ആറാട്ടിനാനകളെഴുന്നള്ളി (ഗാനാസ്വാദനം)

Submitted by Nisi on Tue, 08/09/2016 - 13:15
Attachment Size
aratti2.jpg 31.56 KB
Arattinanakal.jpg 142.78 KB
Gopan.jpg 22.19 KB

വിവാദങ്ങൾ എവിടെയുമുണ്ട്, ഏതിലുമുണ്ട്. അത് പാട്ടിലുമുണ്ട്. വിവാദങ്ങൾ ഉണ്ടാക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. നെഗറ്റീവ് പബ്ളിസിറ്റി പ്രമോഷനെ സഹായിക്കുമെന്നാണ് വയ്പ്പ്. ഇതൊന്നും ആപ്ളിക്കബിൾ ആകാതിരുന്ന ഒരു കാലത്ത് വിവാദമേറ്റുവാങ്ങേണ്ടിവന്ന ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങളിൽ ഒന്നാണ് 'ആറാട്ടിനാനകൾ എഴുന്നള്ളി'. എന്താണ് ഇതിലെ അടിസ്ഥാനപരമായ വസ്തുത എന്ന് പരിശോധിക്കാം. ഒപ്പം ഭാഷയിലെ ചില പ്രയോഗങ്ങളും പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്ന അതിന്റെ അർത്ഥവും എങ്ങനെ നമ്മുടെ നിഗമനങ്ങളെ സ്വാധീനിക്കുന്നു എന്നും പരിശോധിക്കേണ്ടിവരും. സ്ഥിരമായി ഉപയോഗിച്ച് ശീലത്തിൽ വന്ന പ്രയോഗങ്ങളുടെ യഥാർത്ഥ അർത്ഥമെന്തായിരുന്നാലും ആരും അത് അംഗീകരിക്കാൻ കൂട്ടാക്കുകയില്ല. മൗലികം എന്ന വാക്കിന് മൂലത്തെ സംബന്ധിച്ചത്, അടിസ്ഥാനപരമായത് എന്നൊക്കെയാണ് അർത്ഥമെങ്കിലും മതമൗലികവാദി എന്ന് കേട്ടാൽ നമ്മൾ ഏവരും നെറ്റിചുളിക്കും. കാരണം ഉപയോഗിച്ച് പഴക്കം വന്ന പ്രയോഗ ശീലങ്ങൾ മാറ്റാൻ നമുക്ക് കഴിയുകയില്ല എന്നതുതന്നെ.

"ആറാട്ടിനാനകളെഴുന്നള്ളി ആഹ്ളാദസമുദ്രം തിരതല്ലി
ആനന്ദഭൈരവി രാഗത്തിൻ മേളത്തിൽ 
അമ്പലത്തുളസികൾ തുമ്പിതുള്ളി"

