പൂക്കളം കാണുന്ന പൂമരം പോലെ നീ (ഗാനാസ്വാദനം)

Submitted by Nisi on Fri, 07/15/2016 - 18:48
Attachment Size
sreekumaran-thampi.jpg 27.18 KB

പൂക്കളം കാണുന്ന പൂമരം പോലെ നീ...

(ഉത്സവഗാനങ്ങൾ വോള്യം 3 - തരംഗിണി - 1985
സംഗീതം : രവീന്ദ്രൻ, ആലാപനം : കെ. ജെ. യേശുദാസ്)

കവിതകൾ എഴുതുന്നതിലും വളരെയേറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതാണ് ലക്ഷണമൊത്ത ഒരു ഗാനം എഴുതുന്നതെന്ന് എഴുതാനറിയാവുന്നവർക്ക് നന്നായി അറിയാം. കവിതകൾക്ക് പരിമിതിയില്ല. കാച്ചിക്കുറുക്കിയതാവണം എന്നൊക്കെ പറഞ്ഞാൽ തന്നെയും മിനിമം ഒരമ്പതു വരിയെങ്കിലുമില്ലാത്തവ ഉണ്ടാകാറുമില്ലായിരുന്നു ഒരു കാലം വരെ. എന്നാൽ ഗാനങ്ങൾ തികച്ചും വ്യത്യസ്തമാകുന്നത് അതിന്റെ പദഘടനകൊണ്ടും സംഗീതാത്മകതകൊണ്ടും ചുരുങ്ങിയ വരികൾക്കുള്ളിൽ സന്ദർഭത്തിന്റെ സാരാംശമെല്ലാം ആവാഹിക്കപ്പെടണമെന്ന നിഷ്ഠകൊണ്ടുമാണ്. എന്നാൽ ഇക്കാലത്ത് ഒരു പാട്ടെഴുതുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് കഴിഞ്ഞ കുറേ വർഷങ്ങളായി നാം കേട്ടുകൊണ്ടിരിക്കുന്ന ഗാനങ്ങളുടെ സാഹിത്യം ശ്രദ്ധിച്ചാൽ മനസ്സിലാകും. സന്ദർഭവുമായിയാതൊരു സാംഗത്യവും സാദൃശ്യവുമില്ലാത്തവയും എന്തിന്, പദാനുപദ ബന്ധങ്ങൾ പോലും തൊട്ടുതീണ്ടിയിട്ടില്ലാത്തവയുമായ നപുംസകസാഹിത്യമാണ് അവയിൽ മിക്കവയും. ഒരാളല്ലാ, ഒരുകൂട്ടം ആളുകൾ സംഘംചേർന്ന് വെട്ടിയും തിരുത്തിയും കൂട്ടിച്ചേർത്തും ചർച്ചചെയ്തും സംഗീതമൊപ്പിച്ച് കാട്ടിക്കൂട്ടുന്ന ഒരു കൂട്ടുത്തരവാദിത്തത്തിന്റെ അജ്ഞാതകർത്തൃകസന്താനങ്ങളായി മാറിയിരിക്കുന്ന ഗതികേടുകൂടിയുണ്ട് ആധുനിക ഗാനസാഹിത്യങ്ങൾക്ക്.

[Pic courtesy:chiloka.com]

എഴുത്തിന്റെ ഏറ്റവും സൗന്ദര്യം കുടികൊള്ളുന്നത്, കവിതയുടെ സ്പർശമുണ്ടെന്ന് തോന്നിപ്പിച്ച്, ഗാനാത്മകതയുടെ ലയവിന്യാസങ്ങളിൽ ഇഴുകിച്ചേർന്ന്, മനസ്സിന്റെ ആഴങ്ങളിലേക്ക് നമ്മൾ പോലും അറിയാതെ കടന്നുവന്ന് ഒരു അർബുദം പോലെ പടരുന്ന അതിന്റെ ബിംബ, അലങ്കാര, കാൽപ്പനിക ഭംഗിയാണ്. ഭാവനയാണ് സൃഷ്ടിയുടെ കഥാബീജം. ഭാവനയുള്ളവർ കൂടുതൽ സ്വപ്നം കാണുന്നു. അവർ അനേകം നായികമാർക്കൊപ്പം മനസാ അഭിരമിക്കുന്നു. വിഷാദവാനായ കാമുകനായും കാമുകിയായും അവർ രൂപപ്പെടുന്നു. അത്തരം അവസ്ഥകളിലേക്ക് അൽപ്പസമയത്തേക്ക് പരകായപ്രവേശം നടത്തി ആ സൃഷ്ടിയുടെ സത്ത മുഴുവൻ പ്രകടിപ്പിച്ചതിനുശേഷമാണ് അവർ തിരിച്ചെത്തുക. ഇതൊരു മാനസികവ്യാപാരമാണ്. കൃത്യമായ ഒരു ഡെഫനിഷൻ കൊടുക്കാൻ കഴിയാത്ത ചിന്താധാരയുടെ വൈവിദ്ധ്യങ്ങളായ ഗതിവിഗതികൾക്ക് അനുസരിച്ച് ചരിക്കുന്ന ഒരു അവസ്ഥാവിശേഷം. ആ നേരങ്ങളിലെ മാനസിക സംഘർഷം അവർണ്ണനീയമാണ്. എഴുതിത്തുടങ്ങിയത് നാം ഉദ്ദേശിച്ച രീതിയിൽ പൂർത്തീകരിക്കാൻ സാധിക്കാതെ വരുന്ന നിമിഷങ്ങൾ കവി ഭ്രാന്തനായി മാറുന്നു. തിരിച്ച് അവയിലേക്കെത്തിക്കഴിയുമ്പോൾ അയാൾ സൃഷ്ടിയുടെ ഒരു വലിയ കടമയ്ക്ക് ഉടമയുമായിത്തീരുന്നു.

കൂടുതൽ എഴുതി കാടുകയറുന്നില്ല. ഒരു ഗാനത്തെക്കുറിച്ച് നിരൂപിക്കാമെന്ന് കരുതിയാണ് ഇത്രയും ആമുഖം എഴുതിയത്. തരംഗിണിയുടെ ഉത്സവഗാനങ്ങൾ - വാള്യം 3 ലെ ശ്രീകുമാരന്തമ്പി എഴുതി രവീന്ദ്രൻ സംഗീതം നൽകി യേശുദാസ് ആലപിച്ച "പൂക്കളം കാണുന്ന പൂമരം പോലെ" എന്ന ഗാനമാണ് പ്രതിപാദ്യവിഷയം. കവി ഉദ്ദേശിക്കുന്ന രീതിയിലാകില്ല ഒരു നിരൂപകൻ അതിനെ നോക്കിക്കാണുന്നത്. ചിലപ്പോൾ പലതിനും വൈരുദ്ധ്യങ്ങൾ ഉണ്ടാകാം. എങ്കിലും ആസ്വാദനം എന്നതിന് ഒരു തലമേയുള്ളൂ. അത് ഹൃദയം കൊണ്ട് അനുഭവിച്ചറിയുന്നാതാണ്.

