എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂല്ലാ...

എന്നും എപ്പോഴും - സത്യൻ അന്തിക്കാട്, മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും, മോഹൻ ലാലും മഞ്ജു വാര്യരും വീണ്ടും ഒന്നിക്കുന്നു, അങ്ങനെ പല തരം തലക്കെട്ടുകളിൽ നമുക്ക് മുന്നിലെത്തിയ ചിത്രം. ഒരേ റൂട്ടിലോടുന്ന ബസുകളുമായാണു ഈയിടെ സത്യൻ അന്തിക്കാട് സ്ഥിരമായി നമ്മളെ കാണാൻ വരുന്നത്. അതിൽ നിന്നും ഒട്ടും വിഭിന്നമല്ല എന്നും എപ്പോഴും. ജഗതിയുടെ പഴയ ബോംബു കഥ പോലെ, ആധൂനികമായപ്പോൾ കഥാപരിസരവും കഥാപാത്രങ്ങൾക്കും മാറുന്നു എന്നതല്ലാതെ പൊടിക്കു പോലും ഒരു ശൈലിമാറ്റം സത്യൻ അന്തിക്കാട് നടത്തിയിട്ടില്ല ഈ ചിത്രത്തിൽ. പ്രായം കൂടിയ നായകന് വിവാഹമോചനം നേടിയ ഒരു നായിക എന്നതാണ് ഇതിന്റെ ഒരു രസതന്ത്രം! എന്തിനോ തിളക്കുന്ന സാമ്പാർ പോലെ ചില കഥാപത്രങ്ങൾ ഇവർക്ക് ചുറ്റും. ഒരു ടെലിഫിലിം പോലെ അര മണിക്കൂറിൽ തീർക്കാവുന്ന കഥയെ ചിത്രത്തിനുള്ളൂ, പക്ഷേ രണ്ടു മണിക്കൂറിലധികം നീണ്ട ഒരു പരീക്ഷണമാണ് ഈ ചിത്രം പ്രേക്ഷകർക്ക്. ഈയിടയായി തന്റെ സ്ഥിരം ആളുകളെ സിനിമകളിൽ നിന്നും ഒഴിവാക്കുന്ന ഒരു രീതി സത്യൻ അന്തിക്കാട് അനുവർത്തിക്കുന്നുണ്ടെങ്കിലും സ്ഥിരം ഉപദേശി വേഷക്കാരനായ ഇന്നസെന്റിനെ ഈ ചിത്രത്തിലും അതേ ദൗത്യത്തിനായി നിയോഗിച്ചിട്ടുണ്ട്. സത്യൻ ചിത്രങ്ങളിലെ ആകെയുള്ള പുതുമ ഇപ്പോൾ പഴയ മുഖങ്ങൾക്കു പകരം പുതിയ മുഖങ്ങൾ കാണുവാൻ കഴിയുന്നു എന്നതാവണം. മോഹൻ ലാലിന്റെ പ്രതാപകാലം അനുസ്മരിപ്പിക്കാനായി കുറെയധികം രംഗങ്ങളും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് സത്യനും രഞ്ജനും. പഴയ ആ കുസൃതിത്വം നിറഞ്ഞ ലാലായി മാറുവാൻ ശ്രമിക്കുന്ന പല രംഗങ്ങളും ഒരു പക്ഷേ ആരാധകരെ സുഖിപ്പിക്കുമെങ്കിലും എല്ലാവരെയും അത് രസിപ്പിക്കണമെന്ന് നിർബന്ധമില്ല. ചോയിച്ച് ചോയിച്ചു പോകലും മറ്റു പല രംഗങ്ങളും അരോചകമായി തോന്നി. നായികയുടെ ജീവിതവുമായി ഇണങ്ങി നിൽക്കട്ടെ എന്ന് കരുതിയാവണം നായികാ കഥാപാത്രത്തിനെയും വിവാഹമോചിതയാക്കിയത്, ആദ്യ ചിത്രത്തിലേത് പോലെ തന്നെ രണ്ടാം ചിത്രത്തിലും ഭർത്താവ് രാജീവ് തന്നെ! മഞ്ജു വാര്യരുടെ മടങ്ങി വരവ് ആഘോഷിക്കപ്പെട്ടിരുന്നു. എന്നാൽ രണ്ടാം സിനിമയിലെത്തുമ്പോഴും ആ ആഘോഷത്തെ സാധൂരിക്കുന്ന ഒന്നും തന്നെ സ്ക്രീനിൽ കണ്ടില്ല. പണ്ട് ലാലിനൊപ്പം ജഗതിയുടെ കഥാപാത്രമെന്ന പോലെയാണ് ഗ്രിഗറിയുടെ കഥാപാത്രം. അവരുടെ കോമ്പിനേഷൻ തീയേറ്റരിൽ ചിരിയുടെ മാലപ്പടക്കം തന്നെ സൃഷ്ടിച്ചു എന്നൊക്കെ ചില നിരൂപണങ്ങളിൽ വായിച്ചു. അവരൊക്കെ ഈ സിനിമയാണോ കണ്ടതെന്ന് സംശയിക്കണം. സത്യം പറയണമല്ലോ ഗ്രിഗറി തന്റെ പരമാവധി പരിശ്രമിച്ചിട്ടുണ്ട്, പക്ഷേ… വ്യത്യസ്തതക്ക് ശ്രമിച്ചതാണോ എന്ന് അറിയില്ല. എന്തിനോ വേണ്ടി കുറച്ചു കോമാളി കഥാപാത്രങ്ങളെ ഈ സിനിമയിൽ അദ്ദേഹം ഇറക്കി വിട്ടിട്ടുണ്ട്. കൊച്ചിയിലും അധോലോകമുണ്ടെന്നു പറയുന്ന രഞ്ജി പണിക്കരും, ബോസിന്റെ കാറിൽ കയറാൻ സ്ഥിരം മറന്നു പോകുന്ന ബോഡിഗാർഡും കക്കയും കൊഞ്ചുമുണ്ടെന്ന് വിളിച്ചു പറഞ്ഞു നടക്കുന്ന കഷണ്ടി ചേട്ടനുമെല്ലാം കുറെ കോമാളികൾ മാത്രമായി അവശേഷിക്കുന്നു.  സത്യൻ അന്തിക്കാടിന്റെ കഴിഞ്ഞ കുറെ സിനിമകളുടെ തിരക്കഥകൾ ഒരു പുസ്തകമാക്കി, "എന്റെ സാരോപദേശ കഥകൾ" എന്ന് പ്രസിദ്ധീകരിക്കാനുള്ള വകുപ്പുണ്ട്.  സിനിമ ഇറങ്ങി നാലുമാസം കഴിഞ്ഞ് അതിനെ കുറിച്ചൊരു കുറിപ്പെഴുതി ഇടുന്നതെന്തിന് എന്നൊരു ചോദ്യം വായിക്കുന്നവർക്ക് തോന്നാം. 'പഴയ' ഒരു മികച്ച സംവിധായകന്റെ ഇത്തരമൊരുനിലവാര തകർച്ച കാണുമ്പോൾ എഴുതാതിരിക്കാൻ കഴിയുന്നില്ല. സ്ഥിരം ചട്ടക്കൂടിനുള്ളിൽ നിന്ന് കൊണ്ട് സിനിമകൾ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യത്തെ ആർക്കും ചോദ്യം ചെയ്യാനാവില്ല. എന്നാൽ മോഹൻലാലിനെ പോലൊരു നടനെ നായകനാക്കിയിട്ടും ഇത്തരമൊരു എൻഡ് പ്രൊഡക്ടാണു ഫലമെങ്കിൽ പുറത്ത് നിന്നുയരുന്ന വിമർശനങ്ങൾക്കപ്പുറം ഒരു സ്വയം വിമർശനത്തിനു അദ്ദേഹം ശ്രമിക്കണമെന്നാണെന്റെ പക്ഷം! ഞാനീ ചിത്രം കാണുവാൻ ഡിവിഡി ഇറങ്ങുന്നത് വരെ കാത്തിരുന്നു. അതിൽ ഒട്ടും പശ്ചാത്താപം തോന്നുന്നുമില്ല. പക്ഷേ ഒരു മോഹൻ ലാൽ - സന്ത്യൻ അന്തിക്കാട് ചിത്രം എന്ന് കേട്ട് പ്രതീക്ഷകളുമായി കയറുന്ന പ്രേക്ഷകനെ വഞ്ചിക്കുന്ന ഈ സമീപനം ശരിയാണോ എന്നെങ്കിലും അദ്ദേഹം ചിന്തിക്കുന്നത് നന്നായിരിക്കും!  മാറി ചിന്തിക്കാനുള്ള സമയം അതിക്രമിച്ചിട്ടില്ല.

വാൽക്കഷണം : വിദ്യാസാഗറിന്റെ ഈണങ്ങൾ കൊള്ളാം. പ്രത്യേകിച്ചും ജയചന്ദ്രനും രാജലക്ഷ്മിയും പാടിയ മലർവാക കൊമ്പത്തെ എന്ന ഗാനം. അതിനെ ടൈറ്റിൽ ഗാനമായി മാത്രം ഒതുക്കാതെ ചിത്രീകരിച്ചിരുന്നെങ്കിൽ നന്നായേന... [തിരക്കഥയിൽ അതിനുള്ള സ്കോപ്പില്ല എന്നറിയാമെങ്കിലും]

Contributors