അമർചിത്രകഥ വായിച്ചുവളർന്ന തലമുറയ്ക്ക് ആ ഓർമ പുതുക്കാനായി നല്ലൊരു മെസേജ് നൽകുന്ന അതിനൂതനചിത്രമാണ് 'ചന്ദ്രേട്ടൻ എവിടെയാ'. സിനിമ കണ്ട ശേഷം പ്രേക്ഷകരും ചോദിക്കും ഇതിന്റെ സ്ക്രിപ്റ്റ് റൈറ്റർ എവിടെയാ?
സർക്കാർ ജോലിയുണ്ടെങ്കിലും ആബ്സെന്റെടുത്ത് ഭരതനാട്യം കാണുന്ന ( സാധാരണ സർക്കാർ ജോലിക്കാർ സിനിമയിൽ അങ്ങനെയാണല്ലോ) , കണ്ടിട്ട് ആഴ്ചപ്പതിപ്പിൽ ചിത്രത്തോടൊപ്പം റിവ്യൂ എഴുതുന്ന ( ശ്രീചിത്രൻ കം ഷാജി മുള്ളൂക്കാരൻ കം ഹരീഷ് നമൂതിരി) ആണ് ചന്ദ്രേട്ടൻ. ദിലീപ് സേട്ടൻ ഈ കഥാപാത്രത്തെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. പത്തു രൂപാ പ്രതിഫലം മേടിച്ചാലും ഇരുപതു രൂപയ്ക്ക് അഭിനയിക്കും എന്ന വാശിയോടെയാണ് ദിലീപ് അഭിനയിച്ചിരിക്കുന്നത്. ചന്ദ്രേട്ടന്റെ ആൾട്ടർ ഈഗോ ആയ മധ്യകാലതമിഴ് കവി 'വടിവേലുപുട്ടുകുറ്റി' (ഇനിയങ്ങോട്ട് വാസു എന്ന് വിളിയ്ക്കും ) എന്ന കഥാപാത്രത്തെ ദിലീപ് ചേട്ടൻ അവിസ്മരണീയമാക്കി. ദശാവതാരത്തിലെ കമലാസനൻ ചമ്മിപ്പോകും.
ചന്ദ്രേട്ടന്റെ നല്ലവളായ ഭാര്യയാണ് സുഷമ. ' സൈക്കിൾ ബാലൻസുണ്ടേൽ ദുബായിൽ ഡ്രൈവിങ് ലൈസൻസ് കിട്ട്വോ അരുണേട്ടാ' എന്ന് ചോദിക്കുന്ന നിഷ്കളങ്ക പാലക്കാടൻ കഥാപാത്രത്തെ ഡയമണ്ട് നെക്ലേസ്, വെടിവഴിപാട് എന്നീ ചിത്രങ്ങളിൽ അഭിനയിച്ച അതേ തന്മയത്വത്തോടെ അനുശ്രീ ഈ സിനിമയിലും അവതരിപ്പിച്ചു. ഇനിയും ഒരു നൂറു സിനിമകളിലും ഇതേ കഥാപാത്രത്തെ അവതരിപ്പിക്കാൻ അനുശ്രീയെ റബ്ബുലാലമീനായ തമ്പുരാൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. പറ്റിയാൽ കവിയൂർ പൊന്നമ്മ റിട്ടയർ ചെയ്ത നന്മമരമാണമ്മ റോളിലും മമ്മൂട്ടിയുടെയും മോഹന്ലാലിന്റെയുൻ അമ്മവേഷങ്ങളിലും അനുശ്രീയ്ക്ക് തിളങ്ങാൻ സാധിക്കട്ടെ.
സംവിധായകൻ എന്ന നിലയിൽ സിദ്ധാർഥ ഭരതൻ തിളങ്ങി. സുരാജ് വെഞ്ഞാറമൂട്ടിനെ കെട്ടഴിച്ചുവിട്ടില്ല എന്നതാണ് സിദ്ധാർഥിന്റെ ഏറ്റവും വലിയ നേട്ടം. ചന്ദ്രേട്ടന്റെ മനസിലെ പാപചിന്തകൾ മായുമ്പോൾ കാർമേഘമൊഴിയുന്ന അമ്പിളിമാമന്റെ ക്ലോസപ്പ് സിമ്പോളിക് ആയിട്ട് ഭാവിമലയാളം സിനിമ ഭദ്രമായ കൈകളിലാണെന്നും സിദ്ധാർഥ തെളിയിച്ചു.
സുന്ദരിയായി നമിതാ പ്രമോദ് നന്നായി അഭിനയിച്ചു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.