'ആറാട്ടിന് ആനകൾ എഴുന്നള്ളി' എന്ന ഗാനത്തിന്റെ തുടക്കമാണ് ഇവിടെ പ്രശ്നം സൃഷ്ടിച്ചത്. ശ്രീകുമാരൻ തമ്പിയുടെ പ്രസിദ്ധമായ ഒരു ഗാനമാണിതെങ്കിലും വിവാദങ്ങൾ ഇതിൽ കരിനിഴൽ വീഴ്ത്തിയെന്ന് പറയാതെ വയ്യ. 'ആനകളാണോ എഴുന്നള്ളുന്നത്' എന്നാണ് പ്രധാന ചോദ്യം. ഇതിലെ എഴുന്നള്ളുക എന്ന ക്രിയയുടെ അർത്ഥത്തിലേക്ക് കടക്കാതെ മുന്നോട്ടു പോകുവാൻ സാദ്ധ്യമല്ല. എഴുക എന്ന മൂലധാതുവിൽ നിന്നാണ് എഴുന്ന എന്ന വാക്ക് ഉത്ഭവിക്കുന്നത്. എഴുന്ന എന്ന വാക്കിന് അർത്ഥം പൊങ്ങി നിൽക്കുന്നത്, ഉന്നതമായത് എന്നൊക്കെയാണ്. എഴുന്ന എന്നതിനൊപ്പം അരുളുക (അരുൾ ധാതു - ആചാരപരമായ ബഹുമാനം. പൂജകാർത്ഥത്തിലുള്ള അനുപ്രയോഗം) കൂടിച്ചേരുമ്പോൾ എഴുന്നരുളുക എന്ന വാക്ക് ലഭിക്കുന്നു. അരുളുക എന്ന വാക്കിന് കല്പിക്കുക, പ്രദാനം ചെയ്യുക എന്നെല്ലാമാണ് അർത്ഥം. എഴുന്നരുളി എന്നതിന് സാമേന്യേന വരുന്ന അർത്ഥം ഉന്നതവും ശ്രേഷ്ഠവുമായ ഒന്ന് പ്രവേശിക്കുക, അല്ലെങ്കിൽ ഉപചാരപൂർവ്വം കടന്നുവരിക എന്നൊക്കെയാണ്. ഇതിലെവിടെയാണ് ഒന്നിന്റെ പുറത്തേറി വരുന്നതിന് മാത്രമാണ് എഴുന്നള്ളുക എന്ന് ധ്വനിയുള്ളത്? ഉന്നതശീർഷമായ ഒന്ന് കടന്നുവരിക എന്നു മാത്രമേ അതിനർത്ഥമുള്ളൂ. ഗ്രാമ്യഭാഷയിൽ അവതരിപ്പിക്കുക, വിശിഷ്യാ പറയുക എന്നൊക്കെയർത്ഥങ്ങളുമുണ്ട്. സചേതനമാണെങ്കിലും അചേതനമാണെങ്കിലും ആചാരപരമായ ചടങ്ങുകളിൽ രംഗപ്രവേശം ചെയ്യുമ്പോൾ ഈ വാക്ക് സാമാന്യേന നമ്മൾ പ്രയോഗിക്കാറുണ്ട്. രാജാവിന്റെ രഥമെഴുന്നള്ളി എന്നു പറയുമ്പോൾ ആ രഥം രാജാവിനേയും കൊണ്ട് കടന്നുവരുന്നു എന്നാണ് അർത്ഥമാക്കുന്നത്. രാജാവ് രഥത്തിൽ എഴുന്നള്ളി എന്നു പറയുമ്പോഴും ആ അർത്ഥം തന്നെയാണ് നമ്മുടെ മനസ്സിൽ പതിയുന്നത്. ദേവനെ ആനപ്പുറത്ത് എഴുന്നള്ളിച്ചു, ദേവിയെ ജീവതയിൽ എഴുന്നള്ളിച്ചു എന്നൊക്കെ നമ്മൾ പറയാറുണ്ട്. എന്തുകൊണ്ടാണ് കേവലക്രിയയും പ്രയോജകക്രിയയും നാം രണ്ടു രീതിയിലും ഉപയോഗിക്കുന്നത്. തനിയെ കടന്നു വന്നാൽ അത് കേവലവും ഒന്നിന്റെ സഹായത്താൽ ചെയ്താൽ അത് പ്രയോജകവുമാണല്ലോ. ദേവൻ എന്ന കർത്താവ് സചേതനമെന്ന വിശ്വാസത്തിലൂന്നി തനിയെ കടന്നുവരുന്നതായും ഒപ്പം തന്നെ ആനയുടെ പുറത്ത് എഴുന്നള്ളിക്കപ്പെടുന്നതായും പറഞ്ഞാൽ രണ്ടും ശരിതന്നെയാണ്. പക്ഷേ യഥാർത്ഥത്തിൽ അചേതനമായ ഒന്നിന് പരപ്രേരണയില്ലാതെ ഒരു കാര്യം ചെയ്യാൻ കഴിയില്ല. ആ അർത്ഥത്തിൽ ദേവനെ / ദേവിയെ എഴുന്നള്ളിക്കുന്നു, എഴുന്നള്ളിച്ചു എന്നൊക്കെയാണ് പറയേണ്ടത്. മനുഷ്യ നിർദ്ദേശങ്ങളനുസരിച്ച് ചെയ്യുന്നതാണെങ്കിൽ പോലും ആന ഒരു ജീവിയാണ്. പരപ്രേരണകൂടാതെ അതിനു പ്രവർത്തിക്കാൻ കഴിയും. ആ അർത്ഥത്തിൽ 'ആനകൾ എഴുന്നള്ളി'എന്ന പ്രയോഗം ഒട്ടും തെറ്റില്ലാത്തതും സന്ദർഭത്തിന് യോജിക്കുന്നതുമാണ്. 'അങ്ങേർക്ക് എഴുന്നള്ളാൻ കണ്ട ഒരു സമയം', 'അയാൾക്ക് ആ കാര്യം എഴുന്നള്ളിക്കാൻ കണ്ട ഒരു സമയം' - ഈ രണ്ടു പദങ്ങളും നമ്മൾ നിത്യജീവിതത്തിൽ നിരന്തരം പ്രയോഗിച്ചുകൊണ്ടു തന്നെ ആന എഴുന്നള്ളി എന്ന പ്രയോഗത്തെ അർത്ഥശൂന്യമെന്ന് വിവാദവത്കരിക്കുന്നത് ഇരട്ടത്താപ്പുതന്നെയാണ്. ആരോ പറഞ്ഞുപേക്ഷിച്ച അടിസ്ഥാനമില്ലാത്ത ഒരു വ്യാഖ്യാനത്തെ ഒരു സമൂഹം അപ്പാടെ പിന്തുടർന്നു പോരുന്ന തെറ്റായ രീതിയാണിത്. 'അച്ഛനിങ്ങോട്ട് എഴുന്നള്ളുന്നു' എന്നു പറഞ്ഞാൽ അച്ഛൻ ആനപ്പുറത്തുകേറി വരുന്നു എന്നാണ് അർത്ഥമെങ്കിൽ ഈ ന്യായങ്ങൾ മുറുകെപ്പിടിക്കുന്നവരുടെ പക്ഷത്ത് ഞാനും ചേരും. അച്ഛൻ കടന്നു വരുന്നു എന്നേ അതിനർത്ഥമുള്ളൂ എങ്കിൽ മേൽപ്പറഞ്ഞ തൊടുന്യായങ്ങൾ ഇന്നും പിന്തുടരുന്നവർ ഉപേക്ഷിക്കുകതന്നെ വേണം. 