"പൂക്കളം കാണുന്ന പൂമരം പോലെ നീ 
പൂമുഖത്തിണ്ണയില് നിന്നു... 
വീതിക്കസവുള്ള വീരാളിപ്പട്ടില് നിൻ 
പൂമേനി പൊന്നായി മിന്നി.. നിൻറെ 
പൂമേനി പൊന്നായി മിന്നി..."
'പൂക്കളം കാണുന്ന പൂമരം' എന്നതിലെ പൂമരം നായികയാണ്. പൂമരം പോലെ നായിക നിന്നു എന്നതിൽ നിന്നും അലങ്കാരം ഉപമയാണ്. പൂമരവും നിൽക്കുന്നു, നായികയും നിൽക്കുന്നു. പൂമരം പൂത്തുലഞ്ഞാണ് നിൽക്കുന്നത്. നായികയും പൂത്തുലഞ്ഞു നിൽക്കുന്നു. പൂത്തുലഞ്ഞുനിൽക്കുന്ന നായിക പുഷ്പിണിയാണ്. ഒരു പക്ഷേ തലയിൽ ഏതെങ്കിലും മനോഹര പുഷ്പങ്ങൾ കോർത്ത മാലചുറ്റി അലങ്കരിച്ച്, ആഭരണങ്ങൾ അണിഞ്ഞ് മനോഹരിയായി ഒരുങ്ങി നിൽക്കുന്ന നായികതന്നെയാണ്. പക്ഷേ എന്താകും പൂക്കളം കാണുന്ന പൂമരം? നായികാ-നായക ദർശനമാണ് സന്ദർഭം. ഈ പൂക്കളത്തിലെ പുഷ്പങ്ങൾ ഒരിക്കൽ ഈ പൂമരത്തിന്റെ സ്വന്തമായിരുന്നു എന്നു പറയാം. നായകനെ കണ്ട നായിക ഒരിക്കൽ തന്റെ സ്വന്തമായിരുന്ന നായകനെ കാണുമ്പോൾ എന്തായിരിക്കാം ഭാവം ഉണ്ടാവുക. അതേപോലെ നായകനെ നോക്കിക്കൊണ്ട് അവൾ പൂമുഖത്തിണ്ണയിൽ നിന്നു. പുറത്തേക്കിറങ്ങി ചെല്ലുന്നില്ല. മരം നിശ്ചലമാണ്. അവൾ അവനെക്കണ്ട് നിശ്ചലമായ ഒരു പൂമരം പോലെ പൂമുഖത്തിന്റെ തിണ്ണയിൽ നില്ക്കുകയാണ്. മാത്രമല്ല പൂക്കളം താഴെ മണ്ണിൽ ആരോ അവരുടെ ഭാവനയിൽ വരച്ചിട്ട ഒരു കോലം പോലെയാണ്. പൂമരമോ വളരെ ഉയരത്തിൽ പടർന്നു പന്തലിച്ച് നിൽക്കുന്നതും. നായികയും നായകനും തമ്മിലുള്ള വൈജ്യാത്യം കുറിക്കുവാൻ ഈ ബിംബങ്ങൾക്ക് നൂറുശതമാനവും കഴിഞ്ഞിട്ടുണ്ട്. താനിപ്പൊഴും ഡൗൺ ടു എർത്തായ ഒരു മനുഷ്യനാണെന്നും നീ ഇന്നും പഴയ പ്രൗഢി വിളിച്ചറിയിക്കുന്ന കുലീനയും ആഢ്യയുമായ സ്ത്രീയാണെന്നും ആദ്യ വരികളിലൂടെ നായകൻ ആത്മഗതം ചെയ്യുന്നു. രണ്ടുപേരുടേയും സാമ്പത്തികവും സാമൂഹികവുമായ ഏറ്റക്കുറച്ചിലുകളെ ഈ ബിംബങ്ങൾ ശക്തമായി പ്രതിനിധാനം ചെയ്യുന്നുണ്ട്. വീതിയുള്ള അവളുടെ വീരാളിപ്പട്ടിന്റെ കസവിൽ അവളുടെ പൂമേനി പൊന്നുപോലെ ശോഭിച്ചു എന്നാണ് അടുത്തവരി. സ്വതേ അവളുടെ നിറം സ്വർണ്ണത്തിനു സമമാണ്. അത് വീതിയുള്ള കസവുചേലയിൽ ആകുമ്പോൾ ആകെയൊരു സ്വർണ്ണ മയമായി നായകനു് അനുഭവപ്പെടുന്നു. പൊന്നായിമിന്നി എന്ന് പറഞ്ഞതിനാൽ കണ്ണഞ്ചിപ്പോയി എന്ന് തന്നെ കരുതാം. മാത്രമല്ല നായിക വീതിക്കസവുള്ള വീരാളിപ്പട്ടുചുറ്റി ആഭരണങ്ങളൊക്കെ അണിഞ്ഞ് അലങ്കാരിതയായി നിൽക്കുന്നതിനാൽ അവൾ സമ്പന്നയുമാണ് എന്നെ ധ്വനി വരുന്നു. അല്ലെങ്കിൽ അവളെ 'കൈക്കലാക്കി'യയാൾ ധനവാൻ തന്നെ. മറ്റൊരു തരത്തിൽ ആലോചിക്കുകയാണെങ്കിൽ പണ്ട് അവളുടെ മേനി പൊന്നുപോലെ മിന്നുന്നതായിരുന്നു. പക്ഷേ കാലത്തിന്റെ വർണ്ണവൈവിദ്ധ്യങ്ങളിൽ ആ പൊലിമ അൽപ്പം നഷ്ടമായി എന്നും അതിനു നായികയ്ക്ക് കസവു വീരാളിപ്പട്ടിന്റെ സഹായം വേണ്ടിവന്നുവെന്നും പ്രയോഗവശാൽ ഒരർത്ഥംകൂടി നമുക്ക് കണ്ടെത്താൻ കഴിയും. മ്മ്മ്... പ്രായം കുറേയായിക്കാണും..! നായികയുടെ ഐശ്വര്യത്തേയും സമൃദ്ധിയേയും പരാമർശിക്കുന്നതിനാൽ 'ഉദാത്ത'മാണ് ഇവിടെ അലങ്കാരം. വർഷങ്ങൾക്ക് ശേഷമുള്ള പുനഃസമാഗമത്തിന്റെ വിഹ്വലതയിൽ, ചഞ്ചലതയിൽ, അവിശ്വാസത്തിൽ രണ്ടുപേരും തമ്മിൽ നോക്കിക്കൊണ്ട്, എന്നാൽ ഒരകലം പാലിച്ചുകൊണ്ട് നിൽക്കുന്നു. നാലുവരിക്കുള്ളിലാണ് ഇത്രയും ദീർഘമായ ഒരു കഥ ഒതുക്കുന്നതെന്ന് നമ്മൾ മനസ്സിലാക്കണം. ഒരിക്കൽ അവർ അനുരാഗബദ്ധരായിരുന്നവരായിരുന്നു, ആ അനുരാഗത്തിന്റെ നൈർമ്മല്യത്തിന് കുറവു വന്നിട്ടില്ല എന്നത് അവരുടെ അന്ധാളിപ്പിൽ നിന്ന് മനസ്സിലാക്കാം. മനോഹരമായി അലങ്കരിക്കപ്പെട്ട ഒരു പൂക്കളത്തെ എങ്ങനെയാണോ കൗതുകത്തോടെയും ആർദ്രതയോടെയും ഇഷ്ടത്തോടെയും നോക്കുന്നത് അതേപോലെ അവൾ അവനെ നോക്കിക്കൊണ്ട് അനങ്ങാതെ നിന്നു. അവൻ തിരിച്ചും അണിഞ്ഞൊരുങ്ങി നിൽക്കുന്ന തന്റെ പഴയ കാമുകിയെ പഴയ അതേ വൈകാരികതലത്തിലൂടെയും അവിശ്വസനീയതയിലൂടെയും നോക്കി കണ്ണഞ്ചിപ്പോകുന്നു. രണ്ടുപേരും പരസ്പരം ഒന്നും ഉരിയാടാതെ നിൽക്കുന്ന രംഗം മനസ്സിലൊന്ന് പകർത്തിനോക്കൂ.. ഒരു ചിത്രം പോലെ അതു നമ്മുടെ ഹൃദയത്തിൽ പതിഞ്ഞു കഴിഞ്ഞു. ഒരു പ്ളോട്ട് അവിടെ രൂപപ്പെടുന്നു. കാര്യങ്ങളെല്ലാം കൃത്യമായി വ്യക്തമാകുന്നു. അവർ രണ്ടുപേരും മാത്രമാണ് ദൃശ്യത്തിൽ. എത്ര വിശാലമായ ഒരു ഫ്രെയിമാണ് പല്ലവിയിലെ നാലുവരികൾക്കുള്ളിൽ കോറിയിട്ടതെന്ന് മനസ്സിലാക്കുമ്പോൾ നാം ഒരു നല്ല ഗാനത്തിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലാൻ നിർബന്ധിതരാകും എന്നതല്ലേ സത്യം?

