നീലനിശീഥിനി (ഗാനാസ്വാദനം)

Submitted by Nisi on Thu, 08/25/2016 - 20:11
Attachment Size
neela2.jpg 77.17 KB
neela3.jpg 77.63 KB
SKT Icon - Copy.jpg 201.34 KB

നിന്റെ മണിമേടയിൽ ഉറക്കം നഷ്ടപ്പെട്ടവളായി രാത്രി നിന്നു. നിന്റെ പൂന്തോട്ടത്തിൽ നീറുന്ന ഒരോർമ്മ പോലെ അല്ലയോ പരിശുദ്ധയായവളേ ഞാൻ കാത്തുനിന്നു. ഇതാണ് പല്ലവിയിൽ നിന്ന് ലഭിക്കുന്ന അർത്ഥം. നമുക്ക് ഇതിന്റെ വിവിധങ്ങളായ ആശയങ്ങളിലേക്ക് ഒന്നു കടന്നു ചിന്തിക്കാം.

​"നീലനിശീഥിനി നിൻ മണിമേടയിൽ നിദ്രാ വിഹീനയായ് നിന്നു
നിൻ മലർ വാടിയിൽ നീറുമൊരോർമ്മ പോൽ നിർമ്മലേ ഞാൻ കാത്തു നിന്നൂ"

(നീലനിശീഥിനീ... എന്ന് നീട്ടി അഭിസംബോധന ചെയ്താണ് പലയിടത്തും ലിറിക്കുകൾ കാണപ്പെടുന്നതും ആളുകൾ ആലപിക്കുന്നതും. ബ്രഹ്മാനന്ദൻ പാടുന്നതിൽ സസ്റ്റൈൻ ഉണ്ടെങ്കിലും നിശീഥിനീ... എന്ന് വിളിച്ചു നീട്ടുകയല്ല, 'നിശീഥിനി' എന്ന് വിരാമമിട്ട് ആലപിക്കുകയാണ് ചെയ്യുന്നത്)

നിന്റെ മണിമേടയിൽ നീല നിശീഥിനി നിദ്രാവിഹീനയായി നിന്നത് എന്തിനാകും എന്നാണ് ആദ്യം അന്വേഷിക്കേണ്ടി വരിക. ഒരാൾക്ക് ഒരാളെക്കുറിച്ച് അസൂയ ഉണ്ടാകുമ്പോഴാണ് സാധാരണയായി ഇത്തരം കാര്യങ്ങളിൽ ഉറക്കം നഷ്ടപ്പെടുക. നിശീഥിനിയുടെ നീലിമയെ നായികയുടെ ഏതോ പ്രത്യേകത കവച്ചു വയ്ക്കുന്നുണ്ടെന്ന് ഊഹിക്കാവുന്നതാണ്. നായികയുടെ മുടിയുടെ നീലിമയാകാം.. മിഴികളിലെ അഗാധതയാകാം ഇതിനു കാരണം. നിശീഥിനിക്ക് നീല നിറമാണെന്ന് പറഞ്ഞിരിക്കുന്നതിലൂടെ അമാവാസിയല്ല, നിലാവുതിരുന്ന രാത്രിയാണ് എന്ന് കരുതാം. 

അവളുടെ മണിമേടയിലാണ് നിദ്രാ വിഹീനയായി നിൽക്കുന്നത്. വളരെ സമീപത്ത്, എന്നാൽ അവളുടെ  മുറിയിലേക്ക് കടന്നിട്ടില്ല. അതിനുള്ള യോഗ്യത പോലും നീലരാത്രിക്ക് ഇല്ലെന്നും കരുതാവുന്നതാണ്. നീലനിശീഥിനി അതിമനോഹരിയാണ്. സർവ്വ സമ്മതമായ ഉപമാനത്തോട് സാദൃശ്യപ്പെടുത്താതെ തന്നെ നായിക അതിലും സുന്ദരിയാണെന്ന് തീർത്തു പറയുന്നു ഇതിലൂടെ. 

ഇതിലൂടെ ആശയം പൂർണ്ണമാകുന്നുണ്ടോ? ഇല്ലെന്ന് കരുതാം. നീലനിശീഥിനി ഉറക്കമിളച്ച് നിൽക്കുകയാണ് അവളുടെ മാളികയിൽ. അവൾ ഉറങ്ങി മതിയാകാത്തതുകൊണ്ടാകാം. കാരണം നായകനും കാത്തു നിൽക്കുന്നു അവൾക്കായി. അവളുടെ ഉറക്കത്തിനു ഭംഗം വരാതെ രാത്രി അവൾക്കുവേണ്ടി നിലകൊള്ളുകയാണെന്ന അർത്ഥം തള്ളിക്കളയാൻ കഴിയില്ല.

രാത്രി നിദ്രാവിഹീനയായി നിന്നു എന്നതിന് രാത്രി അവസാനിച്ചില്ല എന്ന സാധാരണ അർത്ഥവും പരിഗണിക്കാം. 'സമയം പാതിരാത്രി' എന്നൊക്കെ നേരേ പറയുന്നതിനു പകരം അൽപ്പം ആലങ്കാരികമായി അതിനെ എഴുതിയിരിക്കുന്നു. അതാണ് ഒരു പാട്ടിൽ ഉൾക്കൊള്ളിക്കാൻ കഴിയുന്ന കാവ്യഭംഗിയുടെ സമ്പൂർണ്ണത. സമയത്തേയും സന്ദർഭത്തേയും കുറിച്ചുള്ള ഒരു ബോധം ശ്രോതാവിൽ ഭാവനയിൽ കൊരുത്ത ആലങ്കാരികതയോടെ ആണിയിട്ടുറപ്പിക്കുന്നതിന്റെ സൗന്ദര്യം ആദ്യ ഈരടിയിൽ പ്രകാശിച്ചു നിൽക്കുന്നു.