ഉത്സവം കാണാൻ പോകുന്നവരിൽ പലരും ഗജവീരന്മാരെ കാണാൻ പോകുന്നവരാണ്. ആറാട്ടെഴുന്നള്ളത്തിനു തൊട്ടുമുൻപ് അവയെയൊക്കെ ആറ്റിലോ മറ്റോ ആറാടിച്ച് കുറിതൊടുവിച്ച് ഒരുക്കുന്ന ഒരു ചടങ്ങുണ്ട്. ദേവന്റെ ആറാട്ടിനു മുൻപു് തങ്ങളുടെ ആറാട്ടിനായാണ് ആനകൾ എഴുന്നള്ളി വരുന്നതായി ക്ഷേത്രങ്ങളുടെ നാട്ടിൽ നിന്നുള്ള ശ്രീകുമാരൻ തമ്പി എന്ന കവി കാണുന്നതെന്നു പറഞ്ഞാലും അതു തെറ്റാകില്ല. ആറാടുക എന്ന വാക്കിന് കുളിക്കുക എന്നേ അർത്ഥമുള്ളൂ. ആന കുളിക്കാൻ പാടില്ല എന്ന് ആരെങ്കിലും പറയുമെന്ന് ഞാൻ കരുതുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ ആറാട്ടുത്സവത്തിനായി തിടമ്പേറ്റുവാൻ ആനകൾ കൊടിമരത്തിനരികത്തേക്ക് എഴുന്നള്ളി എന്ന് പറഞ്ഞാലും സ്വയമൊന്ന് ആറാടുവാനായി ആനകൾ എഴുന്നള്ളി എന്നു പറഞ്ഞാലും അർത്ഥത്തിനോ ക്രിയയ്ക്കോ യാതൊരു അഭംഗിയും വരുന്നില്ല എന്നു കാണാം. എന്നിട്ടും ആനയാണോ എഴുന്നള്ളുന്നത്, ആറാടുന്നത് ദേവനല്ലേ തുടങ്ങിയ വിവാദങ്ങൾക്ക് വേണ്ടിയുള്ള വിവാദമോ ഒരാളെ ഇകഴ്ത്താൻ മാത്രമുള്ള വ്യാഖ്യാനമോ യാഥാർത്ഥ്യങ്ങളുമായി ഒരിക്കലും ഒട്ടും പൊരുത്തപ്പെടില്ല എന്നതിന് പ്രത്യക്ഷോദാഹരണമാണ് ഈ ഗാനത്തിന് ലഭിച്ച ജനപ്രീതി. അർത്ഥത്തിനുള്ളിലെ അർത്ഥത്തിലേക്ക് ചൂഴ്ന്നു നോക്കാതെ തന്നെ പ്രത്യക്ഷത്തിൽ തോന്നിയ നിർവ്വചനത്തിൽ സംതൃപ്തരായതുകൊണ്ടാണ് ആസ്വാദകർ ഈ ഗാനം നെഞ്ചേറ്റിയത്. അതുകൊണ്ട് ഏതൊക്കെ വ്യാഖ്യാനങ്ങൾ ഈ പ്രയോഗത്തിനെതിരേ നടത്തിയാലും അവയെയെല്ലാം തള്ളിക്കളയുവാൻ ഞാൻ ധൈര്യപ്പെടുന്നത് ഒരു ഗാനം മുന്നോട്ടുവയ്ക്കുന്ന പ്ളോട്ട് ഇത്രമനോഹരമായി ആദ്യവരിയിൽ തന്നെ അടിച്ചുറപ്പിച്ചു വച്ചിരിക്കുന്നതുകൊണ്ടാണ്. അമ്പലത്തിന്റെ അന്തരീക്ഷം, പവിത്രമായതെന്തോ പറയാൻ തുടങ്ങുന്നു എന്ന പ്രതീതി സൃഷ്ടിക്കൽ തുടങ്ങി എല്ലാക്കാര്യങ്ങളും ആ ഒറ്റ വരിയിലൂടെ വിശദീകരിക്കുവാൻ അദ്ദേഹത്തിന്റെ തൂലികയ്ക്ക് കഴിഞ്ഞു. 