"പൂവണി പൂവണിയോരോന്നും, പിന്നെ നിൻ
തൂമുഖഭാവവും കണ്ടും 
നിൻറെ കയ്യിൽ നിന്നും പണ്ടു ഞാൻ നേടിയ 
പൂവടതൻ രുചിയോർത്തും..
മുറ്റത്തു നിന്നു ഞാൻ തമ്പുരാട്ടീ മുഗ്ദ്ധ-
മിക്കാഴ്ചതന്നേയൊരോണം..!
കാലത്തിൻ കോലത്താൽ വേർപിരിഞ്ഞോർ നമ്മൾ 
കാണുകയായിതാ വീണ്ടും...! " പൂവണി ഓരൊന്നും പിന്നെക്കണ്ടു. അണിയ്ക്ക് ഒരുപാട് അർത്ഥങ്ങൾ ഉണ്ട്. പൂവണി എന്നാൽ പൂമാലയെന്ന് കരുതാം. 'പൂ' എന്നതിനു മനോഹരം എന്നുമുണ്ട് അർത്ഥം അവൾ അണിഞ്ഞിരിക്കുന്ന അടുക്കായ (അണിയായി) നിന്റെ ആഭരണങ്ങളും പിന്നെ അവളുടെ തൂമുഖത്തിന്റെ അപ്പോഴത്തെ ഭാവവും നായകൻ കാണുന്നു. നായികയെ അടിമുടി നായകൻ നോക്കിക്കാണന്നു. പൂവണി എന്നതിനു് മുഗ്ദ്ധമായ സൗന്ദര്യം എന്നും പറയാം. അല്ലെങ്കിൽ അവളുടെ സ്വർണ്ണനിറമാർന്ന മെയ്യോടു പറ്റിക്കിടക്കുന്ന ആ ആഭരണങ്ങളുടെ ഭാഗ്യത്തെക്കുറിച്ചാകാം നായകൻ ഓർക്കുന്നത്. പിന്നീട് നായകന്റെ ചിന്ത പോകുന്നത് പണ്ട് അവളുടെ കയ്യിൽ നിന്നും നേരിട്ട് വാങ്ങിയ പൂവടയുടെ രുചിയോർത്താണ്. ഓണത്തപ്പനു നേദിക്കാനായി ഉണ്ടാക്കുന്ന അരിയുടെ ഒരു പലഹാരമാണ് പൂവട. ഇതിൽ ശർക്കരയും പഴവും കൽക്കണ്ടവും ഒക്കെ ചേർക്കുന്ന മധുരതരമായ ഒരു അരി പലഹാരം കൂടിയാണിത്. സ്വാഭാവികമായി രുചിമധുരമുള്ളതാണ് ഈ അടയെങ്കിലും അത് നൽകിയത് നായികയായതിനാൽ അതിന്റെ രുചി ഏറുകയാണ്. രുചി ഓർത്തു എന്ന് പറഞ്ഞതിനാൽ ഇപ്പോഴും അതിന്റെ ഒർമ്മകളുടെ മാധുര്യം അത് നായിക നൽകിയതുകൊണ്ടുമാത്രം മനസ്സിൽ, മറ്റെന്തെല്ലാം സംഭവങ്ങൾ ജീവിതത്തിൽ അന്നേവരെ ഉണ്ടായിട്ടും അതൊന്നും ഓർക്കാതെ നായകന്റെ മനസ്സിന്റെ നാവിലേക്ക് അതിന്റെ രുചിയെ എത്തുക്കുകയാണ്. ഇതിൽ നിന്ന് ഒരുകാര്യം ഇവർ വീട്ടിൽ അടുപ്പമുള്ളവരായിരുന്നു അല്ലെങ്കിൽ ആശ്രയിച്ചിരുന്നവരായിരുന്നു എന്നു കരുതാം. അങ്ങനെ ഒരോണക്കാലത്ത് അവൾ അവനു നൽകിയതാണ് പ്രേമപൂർവ്വം ആ പൂവട. ഇതെല്ലാം ഓർത്തുകൊണ്ട് മുഗ്ദ്ധമായ അല്ലെങ്കിൽ മൂഢതയെ പ്രാപിച്ച, അതുമല്ലെങ്കിൽ മനോഹരമായ ഈ കാഴ്ചതന്നെയാണ് തനിക്ക് ഓണക്കാഴ്ച എന്ന് നായകൻ ഉറപ്പിക്കുന്നു, സ്വയം വിശ്വസിക്കുന്നു. 'മുറ്റത്തു നിന്നു ഞാൻ' എന്ന് പറഞ്ഞിരിക്കുന്നത് വെറുതേയല്ല. ഇപ്പോഴും അവളുടെ അടുത്തേക്ക് എത്തിച്ചേരാൻ അവനു അവനു പരിമിതികളുണ്ട്, നിയന്ത്രണങ്ങളുണ്ട്. ആ ലക്ഷ്മണരേഖയ്ക്കപ്പുറം കടക്കാൻ നായകനു കഴിയുന്നില്ല. നിന്നെ കാണുന്നതു തന്നെയാണ് എനിക്ക് ഓണം എന്ന് നായകൻ സ്വയം കരുതുന്നു. വർണ്ണ്യത്തിൽ അവളുടെ കാഴ്ചതന്നെയല്ലേ ഓണം എന്ന ഉല്പ്രേക്ഷയുടെ സൗകുമാര്യം കാണാതിരുന്നുകൂട. മാത്രമല്ല ഈ കാഴ്ചതന്നെ ഒരോണക്കാഴ്ചയാണോ എന്ന സന്ദേഹവും നായകനിലുളവാകുന്നു (സാദൃശ്യത്താൽ സ്മൃതി, ഭ്രാന്തി, സന്ദേഹങ്ങൾ കഥിക്കുകിൽ സ്മൃതിമാൻ, ഭ്രാന്തിമാൻ പിന്നെ സസന്ദേഹവുമായിടും) അവളെ വീണ്ടും കാണാൻ കഴിഞ്ഞ ആ വർണ്ണനാതീതമായ ഭാവത്തിന്റെ അപാരതയിൽ ഒരു ശ്രാവണത്തിന്റെ വസന്തമാലിക തന്നെ നായകനു ചുറ്റുംരൂപപ്പെടുന്നു. എങ്കിലും കോലംകെട്ട് കാലത്തിന്റെ നിയോഗത്താൽ, വിധിയുടെ ക്രൂരതയാൽ വേർപിരിയേണ്ടി വന്നവരാണ് നാം എന്ന് സ്വയം നൊമ്പരപ്പെടുന്നു. ഇതിൽ നിന്ന് മനസ്സിലാക്കാവുന്നത് ഇവർ തമ്മിൽ പിരിഞ്ഞ ശേഷം രണ്ടുപേരും രണ്ടു ജീവിതങ്ങൾ നയിച്ചു തുടങ്ങി എന്ന് വ്യക്തമാകുന്നു. കാലത്തിന്റെ കൊലം കൊണ്ടാണ് വേർപിരിഞ്ഞതെന്ന് നായകൻ പഴിക്കുന്നത് ചുമ്മാതല്ല. എന്തുകൊണ്ടെന്നാൽ "തമ്പുരാട്ടീ"എന്ന ഒരു വിളി നായകൻ മനസ്സിൽ വിളിക്കുന്നുണ്ട്. നായിക സവർണ്ണയാണെന്ന് ഊഹിക്കാം. ഇവനു പൂവട നൽകിയിട്ടുമുണ്ട്. അതുകൊണ്ട് അടുക്കളയുടെ വടക്കിനിയിൽ ആകാംക്ഷയോടെ അവളുടെ ദർശനത്തിനായും ആ കൈകൊണ്ട് "നേടാൻ" കഴിയുന്ന പൂവടയേയും ഒരു കീഴാളച്ചെക്കൻ ഓർക്കുന്നു എന്നാണ് എന്റെ മനസ്സിൽ തെളിയുന്നത്. പഴയ കാര്യത്തെ പരാമർശിച്ചിരിക്കുന്നതിനാൽ 'ഉദാത്തം' (പുരാവൃത്തപ്പരാമർശം ഉദാത്തം ശ്രീ സമൃദ്ധിയും) എന്ന അലങ്കാരത്തിന്റെ ഭംഗിയും ഇവിടെയുണ്ട്. "നിന്റെ കയ്യിൽ നിന്നും പണ്ടു ഞാൻ വാങ്ങിയ" എന്നല്ല കവി പറഞ്ഞിരിക്കുനത്. "നേടിയ' എന്നു തന്നെ ആയതിനാൽ അത് നേടാൻ അവൻ അർഹനായിരുന്നില്ല എന്നും എന്നിട്ടും അത് സിദ്ധിച്ചും എന്നാണ്. അപ്പോൾ മറ്റൊരു പ്ളോട്ടിലേക്ക് കഥ നമ്മേ നയിക്കുന്നു. ഉന്നതകുലജാതയായ പാവാടക്കാരിയായ സുന്ദരിയേയും അവളുടെ വീടിന്റെ പിന്നാമ്പുറത്ത് വരെ മാത്രം പ്രവേശനം ഉണ്ടായിരുന്ന ഒരു പയ്യനേയും നാം ഇപ്പോൽ മനസ്സിൽ കാനുന്നുണ്ട്. നേരിട്ട് കൊടുക്കാൻ സാധിക്കാത്ത കാര്യമായിട്ടുപോലും അവനത് നേരിട്ടു കൊടുത്ത നായികയുടെ ഉള്ളിന്റെ ഉള്ളിലെ അവനോടുള്ള നനുത്ത പ്രണയത്തിന്റെ കുളിര് നമ്മുടെ ഹൃദയത്തിലേക്ക് ഇപ്പോൾ മെല്ലെ അരിച്ചിറങ്ങുന്നുണ്ട്. അവർ തമ്മിൽ ഒരിക്കലും ഒന്നാകാകെ പിരിഞ്ഞു. അന്നത്തെ കാലത്തിന്റെ കോലം അങ്ങനെ ആയിരുന്നതിനാലാണ് നമ്മൾ വേർപിരിയേണ്ടതായി വന്നത് എന്ന് കവി വ്യക്തമാക്കിയിരിക്കുന്നതിനാൽ കാലം വളരെ പിറകിലാണ്, ജാതിവ്യവസ്ഥയുടെ അനാചാരങ്ങളുടെ അയിത്തത്തിന്റെ ഏറ്റവും തീഷ്ണത നിലനിന്നിരുന്ന കാലമാകാം. ഒരിക്കലും അവർക്ക് ഒന്നിച്ചേരാൻ കഴിയാത്ത സാമൂഹികമായ അവസ്ഥ നിലന്നിരുന്ന സമയമായിരുന്നിരിക്കാം. എന്തായാലും ഒരു പക്ഷേ ഈ കാലമായിരുന്നെങ്കിൽ സംഗതി മറിച്ചാകുമായിരുന്നു എന്ന ഒരു ധ്വനിയും കവി ഇവിടെ അവശേഷിപ്പിക്കുന്നു. "വേർപിരിഞ്ഞോർ' എന്ന് പറഞ്ഞിരിക്കുന്നതിനാൽ ഇവർ തന്നിലുണ്ടായിരുന്നത് ഗാഢമായ അനുരാഗമായിരുന്നു എന്നും വെറും കാണൽ മാത്രമല്ല സ്പർശംകൊണ്ടും ഇവർ തമ്മിൽ അടുത്തിരുന്നു എന്നും ഒത്തുചേർന്ന് ജീവിക്കാൻ തീരുമാനിച്ചിരുന്നവരായിരുന്നു എന്നുമൊക്കെ വായിച്ചെടുക്കാൻ കഴിയുന്നു. "കാണുകയായിതാ വീണ്ടും" എന്നതിന്റെ അർത്ഥതലം വിശാലമാകുന്നതും ഇവിടെയാണ്. നിസ്വാർത്ഥമായ പ്രണയത്തിന് ഇണകളെ ഒരുപക്ഷേ തമ്മിൽ അകറ്റാൻ കഴിഞ്ഞേക്കും, പക്ഷേ നിയതിക്ക് അവരുടെ പുനഃസമാഗമത്തെ ഒരിക്കലും തടയാൻ കഴിയില്ല എന്ന ഫിലോസഫി, അത്രയേറെ തത്വചിന്താഗാനങ്ങൾ നമുക്ക് സമ്മാനിച്ച ശ്രീകുമാരൻ തമ്പിയിൽ നിന്നും വന്നില്ലെങ്കിലേ നമ്മൾ അത്ഭുതപ്പെടേണ്ടതുള്ളായിരുന്നു. ഇതാ വീണ്ടും നമ്മൾ കാണുകയാണ്, ഒരു കാലത്തിനും ഒരു ശക്തിക്കും നമ്മുടെ ദിവ്യമായ പ്രണയത്തെ തടുത്തു നിർത്താൻ കഴിയില്ല, നമ്മൾ ജയിച്ചിരിക്കുന്നു എന്ന അൽപ്പം അഹങ്കാരം കലർന്ന അഭിമാനം നായകനിൽ നിന്നും അറിയാതെ വരുന്നതും അയാളുടെ മനസ്സിൽ അവളുടെ നിരുപമവും നിസ്വാർത്ഥവുമായ സ്മരണകൾ സൂക്ഷിച്ചിരുന്നതിന്റെ ഉദാത്തമായ നിദാനം കൂടിയാകുന്നു. ഇത്രയും കഥപറഞ്ഞുതരുന്നത് വെറും 8 വരികൾക്കുള്ളിലാണ്. ഓരോ വാക്കും വരിയും അളന്നുകുറിച്ച് ബിംബങ്ങൾ കൊണ്ടും സന്ദർഭത്തിന്റെ വ്യക്തതകൊണ്ടും ഭദ്രമായി സ്ഫുടം ചെയ്തെഴുതിയെടുത്ത ഒരു വിശാലചിന്തകന്റെ കയ്യൊപ്പ് കാണാൻ കഴിയുന്ന രചനകളിൽ ഒന്നുകൂടിയാണിത്. പല്ലവിയിൽ പുനഃസമാഗമത്തെക്കുറിച്ചും ആദ്യചരണത്തിൽ മൊട്ടിട്ട അനുരാഗത്തെക്കുറിച്ചും അന്നത്തെ സാമൂഹിക പശ്ചാത്തലത്തെക്കുറിച്ചും പിന്നീട് വേർപിരിഞ്ഞ സംഭവങ്ങളേയും കവി ഒരു ദൃശ്യാവിസ്കാരത്തിലെന്നതുപൊലെ വാക്കുകൾകൊണ്ട് തീർക്കുന്ന ഒരു വായനയുടെ അനുഭവം കൂടി സംഗീതത്തിന്റെ അകമ്പടി ഇല്ലാതെ, വെറും ഗദ്യമെടുത്തുവച്ചുവായിച്ചാൽക്കൂടി നമുക്കു ലഭിക്കുന്നെങ്കിൽ അങ്ങനെയാവണം ഗാനസാഹിത്യം എന്ന് നമുക്കു വിശ്വസിക്കാം.

