ഇന്നുമെന്റെ കണ്ണുനീരിൽ (ഗാനാസ്വാദനം)

Submitted by Nisi on Wed, 08/03/2016 - 09:38
Attachment Size
innum1.jpg 309.5 KB
innum3.jpg 19.43 KB

ഒരു പാട്ടിന്റെ ആത്മാവ് എന്നു പറയുന്നത് അത് നമ്മിലേക്ക് എത്തിച്ചേരുന്ന ഭാഷാരീതിയാണ്. ആ ഭാഷ വിനിമയം ചെയ്യപ്പെടുന്നത് അനേകം ആലങ്കാരിക മേന്മയോടെയാണെങ്കിൽ ആ പാട്ട് നമ്മിലേക്ക് വേഗം സന്നിവേശിക്കുകയും അതിന്റെ ധർമ്മം നിറവേറ്റുകയും ചെയ്യും. പാട്ട് എന്നത് വെറുമൊരു 'ഈണ'മാകാതെ ഒരു 'ഗീതം' എന്ന നിലയിൽ അതിന്റെ സാഹിത്യത്തിനുകൂടി പ്രാധാന്യം കൊടുത്തുകൊണ്ട് ചെയ്യപ്പെടുന്നവയാണ് നമ്മുടെ നിത്യസ്മൃതികളിൽ എന്നും നിറഞ്ഞു നിന്നുകൊണ്ടിരിക്കുന്നത്. ഈണത്തിനൊപ്പം തന്നെ വരികളും അതിന്റെ അർത്ഥതലങ്ങളും ഒരു സുഗന്ധം പോലെ നിറയുന്ന അനുഭവം നമ്മൾക്കുണ്ടാകാറുണ്ട്. അത് ഏതവസരത്തിലും നമ്മേ പിൻതുടർന്നുകൊണ്ടേയിരിക്കും. അത്തരം ഗാനങ്ങളിൽ ഒന്നാണ് ശ്രീകുമാരൻ തമ്പിയുടെ അമ്പതു ഗാനങ്ങളിൽ രണ്ടാമതായി ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന യുവജനോത്സവം എന്ന ചിത്രത്തിൽ രവീന്ദ്രൻ സംഗീതം നൽകി യേശുദാസ് ആലപിച്ച 'ഇന്നുമെന്റെ കണ്ണുനീരിൽ' എന്ന ഗാനം.

വിരഹത്തെക്കുറിച്ചു പറയുമ്പോൾ ഭൂതകാലമാണ് സാധാരണ പറയപ്പെടുന്നത്. കഴിഞ്ഞ കാല ഓർമ്മകൾ, മധുരിക്കുന്ന അനുഭവങ്ങൾ, തമ്മിൽ കൈമാറിയ സ്വപ്നങ്ങൾ അങ്ങനെ പലതും. പക്ഷേ ഈ ഗാനം അതിനെ ഭാവി പ്രതീക്ഷയിലൂന്നിക്കൊണ്ട് തികച്ചും വിഭിന്നമായ ഒരു സങ്കൽപ്പരീതി മുന്നോട്ടുവയ്ക്കുന്നു. ഈ ഗാനത്തെ ജനഹൃദയങ്ങൾക്ക് ഓർമ്മിക്കത്തക്കതാക്കാൻ ഒരുപക്ഷേ ഈ കൽപ്പനാരീതി വളരെ സഹായിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാം. എല്ലാം നഷ്ടപ്പെട്ട അവസ്ഥയായിരുന്നിട്ടും ഒരിക്കലും തിരിച്ചു വരില്ലെന്ന് അറിഞ്ഞിട്ടും നായകനിൽ അവശേഷിക്കുന്ന പ്രതീക്ഷയുടെ പ്രഭാകിരണങ്ങൾ ശ്രോതാവിന് ഒട്ടൊന്നുമല്ല അനുഭൂതി പകർന്നു നൽകുന്നത്. 