ആഹ്ളാദ സമുദ്രം തിരതല്ലുന്നത് ആനയെക്കണ്ടുമാകാം ദേവനെക്കണ്ടുമാകാം. അതിലാർക്കും വിയോജിപ്പ് കാണുമെന്ന് തോന്നുന്നില്ല. ആഹ്ളാദാരവങ്ങളോടെ ആനയുടെ വരവുകാണുന്ന ആനക്കമ്പക്കാരും ശബ്ദമുണ്ടാക്കും ദേവൻ തിടമ്പേറാൻ തുടങ്ങുമ്പോൾ കുരവയും ആർപ്പോവിളിയുമായി ഭക്തജനങ്ങളും ഒച്ചയുണ്ടാക്കും. രണ്ടായാലും ഇവിടെ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും മുളപൊട്ടുന്നില്ല. തുടർന്നാണ് രാഗത്തിന്റെ വരവ്. അത് ആനന്ദഭൈരവിയാണ്. 20 ആം മേളകർത്ത രാഗമായ നഠഭൈരവിയുടെ ജന്യമാണ് ആനന്ദഭൈരവി. ഭൈരവി ഒരു പ്രഭാത രാഗമാണെങ്കിലും ആനന്ദഭൈരവി സാധാരണ ഉറക്കുപാട്ടിനും മറ്റുമാണ് ഉപയോഗിക്കാറുള്ളത്. സന്ധ്യാവേളകളിലാണ് ഉറക്കുപാട്ടുകൾ ആലപിക്കപ്പെടുക. സമയത്തെക്കുറിച്ച് പല്ലവിയിൽ സൂചനയൊന്നുമില്ലെങ്കിലും ആനന്ദഭൈരവി രാഗത്തിന്റെ പ്രയോഗവും തിരുവോണനാൾ വൈകുന്നേരം നടത്താറുള്ള തുമ്പിതുള്ളൽ പരാമർശവും സംഭവം നടക്കുന്നത് ഒരു സന്ധ്യാവേളയിലാണെന്ന് പറയാൻ സാധിക്കും. ആനന്ദഭൈരവി രാഗത്തിലുള്ള മേളത്തിനനുസരിച്ച് അമ്പലത്തുളസികൾ തുമ്പിതുള്ളുകയാണോ എന്ന് തോന്നിപ്പിക്കുന്ന ഉത്പ്രേക്ഷയുടെ ഭംഗി ഒന്ന് പ്രത്യേകമാണ് (അമ്പലത്തുളസികൾ കാറ്റിൽ ഇളകിയാടുമ്പോൾ അത് ആനന്ദഭൈരവി രാഗത്തിലാണോ അഥവാ അത് കേട്ടിട്ടാണോ എന്ന സന്ദേഹവുമുണ്ട്) തുമ്പിതുള്ളലിൽ ആദ്യം ഉറക്കുപാട്ടാണ് ആലപിക്കപ്പെടുന്നത്. ചുരുക്കിപ്പറഞ്ഞാൽ സന്ധ്യാസമയത്തിന്റെ മനോഹാരിതയും ഉലഞ്ഞാടുന്ന അമ്പലത്തുളസിയുടെ തുമ്പി തുള്ളലും പ്രൗഢിയോട് എഴുന്നള്ളുന്ന ഗജവീരന്മാരുടെ ചാരുതയും ജനസഹസ്രങ്ങളുടെ ആഹ്ളാദഘോഷങ്ങളുമൊക്കെത്തന്നെ ഒരു ഉത്സവപ്രതീതി ശ്രോതാവിൽ സൃഷ്ടിക്കുന്നു. ഇത്തരം പ്രതീതി സൃഷ്ടിക്കുവാൻ തക്ക ത്രാണി ഇല്ലാത്ത പാട്ടുകൾ ഒരു ജനവും രണ്ടാമതൊന്നു കേൾക്കാതെ തള്ളിക്കളയുന്നു. പ്രതിഭയുള്ളവരുടെ രചനയിലെ പ്രയോഗങ്ങളും പ്രയോഗ വിശേഷങ്ങളും അലങ്കാരഭംഗിയും അർത്ഥശുദ്ധിയും ഒന്നുവേറേതന്നെയാണെന്ന് ഈ ഗാനം നമ്മേ ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തുന്നു.