"ആമന്ദമാമന്ദമോമനക്കാൽവച്ചു 
താളത്തിലെന്നടുത്തെത്തി 
പൂമിഴികൊണ്ടു തലോടിയെന്നുള്ളിൻറെ 
പൂമുഖവാതിൽ തുറന്നു 
ഒന്നും മറന്നിട്ടില്ലെന്നോളം നീയെന്നാ- 
ക്കണ്ണീർപൊടിപ്പുകൾ ചൊല്ലി
ആദ്യത്തെ ചുംബനം പൂശിയ നാണമൊ-
ന്നാമുഖത്താളിമറഞ്ഞു... " പിന്നെ നായിക നായകനടുത്തേക്ക് നടന്നടുക്കുകയാണ്. ആദ്യത്തെ പരിഭ്രമവും അന്ധാളിപ്പുമൊക്കെ ഒന്നവസാനിച്ചു. നായകൻ ഓർത്തകാര്യങ്ങൾ കവി പറഞ്ഞെങ്കിലും നായിക അന്നേരം ചിന്തിച്ചതിനേപ്പറ്റി ഒന്നും പരാമർശിച്ചില്ല. പക്ഷേ അവൾ ഒന്നും പറഞ്ഞില്ലെങ്കിൽ തന്നെയും ഇനിയും വരുന്ന ഭാഗമാണ് കഥയുടെ ഹൈലൈറ്റും ഏറ്റവും മനോഹാരിത നിറഞ്ഞതും. അവളൊരക്ഷരം അവനോടുരിയാടുന്നില്ല. അവനെ സ്പർശിക്കുന്നില്ല. അവന്റെ അടുത്തേക്ക് അവൾക്ക് ചെല്ലാൻ കഴിഞ്ഞത് ഒരു പക്ഷേ കാലത്തിന്റെ കോലം മാറിയതുകൊണ്ടാകാം. അല്ലെങ്കിൽ അവളുടെ വീട്ടിൽ ആരും ഇല്ലാത്തതുകൊണ്ടാകാം. അതുമല്ലെങ്കിൽ ഒരാൾ പൂമുഖത്ത് കാത്തുനിൽക്കുമ്പോൾ ആരെന്ന് അന്വേഷിക്കെണ്ട ബാദ്ധത കുടുംബിനിയായ അവൾക്ക് ഉള്ളതുകൊണ്ടാകാം. പക്ഷേ അവൾ സാധാരണ ചെല്ലും പോലെയല്ല അയാളുടെ അടുത്തേക്ക് ചെല്ലുന്നത്, ആമന്ദമാണ്. കാലത്തിനുപോലും കാതലായമാറ്റങ്ങൾ വരുത്താൻ കഴിയാത്ത ഓമനത്തം നിറഞ്ഞ അവളുടെ കാലോരൊന്നും അടിവച്ച് മെല്ലെ മെല്ലെ അവന്റെ അടുത്തേക്ക് നടന്നടുക്കുന്നു. അവൾ എത്തിയത് താളത്തിലായിരുന്നു. അത് അവളുടെ ഹൃദയത്തിന്റെ താളമായിരുന്നു. അവളിൽ അന്നും നിലനിക്കുന്ന പ്രണയത്തിന്റെ അനുരണനങ്ങളുടെ താളത്തിലായിരുന്നു. ആ പ്രണയം താളം തെറ്റിയിട്ടും ഇന്നും അത് മനസ്സിൽ മായാതെ സൂക്ഷിക്കുന്നു എന്ന് അവനെ അറിയാതെയറിയിക്കാനുള്ള ഒരു തീരുമാനത്തിന്റെ താളമായിരുന്നു. അവനും ആ താളം തിരിച്ചറിയുന്നുണ്ട് എന്നതാണ് 'പൂമിഴികൊണ്ട് തലോടി' എന്ന് പറഞ്ഞിരിക്കുന്നതിലൂടെ. അവനെ വെറുതേ അങ്ങ് നോക്കുകയായിരുന്നില്ല. അവളുടെ പൂപോലെയുള്ള മിഴികൾ കൊണ്ട് തലോടുകയാണ് ചെയ്തത്. അത് ആശ്വസിപ്പിക്കുവാൻ ആയിരുന്നില്ലേ? ഇന്നും നിന്റെ ഓർമ്മകളിൽ നിന്നും ഞാൻ മുക്തയല്ലെന്ന് അവനെ അറിയിപ്പിക്കാനായിരുന്നില്ലെ അവനെ അവൾ മിഴികൊണ്ട് ഉഴിഞ്ഞത്. അതിലവൻ ഉത്തേജിതനാകുകയും ചെയ്തു. കാരണം ആ തഴുകൽ കൊണ്ട് അവന്റെ മുന്നിൽ പണ്ട് ആരോ കൊട്ടിയടയ്ക്കപ്പെട്ട പൂമുഖത്തിന്റെ വാതിൽ തുറക്കപ്പെട്ടു എന്നാണ് കവി പറയുന്നത്. ആരൊ കൊട്ടിയടച്ച വാതിൽ അവളുടെ പ്രേമനിർഭരമായ നയനങ്ങളുടെ തലോടലേറ്റ് തുറക്കപ്പെടുകയാണ്. പൂവ് പോലെയുള്ള അവളുടെ മിഴിയുടെ തഴുകലാൽ അവന്റെ മുഖം ഒരു പൂവ് പോലെ വിടർന്നു എന്നും പറയാം. വിടരാൻ വിങ്ങി നിൽക്കുന്ന്ഒരു മൊട്ടിനെ അനശ്വരമായ പ്രണയത്തിന്റെ മാരുതസ്പർശമേറ്റുലഞ്ഞ മറ്റൊരു പൂവ് ചെന്ന് തഴുകിയുണർത്തി എന്നതിലെ ഭാവനയുടെ ഔന്നത്യമുണ്ടല്ലോ, അതിന്റെ അനുരണനങ്ങൾ അനുഭവിച്ചറിയണമെങ്കിൽ ഒരിക്കലെങ്കിലും നമ്മൾ പ്രണയിക്കണം. മുഖത്തിന്റെ വാതിൽ എന്നത് ചുണ്ടുകളാണ്. അവളുടെ പൂമിഴിയുടെ തലോടലേറ്റ് വിവശനായ നായകന്റെ ചുണ്ടുകൾ മെല്ലെ വിടർന്നു എന്നു വേണമെങ്കിലും അർത്ഥം പറയാം. പ്രണയിനുടെ സാമീപ്യത്തിൽ ചുണ്ടുകൾ വിടരുന്നത് ഒരു ചുംബനമേകാൻ കൊതിച്ചല്ലേ എന്ന് സമർത്ഥിക്കുന്നതിൽ തെറ്റുകാണുന്നില്ല. അല്ലെങ്കിൽ അവളോട് ഒന്നുരിയാടാനായിരിക്കാം (സാമാന്യം താൻ വിശേഷം താൻ അവയിൽ പ്രസ്തുതത്തിന് അർത്ഥാന്തരന്യാസമാകും അന്യം കൊണ്ടു സമർത്ഥനം). മാത്രമല്ല ആ പരസ്പരാശയ വിനിമയത്തിനു ശേഷം അവൾ കണ്ണീർപൊടിക്കുകതന്നെ ചെയ്തു. അവനെക്കണ്ടമാത്രയിൽ ആദ്യം നിശ്ചലയായും പിന്നീട് ആമന്ദം അരികത്തേക്ക് ചെല്ലുകയും അവളുടെ പ്രണയത്തിന്റെ ശേഷിപ്പിക്കുകളെക്കുറിച്ച് ആ കണ്ണാലുഴിഞ്ഞ് തലോടി അവനെ മനസ്സിലാക്കിച്ച അവളുടെ നിയന്ത്രണം വിട്ട് അവൾ കണ്ണുനീർവാർക്കുന്നു അവസാനം. "ഒന്നും നീ മറന്നിട്ടില്ല" എന്നല്ലേ നിന്റെ ഈ മിഴിത്തുള്ളികൾ പറയുന്നതെന്ന് നായകൻ ആത്മഗതം ചെയ്യുന്നുണ്ട്. അവളുടെ മിഴിവാർക്കൽ പഴയതൊന്നും മറന്നിട്ടില്ല എന്നതിന്റെ തെളിവല്ലേ, അതുകൊണ്ടല്ലേ ഇങ്ങനെ ഉണ്ടാകാൻ കാരണം എന്ന് ഉത്പ്രേക്ഷയുടെ മനോഹാരിതയിലൂടെ കവി വരച്ചിടുന്നു. വെറുതേ മറന്നിട്ടില്ല എന്നല്ല, എന്നോളം നീയും ഒന്നും മറന്നിട്ട എന്നാണ് നായകൻ മനസ്സിൽ പറയുന്നത്. അയാൾ എത്രമാത്രം അവളെക്കുറിച്ചോർക്കുന്നുവോ അത്രയും തന്നെ അവളും ഓർക്കുന്നു എന്ന് നായകൻ വിശ്വസിക്കുന്നു. അല്ലെങ്കിൽ അവൾക്ക് കരയേണ്ടിവരുമായിരുന്നില്ല. 'എന്നോളം' എന്നതിന്റെ ആഴം ശ്രദ്ധേയമാണ്. കാരണം നായകൻ ഒരുപക്ഷേ ഇന്നും ഏകനായി തുടരുന്നു എന്ന ഒരു ധ്വനികൂടി ഇല്ലേ എന്ന് ഞാൻ സംശയിക്കുന്നു (ഒന്നും മറന്നിട്ടില്ലിന്നോളം [ഇന്നോളം] എന്നൊരു പാഠഭേദവും ഉണ്ട്. യേശുദാസ് ആദ്യം പാടുന്നതിൽ 'എന്നോളം' എന്നും രണ്ടാമതു പാടുമ്പോൾ 'ഇന്നോളം' എന്നും കേൾക്കുന്നു. രണ്ടായാലും അർത്ഥതലങ്ങൾക്ക് നേരിയ മാറ്റം വരുമെന്നതിൽ കവിഞ്ഞ് മറ്റ് വ്യത്യാസം വരുന്നില്ല. എങ്കിലും 'ഇന്നോളം' എന്നായിരിക്കും ആ വാക്കെന്നാണ് ഞാൻ കരുതുന്നത്. അതിൽ വ്യക്തത വരുത്തേണ്ടത് ഗാനരചയിതാവാണ്) നായികയെ കണ്ടതുമുതൽ ഇന്നുവരെ അവളെത്തന്നെ സ്മരിച്ച് അയാൾ കഴിയുകയാണ് എന്നും കൂട്ടി വായിക്കാം. 