കർഷത്തിനു വേണ്ടി സേവനമനുഷ്ടിച്ചവർക്കായ് നീക്കി വച്ച അവാർഡ് 1977-ൽ നൽകപ്പെട്ടത്‌ സിനിക്കിനായിരുന്നുവത്രേ! " അസാധാരണമായ അവാർഡ് " എന്ന തലക്കെട്ടിൽ മനോരമ ആഴ്ച്ചപ്പതിപ്പിൽ അന്നതിന്റെ പത്രാധിപരായിരുന്ന ഉറൂബ് ഒരു മുഖലേഖനവും കുറിച്ചിട്ടു.

ഒരായിരം പടങ്ങൾ നിരൂപണം ചെയ്തിട്ടുണ്ടദ്ദേഹം. ചലച്ചിത്ര നിരൂപണം വെറും ഗോസിപ്പുകളിലും താരങ്ങളുടെ അപദാനങ്ങളിലും അപവാദകഥകളിലും തങ്ങി നിന്നിരുന്ന കാലഘട്ടത്തിലാണ് അദ്ദേഹം സിനി ക്രിട്ടിക്ക് എന്നർത്ഥം വരുന്ന "സിനിക്കെ"ന്ന തൂലികാനാമത്തിലൊതുങ്ങി നിന്നുകൊണ്ട് ചലച്ചിത്ര നിരൂപണം തുടങ്ങിയത്. സിനിക്കിന്റെ രണ്ടു ഭാഗങ്ങളുള്ള നിരൂപണ സമാഹാരമായ "മലയാള സിനിമ" (1967) യ്ക്കെഴുതിയ അവതാരികയിൽ എൻ.വി.കൃഷ്ണവാര്യർ പറഞ്ഞത് പോലെ മൂല്യനിർധാരണത്തിൽ ചിലപ്പോൾ അദ്ദേഹവുമായി വിയോജിക്കേണ്ടി വന്നേക്കാം. എന്നാൽ പക വച്ച് ആരെയെങ്കിലും താഴ്ത്തുകയോ ലാഭം മുന്നിൽ കണ്ട് ആരെയെങ്കിലും പുകഴ്ത്തുകയോ ഏതെങ്കിലും പടത്തിൽ ഇല്ലാത്ത തിന്മ കാണുകയോ ഉള്ള നന്മ കാണാതിരിക്കുകയോ അദ്ദേഹം ചെയ്തിട്ടുള്ളതായി ആർക്കെങ്കിലും പറയാൻ കഴിയുമെന്നു തോന്നുന്നില്ല. 

കഥയെഴുതിവെക്കലാണ് അദ്ദേഹത്തിന്റെ നിരൂപണമെന്നൊരു ആക്ഷേപം ഉയർന്നിട്ടുണ്ട്. പക്ഷെ സിനിമ കാണാത്ത അസംഖ്യം പേർക്ക് അദ്ദേഹത്തിന്റെ സമ്പൂർണ്ണ നിരൂപണം ഒരനുഗ്രഹമായിരുന്നു എന്നത് വാസ്തവം. വെള്ളിത്തിരയുടെ പകിട്ട് കണ്ടു പകച്ച ഇവിടത്തെ ആൾക്കൂട്ടത്തെ കൈപിടിച്ച് അധികമധികം ഇരുട്ടിലേക്കിറക്കി അതിനെ ചൂഷണം ചെയ്യുന്ന സ്വാർത്ഥമതികൾക്കെതിരായി തന്റെ തൂലിക ഉയർത്തിയതാണ് സിനിക്ക് ഇന്നാട്ടിലെ കാണികൾക്കും സിനിമക്കും ചെയ്ത സ്മരണീയ സേവനം .