" ഇന്നുമെന്റെ കണ്ണുനീരില് നിന്നോര്മ്മ പുഞ്ചിരിച്ചു
ഈറന്മുകില് മാലകളില് ഇന്ദ്രധനുസ്സെന്ന പോലെ"

ആദ്യവരിയിലേക്ക് കടക്കാം. 'ഇന്നും എന്റെ കണ്ണുനീരിൽ നിന്റെ ഓർമ്മകൾ പുഞ്ചിരിച്ചു'. ഇവിടെ "ഇന്നും" എന്ന വാക്കിലേക്കുതന്നെ നമുക്കാദ്യം ശ്രദ്ധകൊടുക്കാം. ഇക്കാലം, ഈദിവസങ്ങൾ, വിരഹത്തിനുശേഷമുള്ള നാളുകൾ എന്നൊക്കെ അതിന് അർത്ഥം കൊടുക്കാം. ബഹുഭൂരിപക്ഷവും അത്തരമൊരു അർത്ഥമാകും കൽപ്പിച്ചിട്ടുണ്ടാകുക. ഇന്നും ഞാനോർക്കുന്നു, ഇന്നും ഞാൻ മുടങ്ങാതെ ചെയ്യുന്നു എന്നൊക്കെ പറയുന്ന അർത്ഥത്തിലാണ് മിക്കവരുടേയും മനസ്സ് ചരിക്കുന്നത്. പക്ഷേ അങ്ങനെയായിരുന്നെങ്കിൽ 'പുഞ്ചിരിച്ചു' എന്നതിനു പകരം 'പുഞ്ചിരിക്കുന്നു' എന്നുവേണമായിരുന്നു പറയാൻ. അപ്പോൾ 'ഇന്നും' എന്ന വാക്ക് ഇന്ന് (Today or This Day) എന്ന അർത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നതെന്നു മനസ്സിലാകും. അവിടെ മറ്റ് പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. 'ഇന്നെന്റെ കണ്ണുനീരിൽ' എന്നല്ല, മറിച്ച് 'ഇന്നും എന്റെ കണ്ണുനീരിൽ' എന്നാണ് പറഞ്ഞിരിക്കുന്നത്. അതിന് ഒരേയൊരർത്ഥമേയുള്ളൂ, അത് 'എന്നും നായകൻ നായികയെക്കുറിച്ചോർക്കാറുണ്ടെന്നും അവളെക്കുറിച്ച് ഓർക്കുമ്പോളൊക്കെ കണ്ണുനീർ വാർക്കാറുണ്ടെന്നും ഇന്നും അവളെക്കുറിച്ച് ഓർത്തെന്നു'മാണ്. കരയുന്നതൊക്കെ നായികയെക്കുറിച്ചായിരിക്കണമെന്ന് നിർബന്ധമില്ല, പക്ഷേ ഇവിടെ ആ കണ്ണുനീരിൽ അവളുടെ ഓർമ്മകൾ പുഞ്ചിരിക്കണമെങ്കിൽ അത് നായികയെക്കുറിച്ച് മാത്രം ഓർത്തതുകൊണ്ടുതന്നെയാണ്. 'എന്റെ കണ്ണുനീരിൽ പതിവുപോലെ ഇന്നും നിന്റെ ഓർമ്മകൾ നിറഞ്ഞുനിന്നു' എന്നർത്ഥം വരുമെങ്കിൽ അതിനർത്ഥം എന്നും നായകൻ അവളെക്കുറിച്ചോർക്കാറുണ്ടെന്നും ഓർക്കുമ്പോഴൊക്കെ അവന്റെ മിഴികൾ നനയാറുണ്ടെന്നും തന്നെയാണ്. ഓർമ്മ പുഞ്ചിരിച്ചു എന്നാണ് കവി പറയുന്നത്. ഓർമ്മ വന്നു, ഓർമ്മിച്ചു എന്നൊക്കെ പറയുന്നതിനു പകരമാണ് പുഞ്ചിരിച്ചു എന്ന വാക്കുകൊണ്ട് വിശേഷിപ്പിക്കപ്പെട്ടത്. ആ ഓർമ്മ പുഞ്ചിരിച്ചത് എവിടെയാണ്, നായകന്റെ കണ്ണുനീരിലും! തീരാത്ത ദുഃഖത്തിലും നായികയുടെ ഓർമ്മകൾ ഇന്നും തെളിമയോടെ അവനിൽ നിലനിൽക്കുന്നു എന്ന് അർത്ഥശങ്കയ്ക്കിടനൽകാത്തവണ്ണം പറഞ്ഞുവച്ചിരിക്കുന്നു. ഉത്പ്രേക്ഷയുടെ നേർത്ത ഛായയുടെ ആലങ്കാരിക ഭംഗി ഇതിൽ ദർശിക്കാൻ കഴിയും. എന്നാൽ അവിടെയൊരു ശങ്ക കാണാൻ കഴിയില്ല താനും! അടുത്തവരിയാണ് ഉപമ എന്ന അലങ്കാരത്തിന്റെ എല്ലാ ഭംഗിയോടും കൂടി അനുവാചകരിലേക്ക് തുളഞ്ഞിറങ്ങുന്നത്. അത് 'ഈറൻ മുകിൽമാലകളിൽ ഇന്ദ്രധനുസ്സ് എപ്രകാരമാണോ അതുപോലെ'യാണ് എന്ന പ്രയോഗമാണ്. ആദ്യവരിയിലെ പ്രസ്താവത്തെ രണ്ടാമത്തെ വരിയിലെ ബിംബങ്ങൾ കൊണ്ട് സാദൃശ്യപ്പെടുത്തിയിരിക്കുന്നതിന്റെ ഭംഗി പറയാൻ വാക്കുകളില്ല. ചാറ്റൽമഴ പൊഴിഞ്ഞുകൊണ്ടിരിക്കുന്ന മേഘങ്ങളുടെ സമീപം എപ്രകാരമാണോ മഴവില്ലു തെളിയുന്നത് അപ്രകാരം ഇന്നും അവന്റെ കണ്ണുനീരിൽ അവളുടെ ഓർമ്മകൾ പ്രകാശിച്ചു നിന്നു എന്ന് കേൾക്കുമ്പോൾ ലഭിക്കുന്ന അർത്ഥത്തിന്റേയും ഭാവനയുടേയും തലങ്ങൾ മനസ്സിലാക്കാതെ പോകുമെങ്കിൽ നാമൊരു സഹൃദയനല്ല എന്നുതന്നെ ധരിക്കണം. മഴവില്ല് വർണ്ണവൈവിദ്ധ്യം കൊണ്ടും അതിന്റെ ആകാരം കൊണ്ടും മനോഹാരിതകൊണ്ടും പ്രകൃതം കൊണ്ടുമൊക്കെ എപ്രകാരമാണോ നമ്മിൽ സ്വാധീനം ചെലുത്തുന്നത് അതുപോലെ നായകനിൽ നായികയുടെ ഓർമ്മകൾ എന്നത്തേയുമ്പോലെ നിറഞ്ഞു നിന്നു എന്ന് അർത്ഥം പറഞ്ഞു നിർത്തുമ്പോൾ അത് കൂട്ടിക്കൊണ്ടുപോകുന്ന വഴികളുടെ പച്ചപ്പും മനോഹാരിതയും കണ്ട് തിരിച്ചു പോരാനാകാതെ പകച്ചു നിൽക്കുന്നു നാമെങ്കിൽ ധരിക്കണം, നമ്മൾ ഒരു സഹൃദയനാണെന്ന്!!

" സ്വര്ണ്ണമല്ലി നൃത്തമാടും നാളെയുമീ പൂവനത്തില്
തെന്നല് കൈ ചേര്ത്തു വയ്ക്കും പൂക്കൂന പൊന്പണം പോല്
നിന് പ്രണയ പൂ കനിഞ്ഞ പൂമ്പൊടികള് ചിറകിലേന്തി
എന്റെ ഗാന പൂത്തുമ്പികള് നിന്നധരം തേടി വരും"

നാളെയും ഈ ഉദ്യാനത്തിൽ സ്വർണ്ണമല്ലി നൃത്തം ചെയ്യും. ആ നൃത്തത്തിൽ അതിന്റെ പൂക്കൾ കൊഴിഞ്ഞ് വീഴും. കാറ്റിന്റെ കൈകൾ സ്വർണ്ണനാണയങ്ങളെന്നപോലെ ആ പൊഴിഞ്ഞ പൂക്കൾ ഒരു കൂന പോലെ കൂട്ടിവയ്ക്കും. അങ്ങനെ നിന്റെ പ്രണയമാകുന്ന പൂവിൽ നിന്നുള്ള പൂമ്പൊടികൾ ചിറകിൽ വഹിച്ചുകൊണ്ട് എന്റെ ഗാനമാകുന്ന പൂത്തുമ്പികൾ നിന്റെ അധരം തേടിയെത്തും. ആദ്യചരണത്തിന്റെ പൊതുവായ അർത്ഥമാണിത്. വസന്തത്തിന്റെ പ്രതീതി പരത്തുന്ന അരന്തരീക്ഷം സൃഷ്ടിക്കപ്പെടുകയാണിവിടെ. അവിടെയും ഇവിടെയും ചിന്നിച്ചിതറിക്കിടക്കുന്ന പൂക്കൾ കാറ്റിൽ കൂനകളായി രൂപം കൊള്ളുന്നത് കണ്ടിരിക്കും നമ്മൾ. വേഗം തന്നെ അടുത്ത കാറ്റിൽ അത്  ചിതറിപ്പോവുകയും ചെയ്യും. പ്രണയവും അങ്ങനെയാണ്... നാളെയും മിഴികൾക്ക് മുന്നിൽ ഒരു പെൺകുട്ടികൾ കടന്നു വരാം... അവരുടെ പ്രണയ സങ്കൽപ്പങ്ങളാകുന്ന പുഷ്പങ്ങൾ കാലമാകുന്ന കാറ്റ് മുന്നിൽ കൂട്ടി വയ്ക്കാം എന്നൊരു അർത്ഥം തരുന്നുണ്ട്. അൽപ്പം കൂടി ചിന്തിച്ചാൽ മല്ലിപ്പൂക്കൾ സ്വർണ്ണമാണെന്ന് പറയുന്നു. സ്വർണ്ണക്കൂമ്പാരം കാട്ടി നാളെ തന്റെ ജീവിതത്തിലേക്ക് മറ്റൊരു പെൺകുട്ടി കടന്നുവരാം എന്നൊരു വ്യാഖ്യാനം കൂടി ഇവിടെ തെളിഞ്ഞു നിൽക്കുന്നു. പൂവനം ഉദ്യാനമാണ്. വിശാലമായ ലോകം. അവിടെ അനേകം പുഷ്പതരുക്കളുണ്ടാകും. അവയിൽ ഏറ്റവും ഭംഗിയുള്ള സ്വർണ്ണപ്പൂക്കൾ തന്റെ മുന്നിൽ പ്രണയവുമായി എത്താം എന്നും അർത്ഥം പറയാം. അവസാനത്തെ രണ്ടു വരികളിൽ, അങ്ങനെ ആയാലും, വന്നാലും, സംഭവിച്ചാലും അതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന് കവി പറയുന്നു. പണ്ട് നീ ഇട്ടിട്ടുപോയ പ്രണയമാകുന്ന പൂവ് ഉതിർത്ത പൂമ്പൊടികൾ ചിറകിൽ ഏന്തിക്കൊണ്ട് എന്റെ ഗാനമാകുന്ന പൂത്തുമ്പികൾ നിന്റെ അധരം തേടിവരികതന്നെ ചെയ്യും എന്ന് തീർത്തു പറയുകയാണിവിടെ. എന്തൊക്കെ പ്രലോഭനങ്ങൾ ഉണ്ടായാലും നിന്റെ പ്രണയത്തിനപ്പുറം മറ്റൊന്നുമില്ലെന്ന് അസന്നിഗ്ദ്ധമായി നായകൻ അഥവാ കവി ഇവിടെ ഉറപ്പിച്ചു പറയുന്നിടത്താണ് ഇന്ന് പാട്ടുകളിൽ അന്യം നിൽക്കുന്ന കവിതയുടെ സ്ഫുലിംഗങ്ങൾ ഒരു ഗാനത്തിൽ ദൃശ്യമാകുന്നത്. പ്രണയമാകുന്ന പൂമ്പൊടി, ഗാനമാകുന്ന പൂത്തുമ്പി തുടങ്ങിയ രൂപകാലങ്കാരത്തിന്റെ ഭംഗി മുറ്റി നിൽക്കുന്ന വരികൾ. ഹൃദയത്തിൽ നിന്ന് ഒഴുകുന്നതാണ് പ്രണയം. ആ പ്രണയത്തിന്റെ പൂമ്പൊടിയാണ് നായകൻ തന്റെ ചിറകിലേന്തുന്നത്. ചിറകിൽ പുരളുന്നത് വഹിച്ചുകൊണ്ടാണ് അതെല്ലായിടവും പ്രയാണം ചെയ്യുന്നത്. അതുപോലെയാണ് നായകനും. ഇന്നും അവളുടെ പ്രണയമാകുന്ന പൂമ്പൊടി ചിറകിലേറിക്കൊണ്ട് അവൻ യാത്ര തുടരുന്നു. പോകുന്ന ഇടമെല്ലാം അവളുടെ പ്രണയം അവനോടൊപ്പമുണ്ടെന്ന് തോന്നൽ തന്നെയാണ് പ്രണയത്തിന്റെ കാതൽ. അവൾ ഇന്നില്ലെന്ന യാഥാർത്ഥ്യവും ഈ വരികളിൽ തെളിഞ്ഞു നില്ക്കുന്നു. ഗാനമാകുന്ന പൂത്തുമ്പികൾ നിന്നധരം തേടിവരും എന്നാണ് പറയുന്നത്. ഗാനം ചുണ്ടുകൾ കൊണ്ടല്ല കേൾക്കുന്നത്. കാതുകൾ കൊണ്ടാണ്. നിന്റെ കാതുകളിൽ പകരുമെന്നോ കാതുകൾ തേടിയെത്തുമെന്നോ പറയാതെ അത് അധരം തേടി വരും എന്ന് പറയുന്നതിലൂടെ സചേതനമായ ഒരു യാഥാർത്ഥ്യത്തിനപ്പുറം സാങ്കൽപ്പികമായ ഒരു അവസ്ഥാവിശേഷം നായകൻ സ്വയം തിരിച്ചറിയുന്നു. ആ പൂമ്പൊടികൾ നിന്റെ ചുണ്ടിലേക്ക് പകരും എന്നതിലൂടെ  ഒരു ഗാനമായി നിനക്കേറ്റുപാടാൻ അത് നിന്നിലേക്ക് കൈമാറ്റം ചെയ്യപ്പെടുമെന്ന അർത്ഥത്തിലേക്ക് നമ്മേ കൂട്ടിക്കൊണ്ടുപോകുന്നു. പൂത്തുമ്പികൾ തേടി വരുന്നത് പൂക്കളാണ്. ആ പൂക്കളിൽ നിന്നും തേനുണ്ണാനാണ്. ഇവിടെ പൂവ് നായികയുടെ അധരമാണ്. ആ അധരത്തിലെ തേൻ നുകരാൻ തന്റെ ഗാനമാകുന്ന പൂത്തുമ്പികൾ വരും എന്നാണ്. അത് ചുംബനം തേടിയുമാകാം. പക്ഷേ ഒരു കാര്യം ഇടഞ്ഞു നിൽക്കുന്നു ഇവിടെ. അവളുടെ പ്രണയമാകുന്ന പൂ കനിഞ്ഞ പൂമ്പൊടികൾ ചിറകിലേന്തിക്കൊണ്ടാണ് തന്റെ ഗാനമാകുന്ന പൂത്തുമ്പികൾ അവളുടെ തന്നെ അധരം തേടിയെത്തുന്നത്. എന്താകും അങ്ങനെ പറയാൻ കാരണം? അവളുടെ പ്രണയം അവളിലേക്ക് തിരിച്ചു നൽകുമെന്നാണോ? അവിടെയാണ് തന്റെ പ്രതിഭയുടെ എല്ലാ കയ്യൊപ്പുകളും കവി ഗാനത്തിലേക്ക് പകർത്തുന്നത്. മുകളിൽ പറഞ്ഞ അർത്ഥങ്ങളെല്ലാം ആ വരികൾക്ക് പറയാമെന്നിരിക്കേ പിന്നെയും ഒരു അർത്ഥത്തിനു സാംഗത്യമില്ലെന്ന് കരുതുമ്പോഴാണ് ആ വരിയുടെ മറ്റൊരു പൊരുൾ മനസ്സിൽ തെളിയുന്നത്. അവൾ ഇന്നില്ല, അവളുടെ ഓർമ്മകൾ മാത്രമേ ഇന്നവനുള്ളൂ. അക്കാര്യം ആദ്യമേ തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ അവനിൽ അവളെക്കുറിച്ചുള്ള മധുരതരങ്ങളായ ഓർമ്മകൾ ഇന്നും എന്നും നിലനിൽക്കുന്നു. ആ പ്രണയവും അതിന്റെ ഓർമ്മകളും അതിൽ ഉൾപ്പെടുന്ന ഓരോ കാര്യങ്ങളും അവന് ഓരോ ഗാനങ്ങളാണ്. ആ ഗാനങ്ങൾ വീണ്ടും നിന്നിൽ നിന്ന് വീണ്ടും മധു നുകർന്നെടുക്കാനായി നിന്റെ അധരങ്ങൾ തേടിയെത്തുകതന്നെ ചെയ്യും എന്ന് നായകൻ പറയുന്നിടത്താണ് പ്രണയത്തിന്റെ നൈർമ്മല്യം ശരിക്കും ദൃശ്യമാകുന്നത്. നായകൻ ഗായകനാണ്. അവന്റെ ഓരോ പാട്ടും അവളുടെ പ്രണയത്തിന്റെ പൂമ്പൊടിയേറ്റവയാണ്. അത് ചിറകിലേന്തിക്കൊണ്ട് വീണ്ടും അവളെത്തിരഞ്ഞു വന്നുകൊണ്ടിരിക്കും എന്ന് എത്രമനോഹരമായാണ് വർണ്ണിച്ചിരിക്കുന്നതെന്ന് ശ്രദ്ധിക്കുക. എഴുത്തിന്റെ കയ്യടക്കം ഇത്രയും തികഞ്ഞ ഒരാൾ നമ്മുടെ കണ്മുന്നിൽ ഉണ്ട് എന്നത് ഏത് മലയാളിക്കാണ് അഭിമാനം നൽകാത്തത്!