'എന്നോളം' എന്നതിനപ്പുറം ഒരു അതിർവരമ്പില്ല. അത്രത്തോളം നീയും നമ്മുടെ പഴയകാലത്തെക്കുറിച്ച് സ്മരണയുള്ളവളാണെന്ന് നായകൻ കരുതുന്നിടത്താണ് ആ പ്രണയത്തിന്റെ പ്രൗഢോജ്വലമായ പരിപൂർണ്ണത നിറഞ്ഞു നിൽക്കുന്നത്. അലസവസ്ത്രയായി അലങ്കോലപ്പെട്ട് നിൽക്കുന്ന ദുഃഖിതയായ നായികയല്ലാതിരുന്നിട്ടും തന്നോടുള്ള സ്നേഹത്തിന്റെ ഒരു കനൽ അവളുടെ മനസ്സിൽ ഇന്നും നിലനിൽക്കുന്നു എന്ന് നായകൻ തിരിച്ചറിയുന്നത് നിസ്സാരങ്ങളായ രണ്ടുമൂന്ന് കണ്ണീർത്തുള്ളികളിലൂടെയാണ്. നമ്മുടെ മനസ്സിനെ പകർത്താൻ ഒന്നരമണിക്കൂർ കവലപ്രഭാഷണം നടത്തേണ്ടകാര്യമില്ലെന്നും രണ്ടു കണ്ണീർത്തുള്ളിക്ക് വെളിവാക്കാൻ കഴിയുന്നതാണ് പ്രണയത്തിന്റെ പാവനതയെന്നും ഇവിടെ അടിവരയിട്ട് പറയുന്നു. 'അവനുമവശനെങ്കിലും സ്വബോധം വ്യവഹിതമെങ്കിലുമാഞ്ഞുനോക്കി നിന്നാൾ അവനെയതിവിരൂപനസ്ഥിശേഷൻ ധ്രുവമിഹ മാംസനിബദ്ധമല്ലരാഗം' എന്ന ആശാന്റെ വരികളുടെ മറ്റൊരു ഭാഷ്യമാണ് ഈ കണ്ണീർപൊടിപ്പുകൾ. എന്നാൽ പെട്ടെന്ന് ആ കണ്ണീരടക്കുന്നുണ്ടവൾ. കാരണം അവളെ ലജ്ജവന്ന് പൊതിയുകയാണ് അപ്പോൾ തന്നെ. അതിനു കാരണം തന്നെ ആദ്യമായി ചുംബിച്ച വ്യക്തിയാണ് തന്റെ മുൻപിൽ നിൽക്കുന്നതെന്ന യാഥാർത്ഥ്യത്തിലേക്ക് അവൾ മടങ്ങിപ്പോകുന്നതിലൂടെ വ്യക്തമാകുന്നു. "ആദ്യത്തെ ചുംബനം പൂശിയ നാണം" എന്നാണ് കവിയുടെ ഭാഷ്യം. 'നൽകിയ', 'ഏകിയ,' 'പകർന്ന', നീട്ടിയ. എന്നൊന്നും ചേർക്കാതെ 'പൂശിയ' എന്ന് പറഞ്ഞതിന്റെ അർത്ഥം തന്നെ പൂശുന്നത് ഒന്നിന്റെ തിളക്കം കൂട്ടാനാണ്. പൂശൽ എന്നത് തഴുകൽ പോലെ വളരെ മസൃണമായ ഒരു പ്രവർത്തിയാണ്. ഒന്നുരച്ച് കടന്നുപോവുക എന്നു വേണമെങ്കിൽ കരുതാം. തന്റെ അടുത്തുനിന്ന പ്രണയിനിയെ അവളുടെ പോലും സമ്മതമില്ലാതെ ആ കവിളിൽ ചുംബിച്ചപ്പോൾ അവൾ നാണംകൊണ്ട് ഒഴിഞ്ഞു മാറിയതാകാം ആ പൂശലിന്റെ കഥ. അത് അവൻ അവൾക്ക് നൽകിയ ആദ്യത്തെ ചുംബനമായിരുന്നു. ഒരു പക്ഷേ അവസാനത്തേതായിരിക്കില്ല. പക്ഷെ ആദ്യത്തെ ആ ചുംബനം നൽകിയ നേരംവളുടെ മുഖത്ത് ഉണ്ടായ നാണം വീണ്ടുമൊരിക്കൽക്കൂടി നായകനു കാണാൻ കഴിഞ്ഞു എന്ന ചാരിതാർത്ഥ്യമുണ്ടിതിൽ. അവൾ ലജ്ജാവിവശയായി മാറുന്നു ആ അനിമിഷം. ഒരു സ്ത്രീക്ക് ഒരുവനിൽ നിന്നോ പല വ്യക്തികളിൽ നിന്നോ ജീവിതത്തിൽ പലപ്പോഴായി ചുംബനങ്ങൾ കിട്ടിയേക്കാം. പക്ഷേ ആദ്യമായി ചുംബിച്ച വ്യക്തിയേയും ആ നിമിഷത്തേയും പ്രായത്തേയും വികാരത്തേയും അവളിൽ ഓർമ്മ നിലനിൽക്കുവോളം മറക്കാൻ സാധിക്കില്ല എന്ന പച്ചപ്പരമാർത്ഥം കൂടി ഒളിഞ്ഞിരിപ്പുണ്ട് ആ "ആദ്യത്തെ ചുംബന"ത്തിൽ. നീ ആരുടേതുമായിരുന്നുകൊള്ളട്ടെ, നിന്റെ പൊന്നായി മിന്നുന്ന പൂമേനിയിലങ്ങോളമിങ്ങോളം മറ്റൊരാൾ ചുംബനം നൽകിക്കൊള്ളട്ടേ, അവയൊക്കെ നീ വിസ്മരിച്ചാലും ആദ്യമായി എന്താണ് ചുംബനത്തിന്റെ സുഖമെന്ന് നിന്നെ കാട്ടിത്തന്ന, അതിന്റെ അനുഭൂതികളിലേക്ക് നിന്നെ നയിച്ച, അനാഘ്രാത കുസുമമായ നിന്റെ കപോലങ്ങളിൽ ചുംബനത്തിന്റെ സിന്ദൂരം പൂശിയവൻ "ഞാൻ തന്നെ" എന്ന് നായകൻ അഭിമാനിക്കുന്ന നിമിഷംകൂടിയാണത്. ആ ഗാനത്തിന്റെഅവസാനത്തെ വരിയിൽ ഇത് പറഞ്ഞിരിക്കുന്നതിനാൽ ഇതിനപ്പുറം എനിക്ക് മറ്റൊന്നും ഈ ജീവിത മോഹ സായാഹ്നത്തിൽ ആവശ്യമില്ല, ഞാ ൻചരിതാർത്ഥനാണ്, ഭാഗ്യവാനാണ്, ഒരു പക്ഷേ ഈ ലോകത്തിലെ മറ്റേതൊരാളേക്കാളും എന്ന സംതൃപ്തകരമായ പരിസമാപ്തിയാണ് ഈ ഗാനത്തിന്റെ മറ്റൊരു ചാരുത. അവനെക്കണ്ടപ്പോൾ അവളും പഴയകാലത്തിലേക്ക് ഒരു തിരിച്ചുപോക്ക് നടത്തിക്കാണാം. അല്ലെങ്കിൽ ആദ്യചുംബനം നൽകിയപ്പോൾ ഉണ്ടായ അതേ നാണം അവളിൽ വീണ്ടും നായകനു ദർശിക്കുവാൻ കഴിയുമായിരുന്നില്ല. ദൗർഭാഗ്യകരമെന്ന് പറയട്ടെ ആ ലജ്ജ അധികം നീണ്ടു നിൽക്കുന്നില്ല. ഒന്നാളി... പെട്ടെന്ന് അത് മറയുകയും ചെയ്തു! ഒന്ന് കത്തിയണയുന്നതു പോലെ അവളുടെ ലജ്ജയെ മറയ്ക്കുവാൻ കാരണമാക്കിയതെന്താണ്?! ഒരു പക്ഷേ അവൾ ഒരു കുടുംബിനിആയിരിക്കാം. മറ്റൊരാളുടെ കുട്ടികളുടെ മാതാവായിരിക്കാം. അന്യനായ ഒരു പുരുഷനെ, അയാൾ മുൻപ് ആരുമായിരുന്നുകൊള്ളട്ടെ മറ്റൊരു കണ്ണോടെ നൊക്കിയതിന്റെ പാപഭാരത്താലാകാം. തന്റെ ഭർത്താവിന്റെ തന്നോടുള്ള അമിതമായ ഇഷ്ടത്തിന്റേയും വിശ്വാസത്തിന്റേയും നേരറിവുകൾ അവളിലേക്ക് തുളച്ചിറങ്ങിയതുകൊണ്ടാകാം. എന്തുമാകട്ടെ, ആ പുനഃസമാഗമം അവിടെ അങ്ങനെ രണ്ടുപേരും തങ്ങളുടെ കർത്തവ്യബോധത്തിലൂന്നിക്കൊണ്ട് മനഃസാന്നിദ്ധ്യം വീണ്ടെടുത്തുകൊണ്ട് പിന്തിരിയുന്നതിലൂടെ ഈ കഥാസാരം ഇവിടെ പൂർത്തിയാകുന്നു.