നീലനിശീഥിനി നിദ്രാവിഹീനയായി നിന്നത്  അവൾ ഉണരുന്നതും പ്രതീക്ഷിച്ചാകാം. അവൾ ഉണർന്നാൽ പ്രഭാതമാകും. പക്ഷേ അവൾ ഉണരാതെ രാത്രിക്ക് പോകാൻ സാധിക്കില്ല. അത്രയും മനോഹരിയായ രാത്രി പോലും അവൾ ഉണരാൻ കാത്തു നിൽക്കുകയാണ്. കാരണം രാത്രിയ്ക്കും ഉറങ്ങണം. പക്ഷേ അവൾ ഉറക്കം വിട്ടുണർന്നെങ്കിലേ രാത്രിക്കും പോകാൻ കഴിയൂ. മനോഹരമായ രാത്രിയാണ്, സ്വപ്നങ്ങൾ കാണാം, അത് മുടക്കാൻ നിശീഥിനിക്കും താത്പര്യമില്ല. അവളെ ഉണർത്താതെ അവളുടെ മണിമേടയിൽ രാത്രിയാകുന്ന പെൺകുട്ടി ഉറക്കമൊഴിഞ്ഞ് കാത്തു നിന്നു എന്ന അർത്ഥവും പരിഗണനാർഹമാണ്.

നിദ്രാ വിഹീനയായ് നിന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. ഉറക്കം വെടിഞ്ഞ് എന്നർത്ഥം. അപ്പോൾ ഉറങ്ങണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ കഴിയുന്നില്ല. എന്തുകൊണ്ട് കഴിയുന്നില്ല? രാത്രിയുടെ ഉറക്കം നഷ്ടപ്പെട്ടു. ആദ്യം പറഞ്ഞ രീതിയിലുള്ള അസൂയ മാത്രമാകുമോ? ഒരമ്മയേപ്പോലെ തന്റെ അതേ സൗന്ദര്യം പകർത്തപ്പെട്ടിരിക്കുന്ന മകളുടെ മനോഹരമായ മാളികയിൽ അവൾ ഉറങ്ങുന്നതും കാത്ത് ഉറങ്ങാതെ കാത്തു നിൽക്കുന്ന നിലാവൊഴുകുന്ന രാത്രിയെപ്പറ്റി ഒന്ന് ആലോചിച്ചു നോക്കൂ. കാരണം അവൾ സുന്ദരിയാണ്. അവളെ മോഹിച്ച് പലരുമെത്താം. അങ്ങനെ അവൾക്ക് രാത്രി കൂട്ടിരിക്കുകയാണ് എന്ന് പറഞ്ഞാലും ആശയം ശരിയായി വരികതന്നെ ചെയ്യും. (നായകൻ പുറത്ത് കാത്തുനില്ക്കുന്നതും കൂടി പരിഗണിക്കേണ്ടതാണ്)

നിദ്രാവിഹീനയായി നിന്നത് ഒരു പക്ഷേ നിശീഥിനി ആരെയെങ്കിലും പ്രതീക്ഷിച്ചാകാം. ഒരു പക്ഷേ നായികയ്ക്ക് ഒരു സ്വപ്ന കാമുകനുണ്ടാകാം. അവൻ അവളെ തിരക്കിയെത്താം. അവൾ ഭാഗ്യവതിയാണ്. അവളുടെ മാളികയുടെ അടുത്തെങ്ങാനും ചെന്നു നിന്നാൽ ഒരു പക്ഷേ തനിക്കും അത്തരമൊരു കാമുകനെ കിട്ടാതിരിക്കില്ല. ആ പ്രതീക്ഷയാണോ അവളെ നിദ്രാവിഹീനയാക്കി നിർത്തിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് 'നിന്നു' എന്നു പറയുമ്പോൾ അൽപ്പം ത്യാഗം സഹിച്ചു തന്നെ നിൽക്കുകയാണെന്ന ധ്വനി അതിൽ ഉണ്ട്. അത് മറന്നു കൂടാ!

ചന്ദ്രൻ പ്രകാശിച്ചു നിൽക്കുന്ന രാത്രിയുടെ ഭംഗി നമുക്കറിയാം. പാലുപോലെ ഒഴുകുന്ന നിലാവിന്റെ സൗന്ദര്യവും അറിയാം. അവളുടെ മണിമേട അത്തരം ഒരു രാത്രിയെപ്പോലെ ശോഭയാർന്ന് നിലകൊണ്ടു എന്ന് പറയുന്നതിൽ അസാംഗത്യമൊന്നുമില്ല. എരിയുന്ന വിളക്കിനെ ചന്ദ്രനായും അതിൽ നിന്നൂറുന്ന പ്രകാശത്തെ നിലാവായും കാണാമെങ്കിൽ അത്തരമൊരു നിശീഥിനി അവളുടെ മേടയിലും ബിംബമായി നിൽക്കുന്നു. എത്രമാത്രം ചാരുതയാർന്നതാണോ നീലനിശീഥിനി അത്രമാത്രം അവൾ വസിക്കുന്ന ഇടവും ശോഭപരത്തി പരിലസിക്കുന്നു എന്ന് പറയുന്നതിൽ പ്രശ്നമൊന്നും കാണുന്നില്ല.

രാത്രി നിദ്രാവിഹീനയായി നിന്നു. അപ്പോൾ നായികയും നിദ്രാവിഹീനയായി നിൽക്കുകയാകാം, ആരെയോ പ്രതീക്ഷിച്ചെന്ന പോലെ. അതാരെന്ന് അറിയാനുള്ള ഉദ്വേഗമാകാം രാത്രിയെ നിദ്ര വെടിഞ്ഞു നിൽക്കാൻ പ്രേരിപ്പിച്ചത്. നായിക ഉറങ്ങിയിരുന്നുവെങ്കിൽ രാത്രിക്കും അൽപ്പം തല ചായ്ക്കാമായിരുന്നു. പക്ഷേ ആഗ്രഹമുണ്ടെങ്കിലും ഉറങ്ങാൻ കഴിയാതെ നിശീഥിനി നിലകൊണ്ടത് നായികയ്ക്ക് ഒരു തുണയായി നിൽക്കുകയാകാം. മറ്റാരെങ്കിലും അവിടേക്ക് എത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാകാം. അവളുടെ അരികിലേക്ക് ആരും കടന്നു കയറാതിരിക്കാനാകാം. ഇങ്ങനെ ഒരുപാട് സംശയങ്ങൾ നൽകിക്കൊണ്ടാണ് ആദ്യ രണ്ടുവരികൾ കടന്നു പോകുന്നത്. സത്യത്തിൽ നാം അത്ഭുതപ്പെടുന്നു, ഇതിന് ഇത്രയൊക്കെ പശ്ചാത്തലമോ എന്ന്. എഴുത്തിന്റെ ജീവനാഡിയാണ് ഈ വൈവിദ്ധ്യമാർന്ന ആശയം സ്ഫുരിക്കുന്ന കാവ്യതന്തുക്കൾ.

അടുത്ത രണ്ടുവരികൾ വീണ്ടും നമ്മേ കുറേക്കൂടി വിശാലമായ ലോകത്തേക്ക് നയിക്കുന്നുണ്ട്. ആദ്യം തോന്നിയ ചില സംശയങ്ങളിൽ ചിലതിന് അതു മറുപടി നൽകുന്നുമുണ്ട്. നീറുന്ന ഒരു ഓർമ്മ പോലെ നിന്റെ പൂന്തോപ്പിൽ അല്ലയോ നിർമ്മലയായവളേ ഞാൻ കാത്തു നിന്നു (നിൽക്കുന്നു) എന്നാണ് നായകൻ പാടുന്നത്. നീറുന്ന ഒർമ്മപോലെ നായകൻ കാത്തു നിന്നതെന്തിനാകാം. എന്താണ് ആ നീറുന്ന ഓർമ്മകൾ? ഒർമ്മകൾ എന്തിനു കാത്തു നില്ക്കണം? 

അപ്പോൾ ആ ഒർമ്മകൾ നായകനെ ഭ്രാന്തു പിടിപ്പിക്കുന്ന ഒന്നായിരിക്കും. അവളെക്കുറിച്ചുള്ള ഒർമ്മകൾ നായകനിൽ അത്രമാത്രം അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. അവളെ ഒന്നു  കണ്ടാൽ മാത്രമേ ആ പ്രശ്നം പരിഹരിക്കപ്പെടൂ. കാത്തു നിൽക്കുന്നത് ആരാമത്തിലാണ്. അതും അവളുടെ ആരാമത്തിൽ. അത് മലർവാടി എന്ന് പറഞ്ഞിരിക്കുന്നതിനാൽ അനേകം പുഷ്പങ്ങളേക്കൊണ്ട് സമ്പന്നമാണെന്ന് പറയാം. ആ പൂക്കൾ അവളുടെ ഓർമ്മകൾ അവനിലേക്ക് എത്തിക്കുന്നു. അതിനെ കാണുന്തോറും അവളെക്കുറിച്ച് നീറുന്ന ഓർമ്മകൾ അവനു സമ്മാനിക്കുന്നു. അവൻ കാത്തുനിൽക്കുന്നു, എന്തിനായിരിക്കാം?

കാത്തു നിൽപ്പിന് അനേകം കാരണങ്ങൾ ഉണ്ടാകാം. അവളുടെ ആരാമത്തിന്റെ സൗന്ദര്യം നായകനെ ഭ്രമിപ്പിക്കുന്നില്ല എന്നും പറയാം. അങ്ങനെ ഭ്രമിപ്പിച്ചിരുന്നെങ്കിൽ അവന് അവിടെ അധികം കാത്തു നിൽക്കാൻ സാധിക്കുമായിരുന്നില്ല. അവയെ സ്വന്തമാക്കി പോകുമായിരുന്നു. അപ്പോൾ ആരെയെന്നല്ല, നായികയെത്തന്നെ ലക്ഷ്യം വച്ചാണ് അവന്റെ കാത്തുനിൽപ്പെന്ന് തെളിയുന്നു. നീറുന്ന ഓർമ്മ പോലെയുള്ള കാത്തുനിൽപ്പ്. നീറുക എന്നത് മെല്ലെ അനുഭവിച്ചറിയുന്ന ഒരവസ്ഥയാണ്. പെട്ടെന്ന് കത്തിത്തീരുന്നതുപോലെയല്ല അത്. താഴെ നിന്നും മുകളിലേക്ക് സംക്രമിക്കുന്ന പൊള്ളലിന്റെ ഒരു വേദന ആ വാക്കിലൂടെ അനുഭവിച്ചറിയാൻ സാധിക്കന്നു നമുക്ക്. അത്രമാത്രം അവന്റെ ഓർമ്മകൾ സങ്കീർണ്ണമാണ്. ആ നീറ്റൽ മാറണമെങ്കിൽ അവളെ കണ്ടേ മതിയാകൂ. അതിനാൽ നായകൻ കാത്തുനിന്നു എന്ന് പറയാം.

നിനക്ക് നീറുന്ന ഒരു ഓർമ്മ പോലുള്ള ഞാൻ നിന്നെയും കാത്തു മലർവാടിയിൽ നിന്നു എന്ന് പറയുന്നതിലും തെറ്റില്ല. അവൾക്ക് നായകൻ എന്തോ അപ്രിയം ഉണ്ടാക്കിയിരിക്കുന്നു എന്ന് കരുതണം. ആ പരിഭവവും തെറ്റിദ്ധാരണയും മാറ്റണമെങ്കിൽ തമ്മിൽ കണ്ടേ പറ്റൂ. നായകൻ എന്താകാം നായികയെക്കുറിച്ച് അപവാദം പറഞ്ഞത്? അവളുടെ ചാരിത്ര്യത്തിൽ സംശയമുന്നയിച്ചതാകാം. മറ്റാരെയെങ്കിലും ചേർത്ത് എന്തോ പറഞ്ഞതാകാം. അങ്ങനെയൊക്കെ സംശയിക്കത്തക്ക ഒരു സംബോധനയാണ് അവസാന വരിയിൽ നിന്ന് ലഭിക്കുന്നത്. 'നിർമ്മലേ...' എന്ന് നീട്ടി വിളിക്കാൻ മറ്റ് എന്ത് കാരണമാണുള്ളത്. അഴുക്കു പുരളാത്ത, അങ്കളങ്കിതയാണ് നീ എന്ന് പറയണമെങ്കിൽ ഒന്നുകിൽ നായകനോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ അവളെക്കുറിച്ച് അനാവശ്യം പറഞ്ഞിരിക്കാം. അങ്ങനെ എന്തെങ്കിലും അവളുടെ മനസ്സിൽ ഉണ്ടെങ്കിൽ അതങ്ങ് മാറട്ടെ എന്നു കരുതിയാകും 'നിർമ്മലേ' എന്ന് വിളിച്ചത്. പ്രാസമൊപ്പിക്കാനായിരുന്നെങ്കിൽ നിരുപമേ എന്നോ നീലിമേ എന്നോ നിത്യതേ എന്നോ നീരജേ എന്നോ ഒക്കെ പ്രയോഗിക്കാമായിരുന്നു. അതൊന്നും ചെയ്യാതെ കളങ്കം ഇല്ലാത്തവളേ എന്ന് വിളിക്കുന്നതിലൂടെ അവളുടെ പരിശുദ്ധി ഉറപ്പിക്കുകയാണ് നായകൻ.