" ഈ വഴിയില് ഇഴകള് നെയ്യും സാന്ധ്യനിലാശോഭകളില്
ഞാലിപ്പൂവന് വാഴപൂക്കള് തേന്പാളിയുയര്ത്തിടുമ്പോള്
നീയരികിലില്ലയെങ്കിലെന്തു നിന്റെ നിശ്വാസങ്ങള്
രാഗമാലയാക്കി വരും കാറ്റെന്നെ തഴുകുമല്ലോ"

സാന്ധ്യനിലാശോഭ വഴിയിൽ ഇഴകൾ നെയ്യുകയാണോ എന്ന് തോന്നിപ്പിക്കുന്നു. ഇഴയകന്ന വഴികളാണ് എന്ന ധ്വനി അതിലുണ്ട്. അവന്റെ പ്രയാണ പാത അത്തരത്തിലായിരുന്നു. അവിടെ നിലാവിന്റെ ശോഭ ഇഴകൾ നെയ്യുന്നു. അരിച്ചിറങ്ങുന്ന നിലാവെട്ടം വഴിയിൽ തലങ്ങും വിലങ്ങും ഇഴകൾ പാകിയപോലെ കാണപ്പെടുന്നു. അതേറ്റ് ഞാലിപ്പൂവൻ വാഴയുടെ പൂക്കൾ തേനിന്റെ പാളി ഉയർത്തുന്നു. പ്രകൃതിയുടെ രമണീയമായ ഒരു ചുറ്റുപാട് സൃഷ്ടിച്ചെടുക്കുന്നു കവി ഇവിടെ. നിലാവേറ്റ് വാഴപൂക്കൾ തേനിന്റെ പാളി ഉയർത്തുന്നു എന്ന ചമത്കാരം ആ വരികളെ മനോഹരമാക്കുന്നു. അവനു വഴി തെളിച്ച് നയിച്ചിരുന്ന അവളുടെ ശോഭയിൽ അവനിൽ വീണ്ടും മധുരതരമായ വികാരങ്ങൾ സമ്മാനിക്കുന്നു. അവിടെയാണ് അവൾ ഇല്ലെങ്കിലും അവളുടെ ഓർമ്മകൾ പവിത്രവും അഭിമാനപൂരിതവും ശ്രേഷ്ഠവുമാകുന്നത് അവന്. അവളുടെ നിശ്വാസം രാഗമാലികയാക്കി എത്തുന്ന കാറ്റ് തന്നെ തഴുകുമെന്ന് അവൻ ആശ്വസിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. അവളുടെ ഓരോ നിശ്വാസവും ഓരോ രാഗമാണ്. ഒരേ രാഗം തന്നെ കേട്ട് കേട്ട് മുഷിയുന്നില്ല നായകൻ. എന്നും പുതുമയുള്ളതും വ്യത്യസ്തവും മനോരഞ്ജകവുമായിരുന്നു അവളുടെ പ്രണയം. അതവനെ ഒരിക്കലും നിരാശപ്പെടുത്തിയിരുന്നുമില്ല. എന്നിലേക്കടിക്കുന്ന ഓരോ കാറ്റും നിന്റെ നിശ്വാസങ്ങളാകുന്ന രാഗമാലികയാണ്. അത് ഇന്നും നിന്നെ സ്മരിക്കുന്ന എന്നെ പുണരാതെ ഒരിക്കലും കടന്നു പോകാറില്ല. നിനക്ക് എന്നെയോ എനിക്ക് നിന്നെയോ പിരിയുവാൻ കഴിയുകയില്ല. നീയില്ലാതെ എന്റെ പ്രണയമില്ല, സങ്കൽപ്പമോ സ്വപ്നങ്ങളോ ഇല്ലാ, നീയില്ലാതെ മറ്റൊരു ജന്മമില്ല. നീ അരികിൽ ഇല്ലെങ്കിൽപ്പോലും നിന്റെ ചുടുനിശ്വാസങ്ങൾ എനിക്ക് അറിയാൻ കഴിയും. ഒരിക്കലും അതിനെന്നെ ഒന്ന് തൊട്ടു തലോടാതെ കടന്നു പോകാനാകില്ല. അങ്ങനെ നിന്നെ ഞാനും എന്നെ നീയും പരസ്പരം അറിയുന്നു. നീ എവിടെയായാലും ഞാൻ എവിടെയായാലും നമ്മുടെ പ്രണയം എന്നും നിലനിൽക്കും. എന്റെ കണ്ണുനീരിൽ നിന്റെ സ്മരണകൾ പുഞ്ചിരിച്ചുകൊണ്ടേയിരിക്കും. നീ നൽകിയ പ്രണയത്തെക്കുറിച്ച് ഞാൻ പാടിക്കൊണ്ടേയിരിക്കും. 

