പ്രിയപ്പെട്ടവളേ,
കാലത്തിന്റെ പ്രയാണം തുടരുകയാണ്. എഴുതപ്പെടാത്ത ചരിത്രങ്ങൾ വായിക്കപ്പെടില്ലല്ലോ. നമ്മളും നമ്മുടെ പ്രണയവും ഇത്രയും നാൾ വിസ്മൃതിക്കുള്ളിൽ ചേതനയറ്റ് കിടക്കുകയായിരുന്നില്ലേ, വിഷാദങ്ങളുടെ കനലുകൾക്കുള്ളിൽ രൂപമില്ലാതെ ഉരുകിത്തീരുകയായിരുന്നില്ലേ. പറഞ്ഞു തീരാത്ത കഥകൾക്കുള്ളിൽ കഥയില്ലായ്മയുടെ കഥകൾ പറഞ്ഞ് ലോകം അലയുമ്പോഴും അവരിൽ നിന്നെല്ലാം അകന്ന് നമ്മൾ നമ്മുടേതായ പറുദീസയിൽ മഴയിലും വെയിലിലും കുളിച്ച് ജീവിതം ആഘോഷിക്കുകയായിരുന്നു, ഋതുക്കൾ ഓരോന്നും വരുന്നതും പോകുന്നതും നോക്കി, ഇരുവഞ്ഞിപ്പുഴ വറ്റുന്നതും കരകവിയുന്നതും കണ്ട്... നീ അവിടെയും ഞാൻ ഇവിടെയും ആയിരുന്നെങ്കിൽ പോലും...
പ്രണയം വിശ്വാസമാണെന്ന് നീ പറഞ്ഞു... തകർക്കാൻ ഇനി കോട്ടകളില്ല നമ്മുടെ മുൻപിൽ. നമ്മൾ എല്ലാം പ്രതീക്ഷിച്ചിരുന്നു എങ്കിലും എന്നെങ്കിലും ഒരുമിച്ചു കഴിയാമെന്ന ഒരു പ്രതീക്ഷ മനസ്സിൽ അവശേഷിപ്പിച്ചിരുന്നു... ഒരു ചുഴിയുടെ താഴത്തിലേക്ക് ആഴ്ന്നുപോകും വരെ... ഒരു കൊമ്പിൽ കിളിർത്ത് ഒരുമിച്ചുപൊഴിഞ്ഞ ഇലകളെങ്കിലും പ്രണയനിഷേധത്തിന്റെ കാറ്റിൽ ഒരിക്കലും തമ്മിൽ ചേർന്ന് കിടക്കാൻ കഴിയാത്ത കരിയിലകളായി നാം അകന്നു പോയിരിക്കാം. പക്ഷേ പരസ്പരം അറിഞ്ഞ മനസ്സിന്റെ വിങ്ങലും വിഷാദവും നമ്മേ എവിടെയായാലും ഒന്നാക്കി നിർത്തുന്നു എന്നതല്ലേ സത്യം? നീ വിധവയായി ജീവിക്കുന്നു എന്നു പറയുന്ന ലോകം എന്ത് പ്രണയ ചിന്തകളാണ് മുന്നോട്ടു വയ്ക്കുന്നതെന്ന് എനിക്കെത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
"പിന്നെയുമുദിച്ചു താരം, പിന്നെയും മദിച്ചു കാലം
മന്നിനെന്തു മടുമലർ മണ്ണടിഞ്ഞെങ്കിൽ!!!"