സാഹിത്യ വിശകലനത്തോടൊപ്പം തന്നെ ഗാനത്തിന്റെ രചനാ ഘടനയും ഇവിടെ പരിശോധിക്കുവാൻ ശ്രമിക്കുകയാണ്. കിളിപ്പാട്ടു വൃത്തമായ കാകളിയുടെ വകഭേദമായ മാരകാകളി എന്ന വൃത്തത്തിലാണ് ഈ ഗാനം എഴുതപ്പെട്ടിരിക്കുന്നത്. "മാത്രയ,ഞ്ചക്ഷരം മൂന്നിൽ വരുന്നോരു ഗണങ്ങളെ എട്ടു ചേർത്തുള്ളീരടിക്കു ചൊല്ലാം കാകളിയെന്നു പേർ" എന്ന ലക്ഷണത്തിൽ നിന്നും രണ്ടു വരികളിലും 12 അക്ഷരങ്ങൾ വീതമുള്ള അക്ഷരഘടനയിൽ രണ്ടാമത്തെ വരിയിൽ നാലക്ഷരം കുറച്ച് 8 അക്ഷരങ്ങളാക്കിയാൽ അത് മാരകാകളി എന്ന വൃത്തമാകും. "നാലക്ഷരമവസാനം കുറഞ്ഞീടും കാകളി മാരകാകളി" എന്നാണ് ലക്ഷണം. ഊനകാകളിയെന്നും ഇതിനെ വിളിക്കാം. ആദ്യവരി പൂർണ്ണതയിൽ എത്തിച്ചിട്ട് രണ്ടാം വരി അപൂർണ്ണമായി എന്നു തോന്നുന്ന ഘടനയാണ് ഈ വൃത്തത്തിന്റെ പ്രത്യേകത. സഫലീകരിക്കാത്ത പ്രണയവികാരങ്ങൾക്ക് ഇതിലും നല്ലൊരു വൃത്തരീതി കൈക്കൊള്ളാൻ സാധിക്കുകയില്ല. ആ അപൂർണ്ണതയിലും പൂർണ്ണതയുടെ അംശങ്ങൾ കാണുവാൻ സാധിക്കുകയും ചെയ്യുമെന്ന സവിശേഷതയും ഇതിനുണ്ട്. അക്ഷരങ്ങളുടെ എണ്ണത്തിലും മാത്രയുടെ എണ്ണത്തിലും വ്യത്യാസം വരാതെ ആദ്യന്തം ഈ വൃത്തത്തിൽ തന്നെയാണ് ഈ ഗാനത്തിന്റെ സഞ്ചാരം. വിഷാദാർദ്രമായി വലിച്ചു പാടുന്നതിന്റെ പ്രതീതി സൃഷ്ടിക്കുവാനും ഇതിലൂടെ സാധിച്ചിട്ടുണ്ട്. അദ്ദേഹം മാരകാകളി അടിസ്ഥാനമാക്കി അനേകം ജനപ്രിയങ്ങളായ ഗാനങ്ങൾ എഴുതിയിട്ടുണ്ട്. അവകൂടി താഴെപ്പറയുന്നു.

