ചന്ദ്രേട്ടൻ എവിടെയാ - ഒരു ഓൺലൈൻ നിരൂപണം - മുകേഷ് കുമാർ

നമസ്കാരം... ഇന്നത്തെ മുഖാമുഖത്തിലേക്കു സ്വാഗതം... പ്രശസ്ത ഒാണ്‍ലൈന്‍ നിരൂപകന്‍ ശ്രീമാന്‍ സര്‍ജന്‍ കുമാറും (S K)മലയാള സിനിമാ പ്രേക്ഷകനായ E A ജഗന്നാഥനും (E A J) തമ്മില്‍ പുതിയ റിലീസായ "ചന്ദ്രേട്ടന്‍ എവിടെയാ" എന്ന സിനിമയെക്കുറിച്ച് നടത്തുന്ന ചര്‍ച്ചയാണ് ഇന്ന് നമ്മള്‍ കാണാന്‍ പോകുന്നത്....ഇനി സ്റ്റുഡിയോയിലേക്ക്..

സര്‍ജന്‍ കുമാര്‍ : സ്വാഗതം.. അയ്യേ ജഗന്നാഥന്‍..

E A J : അയ്യേ..ജഗന്നാഥനല്ല... E A ജഗന്നാഥന്‍... എല്ലാം അറിയുന്നവന്‍ ജഗന്നാഥന്‍.. 

S K : ഒാ... സോറി മിസ്റ്റര്‍ ജഗന്‍.. നേരെ ചോദ്യത്തിലേക്ക് കടക്കട്ടെ... കൊമാല, പന്തിഭോജനം, ഉഭയജീവിതം തുടങ്ങി നിരവധി ചെറുകഥകളിലൂടെ മലയാള സാഹിത്യത്തില്‍ ഒരു നവവസന്തം വിരിയിച്ച ആളാണല്ലോ സന്തോഷ് ഏച്ചിക്കാനം..അദ്ദേഹത്തിന്റെ നിലവാരത്തിനനുസരിച്ചുള്ള തിരക്കഥയാണോ "ചന്ദ്രേട്ടന്‍ എവിടെയാ"?

E AJ : ഈ ഉണ്ണിയാര്‍...ഉണ്ണിയാര്‍ എന്ന് കേട്ടിട്ടുണ്ടോ?

S K : തൃപ്രയാര്‍...തൃപ്രയാര്‍ എന്ന് കേട്ടിട്ടുണ്ട്.

E A J : അതല്ല... ഉണ്ണി R... ലീല, കോട്ടയം-17, തുടങ്ങി നിരവധി കഥകളിലൂടെ ഇതേ നവവസന്തത്തില്‍ 

പങ്കാളിയായ എഴുത്തുകാരനാ..ഇവര്‍ രണ്ടാളും ചേര്‍ന്ന് നമുക്ക് വിളമ്പിയ 'ബാച്ച്ലര്‍ പാര്‍ട്ടി' ഒാര്‍മ്മയില്ലേ? ആ സുനാമി അതിജീവിച്ച പ്രേക്ഷകരില്‍ ഒരാളായതു കൊണ്ട് എനിക്ക് ഈ ചോദ്യം അപ്രസക്തമായി തോന്നുന്നു..

S K : ആയിക്കോട്ടെ...പക്ഷേ ഈ സിനിമയുടെ കഥയില്‍ എന്തു പുതുമയാണുള്ളത്? സുഖലോലുപനായ ഭര്‍ത്താവ്, അമിതമായ possessiveness ഉള്ള ഭാര്യ, ഇവരുടെയിടയില്‍ കടന്നു വരുന്ന മറ്റൊരു സ്ത്രീ.. കുടുംബത്തിലെ സംഘര്‍ഷം, തെറ്റ് മനസ്സിലാക്കി തിരിച്ചു വരുന്ന ഭര്‍ത്താവ്... പുണ്യ പുരാണ സിനിമകളില്‍ തുടങ്ങി എത്രയെത്ര ചിത്രങ്ങളില്‍ ഇത് കണ്ടതാണ്? 

E A J : സ്ത്രീയും പുരുഷനും കുടുംബം എന്ന പ്രസ്ഥാനത്തില്‍ തുടരുന്നിടത്തോളം കാലം ഈ പ്രമേയം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും...തിയേറ്ററിലെ സ്ത്രീ പ്രേക്ഷകരുടെ തിരക്ക് കണ്ടില്ലേ? അധിക നാളായില്ലല്ലോ ഇതേ പ്രമേയവുമായി വന്ന മറ്റൊരു സിനിമ 'ഒന്നും മിണ്ടാതെ' തിയേറ്ററില്‍ നിന്നും പോയിട്ട്? അപ്പൊ എങ്ങനെ കഥ പറയുന്നു എന്നതിലാണ് കാര്യം..

S K : ദിലീപ് എങ്ങനെ ഇത്തരം ഒരു സിനിമയുടെ ഭാഗമായി? 'പിച്ചക്കാരന്‍', 'ബീന്‍സ് തോരന്‍' അങ്ങനെയെന്തേലും സിനിമയാ ഞങ്ങള്‍  നിരൂപകര്‍ പ്രതീക്ഷിച്ചത്..

E A J : ഒരാള്‍ നന്നാവാന്‍ തീരുമാനിച്ചാലും നിങ്ങള്‍ നിരൂപകര്‍ക്ക് അത് പ്രശ്നമാണല്ലേ? ഇത്തരം ചെറിയ ശ്രമങ്ങളെ വിജയിപ്പിച്ചാലല്ലേ കുറച്ചു കൂടി ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടീനടന്മാരുടെ ഭാഗത്തു നിന്നുമുണ്ടാകൂ.എന്തായാലും "മൈ ബോസി"നു ശേഷം ദിലീപ് വളിപ്പുകളൊന്നും കൂടാതെ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട് ഈ സിനിമയില്‍.അവര്‍ അത് ആസ്വദിക്കുന്നുമുണ്ട്..