താൻ കാത്തുനിൽക്കുന്നവൾ ശോഭയുള്ളവളും മറ്റാരും അശുദ്ധയാക്കാത്തവളുമാണെന്ന് നായകൻ പറയുമ്പോൾ നായികയെ അത്രമാത്രം അടുത്തറിഞ്ഞ ആളാകണം അയാൾ. നിശീഥിനി അന്തപ്പുരത്തിൽ കടന്നെങ്കിൽ നായകൻ പൂന്തോട്ടത്തിൽ നിൽക്കുന്നതേയുള്ളൂ! അവിടെ അതിരു തിരിച്ച് സ്വയം നിൽക്കുകയാണ്. ഇനി മുന്നോട്ട് പോകണമെങ്കിൽ ഒന്നുകിൽ നായികയുടെ അനുമതി വേണം. നായകൻ തന്നെ നിർമ്മലേ എന്ന് വിളിച്ച് പ്രശംസിച്ചതിനാൽ അങ്ങോട്ട് ചെല്ലുന്നതിൽ ഒരൗചിത്യം ഇല്ലായ്മയുണ്ട്. അപ്പോൾ നായിക ഇങ്ങോട്ട് ഇറങ്ങി വരേണ്ടി വരും. അതാണ് അദ്ദേഹം കാത്തു നിൽക്കുന്നത്. അങ്ങനെ എന്നെ അകത്തേക്ക് വിളിച്ചു കയറ്റിയാൽ നിനക്കുണ്ടാകുന്ന കളങ്കം ആ നിർമ്മലേ വിളിയിലൂടെ ഇല്ലാതെയാകുന്നു എന്ന് നായകൻ ധരിച്ചിരിക്കാം. വെറുതേയല്ല, നീറി നീറിയാണ് ആ കാത്തു നിൽപ്പ്. അകത്തേക്ക് ചെല്ലാൻ ഒരു മടി!

നീലനിശീഥിനി നിന്റെ മണിമേടയിലും ഞാൻ നിന്റെ മലർവാടിയിലുമായി കാത്തു നിന്നു. സമയം, കാലം, സ്ഥലം എന്നിവയെക്കുറിച്ചുള്ള വ്യക്തമായ ഒരു കാഴ്ചപ്പാട് ആ നാലുവരിയിൽ നിന്ന് ലഭിക്കുന്നു. നായകന്റെ അവസ്ഥ, നായികയുടെ സ്ഥാനം തുടങ്ങിയവയും അവിടെ വരച്ചിടപ്പെടുന്നു വ്യക്തമായി. കാത്തുനിൽപ്പെന്നത് അൽപ്പം ക്ഷമകെടുന്ന പണിയാണ്. എന്നിട്ടും അസമയത്ത് കാത്തു നിൽക്കണമെങ്കിൽ നായികാനായകന്മാർക്ക് അത്രമാത്രം പ്രതിപത്തി ഉണ്ടായിരിക്കാം എന്നു കരുതാം. എങ്കിലും ഇവിടെ നായികയുടെ അവസ്ഥയെപ്പറ്റി ഒന്നും തന്നെ പറയുന്നില്ല എന്നതിനാൽ നായകന്റെ മാത്രം വശം കേൾക്കാൻ നമ്മൾ നിർബന്ധിതരാകുന്നു. 

ഇനി നീലനിശീഥിനി അവളുടെ മേടയിൽ നിദ്രാവിഹീനയായി നിന്നത് അവളുടെ പൂന്തോട്ടത്തിൽ നായകൻ കാത്തുനിൽക്കുന്നു എന്നതുകൊണ്ടാകുമോ എന്നും സംശയിക്കാം. കാത്തുനിന്നു എന്ന് ഭൂതകാലത്തിലാണ് പറയുന്നത്. നിന്നു നിന്നു ഞാൻ കാത്തു നിന്നു എന്ന് പിന്നെയും പിന്നെയും എടുത്തു പറയുന്നു നായകൻ. നില്പൂ എന്ന് വർത്തമാനകാലത്തിൽ പറയാം ഇത്. പക്ഷേ പാസ്റ്റ്ടെൻസ് ഉപയോഗിച്ചതിലെ കളി അപ്പോൾ ഇതാദ്യമല്ല ഈ നിൽപ്പ് എന്ന് പറയാതെ പറയുന്നു. ഇതിനുമുൻപും നിന്നിട്ടുണ്ട്! ആ നിന്നത് രാത്രിയിലുമായിരുന്നു! പകൽ ഈ പരിപാടി നായകൻ ചെയ്യാറില്ലെന്നർത്ഥം. അദ്ദേഹം കാത്തുനിൽക്കുന്നത് രാത്രിയിലാണ്. അന്നൊന്നും ഒരു ഫലവും കണ്ടില്ല. അതു തന്നെയാണ് നീറുമൊരോർമ്മ പോലെ എന്ന് പറഞ്ഞത്. പലവട്ടം ഒരു കാര്യം തന്നെ ചെയ്തിട്ടും ഫലമില്ലെങ്കിൽ ആരായാലും നീറും, ശപിക്കും, ചീത്തവിളിക്കും. കണ്ടാൽ ഒരു കല്ലെടുത്തെങ്കിലും എറിയും. പക്ഷേ നായകൻ ഈ വട്ടം വന്നു നിൽക്കുമ്പോഴും അവളെ 'നിർമ്മലേ' എന്ന് വിളിക്കുകയാൽ നിനക്കായി എത്ര കാത്തു നിൽക്കേണ്ടി വന്നാലും ഞാൻ നിന്റെ ഓർമ്മയിൽ എത്രമാത്രം നീറിപ്പിടഞ്ഞാലും നിന്റെ വരവിനായി കാത്തു നിൽക്കും എന്ന സന്ദേശം നായികയ്ക്ക് നൽകുകയാണ്. 