"ആ നിമിഷത്തിന്റെ നിർവൃതിയിൽ ഞാനൊ-
രാവണിത്തെന്നലായ് മാറി"

"എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിർ
ഇന്നെത്ര ധന്യതയാർന്നു"

"അമ്മയിൽ നിന്നും തുടങ്ങാതെയെങ്ങനെ-
യുണ്മയെപ്പറ്റി ഞാൻ പാടും"

"നക്ഷത്രരാജ്യത്തെ നർത്തനശാലയിൽ
രത്നം പൊഴിയുന്ന രാത്രി"

"നഷ്ടസ്വർഗ്ഗങ്ങളെ നിങ്ങളെനിക്കൊരു
ദുഃഖസിംഹാസനം നല്കി"

"നീലനിശീഥിനി നിന്മണിമേടയിൽ
നിദ്രാവിഹീനയായ് നിന്നൂ"

ഘടനാപരമായ വ്യക്തത വരുത്തുന്നതോടൊപ്പം തന്നെ കണിശമായ മാത്രാനിഷ്കർഷതയും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. സംഗീത സംവിധായകന് സന്ദേഹമേതും കൂടാതെ കൃത്യമായ മീറ്ററിൽ തന്നെ ഗാനത്തിന്റെ പൂർണ്ണതയോടെ വരികളെ ഒരുക്കാൻ ഇത് വളരെ സഹായകരമാകുന്നു. ആലാപനത്തിൽ കൂടുതൽ ഭാവങ്ങൾ കൊടുക്കുവാനാവശ്യമായ ഇടകളൊരുക്കി സംഗീതം ചെയ്യുവാൻ അവർക്കു സാധിക്കുന്നതും അത് ജനങ്ങൾ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്നതും നമ്മൾ കണ്ടറിഞ്ഞിട്ടുണ്ട്.