12 വരികളിൽ ഒരു മഹാകാവ്യമൊരുക്കിയ ഈ ഭാവനാ വിരുതിനെ എങ്ങനെയാണൊന്ന് ശരിയായി നമസ്കരിക്കുക?! എങ്ങനെയാണ് കാണാതെ പോവുക? ഇതിനെ മറികടന്ന് എങ്ങനെയാണ് ഇവിടെ മലയാള ലളിതഗാനചരിത്രം കുറിക്കപ്പെടുക?! എടുത്താൽ പൊങ്ങാത്ത സംസ്കൃതവും അസംസ്കൃതവുമായ പദങ്ങളുടെ അമിതഭാരങ്ങളൊന്നുമില്ലാതെ സാധാരണക്കാരനു വഴങ്ങുന്ന കാൽപ്പനിക ചിന്താസരണിയിലൂടെ സഞ്ചരിച്ച് ഗാനങ്ങൾക്ക് ഊടും പാവും തുന്നിയ ശ്രീകുമാരൻ തമ്പിയെന്ന ഗാനരചയിതാവിന്റെ രചനകളെപ്പറ്റി വിശദമായ പഠനം തന്നെ നടക്കേണ്ടിയിരിക്കുന്നു ഇനിയും. അദ്ദേഹം മുന്നോട്ടു വയ്ക്കുന്ന ബിംബങ്ങൾ നൽകുന്ന വ്യത്യസ്തങ്ങളായ ആശയങ്ങളുടെ ചാരുത പറഞ്ഞു ഫലിപ്പിക്കാൻ പ്രയാസമാണ്. അദ്ദേഹത്തോട് അമിതമായ ആരാധനയൊന്നുമില്ലാതെയാണ് ഞാൻ ഈ ഒരു പംക്തി തുടങ്ങിയത്. രണ്ട് ഗാനങ്ങളായപ്പോൾ തന്നെ അദ്ദേഹത്തിന്റെ ആശയങ്ങൾ ഹൃദയത്തിലേക്ക് നിരന്തരം ഒഴുകാൻ തുടങ്ങിയെന്നു വേണം പറയാൻ. ആരാധനയ്ക്കപ്പുറം എന്നിൽ ജനിച്ച ജിജ്ഞാസ വീണ്ടും വീണ്ടും വരികളുടെ അർത്ഥതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ പ്രേരിപ്പിക്കുകയും ചെല്ലുമ്പോഴൊക്കെ സ്വയം നിരാശപ്പെടാതെ മുത്തും ചിപ്പിയുമായി പോരാൻ സാധിക്കുകയും ചെയ്തു എന്നതാണ് എനിക്ക് അനുഭവിക്കാൻ കഴിഞ്ഞത്. അങ്ങനെ തിരഞ്ഞു കണ്ടെത്തുന്നതിൽ അനിതരമായ ഒരു സുഖം ഞാൻ അനുഭവിക്കുന്നു എന്നതാണ് വ്യക്തിപരമായി ഞാൻ കാണുന്ന നേട്ടം.