'എത്രത്തോളം നിനക്കായി കാത്തുനിൽക്കേണ്ടിവരും എന്നെനിക്കറിയില്ല. രാത്രിപോലും നിന്റെ മാളികയിൽ ഉറക്കമിളച്ച് നില്ക്കുമ്പോൾ പിന്നെ നിസ്സാരനായ എന്റെ കാര്യം പറയേണ്ടതായുണ്ടോ?! എത്ര കാലം വേണമെങ്കിലും നിനക്കായി ഉറക്കം വെടിഞ്ഞ് കാത്തു നിൽക്കാൻ ഞാനൊരുക്കമാണ്. മുൻപുണ്ടായിരുന്ന അനുഭവങ്ങൾ എന്നെ നീറ്റുന്നുവെങ്കിലും തളർത്തുന്നില്ല. അല്ലയോ പാപം പുരളാത്ത മനസ്സോടും കളങ്കമേശാത്ത ശരീരത്തോടും കൂടിയവളേ നിനക്കായി ഞാൻ കാത്തു നിൽക്കുകയാണ്. പരാതിയോ പരിഭവമോ ഒന്നുമില്ലാതെ നീ വരുമെന്ന പ്രതീക്ഷയോടെ അക്ഷമനായി നിന്റെ മലർവാടിയുടെ മനോഹാരിതയ്ക്കരികിൽ അതിന്റെ സുഗന്ധവുമേറ്റ് നിന്റെ ഓർമ്മകളുടെ നേർത്ത നൊമ്പരത്തിന്റെ സുഖത്തിൽ കാത്തുനിൽക്കുകയാണ്'; ഇതിൽക്കൂടുതൽ ഒരു ശുദ്ധനായ കാമുകന് തന്റെ കാമുകിയോട് പറയാൻ എങ്ങനെ കഴിയും! മനസ്സുള്ളവളാണെങ്കിൽ തന്നെയിറങ്ങിവരും. അതുപോലെ മനോഹരമായ ഈണവും ആലാപനവും. ഇറങ്ങിവരുമോയെന്ന് നമുക്ക് നോക്കാം!

"ജാലക വാതിലിൻ വെള്ളിക്കൊളുത്തുകൾ താളത്തിൽ കാറ്റിൽ കിലുങ്ങീ
വാതിൽ തുറക്കുമെന്നോർത്തു വിടർന്നിതെൻ വാസന്ത സ്വപ്നദളങ്ങൾ"

ജന്നൽ പാളിയുടെ കൊളുത്തുകൾ കാറ്റടിച്ചപ്പോൾ താളാത്മകമായി കിലുങ്ങി. അപ്പോൾ അവൾ ജാലകം അടച്ചിട്ടില്ല. തുറന്നിട്ടിരിക്കുകയാണ്. അതുകൊണ്ടാണല്ലോ കൊളുത്തുകൾ കിലുങ്ങിയത്. നായകനിൽ അർദ്ധപ്രതീക്ഷ കൈവന്നു. ജന്നൽ തുറന്നിരിക്കുന്നു, ഇനി ആ വാതിൽ കൂടി ഒന്നു തുറക്കാൻ അവൻ കാത്തുനിൽക്കുകയാണ്. ജന്നൽ ചെറിയ പ്രവേശന മാർഗ്ഗമാണ്. അഴികൾ ഉണ്ടാകാം. ശരിയായി കയറാനും ഇറങ്ങാനും വാതിലിലൂടെ മാത്രമേ കഴിയൂ. തന്റെ പ്രതീക്ഷയെ സാക്ഷാത്മകരിക്കുന്നതിനു നായകൻ സ്വയം ആശാസ്വം കണ്ടെത്തുകയാണിവിടെ. അവൾക്ക് തന്നോടൊരു ചായ്വ് ഉണ്ടെന്ന് നായകൻ കരുതുന്നു. എന്നാൽ അത് പൂർണ്ണമല്ലെന്ന തിരിച്ചറിവും അവനിൽ ഉണ്ട്. പ്രതീക്ഷകളും വിശ്വാസങ്ങളുമാണ് എല്ലാ പ്രണയത്തിന്റേയും ആത്മാവ്. അവൾ തന്നെ തേടിയെത്തുമെന്ന പ്രതീക്ഷ, അവൾ തന്റെ  പ്രണയത്തെ തിരിച്ചറിയുമെന്ന വിശ്വാസം. ഇതാണ് പ്രണയ മരാളങ്ങളുടെ  എന്നത്തേയും വയ്പ്പ്. അതിൽ ഉടവു തട്ടുമ്പോൾ അവിടെ വിഷാദം ഉണ്ടാകുന്നു, വിരഹം ഉണ്ടാകുന്നു, വിരക്തിയുണ്ടാകുന്നു. എന്നാൽ ആ തലത്തിലേക്കൊന്നും പോകാതെ കാമുകൻ പ്രതീക്ഷയോടെ ആരാമത്തിൽ കാത്തു നിൽക്കുകയാണ്. അവന്റെ വാസന്ത സ്വപ്നദളങ്ങൾ വിടരുകയാണ്. സ്വപ്നമാകുന്ന ദളങ്ങളാണ് വിടരുന്നത്. രൂപകാലങ്കാരത്തിന്റെ ഭംഗി ഇവിടെ പ്രത്യേകം പറയണം. അതിനെ വസന്തകാലത്തിലെ ഇതളുകളോട്  വിശേഷിപ്പിച്ചിരിക്കുന്നു. എല്ലാക്കാലത്തും പൂക്കൾ വിടരാം. എന്നാൽ നായകന്റെ പ്രതീക്ഷകൾ അങ്ങനെയല്ല. വസന്തകാലത്ത്  ദലങ്ങൾ വിടരും പോലെയാണ് സ്വപ്നങ്ങൾ വിടരുന്നത്. എവിടെ നോക്കിയാലും വൈവിദ്ധ്യമാർന്ന, ആവർത്തന വിരസതയില്ലാത്ത, മടുപ്പുളവാക്കാത്ത അവളെക്കുറിച്ചുള്ള താത്പര്യവും ഓർമ്മകളും അവനെ പ്രത്യാശ നിലനിർത്താൻ സഹായിക്കുന്നു. അങ്ങനെ ഒന്നാം ചരണത്തിൽ (അനുപല്ലവി) പ്രതീക്ഷാ നിർഭരമായ  മനസ്സോടെ  മലർവാടിയിൽ ആ കാമുക ഹൃദയം കാത്തുനിൽക്കുകയാണ്.