"ആയിരത്തിരി വിളക്കു കണ്ടു ഞാൻ......
ആൽച്ചുവട്ടിൽ നിന്നെ നോക്കി നിന്നു ഞാൻ..
അമ്പലപ്പുഴക്കാർതൻ നാദസ്വരലഹരി....
അലമാല തീർത്തതു കേട്ടു ഞാൻ......"

ഇനിയാണ് ഗാനത്തിലെ പ്രണയഭാവം ഉണർന്നു വരുന്നത്. പല്ലവി, കഥയുടെ ഒരു ഭൂമിക ആയിരുന്നു. തുടർന്ന് നായകൻ അമ്പലത്തിലേക്ക് എഴുന്നള്ളിയതിന്റെ (അങ്ങനെ പറഞ്ഞാൽ പ്രശ്നമാകുമോ?!) കാരണമാണ് പറയുന്നത്. ആയിരം തിരിയിട്ട വിളക്കുകാണാനാണെന്ന വ്യാജേന ആൽത്തറയിൽ നായികയെ കാണാനാണ് കഥാനായകൻ നിൽക്കുന്നതെന്ന കാര്യം അവതരിപ്പിക്കപ്പെടുന്നു. ആയിരം തിരിയിട്ട വിളക്കുകണ്ട് മടങ്ങുന്നതിനു പകരം പിന്നെയും അദ്ദേഹം കാത്തുനിൽക്കുകയാണ്, അവൾക്കായി. ആയിരം തിരിയിട്ട പള്ളിവിളക്കുകാണാനാണ് ജനസഹസ്രങ്ങൾ എത്തുന്നത്. എന്നാൽ വെറുതേ 'കണ്ടു' എന്നു മാത്രമേ അതിനേക്കുറിച്ച് പറയുന്നുള്ളൂ. ആ കാഴ്ചയ്ക്ക് എന്തോ ഒരു പ്രശ്നമില്ലേ എന്ന് തോന്നിക്കൂടായ്കയില്ല. വിളക്കിന്റെ മനോഹാരിത നായകനെ ഭ്രമിപ്പിക്കുന്നില്ലെന്ന് സാരം. മാത്രമല്ല കേമന്മാരാണ് നാഗസ്വരവിദ്വാന്മാരായ അമ്പലപ്പുഴ സഹോദരന്മാർ.  അവർ നാദസ്വരത്തിൽ തീർക്കുന്നത് സ്വരലഹരിയാണ്. അത് വെറും ഒച്ചയായി മാത്രം അനുഭവപ്പെട്ടെന്നും വ്യാഖ്യാനിക്കാം. ചുരുക്കം പറഞ്ഞാൽ നളചരിതത്തിൽ ദമയന്തിയുടെ വിപ്രലംഭശൃംഗാരാവസ്ഥ നമ്മുടെ നായകനും സംഭവിച്ചു എന്നുവേണം അനുമാനിക്കാൻ. 
'ചലദളിഝംകാരം ചെവികളിലംഗാരം
കോകിലകൂജിതങ്ങൾ കൊടിയകർണ്ണശൂലങ്ങൾ
കുസുമസൗരഭം നാസാകുഹരസരസ്സൈരിഭം' ഒക്കെയായി ഭവിച്ചതുപോലെയായി നായകന്റെ അവസ്ഥയും.

ആൽചുവട്ടിൽ നായികയെ നോക്കി നിൽക്കുന്ന സമയത്ത് നായകൻ കണ്ട രണ്ടുകാര്യങ്ങളെക്കുറിച്ച് സാമാന്യേന പരാമർശിക്കപ്പെടുന്ന രീതിയിലുള്ള ഒരർത്ഥവും ഇതിൽ കാണാൻ കഴിയും. നിന്നെ കാത്തു നിൽക്കുന്ന സമയം ഞാൻ വിളക്കും കണ്ടു, കച്ചേരിയും കേട്ടു എന്നരീതിയിലുള്ള ഒരാഖ്യാനം. അതിനും തെറ്റൊന്നും പറയാൻ കഴിയില്ല. എന്തായിരുന്നാലും വിളക്കുകാണലോ കച്ചേരികേൾക്കലോ അല്ലായിരുന്നു നായകന്റെ ലക്ഷ്യമെന്ന് ആദ്യചരണത്തിൽ വ്യക്തമായി പ്രതിപാദിക്കപ്പെടുന്നു.