നിന്നിലേക്കെത്തുവാൻ ഞാൻ പ്രണയത്തിന്റെ ഭാഷ തന്നെ ഉണ്ടാക്കി. ഇന്ന് ആർക്കും പ്രേമത്തിനു ഭാഷകളേ വേണ്ടാതായിരിക്കുന്നു. നമ്മുടെ കഥകൾ അഭ്രപാളികളിൽ നിറഞ്ഞു നിൽക്കുമ്പോഴും അതിന്റെ സന്ദേശം മനസ്സുകൾ കീഴടക്കുമ്പോഴും വിമർശനങ്ങളുടെ കത്തിമുനകൾ നമ്മൾക്ക് നേരേ വരുന്നുണ്ടെന്നതും കാണാതിരിക്കാനാകുന്നില്ല. എന്റെ കുട്ടീ, നിന്നെ ചികിത്സിപ്പിക്കണമെന്നുപോലും പ്രണയത്തിന്റെ ആധുനിക രസതന്ത്രജ്ഞർ പരക്കെ ആവശ്യപ്പെട്ടു കഴിഞ്ഞു. കാമവും പ്രേമവും വേർതിരിച്ചറിയാൻ കഴിയാത്ത കാലത്തിന്റെ കണ്ണിലെ കരടുകളായിക്കഴിഞ്ഞു നമ്മൾ. എങ്കിലും ഇങ്ങനെയും സ്നേഹിക്കാമോ എന്നോർത്ത് സ്തബ്ദ്ധരായി നിൽക്കുന്ന കുറേ യുവ മനസ്സുകളേയും കാണാൻ കഴിഞ്ഞു. പ്രതീക്ഷകൾ ഇനി അവരിൽ മാത്രമായി ചുരുക്കി നമുക്ക് കാത്തിരിക്കാം.
"നിർമ്മലേ, ദേവീ, നീയൊരു വെറും
നിർമ്മിതിയാവുന്നെങ്ങനെ?
ശുഷ്കഭാവനയ്ക്കോമലേ, ഹാ, നിൻ
സർഗ്ഗചൈതന്യ വിസ്മയം
ചിത്രണം ചെയ്യാനാവുമോ? - ലോകം
വിശ്വസിക്കുമോ ചൊല്ലിയാൽ" ചങ്ങമ്പുഴയുടെ ഈ വരികൾ പണ്ട് നിനക്കു തന്ന കത്തിൽ ഞാൻ എഴുതിയിരുന്നില്ലേ? അനന്തവും ആത്മാർത്ഥവുമായ പ്രണയം അനശ്വരമായിരിക്കുകതന്നെ ചെയ്യും.
പ്രണയം ത്യാഗമാണെന്ന് നാമറിഞ്ഞു... നിന്നെ വിളിച്ചിറക്കിക്കൊണ്ടു പോരാൻ തന്റേടമില്ലാത്ത കാമുകനായി ചിലയിടത്ത് ഞാൻ ചിത്രീകരിക്കപ്പെട്ടുകഴിഞ്ഞു. അതിൽ പരാതിയില്ല, പരിഭവവും. ആരെയും ബോദ്ധ്യപ്പെടുത്തേണ്ട ബന്ധമായിരുന്നു ഇതെന്ന് നമ്മൾ രണ്ടും കരുതിയിരുന്നതല്ലല്ലോ. കൊടുത്ത വാക്കിനു മരണം വരെ വിലകൊടുക്കേണ്ടി വന്നു എന്ന് പരിതപിച്ചവരേയും നമ്മൾ കണ്ടു. ബന്ധങ്ങളുടെ ചങ്ങലക്കെട്ടുകളെക്കുറിച്ച് ഇവരെന്തറിയുന്നു?! നിന്റെ ജാലകവാതിലിൽ ഒരു കാറ്റായും കുളിരായും മുക്കത്തെ പുഴയുടെ നനവോടെ ഞാൻ എത്തിയപ്പൊഴൊക്കെയും നമ്മുടെ ഹൃദയം മാംസനിബദ്ധമായ അനുരാഗത്തിലേക്ക് വഴുതി വീണില്ല എന്നതു തന്നെ നിന്റെ ഹൃദയവിശുദ്ധിയും വിശ്വാസവും ഞാൻ എത്രമാത്രം ബഹുമാനിക്കുന്നു എന്നതിനു നിദാനമായിരുന്നു. ആദർശത്തിന്റെ ആധികാരികതയ്ക്കുവേണ്ടിയായിരുന്നില്ല അത്, മറിച്ച് നിന്നോടെനിക്കുള്ള അംഗീകാരമായിരുന്നു. മരണത്തിനു പോലും പിരിയ്ക്കാൻ കഴിയാത്ത നമ്മുടെ സ്നേഹത്തെ മറ്റെന്തിന് വികലമാക്കാൻ കഴിയും...
വെളിച്ചം വിളക്കുകളല്ലാ അന്വേഷിക്കുന്നത്, വിളക്കുകളാണിപ്പോൾ വെളിച്ചം അന്വേഷിക്കുന്നത്. ജാതിയുടേയും മതത്തിന്റേയും വ്യത്യസ്തമായ കടവുകളിൽ അടുപ്പിക്കുന്ന പായ് വഞ്ചിപോലെ ആയിരിക്കുന്നു ഇന്ന് സ്നേഹവും സൗഹൃദവും. നൈസർഗ്ഗികമായ മാനസഘടയിൽ തന്നെയാണ് നമ്മൾ വളർന്നതും ജീവിച്ചതും. ഇവിടെ ഏച്ചുകെട്ടിയ ബന്ധങ്ങൾക്കു മുകളിൽ മൂടുപടം ചാർത്തി ഇതാണ് അനശ്വര പ്രണയം എന്ന് ആർത്തുവിളിക്കുന്ന ഒച്ചപ്പാടുകൾ മാത്രമായി മനസ്സുകൾ മാറുന്നു... അവികലമായ ഒരു ചിന്താധാരയാണ് നമ്മുടെ കാലഘട്ടത്തിൽ ഞാൻ കാണുന്നത്. ഒരു പക്ഷേ എന്നിലെ കലാകാരന്റെ ലോലമായ ചിന്താഗതികൾ അതിലുപരി സഞ്ചരിച്ചിരിക്കില്ല. ആ നിസ്വാർത്ഥയാകാം നിന്റെ കാൽപ്പാടു പതിഞ്ഞ ഒരുപിടി മണ്ണുമായി ഇന്നും എന്നെ ജ്വലിപ്പിച്ചു നിർത്തുന്ന പ്രണയത്തിന്റെ പ്രേരണ.
പ്രണയം മാംസനിബദ്ധമല്ലെന്ന് നാം പഠിച്ചു.... സ്ത്രീപുരുഷ സമ്പൂർണ്ണത സാർത്ഥകമാകണമെങ്കിൽ അവർ തമ്മിൽ ശാരീരികമായി ഒരുമിക്കുകയും ഒരുമിച്ചു കഴിയുകയും അനേകം തലമുറകളെ അടവച്ചു വിരിയിക്കുകയും ചെയ്യണമെന്ന അപക്വമായ സിദ്ധാന്തങ്ങൾക്ക് എന്ത് ന്യായീകരണമാണ് നമ്മൾ നൽകേണ്ടത്?! നിന്റെ വിരൽത്തുമ്പിലെ ഒരു ചെറിയ സ്പർശത്തിനു പോലും ഒരായിരം ആലിംഗനങ്ങനങ്ങളുടെ ചൂടും കുളിർമ്മയും ഉണ്ടാക്കുവാൻ കഴിഞ്ഞിരുന്നു. നീ തൂകിയ ഓരോ തുള്ളി കണ്ണുനീരിലും ഞാൻ ചീന്തിയ രക്തത്തുള്ളികളിലും ആ പ്രണയത്തിന്റെ പരാഗങ്ങൾ കാണുവാൻ കഴിയാത്ത ലോകത്ത് ഒരുമിച്ചു കഴിയാതിരുന്നതു തന്നെയാണ് നമ്മുടെ മഹത്വം. അങ്ങനെ ഒരുമിച്ചു ചേർന്ന ശുഭപര്യവസായികളായ ഒരായിരം കഥകളിൽ നിന്നും സത്യാന്വേഷകർ തേടിയെത്തിയ കഥ അകാലത്തിൽ അകന്ന നമ്മുടേതായിരുന്നു എന്നതിൽപരം എന്ത് പവിത്രതയാണ് ഈ ബന്ധത്തിന് ഇനി വേണ്ടത്? ഒരിക്കൽ പോലും, ഒരുവാക്കുകൊണ്ടു പോലും നോവിക്കാത്ത നമ്മുടെ ആത്മാവിന്റെ സുഖത്തിനു മേൽ കാമത്തിന്റെ എത്ര രാത്രികളാണ് നമുക്ക് അന്യമായിട്ടുള്ളത്?! പൊട്ടിച്ചിരിക്കാൻ തോന്നുകയാണ്..! നിനക്കായി ഒരു ജന്മം മുഴുവൻ ഞാനും എനിക്കായി ഒരായുസ്സു മുഴുവൻ നീയും കാത്തിരുന്നത് വിധിയുടെ ഔദാര്യം പറ്റിയല്ല, വിശ്വാസത്തിന്റെ നന്മകൾ കണ്ടാണ്. നമ്മൾ ഒരിക്കലും ആഗ്രഹിക്കാത്ത അവയ്ക്കൊന്നും എനിക്കും ഇല്ല മറുപടി, നിന്നേപ്പോലെ തന്നെ! അനശ്വരമായ പ്രണയ കഥകളിലെ നായികാ നായകന്മാർക്കിടയിൽ നമ്മൾ ഒരു വെറും മൺചെരാതുകളായിരിക്കാം... എങ്കിലും ഒരിക്കൽ അനശ്വരമായ നമ്മുടെ പ്രണയം ലോകം കാണുമെന്ന് ഞാൻ സ്വപ്നം കണ്ടിരുന്നു... ചങ്ങമ്പുഴ പാടിയിട്ടില്ലേ...
"ഇന്നവർ തൻ ധീരകൃത്യങ്ങളോരോന്നു-
വർണ്ണിച്ചു വർണ്ണിച്ചു പാടുന്നു ഗായകർ
ചേലിലെഴുതും സുവർണ്ണലിപികളിൽ
നാളെച്ചരിത്രമവരുടെ പേരുകൾ
ഞങ്ങളോ - ഹാ! മഹാത്യാഗമനുഷ്ഠിച്ച
ഞങ്ങളോ - ? കഷ്ടം, വെറും നിഴൽപ്പാടുകൾ
ആരുണ്ടറിയാൻ ജഗത്തിലീ ഞങ്ങൾ ത-
ന്നാരാധനീയമാം പാവനാത്മാർപ്പണം..?!!!"
കണ്ണുകൾ കൊണ്ട് കവിതയെഴുതുന്നവളേ... നിന്നെ പ്രണയിച്ചതുകൊണ്ടു, നീ പ്രണയിച്ചതുകൊണ്ടു് മാത്രം സ്വർഗ്ഗത്തിൽ വന്നവനാണു ഞാൻ... നിന്റെ നിശ്വാസങ്ങളുടെ ചൂടിൽ സ്വപ്നങ്ങൾ വിരിയിക്കുന്നവനാണു ഞാൻ...നിന്റെ ഹൃദയത്തിന്റെ പവിത്രതയുടെ സുഗന്ധം എന്നിലേക്ക് ഓരോ നിമിഷവും നിറയുകയാണ്.. ഭാഗ്യവാനാണു ഞാൻ... ഈ സ്വർഗ്ഗത്തിൽ ഹിന്ദുക്കൾക്കും മുസ്ലീംങ്ങൾക്കും ക്രിസ്ത്യാനിക്കും ഒന്നും വേറേ ഇടങ്ങളില്ലാ. ഇത് വിശ്വാസത്തിന്റെ, സ്നേഹത്തിന്റെ, ആത്മാർത്ഥതയുടെ അപാരതീരമാണ്. ഭൂമിയിൽ നീ കാണുന്ന എന്റെ ഖബറിൽ മണ്ണായിത്തീരാതെ അവശേഷിച്ച അസ്ഥികൾക്കുള്ളിൽ നിന്നും രാത്രിയുടെ യാമങ്ങളിൽ വിരിയുന്ന പ്രകാശ ബിന്ദുക്കൾക്കൊപ്പം ഇവിടെ നിന്റെ ഓർമ്മകൾ ചന്ദനം ചാർത്തിയ കിനാവുകളും കണ്ട് ഞാൻ ജീവിക്കുകയാണ്. എനിക്കായി നീയും നിനക്കായും ഞാനും മാത്രമേയുള്ളൂ എന്ന ചിന്തയിൽ... വികാരത്തിൽ... അനുഭൂതിയിൽ....