"തേനൂറും ചന്ദ്രിക തേങ്ങുന്ന പൂവിന്റെ വേദന കാണാതെ മാഞ്ഞു
തേടിത്തളരും മിഴികളുമായി ഞാൻ ദേവിയെ കാണുവാൻ നിന്നൂ"

കാര്യം വിഷാദത്തിലേക്ക് ചായുകയാണ്. രാത്രി മെല്ലെ പടിയിറങ്ങാൻ തുടങ്ങുന്നു. അവിടെ മനോഹരമായ ഒരു ബിംബം ഗാനരചയിതാവ് വരച്ചിട്ടിരിക്കുന്നു. പൂവിന്റെ വേദന കാണാതെ തേനുതിരുന്ന ചന്ദ്രിക പോയ്മറഞ്ഞു. അത് തനിക്കുള്ള ഒരു മുന്നറിയിപ്പായോ ദൃഷ്ടാന്തമായോ കാമുകൻ കാണുകയാണ്. തേനുതിരുന്ന ചന്ദ്രികയാണ്. ആ തേനാണ് പൂവിലേക്ക് പകരുന്നതെന്ന് വിവക്ഷ. അത് നൽകാതെ ചന്ദ്രിക അകന്നുപോയി. പൂവ് തേങ്ങിക്കരയുന്നത്  കാണാതെ ചന്ദ്രിക മറയുകയാണ്. അത് മനഃപൂർവ്വമാകം അല്ലെങ്കിൽ തിരിച്ചറിയാതെയാകാം. കാണാതെ എന്ന് പറയുന്നതിൽ ഈ രണ്ടർത്ഥങ്ങളും അടങ്ങിയിരിക്കുന്നു. ഒരുപക്ഷേ ഈ പൂവ് മാത്രമല്ല ചന്ദ്രികയ്ക്ക് പ്രിയങ്കരമായിട്ടുള്ളതെന്ന ഒരു ധ്വനി അതിലുണ്ട്. ഇതിലും മനോഹരമായ പൂവുകൾ അതിനെത്തേടി കാത്തു നിൽക്കുന്നുണ്ടാകാം. രാത്രിയിൽ വിരിയുന്ന പൂവാണ്. രാത്രി മാഞ്ഞാൽ ആ പൂവും വാടും. ചന്ദ്രികാചർച്ചിതമായ രാത്രിയിലേ ആ പൂവിനു വിടർന്നു നിൽക്കാൻ കഴിയൂ. തന്റെ പ്രണയിനി തന്നോടൊപ്പം ഉണ്ടെങ്കിൽ മാത്രമേ തനിക്ക് സന്തോഷം ഉണ്ടാവുകയുള്ളൂ എന്ന് മറ്റ് ബിംബങ്ങളെ കാണിച്ച് സമർത്ഥിക്കുന്നു കവി ഇവിടെ. രാത്രി മറഞ്ഞു തുടങ്ങി. ചന്ദ്രികയുടേയും പൂവിന്റേയും ദുരന്തപര്യവസായിയായ ഒരു പ്രണയം നായകൻ നേരിട്ടു കാണുന്നു. തനിക്കും ആ അനുഭവം തന്നെയാകാമെന്ന് സ്വയം വിശ്വസിക്കാൻ ശ്രമിക്കുകയാണ് അദ്ദേഹം. അത്തരത്തിലുള്ള ചില വിശ്വാസങ്ങൾ ദുഃഖത്തിന്റെ തീവ്രതകുറയ്ക്കാൻ സഹായകമാകുമെന്ന് നായകൻ കരുതുന്നു. എങ്കിലും പ്രതീക്ഷ കൈവിടാൻ അദ്ദേഹം ഒരുക്കമല്ല. ഇറങ്ങിവരുമെന്ന് പ്രതീക്ഷിച്ച് പ്രതീക്ഷിച്ച് തളർന്നു തുടങ്ങിയ കണ്ണുകളുമായി അദ്ദേഹം ദേവിയെ കാത്തു നിൽക്കുകയാണ്. ഇനി എത്ര വേണമെങ്കിലും  കാത്തു നിൽക്കാൻ തയ്യാറാണദ്ദേഹം. ഒന്നു കണ്ടാൽ മാത്രം മതി എന്ന സ്ഥിതിയായി അവസാനം. തന്നിൽ അനുകമ്പ തോന്നുമെന്ന പ്രതീക്ഷ അസ്തമിച്ചു. തേടിത്തളരുന്ന മനസ്സുമായല്ല, മിഴികളുമായാണ് കാത്തു നിന്നത്. ഒരു ദർശനം എങ്കിലും ലഭിച്ചാൽ മതിയെന്നായി അവസാനം. ആദ്യം 'നിർമ്മല'യായി കണ്ടവൾ അവസാനമാകുമ്പോഴേക്കും ദേവിയായി മാറുന്നു. ആ ദേവി എന്ന പ്രയോഗത്തിന് വലിയ അർത്ഥങ്ങളുണ്ട്. ആരാധിക്കാൻ മാത്രമേ കഴിയൂ. പ്രണയിക്കാൻ കഴിയില്ല. വരം ഇങ്ങോട്ടു തരുന്നവളാണ്. അങ്ങോട്ട് ചെയ്യുന്നതെല്ലാം ഒരു സങ്കൽപ്പത്തിൽ മാത്രം. ദർശനം എപ്പോഴും ലഭിക്കില്ല. ലഭിച്ചാൽ തന്നെ അത് തനിക്കാകണമെന്നുമില്ല. അവൾ പൂജിതയാണ്. തന്റെ ചപലമായ ചിന്താഗതികൾക്ക് അനുസൃതമായി ചരിക്കേണ്ടവളല്ല അവൾ എന്ന ബോധം നായകനിൽ ഉണ്ടാകുന്നു കഥാന്ത്യം. ആ കാത്തുനിൽപ്പ് അനന്തമായി തുടരുകയാണ്. ഒരു പരിണാമഗുപ്തി അതിനുണ്ടാകുന്നില്ല. എന്നാൽ പ്രതീക്ഷാനിർഭരമാണുതാനും! അത്തരം ഒരു മാനസികാവസ്ഥയിലേക്ക് ശ്രോതാവിനെ എത്തിക്കുന്നതിൽ ഈ ഗാനത്തിന്റെ സാഹിത്യം വഹിച്ച പങ്ക് ചെറുതല്ല. 