"വേലക്കുളത്തിൻ വെള്ളി കൽപ്പടവിൽ...
കാൽത്തളകൾ കൈവളകൾ കിലുങ്ങിയല്ലോ....
അമ്പിളി പൊൻമുഖം പൂത്തു വിടർന്നപ്പോൾ...
ആയിരംദീപം അതിൽ പ്രതിഫലിച്ചു......"

തിരുവിതാംകൂറിലെ പ്രധാനപ്പെട്ട ഒരനുഷ്ഠാന കലയാണ് വേലകളി. ചെമ്പകശ്ശേരി പടനായകനായ മാത്തൂർ പണിക്കരാണ് പോരാട്ടവീര്യം വർദ്ധിക്കുന്നതിനായി നായർ പടയാളികൾക്കായി വേലകളി എന്ന വാദ്യോപകരണത്തിന്റെ താളവട്ടത്തോടെ പയറ്റഭ്യാസം നടത്തുന്ന ഈ കലാരൂപം ആദ്യമായി തുടങ്ങിയത്. പലക്ഷേത്രങ്ങളിലും പല ദിവസത്തെ ഉത്സവത്തിനാണ് വേലകളി നടത്തപ്പെടാറുള്ളത്. ചിറക്കടവ് ക്ഷേത്രത്തിൽ ആറാട്ടുകടവിൽ നടത്തെപ്പെടുന്ന കൂടിവേല വളരെ പ്രസിദ്ധമാണ്. വേലകളി നടക്കുന്ന കുളത്തിന്റെ വെള്ളിനിറത്തിൽ ശോഭിക്കുന്ന കൽപ്പടവ്. ജലം പുരണ്ട പടവുകളിൽ ആകാശമോ ദീപങ്ങളോ പ്രതിഫലിക്കുമ്പോഴോ അത് വെട്ടിത്തിളങ്ങുന്നത്. അവിടെ കാൽത്തളകളും കൈവളകളും കിലുങ്ങുന്നത് നായകനെ അവിടേക്ക് ആകർഷിക്കുന്നു. നായികയെ കാത്തു നിൽക്കുന്ന നായകന് ആഭരണങ്ങളുടെ അനക്കം നൽകുന്ന ഉത്സാഹം ഇവിടെ പ്രകടമാണ്. വേലകളിക്കാരുടേതാകാം, അല്ലെങ്കിൽ നായികയുടേതാകാം. ആ കൽപ്പടവിൽ കേട്ട കാൽത്തളയുടേയും കൈവളയുടേയും കിലുക്കം തന്റെ നായികയേക്കുറിച്ചുള്ള ഓർമ്മകൾ നായനിൽ ഉണർത്തുന്നു, അല്ലെങ്കിൽ അതവളായിരിക്കുമോ എന്ന സന്ദേഹം ഉളവാക്കുന്നു (സ്മൃതി, ഭ്രാന്തി, സസന്ദേഹം അലങ്കാരങ്ങൾ ഇവിടെ പറയാം). തുടർന്ന് കവി തന്റെ ഭാവനയെ തുറന്നു വിടുകയാണ്. അമ്പിളിപ്പൊന്മുഖം പൂത്തുവിടരുന്നതാണ് നാം അവിടെ കാണുന്നത്. ആകാശത്ത് പൂർണ്ണചന്ദ്രൻ ഉദിച്ചതാകാം. അതിനു ചുറ്റും നക്ഷത്രദീപങ്ങൾ തെളിഞ്ഞതാകാം അത്തരമൊരു പ്രസ്താവത്തിന്റെ കാരണം. എന്നാൽ നായികയെ ഉപേക്ഷിക്കാൻ ഈ അവസരത്തിൽ കവിക്കെന്നല്ല കേൾവിക്കാരായ നമ്മൾക്കും സാധിക്കുകയില്ല. ആ അമ്പിളിപ്പൊന്മുഖം എന്തുകൊണ്ട് നായികയുടേതായിക്കൂടാ? തീർച്ചയായും അതാണ് ശരിക്കും ദർശനസാക്ഷാത്കാരത്തിന്റെ പൂർണ്ണത ഉൾക്കൊള്ളുന്നത്. നായികയുടെ മുഖദർശനം ലഭിക്കുന്നു നായകന്. അത് ആകാശാത്തിലെ അമ്പിളിക്ക് സമാനമായ  കാന്തിയുള്ളതായിരുന്നു. 'ദീപങ്ങൾക്കിടയിൽ വേറിട്ടു നിൽക്കുമാ ദീപം ഇതുതന്നെയല്ലേ (പാതിരാമയക്കത്തിൽ)' എന്നെഴുതിയ ആളാണ് ഇതും എഴുതിയിരിക്കുന്നത്. പൂർണ്ണേന്ദുബിംബത്തെപ്പോലും അതിശയിപ്പിക്കുന്ന അവളുടെ മുഖകാന്തി പൂത്തുവിടരുകയാണ് നായകന്റെ മിഴിയിൽ. താൻ നേരത്തെ കാണാൻ വലിയ താത്പര്യമൊന്നും എടുക്കാത്ത ആയിരത്തിരിവിളക്കൊക്കെ പിന്നെ ആ മുഖത്ത് പ്രതിഫലിക്കുന്നതാണ് നായകൻ കാണുന്നത്. അവിടെയാണ് കവിതയുടെ ചാറ് വീണുകിടക്കുന്നത്. ആദ്യചരണത്തിൽ നായകൻ അവഗണിച്ച ദീപാലങ്കാരമൊക്കെ അതിന്റെ ആയിരം മടങ്ങ് മനോഹാരിതയോടെ തന്റെ നായികയുടെ മുഖത്ത് ദർശിക്കുകയാണ് നായകൻ. അവളുടെ മുഖത്തുകാണുന്ന ദീപശോഭപോലെ ഒരു വിളക്കും ഇല്ലെന്ന് പറയാതെ പറഞ്ഞുവയ്ക്കുന്നു. എന്തിന് ഈ അമ്പലത്തിൽ വന്ന് പള്ളിവിളക്കു കാണുന്നതിനു പകരം അവളുടെ മുഖമൊന്നു കണ്ടാൽ മതിയെന്ന് പറയുന്നു കവി. തന്റെ പ്രേയസിയെക്കുറിച്ച് ഇതിൽക്കൂടുതൽ എന്ത് പറയാനാണുള്ളത്?! എന്താണ് പറയേണ്ടത്?!