നമ്മുടെ പ്രണയം അംഗീകരിക്കപ്പെട്ടന്ന സന്തോഷത്തോടെ...
എന്ന് നിന്റെ ...................
---------------------------------------------------------
ഞാൻ കണ്ട "എന്ന് നിന്റെ മൊയ്തീൻ" എന്ന ചലച്ചിത്രത്തിന്റെ ആസ്വാദനമാണ്. ഇത് ഇങ്ങനെയേ എഴുതാൻ എനിക്ക് കഴിഞ്ഞുള്ളൂ. വികാര തീവ്രത കുറഞ്ഞു എന്നോ അസ്വാഭാവിക ജീവിത സൃഷ്ടിയെന്നോ ഒന്നും എനിക്ക് അനുഭവവേദ്യമായി തോന്നിയില്ല. അഭ്രപാളികളിൽ പൊഴിഞ്ഞു വീഴുന്ന മഴത്തുള്ളികൾ പോലെ ഒരോ രംഗത്തിനും ബന്ധത്തിന്റെ നൈർമ്മല്യവും പ്രണയത്തിന്റെ ചാരുതയും പകർന്നു നൽകാൻ എഴുത്തുകാരൻ കൂടിയായ പുതുമുഖ സംവിധായകൻ വിമലിനു കഴിഞ്ഞിട്ടുണ്ട് എന്നത് അഭിനന്ദിക്കേണ്ടതാണ്. ഡയലോഗുകൾ കുറച്ച് ദൃശ്യപരതയ്ക്ക് മുന്തൂക്കം കൊടുക്കുമ്പോൾ ഒരു സംവിധായകന്റെ ഭാവന എങ്ങനെയൊക്കെ സഞ്ചരിക്കണമെന്നതിന്റെ ഉത്തമ നിദർശനമാണ് ഇത്. ആ മനസ്സിനൊപ്പം ക്യാമറാമാന്റെ മനസ്സും കണ്ണുകളും യാത്ര ചെയ്തു എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു വിജയം.
ലെനയുടെ ഉമ്മയാണ് ഇതിലെ രണ്ടാമത്തെ താരം. സ്വാഭാവികമായ അഭിനയം കൊണ്ട് ആ പാത്ര സൃഷ്ടി പരിപൂർണ്ണമാക്കുവാൻ ലെനയ്ക്ക് കഴിഞ്ഞു. അവാർഡ് കമ്മറ്റിക്കാർ അവഗണിച്ചുകൊള്ളട്ടേ, എങ്കിലും ആ അഭിനയശേഷിയെ ആസ്വാദകർ തള്ളിപ്പറയില്ല.
സായികുമാർ എന്ന നടന്റെ ഭാവഹാവാദികൾ യഥാർത്ഥജീവിതത്തിൽ നിന്ന് ദൃശ്യാവിഷ്കാരത്തിലേക്ക് ചുവടുവയ്ക്കുമ്പോൾ വരുത്തിയ മാറ്റങ്ങളിൽ പെട്ട് അൽപ്പം വിമർശനം ക്ഷണിച്ചു വരുത്തിയെങ്കിലും ആ കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് അതാവശ്യമായി സംവിധായകനു തോന്നിയതും നേർ ജീവിതത്തിന്റെ പച്ചയായ ആവിഷ്കരണം എന്ന സ്ഥിരം ക്ലീഷേകളിൽ നിന്നും അനുകരണാഭിനയത്തിൽ നിന്നും മുക്തമാക്കുവാനുള്ള ഒരു ഭാവമാറ്റം എന്നുമാത്രം കണ്ടാൽ മതി. ടോവിനോ തോമസും സുധീർ കരമനയുമെല്ലാം തങ്ങളുടേതായ രംഗങ്ങൾ ഭംഗിയായി ചെയ്തിരിക്കുന്നു.