രണ്ടു തവണ സ്റ്റേറ്റ് ഫിലിം അവാർഡ് കമ്മറ്റിയിൽ (1971,1981) അംഗമായിരുന്ന അദ്ദേഹം "ചലച്ചിത്രചിന്തകൾ "(1959) "സിനിമ- വൈരൂപ്യവും സൗന്ദര്യവും" (1973), "വാടാമലരുകൾ" (1973) "ഫിലിം ഗാലറി" (1969) "കാഴ്ചപ്പാടുകൾ" ( 1981) എന്നിങ്ങനെ അഞ്ചു ചലച്ചിത്ര പുസ്തകങ്ങൾ കൂടി രചിച്ചിട്ടുണ്ട്-ലേഖന സമാഹാരങ്ങളും നിരൂപണ സമാഹാരങ്ങളും ഇതിൽ പെടും. 

മാതൃഭൂമി സിനിമ റിവ്യൂ എന്ന സ്വൈരക്കേട്‌ നിർത്തിയപ്പോൾ അദ്ദേഹം എഴുത്ത് നിർത്തിയില്ല.അത് "ചന്ദ്രിക" ആഴ്ചപ്പതിപ്പിലും "ഹിന്ദു" ദിനപ്പത്രത്തിന്റെ പത്താം പേജിലും "ഗൾഫ് വോയ്സി"ലും "കലാലയ"ത്തിലും മറ്റുമായി ഇംഗ്ലീഷിലും മലയാളത്തിലും ഒരു പോലെ പടരുകയും പരക്കുകയുമാണുണ്ടായത്.എസ്.കെ.പൊറ്റക്കാട്ടിന്റെ രണ്ടു കഥകൾ വിവർത്തനം ചെയ്ത് "കാരവാനിൽ പ്രസിദ്ധീകരിച്ചു.മലയാള സിനിമയിലെ ലൈംഗിക അതിപ്രസരത്തെ കുറിച്ച് "ഫിലിം ഫെയറി"ലും എഴുതി 

1982 ഡിസംബർ 21 ന് 63 ആം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് യാത്ര പറഞ്ഞു. പത്നി കോഴപ്പള്ളി ലീല.മക്കൾ അരുണ്‍ കുമാർ ,ശ്യാം മനോഹർ,സുധാബിന്ദു, രാധിക.ഏറ്റവും ഒടുവിൽ എഴുതിയ സിനിമാ നിരൂപണങ്ങൾ "സിന്ദൂരസന്ധ്യക്ക്‌ മൗന"വും "ലയ" വും(1982) ആയിരുന്നു.

വിവരങ്ങൾക്ക് അവലംബം : 
1.ചലച്ചിത്ര ജാലകം- കോഴിക്കോടൻ (1985)
2.നിഴലുകൾ പൊയ്മുഖങ്ങൾ- സിനിക്ക് (1966)
3. വാണക്കുറ്റിയുടെ കുറിപ്പുകൾ ( 1969)

പ്രമോദ് പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റ് 

രവി മേനോൻ

Submitted by Kiranz on Thu, 08/13/2015 - 18:49
Name in English
Ravi Menon

കോഴിക്കോട് സ്വദേശി.സംഗീതാസ്വാദകൻ, നിരൂപകൻ എന്ന നിലയിൽ പ്രശസ്തൻ, കേരള കൗമുദിയിൽ സ്പോർട്സ്, സംഗീതം എന്നീ മേഖലകളിൽ കോളമിസ്റ്റായി പ്രവർത്തിച്ചിരുന്നു. ഇപ്പോൾ മാതൃഭൂമിയുടെ സംഗീത വിഭാഗത്തിലെ റിസേർച്ച് ഹെഡായി ജോലി നോക്കുന്നു. പുരസ്ക്കാരാർഹമായ നിരവധി പുസ്തകങ്ങളുടെ ഉടമ.ചലച്ചിത്ര ശബ്ദലേഖകനായിരുന്ന കൃഷ്ണ ഇളമണ്ണിനേക്കുറിച്ചെഴുതിയ ലേഖനത്തിന് 2014ലെ മികച്ച ചലച്ചിത്രാധിഷ്ഠിത ലേഖനത്തിനുള്ള സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര അവാർഡ് കരസ്ഥമാക്കി.