പാട്ടുകളിൽ ഒരു ചങ്ങലപോലെ ആശയങ്ങൾ കോർത്തുവയ്ക്കുകയും ചരണത്തിൽ നിന്ന് തിരിച്ച് പല്ലവിയിലേക്കും പല്ലവിയിൽ നിന്ന് ചരണത്തിലേക്കും കടക്കുമ്പോൾ ആ അർത്ഥത്തിനു മുറിവുണ്ടാകാതെയും പരസ്പരം പൂരിതകങ്ങളായും ബന്ധപ്പെടുത്താനാവശ്യമായ ബിംബങ്ങൾ കൃത്യമായി ഇറക്കിവച്ചിരിക്കുന്ന മനോഹരസൗധം പോലെയാണ് ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ. ഇതിന്റെ വാലെവിടെ തലയെവിടെ എന്നൊന്നും ചികഞ്ഞ് ഭ്രാന്തുപിടിക്കാതെതന്നെ സാധാരണക്കാരന്റെ സാധാരണമായ ചിന്തയേയും അൽപ്പം കടന്നു ചിന്തിക്കുവന്റെ ധാർഷ്ഠ്യത്തേയും ഒരു പോലെ ശമനം ചെയ്യുന്ന ഭാവനയുടെ രണ്ടറ്റവും തമ്മിൽ കൂട്ടിമുട്ടുന്ന ഒരു അസാധാരണത്വം അതിൽ അന്തർലീനമായിട്ടുണ്ട്. ഏതുവരിയും എങ്ങനേയും എവിടേയും മറ്റിവയ്ക്കാവുന്ന ഇഷ്ടികക്കട്ടകൾ പോലെ വാക്കുകളെ അടുക്കിവയ്ക്കപ്പെടുന്ന സമകാലീന ഗാനസാഹിത്യസൃഷ്ടികൾ ഒന്നും തന്നെ അദ്ദേഹത്തിന്റെ രചനകൾക്കു മുൻപിൽ ഒന്നുമല്ലാതെ പോകുന്നതും ഈ ഇഴയടുപ്പംകൊണ്ടാണ്. എവിടെയോ തുടങ്ങി, എങ്ങനെയോ അവസാനിപ്പിക്കുന്ന രചനാകൊലപാതകങ്ങൾക്കിടയിൽ ചെറുതല്ലാത്ത ആശ്വാസമാണ് അദ്ദേഹത്തിന്റെ രചനകളിലൂടെ കടന്നുപോകുമ്പോൾ മനസ്സിനു ലഭിക്കുന്നത്.