കാലമേതുമായിക്കൊള്ളട്ടെ, പ്രണയസങ്കൽപ്പങ്ങൾ മാറിക്കൊള്ളട്ടെ, സന്ദേശങ്ങൾ കൈമാറുന്ന മീഡിയാ സാങ്കേതികതകൾ വികാസം പ്രാപിച്ചുകൊള്ളട്ടെ, എന്തൊക്കെത്തന്നെയായാലും പ്രണയവും പ്രതീക്ഷയും വികാരവും നഷ്ടവും മനുഷ്യനിൽ ചെലുത്തുന്ന സമ്മർദ്ദങ്ങൾക്കും വികാരങ്ങൾക്കും മാറ്റമൊന്നുമുണ്ടാകാതെ ഇന്നും തുടരുന്നു എന്നതാണ് ഈ കാലഘട്ടത്തിലും ഈ ഗാനം പ്രസക്തമാണെന്നു കാണുന്നതിൽ. ഉപയോഗിച്ചിരിക്കുന്ന ബിംബങ്ങൾ 60 - 70 കാലഘട്ടങ്ങളിലെ ഇമേജറികൾ ആണെന്ന് വിമർശിക്കാമെങ്കിലും അന്നത്തേപ്പോലെതന്നെ ഇന്നും പുതുതലമുറയ്ക്കും ഈ ഗാനം സർവ്വസമ്മതമായിത്തന്നെ നിൽക്കുന്നു എന്നത് അടിവരയിടുന്നതാണ് റിയാലിറ്റി ഷോകളിൽ ഇപ്പോഴും നിലയ്ക്കാത്ത കൈയ്യടിയോടെ ഈ ഗാനത്തെ സ്വീകരിക്കുന്നതും അതാലപിക്കാൻ കുഞ്ഞുപയ്യന്മാർ ധൈര്യപ്പെടുന്നതും. ഒരു പുതിയ ഗാനത്തിന് ഇതിന്റെ നൂറിലൊന്ന് സ്വീകാര്യതപോലും കിട്ടില്ലെന്ന് നാം മനസ്സിലാക്കിയ കാര്യമാണ്. സാഹിത്യത്തിന് ഗാനത്തിൽ പ്രാധാന്യം ഇല്ലെന്ന് കരുതുന്ന വിഭാഗത്തിനും ഇത് അവഗണിക്കാൻ കഴിയുകയില്ല. 

തിലംഗിന്റെ വശ്യമായ സൗന്ദര്യം ആവാഹിച്ച ചിട്ടപ്പെടുത്തലിലൂടെ അർജ്ജുനൻ മാസ്റ്റർ നമ്മേ അത്ഭുതപ്പെടുത്തുന്നു. കയറ്റിറക്കങ്ങളിലൂടെ, വികാരനിർഭരമായ നീട്ടിക്കുറുക്കലുകളിലൂടെ, ഹൃദയത്തിന്റെ ലോലമായ തന്തുക്കളിലേക്ക് ഒരു വിഷാദം പോലെയോ പ്രതീക്ഷപോലെയോ ഈ ഗാനം പടർന്നു കയറാൻ അദ്ദേഹത്തിന്റെ ഈണം കുറച്ചൊന്നുമല്ല സഹായിക്കുന്നത്. തന്റെ എല്ലാ പ്രതിഭയും ഈ ഗാനത്തിൽ ആവാഹിച്ചിരിക്കുന്നു ആ മഹാരഥൻ. തന്റെ ഇഷ്ട രചയിതാവിന്റെ വരികൾക്ക് മനസ്സറിഞ്ഞുതന്നെ സംഗീതവും പകർന്നദ്ദേഹം. അധികം ഇന്റർലൂഡുകളൊന്നും പ്രയോഗിക്കാതെ ദീർഘമായ ബീജികളുടെ അകമ്പടിയില്ലാതെ പെട്ടെന്ന് പാടിപ്പോകുന്ന, എന്നാൽ ഒരിക്കലും നിലയ്ക്കാത്തതെന്ന് നമുക്ക് 'ഫീൽ' ചെയ്യുന്ന ഒന്നായി ഈ പാട്ട് വീണ്ടും വീണ്ടും നമ്മുടെ കേൾവിയെ ക്ഷണിച്ചുകൊണ്ടിരിക്കുന്നു. 

ഈ ഗാനത്തിന്റെ രചനയ്ക്ക് അദ്ദേഹം സ്വീകരിച്ചിരിക്കുന്ന വൃത്തം ഊനകാകളിയാണ്. ഇതിനെ മാരകാകളി എന്നും വിളിക്കും. കാകളിയുടെ രണ്ടാം പാദത്തിൽ നാലക്ഷരം കുറച്ചാൽ അത് മാരകാകളിയാകും. ഒന്നാം വരിയിൽ 12 അക്ഷരങ്ങളും രണ്ടാം വരിയിൽ 8 അക്ഷരങ്ങളുമാണ് ഉണ്ടാവുക. 'പൂക്കളം കാണുന്ന പൂമരം പോലെ നീ പൂമുഖത്തിണ്ണയിൽ നിന്നൂ' എന്ന ഗാനവും ഈ വൃത്തത്തിലാണ് എഴുതപ്പെട്ടിരിക്കുന്നത്.