സാഹിത്യം വിശകലം ചെയ്യുമ്പോൾ സംഗീതവുമൊപ്പം ചെയ്യണമെന്നില്ലെങ്കിലും രവീന്ദ്രൻ മാഷിന്റെ സംഗീതത്തെ എടുത്തുപറയാതിരിക്കാൻ കഴിയില്ല. ഒരു രാഗം മാത്രം അടിസ്ഥാനപ്പെടുത്തിയല്ല ഈ ഗാനം അദ്ദേഹം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ശ്രുതി പിടിക്കുന്ന രീതിയിൽ സ പ സ യിലാണ് ഗാനത്തിന്റെ ആദ്യവരി ചിട്ടപ്പെടുത്തിയിരിക്കുന്നത്. "സസസ പപപ സസസ രിരിരി, സരിസ പനിസ രിഗ" എന്ന് ഒന്നുമൂന്നു സ്വരങ്ങൾകൊണ്ട് ഗൃഹാതുരമായ ഒരു അന്തരീക്ഷം അദ്ദേഹം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ശുദ്ധധന്യാസിയും കീരവാണിയും ശിവരഞ്ജിനിയും വേണ്ടതുപോലെ സംയോജിപ്പിച്ച് എന്നുമോർത്തിരിക്കാൻ ഒരു ഗാനം അദ്ദേഹം ചിട്ടപ്പെടുത്തിത്തന്നിരിക്കുന്നു. ലളിതസംഗീതത്തിന്റെ വ്യവസ്ഥകൾക്കുള്ളിൽ നിന്നുകൊണ്ട് മുഴച്ചു നിൽക്കാതെ സാഹിത്യത്തിന്റെ വിശാലതയെ അനുവാചകരിലേക്ക് എത്തിക്കുവാൻ സംഗീതത്തിന്റെ ലളിതമായ തട്ടും തലോടലും കൊണ്ട് രവീന്ദ്രജാലം തീർത്തിരിക്കുന്നത് എത്ര പ്രശംസിച്ചാലും മതിയാവുകയില്ല.

പ്രണയത്തിന് പ്രായമോ, നേരോ, യാഥാർത്ഥ്യങ്ങളുടെ അതിർവരമ്പുകളൊ ഒരൽപ്പനേരത്തേക്ക്, ഒരു നിമിഷത്തേക്ക് ഇല്ലാതാകുന്നു എന്നൊരു സത്യവും കവി ഇവിടെ വെളിപ്പെടുത്തുന്നു. ആദ്യത്തെ പ്രണയത്തിന്റെ മധുരിമയെ ഓർമ്മപ്പെടുത്തുന്നു. അതിന്റെ നിഷ്കളങ്കവും നിർമ്മലവുമായി അനുഭൂതിയെക്കുറിച്ച് സ്വയം ഒർത്ത് കവി തന്റെ കസാലയിലേക്ക് ചായുന്നു. ഇതിൽക്കൂടുതൽ ഒന്നും എഴുതാനില്ലെന്ന സ്വയം ബോദ്ധ്യത്തോടെ. ഇതിനപ്പുറം ഈ കഥ തുടരുന്നില്ല എന്ന ഒർമ്മപ്പെടുത്തലോടെ. അതും 20 വരികൽക്കുള്ളിൽ! ഭാവതീവ്രമായ ഒരു പ്രേമത്തിന്റെ എല്ലാ ചാരുതയും ചഞ്ചലതയും ചടുലതയും അരച്ചുചേർത്താണ് ഓരൊ വരിയും വിന്യസിച്ചിരിക്കുന്നത്. ഒരുവരിപോലും എടുത്തുമാറ്റാൻ കഴിയാത്ത കയ്യടക്കവും അർത്ഥപൂർണ്ണിമയും ഈ ഗാനത്തിൽ നിറഞ്ഞു നിൽക്കുന്നു.
വളരെക്കാലമായി എന്നെ വേട്ടയാടിക്കൊണ്ടിരുന്ന ഈ പാട്ടിനെക്കുറിച്ച് ഇത്രയും എഴുതിയില്ലെങ്കിൽ അത് എന്നോടുതന്നെ ചെയ്യുന്ന ഒരാത്മനിന്ദയാകും എന്ന എനിക്ക് സ്വയം ബോദ്ധ്യമുള്ളതുകൊണ്ടാണ് വൈകിയവേളയും ഇത്രയും ദീർഘമായി കുറിച്ചത്. ഇതെഴുതിത്ത്തീർന്നപ്പോൾ മനസ്സ് കൂടുതൽ ആ സമാഗമത്തിലേക്ക് അടുത്തു എന്നതാണ് മറ്റൊരു മാറ്റം. അടുക്കണം. ആലോചിക്കുന്തോറും അർത്ഥത്തിന്റെ തലങ്ങൾ മാറുന്ന വാക്യഘടനയാണ് കവിത. ആ കവിത നിറഞ്ഞു തുളുമ്പുന്ന ഒരു സൃഷ്ടിയെക്കുറിച്ച് കൂടുതൽ ഗഹനമായി ചിന്തിക്കുമ്പോൾ നമ്മളും അതിലെക്ക് കൂടുതൽ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാൻ നിർബന്ധിതരാകും. ഇത് രവീന്ദ്രന്റെ സംഗീതത്തിൽ കെ.ജെ. യേശുദാസിന്റെ ആർദ്രമായ ഭാവത്തിൽ കേൾക്കാൻ ഇടവന്നിട്ടുള്ള അദ്ദേഹത്തിന്റെ കണ്ണിൽ നിന്നും രണ്ടുനീർത്തുള്ളികൾ പൊടിഞ്ഞിട്ടുണ്ടാകും. അതേ വികാരം തന്നെ നമുക്കും അനുഭവവേദ്യമാകുന്നുവെങ്കിൽ ഒന്നോർക്കുക, നമ്മൾ ഇപ്പോഴും മനുഷ്യരാണെന്ന്. വികാരങ്ങളുള്ള, ഓർമ്മകൾ സൂക്ഷിക്കുന്ന, സ്നേഹവും ബന്ധവും കാത്തുസൂക്ഷിക്കുന്ന, പ്രണയത്തിന്റെ നൈർമ്മല്യം ഹൃദയത്തിൽ സൂക്ഷിക്കുന്ന സാധാരനമനുഷ്യരാനെന്ന്...!!!

കവിയുടേയും ഗായകന്റേയും സംഗീതസംവിധയകന്റേയും കൂടുതൽ മഹത്വങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ സ്ഥല/സമയപരിമിതിമൂലം ഞാൻ ഉദ്യമിക്കുന്നില്ല. അത് കേട്ട് അനുഭവിച്ചറിയേണ്ടതുതന്നെയാണ്, നിങ്ങൾ, ഓരൊരുത്തരം, സ്വയം! അതിനു് ഞാൻ അവസരം വിട്ടുതന്നുകൊണ്ട് തൽക്കാലം നിർത്തട്ടെ. ഒന്നുകൂടി, പുതുതലമുറ എഴുത്തുകാർ ഇത്തരത്തിലുള്ള ഗാനങ്ങൾ കേൾക്കുകയും സ്വയം നിരൂപണം നടത്തുകയും ചെയ്യുന്നതു ഗുണകരമായിരിക്കും. അവർ എഴുതിവച്ചതെന്ത്, നിങ്ങൾ എഴുതിക്കൊണ്ടിരിക്കുന്നതെന്ത് എന്നതിനെക്കുറിച്ച് വിദൂരമായ ഒരു ബോധമെങ്കിലും ഉണ്ടാകാൻ അത് നിങ്ങൾക്ക് സഹായകരമാകും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു!

തയ്യാറാക്കിയത് : ജി. നിശീകാന്ത്

Contributors