ഇതിന്റെ വൃത്തത്തിലേക്ക് കടന്നപ്പോൾ മറ്റൊരു രസകരമായ സംഗതി കണ്ടു. ഒരു പക്ഷേ ശരിയായിരിക്കണമെന്നില്ല. തെറ്റായിരിക്കണമെന്നുമില്ല. ഈ ഗാനം ദക്ഷിണാമൂർത്തി ചിട്ടപ്പെടുത്തിയിരിക്കുന്നത് ചതുരശ്രത്തിലാണ് (ആദിതാളം - 4/4). പക്ഷേ വലിച്ചു നീട്ടാതെയും ചാടിക്കുറുക്കാതെയും അത് മിശ്രഗതിയിൽ (7/8) ചെയ്യാമെന്നതാണ് ഏറ്റവും രസകരമായിത്തോന്നിയത്. തകിടതകധിമി എന്ന താളത്തിൽ തകധിമി എന്ന താളത്തിൽ പാടുന്നതിനേക്കാൾ ഈടോടെ ഈ വരികൾ ആലപിക്കാൻ സാധിക്കുമായിരുന്നു. വരികളുടെ കിടപ്പുകണ്ടിട്ട് അതൊരു വൃത്തത്തിന്റെ പിൻപറ്റി എഴുതാതെ താളത്തെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നതെന്ന് ഞാൻ മനസ്സിലാക്കുന്നത്. അങ്ങനെ നോക്കുമ്പോൾ മിശ്രത്തിലാകാം അതിന്റെ സാഹിത്യം എഴുതപ്പെട്ടതെന്ന് ഞാൻ വെറുതേ ഊഹിക്കുന്നു. ശരിയായിരിക്കണമെന്നില്ലെങ്കിലും. പത്രവാർത്തയെടുത്തു കൊടുത്താലും പാട്ടാക്കിക്കൈയിൽ തരുന്ന മഹാരഥ സംഗീതജ്ഞനാണോ മിശ്രത്തെ ചതുരശ്രമാക്കാൻ പാട്!!! മനോഹരമായ കമ്പോസിഷൻ കെ. ജെ. യേശുദാസിന്റെ അലസസുന്ദരമായ ആലാപനം.

ഇതിന്റെ വിഷ്വലൈസേഷനെക്കുറിച്ചുകൂടി പറയാതെ നിർത്താനാകില്ല. ആനയും എഴുന്നള്ളത്തുമൊക്കെയാണെങ്കിലും ഒരാനപ്പിണ്ടം പോലും അതിലെങ്ങും കാണിക്കുന്നില്ലെന്നു മാത്രമല്ലാ, ഉത്സവാന്തരീക്ഷം പോലും അതിലെങ്ങുമില്ല. നസീർ ജയഭാരതിയുടെ പിറകേ നടക്കുന്നു, ചാൻസ് കിട്ടുമ്പോൾ ഒന്ന് കെട്ടിപ്പിടിച്ച് വെറുതേവിടുന്നു, ജയഭാരതി ഒരിടത്തുപോയി ഇരിക്കുന്ന ഇക്ക ഓടിച്ചെന്ന് കൂടെയിരുന്ന് കെട്ടിപ്പിടിക്കുന്നു, ജയഭാരതി കിടക്കുന്നു, ഇക്കയും കിടന്നുകൊണ്ട് കെട്ടിപ്പിടിക്കുന്നു... ഇങ്ങനെ കെട്ടിപ്പിടികൾ മാത്രം കൊണ്ട് മനോഹരമായ ഒരു ഗാനശിൽപ്പത്തെ അതിശോചനീയമാംവണ്ണം കൊന്നുകൊലവിളിച്ചിരിക്കുന്നു ഏ. ബി. രാജ് എന്ന സംവിധായകൻ. പഴയകാല ഗാനങ്ങളുടെ ചിത്രീകരണത്തിൽ നടക്കാറുള്ള ബന്ധമില്ലായ്മ ഏറ്റവുമധികം പ്രതിഫലിക്കുന്ന ഗാനങ്ങളിലൊന്നാണ് ഈ മനോഹര ഗാനശിൽപ്പം.

ആവശ്യപ്പെട്ടപ്പോൾതന്നെ ഇതിന്റെ കവർ വേർഷൻ മനോഹരമായി പാടിത്തന്ന പ്രിയ സുഹൃത്തും അനുഗൃഹീത ഗായകനുമായ ഗോപൻ ഗോപീകൃഷ്ണന് (https://www.facebook.com/gopan.vasudev) പ്രത്യേകം നന്ദി അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആലാപനം ഈ പേജിലുള്ള ഓഡിയോ പ്ളേയറിൽ നിന്ന് കേൾക്കാവുന്നതാണ്.

നിങ്ങളുടെ വിലയേറിയ കാഴ്ചപ്പാടുകളും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

സസ്നേഹം - നിശി

Contributors