സാഹിത്യത്തെക്കുറിച്ച് ഇത്രയും വാചാലമായ സ്ഥിതിക്ക് ഈ ഗാനത്തിന്റെ ആലാപന ഭംഗിയെക്കുറിച്ച് രണ്ടു വാക്ക് പറയാതെ പോകാൻ കഴിയില്ല; അതല്ല ഇവിടെ പ്രതിപാദ്യമെങ്കിലും. മലയാളത്തിലെ എക്കാലത്തേയും പത്തു ഗാനങ്ങൾ എടുത്താൽ അതിൽ ഉൾപ്പെടാൻ യോഗ്യമായ ഗാനമാണിത്. ഇനി ഇത് ഉൾപ്പെട്ടില്ലെങ്കിൽ തന്നെ ബ്രഹ്മാനന്ദൻ എന്ന അനശ്വരനായ ഭാവഗായകന്റെ ഒരു ഗാനം ആ പത്തിൽ വരാതിരിക്കില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നവനാണ് ഞാൻ. 2000 ൽ 'Old is Gold' ന്റെ പരിപാടിക്കിടെ ദോഹയിൽ വച്ചാണ് അദ്ദേഹത്തെ ആദ്യമായും അവസാനമായും നേരിൽ കാണുന്നത്. അന്ന് പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്തിരുന്നു. അന്നേ ക്ഷീണിതനായിരുന്നു അദ്ദേഹമെങ്കിലും 'മാനത്തെ കായലിൻ' എന്ന ഗാനം പഴയ അതേ ചാരുതയോടെ ആലപിച്ചത് ശ്രദ്ധേയമായി. ഗാംഭീര്യം നിറഞ്ഞൊഴുകുന്ന പൗരുഷമുള്ള ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്. അനുനാസികഛായ തീരെ കുറഞ്ഞിരിക്കുന്ന മെയിൽ വോയ്സ്. അത് ശക്തമായി വികാരങ്ങളെ പ്രതിഫലിപ്പിക്കുവാൻ യുക്തമായിരുന്നു. ഒരു വിഷാദത്തിന്റേ നേർത്ത നിഴൽ ആ ശബ്ദത്തിലും ശൈലിയിലും വീണുകിടന്നിരുന്നു. ഒരു പക്ഷേ നമ്മളിലുള്ള ഏതോ വിഷാദ നിർഭരമായ സ്മൃതികൾ അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെയും ശാരീരത്തിലൂടെയും നാം അനുഭവിക്കുന്നതിന്റെ സുഖവും നൊമ്പരവുമാകാം അദ്ദേഹം പാടിയ ഗാനങ്ങൾ ഒട്ടുമിക്കതും നമുക്ക് പ്രിയങ്കരമായത്. വേണ്ട പരിഗണനകൾ ലഭിക്കാതെ മണ്മറഞ്ഞ അദ്ദേഹം നൂറുകണക്കിന് ഗാനങ്ങൾ ഒന്നും ആലപിച്ചില്ലെങ്കിലും പാടിയതെല്ലാം പാട്ടുകളായിരുന്നു. ഈ ഗാനത്തെക്കുറിച്ചുള്ള ആസ്വാദനത്തിൽ അദ്ദേഹത്തിന് പ്രണാമം അർപ്പിക്കുകയാണ്. 

ശ്രീകുമാരൻ തമ്പി തന്റെ കയ്യൊപ്പു ചാർത്തിയ ഗാനങ്ങളിൽ ഈ ഗാനവും എടുത്തു പറയാം. ചിന്തിക്കുന്തോറും നൂതന ആശയങ്ങൾ തിരമാലപോലെ ഉരുത്തിരിയുന്ന കടലാണ് അദ്ദേഹത്തിന്റെ സൃഷ്ടികൾ. ഇനിയും അർത്ഥങ്ങൾ ഈ ഗാനത്തിനു പറയാൻ കഴിയും. വിസ്താരഭയത്താൽ ചുരുക്കുകയാണ്! ഒരു പക്ഷേ മേൽപ്പറഞ്ഞ അർത്ഥങ്ങളൊന്നുമാകില്ല കവിയുടെ മനസ്സിൽ ഉണ്ടായിരിക്കുക. ഒരു സൃഷ്ടി ജനകീയമായിക്കഴിഞ്ഞാൽ പിന്നെ അത് ആസ്വാദകന്റെ അർത്ഥതലങ്ങളിലൂടെയാണ് ജീവൻ വച്ചു പോകുന്നത്. അതിൽ എഴുത്തുകാർക്ക് വലിയ സ്ഥാനമൊന്നുമില്ല. കാരണം എഴുത്തുകാരനെ അതിജീവിക്കുന്ന എഴുത്തായി അത് മാറിക്കഴിഞ്ഞു എന്നതുകൊണ്ട് അതിന്റെ അവകാശം അനുവാചകനുള്ളതാണ്. ആ നിലയിൽ ആർക്കും മനസ്സിൽ വരുന്ന വിവിധങ്ങളായ ഭാവങ്ങളെ ഏതവസ്ഥയിലും താൻ ആസ്വദിക്കുന്ന സൃഷ്ടിയിലേക്ക് സന്നിവേശിപ്പിക്കുവാൻ സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യമാണ് ഒരു ആസ്വാദകനെ അതിന്റെ  സ്രഷ്ടാവിനും മേലെ ഉയർത്തി നിർത്തുന്നത്. 

എന്റെ അഭ്യർത്ഥനപ്രകാരം ഇതിന്റെ കവർ വേർഷൻ പാടിത്തന്ന ഗായകനും ശ്രീ ബ്രഹ്മാനന്ദന്റെ ജ്യേഷ്ഠപുത്രനുമായ ശ്രീ വി വി രാജേഷിനോട് അതിരറ്റ നന്ദിയും സ്നേഹവും അറിയിക്കുകയാണ്. 

ഏവരും ഈ ആസ്വാദനം "സമയംപോലെ" വായിക്കുക. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.

സ്നേഹപൂർവ്വം

നിശി

 

Contributors

ഈ ഗാനത്തെ ഇത്രയും വിശദമായി വിശകലനം ചെയ്തിരിക്കുന്നു. ഇനി ഈ ഗാനത്തെ കുറിച്ച് കൂടുതലായി എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് ശ്രീകുമാരൻ തമ്പിയ്ക്കു മാത്രമാവും എന്ന് കരുതുന്നു. ഇത്രയും വിശദമായ പഠനത്തിനു നന്ദി നിശീ