വി കെ ജോസഫ്

Submitted by Kiranz on Thu, 08/13/2015 - 18:12
Name in English
V K Joseph

ഫിലിം സൊസൈറ്റി പ്രവർത്തകൻ, ചലച്ചിത്ര നിരൂപകൻ എന്ന നിലയിൽ ശ്രദ്ധേയൻ, വിവിധ ഫിലിം ഫെസ്റ്റിവലുകളിലും  അവാർഡ് കമ്മിറ്റികളിലും ജൂറിയായി പ്രവർത്തിച്ചു. ചലച്ചിത്രവുമായി ബന്ധപ്പെട്ട ആസ്വാദനങ്ങൾ,കോഴ്സുകൾ എന്നിവയിൽ വിവിധ യൂണിവേഴ്സിറ്റികളിലും മറ്റും ഡയറക്ടറായും അധ്യാപകനായും പ്രാസംഗികനായും പങ്കെടുത്തു. വിവിധ എഡ്യൂക്കേഷൻ ഡോക്കുമെന്ററികൾ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. സിനിമ, കവിത, യാത്രാവിവരണം തുടങ്ങിയ മേഖലകളിലായി ഏഴോളം പുസ്തകങ്ങൾ ഇതിനോടകം രചിച്ചു.  'സിനിമയും പ്രത്യയശാസ്ത്രവും', 'ദേശം പൗരത്വം സിനിമ', 'അതിജീവനത്തിന്റെ ചലച്ചിത്രഭാഷ്യങ്ങൾ', 'സിനിമയിലെ പെൺപെരുമ',  'കാഴ്ച്ചയുടെ സംസ്കാരവും പൊതുബോധ നിർമ്മിതിയും' എന്നിവയായിരുന്നു ചലച്ചിത്രവുമായി ബന്ധപ്പെട്ട് വി കെ ജോസഫ് എഴുതിയ പുസ്തകങ്ങൾ.

2007ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള  ദേശീയ ചലച്ചിത്ര പുരസ്കാരമായ പ്രസിഡന്റിന്റെ സുവർണകമല പുരസ്കരാരത്തിനർഹനായി. 'സിനിമയും പ്രത്യയശാസ്ത്രവും' എന്ന പുസ്തകത്തിന് 1997ലെ മികച്ച ചലച്ചിത്ര പുസ്തകത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്, അബുദബി ശക്തി പുരസ്കാരം എന്നിവ ലഭ്യമായിരുന്നു.  'അതിജീവനത്തിന്റെ ചലച്ചിത്ര ഭാഷ്യങ്ങൾ' എന്ന പുസ്തകം 2015ലെ മികച്ച ചലച്ചിത്ര പുസ്തകത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. സിനിമയുമായി ബന്ധപ്പെട്ട് വി കെ ജോസഫ് എഴുതിയ അഞ്ച് പുസ്തകങ്ങളും വിവിധ അവാർഡുകൾ കരസ്ഥമാക്കിയിരുന്നു.

കേരള ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാനായും , ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ കേരളയുടെ ( IFFK ) ചീഫ് കോർഡിനേറ്ററായും പ്രവർത്തിച്ചു. വിഷ്വൽ മീഡിയ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയർമാൻ, കേരള ഫിലിം സൊസൈറ്റി ഫെഡറേഷന്റെ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.

കണ്ണൂർ ജില്ലയിലെ കുന്നോത്ത് സ്വദേശി. ഐ എസ്‌ ആർ ഓയിൽ ജോലി ചെയ്തു. ഭാര്യ ആനി, മകൻ മനു

ചെലവൂർ വേണു

Submitted by Kiranz on Sat, 05/12/2012 - 13:04
Name in English
Chelavoor Venu

ചലച്ചിത്ര നിരൂപകനായാണ്  സിനിമ രംഗത്തുവന്നത്, എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഉമ്മ സിനിമയ്ക്ക് നിരൂപണമെഴുതി(അന്നത് ചന്ദ്രിക വാരികയിൽ പ്രസിദ്ധീകരിച്ചു)

പത്രപ്രവര്‍ത്തകന്‍, ഫിലിം സൊസൈറ്റി സംഘാടകന്‍, ചലച്ചിത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിൽ പ്രശസ്തൻ, 1971 മുതൽ കോഴിക്കോട്ടെ അശ്വനി ഫിലിം സൊസൈറ്റിയുടെ ജനറൽ സെക്രട്ടറിയാണ്, ഇപ്പോഴും അശ്വനി സജീവമാണ്, ഇത്രയും കാലം ഒരു ഫിലിം സൊസൈറ്റിയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച മറ്റൊരാൾ ഇന്ത്യയിലുണ്ടാവില്ല.

 സൈക്കോ മനശ്ശാസ്ത്ര മാസികയുടെ പത്രാധിപര്‍ ആയി ജോലി ചെയ്തു. മനസ്സ് ഒരു സമസ്യ, മനസ്സിന്റെ വഴികള്‍ എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍.

 

ഐ ഷണ്മുഖദാസ്

Submitted by Kiranz on Sun, 04/20/2014 - 02:28
Name in English
I Shanmughadas

ഒറ്റപ്പാലത്ത് ജനനം. ഇപ്പോള്‍ തൃശൂരിൽ സ്ഥിരതാമസം, ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ബോംബെയിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് കേരള സർക്കാർ സർവ്വീസിൽ വിവിധ കോളേജുകളിൽ ഇംഗ്ളീഷ് അധ്യാപനായി ജോലി ചെയ്തു. തൃശൂർ സി. അച്യുതമേനോന്‍ ഗവണ്‍മെന്റ് കോളേജിൽ നിന്നാണ് അധ്യാപകനായി വിരമിച്ചത്. വിദ്യാർത്ഥിജീവിതകാലം മുതൽ തന്നെ ഫിലിം സൊസൈറ്റി അംഗമാകുകയും പിന്നീട് ഫിലിം സൊസൈറ്റി പ്രവർത്തങ്ങളുടെ ഭാഗമാകുകയും ചെയ്തു. എഴുപതുകളുടെ അവസാനം മുതല്‍ ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങൾ എഴുതുവാൻ തുടങ്ങി. ദൃശ്യകലാപഠനത്തിന് മുൻതൂക്കം നൽകിയ ദൃശ്യകല, ദർശി എന്നീ പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു.

മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ അവാർഡിന് 1999-ല്‍ അര്‍ഹനായി. സത്യജിത്‌ റായുടെ ചലച്ചിത്രങ്ങളെ കുറിച്ചുള്ള പുസ്തകം 'സഞ്ചാരിയുടെ വീടി'ന് 1996-ല്‍ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. മികച്ച ചലച്ചിത്ര സംബന്ധിയായ ലേഖനത്തിനുള്ള 2013-ലെ സംസ്ഥാന പുരസ്കാരം എം.ടി വാസുദേവന്‍ നായരുടെ 'നിര്‍മ്മാല്യ'ത്തിനെ കുറിച്ചെഴുതിയ  'ദൈവനർത്തകന്റെ ക്രോധ'ത്തിന് ലഭിച്ചു. സാഹിത്യ നിരൂപണ ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ വിലാസിനി പുരസ്കാരം, മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള ജി.എൻ പിള്ള എൻഡോവ്മെന്റ് (2008), ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കോഴിക്കോടന്‍ പുരസ്കാരം (2012), രണ്ട് വട്ടം ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിലുള്ള അവാർഡ് (1997, 2006) എന്നിവയും ലഭിച്ചിട്ടുണ്ട്. 

'മലകളില്‍ മഞ്ഞ് പെയ്യുന്നു', 'സിനിമയുടെ വഴിയില്‍', 'സഞ്ചാരിയുടെ വീട്', 'ആരാണ് ബുദ്ധനല്ലാത്തത്', 'ഗൊദാര്‍ദ്: കോളയ്ക്കും മാര്‍ക്സിനും നടുവില്‍', 'പി. രാമദാസ്‌: വിദ്യാര്‍ത്ഥിയുടെ  വഴി', 'സിനിമയും ചില സംവിധായകരും', 'ശരീരം, നദി, നക്ഷത്രം' എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍.

കൂടുതൽ വിവരങ്ങൾക്ക് അവലംബം :- ഷാജി ടി യു