S K : പക്ഷേ പല തമാശകളും നിലവാരം പുലര്‍ത്തുന്നില്ലല്ലോ?

E A J : അതെന്താ അങ്ങനെ? തേന്‍മാവിന്‍ കൊമ്പത്തില്‍ വളീീീ...എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് പ്രശ്നമില്ല...മറവത്തൂര്‍ കനവില്‍ കുണ്ടി എന്ന് പറയുന്നതും പ്രശ്നമല്ല...മീശ മാധവനില്‍ ചന്തി എന്ന് പറയുന്നതും വിഷയമേ അല്ല...ഇത് മൂന്നും ഒരു സിനിമയില്‍ ഒന്നിച്ചു വന്നാല്‍ കുരു പൊട്ടും...അല്ലേ?

S K :

സമ്മതിച്ചു...ദേഷ്യപ്പെടേണ്ട...പക്ഷേ നാഡി ജ്യോതിഷം...നവഗ്രഹ പൂജ എന്നിവയെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നില്ലേ ഈ സിനിമ?

E A J : ഹ..ഹ... എത്ര പേര്‍ ഈ സിനിമ കണ്ട് അതിനു പിന്നാലെ പോകും? ഞാന്‍ പറഞ്ഞു തരാം... സ്പിരിറ്റ് കണ്ട് മദ്യപാനം നിര്‍ത്തിയ ആള്‍ക്കാരുടെയും, ഉസ്താദ് ഹോട്ടല്‍ കണ്ട് ഭക്ഷണം ദാനം ചെയ്യാന്‍ തീരുമാനിച്ചവരുടെയുമത്ര എണ്ണമേ വരൂ...

S K : തമിഴ് സിനിമയുടെ അവിഭാജ്യ ഘടകമായ "താലി സെന്റിമെന്റ്" മലയാളത്തിലും ചുവടുറക്കുമോ ഈ ചിത്രത്തിലൂടെ?

E A J : ക്ലൈമാക്സല്ലേ ഉദ്ദേശിച്ചത്? അത് കുറച്ച് നാടകീയമായി എന്നത് സമ്മതിക്കാം....എന്നാലും സീരിയലുകളില്‍ അഭിരമിക്കുന്ന മലയാളി സമൂഹത്തിന് പറ്റിയ ക്ലൈമാക്സല്ലേ??

S K : സിനിമയിലെ നടീനടന്മാരുടെ പ്രകടനത്തെക്കുറിച്ചോ?

E A J : ഒന്നാം സ്ഥാനം അനുശ്രീക്കു തന്നെ.. മലയാള സിനിമയില്‍ തന്റേതായ ഒരു സ്ഥാനം ഈ നടി നേടിയെടുത്തിരിക്കുന്നു.. ദിലീപും തന്റെ വേഷം മനോഹരമാക്കി...പതിവ് കോമാളിത്തരങ്ങള്‍ ഉപേക്ഷിച്ച് വെടിപ്പായി ചെയ്ത ഒരു വേഷം.. ചെമ്പന്‍ വിനോദ് ജോസ്, സൗബിന്‍ ഷാഹിര്‍, വിനായകന്‍ തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളെ മിഴിവോടെ അവതരിപ്പിച്ചു...നമിത പ്രമോദിനും മുകേഷിനും പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത വേഷങ്ങളാ..

S K : സംവിധായകനെക്കുറിച്ചോ?

E A J : സിദ്ധാര്‍ത്ഥ് ഭരതന്‍ സിനിമ ആവശ്യപ്പെടുന്ന ട്രീറ്റ്മെന്റ് നല്കുന്നതില്‍ വിജയിച്ചിട്ടുണ്ട്.. ചില രംഗങ്ങളുടെ നീളം കുറച്ചിരുന്നെങ്കില്‍ എന്നൊരു അഭിപ്രായം മാത്രം... ചന്ദ്രമോഹനും വേല്‍കുഴുകുട്ടുവനും തമ്മില്‍ ബാറിലിരുന്ന് സംസാരിക്കുന്ന രംഗം ഒരുദാഹരണം..

S K : അവസാനമായി നിങ്ങളെന്താണ് പറയുന്നത്? ഈ സിനിമ നല്ലതാണോ മോശമാണോ? എത്ര മാര്‍ക്ക് കൊടുക്കാം?

E A J : മാര്‍ക്കിടുന്നത് നിങ്ങള്‍ നിരൂപകരുടെ ജോലിയല്ലേ? കാശു കൊടുത്തു സിനിമ കാണുന്ന പ്രേക്ഷകനെന്ന നിലയ്ക്ക് കൊടുത്ത കാശിനു നഷ്ടമില്ല എന്ന തോന്നലോടെ തിയേറ്ററില്‍ നിന്ന് പുറത്തിറങ്ങുക എന്നത് തന്നെ ഇക്കാലത്ത് വലിയ കാര്യമല്ലേ? സിനിമാ പ്രേക്ഷകന്‍ എന്ന നിലയില്‍ ഒരു കാര്യം പറയാം... സിനിമ ഹിറ്റാകും.. 

S K : പ്രേക്ഷകാ..നിങ്ങളാളു കൊള്ളാമല്ലോ! നിങ്ങള്‍ക്കൊരു നിരൂപണം എഴുതിക്കൂടേ?

E A J : എന്റമ്മോ!!! ഞാനോടി!!!

Contributors