സംസ്കൃതവൃത്തങ്ങളിൽ എട്ടക്ഷരം വീതമുള്ള അനുഷ്ടുപ്പിലാണ് ഈ ഗാനം എഴുതിയിരിക്കുന്നത്. ചില വരിയിൽ ഏഴും ചില വരിയിൽ ഒൻപതും അക്ഷരങ്ങൾ കാണാമെങ്കിലും അത് ഗാനത്തിൽ വരുത്തിയ മാറ്റങ്ങളായേ ഞാൻ കാണുന്നുള്ളൂ. എന്നാൽ മാത്രാ കണക്കിൽ 14 മാത്രകൾ കൃത്യമായി വരുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ അനുഷ്ടുപ്പിൽ തന്നെ 'വിദ്യുന്മാല' എന്ന വൃത്തവുമായാണ് ഏറ്റവും സാദൃശ്യം (ലക്ഷണം : മംമംഗംഗം വിദ്യുന്മാലാ) നാലാമത്തെ അക്ഷരം കഴിഞ്ഞ് യതിയുമുണ്ട് കൃത്യമായി. അതേപോലെ 'നതോന്നത' എന്ന വഞ്ചിപ്പാട്ട് വൃത്തവുമായും ബന്ധം കാണുന്നു. പക്ഷേ രണ്ടാം പാദത്തിൽ ആറര ഗണമെന്ന കണക്ക് ഇവിടെ തെറ്റുന്നുണ്ട്. അനുഷ്ടുപ്പിന് 4 അക്ഷരങ്ങൾ കഴിഞ്ഞാണ് യതിയെങ്കിൽ നതോന്നതയ്ക്ക് 8 അക്ഷരങ്ങൾ കഴിഞ്ഞാണ്. ഗണം ദ്വ്യക്ഷരമെട്ടെണ്ണം ഒന്നാം പാദത്തിൽ വേണം നതോന്നതയ്ക്ക് എന്നാണ് പ്രമാണം. രണ്ടക്ഷരം വീതമുള്ള 6 ഗണങ്ങൾ ഇതിനുമുണ്ട്. 'ഇന്നും - എന്റെ - കണ്ണു - നീരിൽ - നിൻ(ന്റെ) - ഓർമ്മ - പുഞ്ചി - രിച്ചു
ഈറൻ - മുകിൽ - മാല - കളിൽ - ഇന്ദ്ര - ധനുസ് - എന്ന - പോലെ' എന്നിങ്ങനെ ഒന്നാം പാദവും രണ്ടാം പാദവും നതോന്നതയുടെ ഒന്നാം പാദത്തിന്റെ രീതിതന്നെ പിന്തുടർന്നുകൊണ്ട് എഴുതപ്പെട്ടതാകാം ഒരുപക്ഷേ ഈ ഗാനം (ഈ വരി കുചേലവൃത്തം വഞ്ചിപ്പാട്ടിന്റെ രീതിയിൽ ഒന്നുചൊല്ലി നോക്കിയാൽ സംഗതി പിടികിട്ടും). എന്തായാലും കൃത്യമായ ഒരു താളബോധം ആദ്യന്തം നിറഞ്ഞു നിൽക്കുന്നു ഈ ഗാനത്തിൽ.

മനോഹരമായ ചിട്ടപ്പെടുത്തലായിരുന്നു  രവീന്ദ്രൻ മാസ്റ്ററിന്റേത്. ബാഗേശ്രീയുടെ എല്ലാ മനോഹാരിതയും വികാരാർദ്രതയും തുളുമ്പി നിൽക്കുന്ന ഗാനമാണിത്. ഈ രാഗം അടിസ്ഥാനമാക്കി ചെയ്ത ശ്രീകുമാരൻ തമ്പിയുടെ മറ്റൊരു ഗാനമാണ് എം. കെ. അർജ്ജുനൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ 'ചെമ്പകത്തൈകൾ പൂത്ത മാനത്ത്' എന്ന ഗാനം. കെ. ജെ. യേശുദാസിന്റെ പ്രൗഢഗംഭീരമായ ശബ്ദവും ആലാപനസുഭഗതയും വൈകാരികതയും ഈ ഗാനത്തെ മലയാളികളുടെ പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നാക്കി നിലനിർത്തുന്നു. എന്റെ അടുത്ത സുഹൃത്തായിരുന്ന കമൽ റോയ് ആണ് ഈ ഗാനം പാടുന്നതായി അഭിനയിച്ചിരിക്കുന്നത് എന്ന വ്യക്തിപരമായ ഒരടുപ്പം കൂടിയുണ്ട് എനിക്ക് ഈ പാട്ടിനോട്. ശ്രീകുമാരൻ തമ്പിയുടെ മികച്ച ഗാനങ്ങളിൽ ഒന്നായി ഈ ഗാനത്തെ ഞാൻ കാണുന്നു. സൗപർണ്ണിക മൂവീസിന്റെ ബാനറിൽ ഇറങ്ങമ്യ ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും ശ്രീകുമാരൻ തമ്പി തന്നെയായിരുന്നു. എന്നാൽ പാട്ടിന്റെ പ്രതാപം വിഷ്വലൈസേഷനിൽ അനുവർത്തിക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല എന്നത് ഒരു പോരായ്മയായി ഞാൻ കാണുന്നു.

ഈ ഗാനത്തിന്റെ കവർ വേർഷൻ മനോഹരമായി ആലപിച്ച് അയച്ചു തന്ന രാജേഷ് വിജയോട് നന്ദി അറിയിക്കുന്നു.

Contributors