റഫീക് അഹമ്മദ്, മൊഹമ്മദ് മഖ്ബൂൽ മൻസൂർ എന്നിവർ എഴുതിയ ഗാനങ്ങളും ചങ്ങമ്പുഴയുടെ ശാരദാംബരം എന്ന കവിതയുമാണ് ഇതിലെ സംഗീത വിഭാഗത്തിൽ. കെ. ജെ. യേശുദാസ് പാടിയ ഈ മഴതൻ എന്ന ഗാനം സിനിമയിൽ കണ്ടില്ല. യേശുദാസ് മനോഹരമായി ആലപിച്ചിരിക്കുന്ന ഗാനം, രമേശ് നാരായണന്റെ സംഗീതം കൊണ്ട് ശ്രദ്ധേയമായിരിക്കുന്നു. റഫീക് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഗാനങ്ങൾ എഴുതിയിരിക്കുന്നു. എങ്കിലും രണ്ടു കാലഘട്ടത്തിന്റെ ഗീതികാവ്യങ്ങളിൽ ഉണ്ടായ ഭാഷയുടെ വ്യത്യാസങ്ങൾ അതിൽ തിരിച്ചറിയാൻ കഴിയുന്നു എന്ന ഒരു ചെറിയ പോരായ്മ മാത്രം എനിക്കു അനുഭവപ്പെട്ടു. ചങ്ങമ്പുഴയുടെ ഒരു കവിതകൊണ്ട് അതിനെ മറികടക്കാൻ സംവിധായകനു കഴിയുകയും ചെയ്തു എന്നത് എടുത്തു പറയേണ്ടതാണ്. എം. ജയച്ചന്ദ്രന്റെ സംഗീതം ഇമ്പമുള്ളതാണ്. എങ്കിലും പഴയ പല ഗാനങ്ങളുടേയും ഒരു നിഴൽ അതിലേക്ക് വീണിട്ടുണ്ടോ എന്ന് ഇടയ്ക്ക് നമ്മൾക്ക് തോന്നുന്നത് സ്വാഭാവികം. ഗോപീ സുന്ദറിന്റെ പശ്ചാത്തല സംഗീതം മനോഹരമായിട്ടുണ്ട്. കഥയുടെ ഗതിയുമായി യോജിച്ചുപോകുന്ന ടോണുകൾ തന്നെ വേണ്ടവിധം ഉപയോഗിച്ചിരിക്കുന്നു
ചുരുക്കത്തിൽ, പ്രണയത്തെക്കുറിച്ചുള്ള വിശ്വാസപ്രമാണങ്ങളിൽ മുറുകെപ്പിടിച്ചിരിക്കുന്നവരും അതിലെ വിപ്ളവകാരികളും ഒന്നുപോലെ കണ്ടിരിക്കേണ്ട ഒരു ചിത്രം. ദുരന്തപര്യവസായി എന്ന നിരാശ മാറ്റാൻ നായകൻ സ്വർഗ്ഗത്തിൽ നിന്നെഴുതിയ മുകളിലുള്ള കത്തൊരുവട്ടം വായിച്ചിട്ടു പോവുക. പ്രണയവും ബന്ധവും എങ്ങനെയൊക്കെ ആയിരിക്കണം എന്ന മുൻവിധിയോടെ ഈ ചിത്രത്തെ സമീപിക്കാതിരിക്കുക. കാരണം പ്രേമം, ഒരു മുൻവിധികൾക്കും വഴങ്ങുന്ന രൂപമല്ലാ, അത് ഉറവ പോലെ, കൈവഴികളായി, നദിയായി, കടലായി മാറുന്ന പ്രതിഭാസമാണ്. ഒരു നല്ല ദൃശ്യാനുഭവം, നിങ്ങളും കാണുക...
ഓടോ : ഈ ചിത്രം കണ്ടിറങ്ങിയപ്പോൾ എനിക്കു തോന്നിയ സ്വകാര്യ ദുഃഖം ഒരു ഗാനരചയിതാവിന്റേതാണ്. ഇതുപോലൊരു ചിത്രത്തിനു പാട്ടെഴുതാൻ കഴിഞ്ഞില്ലല്ലോ എന്ന നിസ്വാർത്ഥമായ അസൂയ..!!!