ചിറകൊടിഞ്ഞ കിനാവുകൾ - ക്ലീഷേകൾക്ക് ഒരു കൊട്ട്

Submitted by jishnu vp on Mon, 05/04/2015 - 22:52

സ്പൂഫ് സിനിമ എന്ന ഒരു സിനിമാ സമ്പ്രദായം ഈയടുത്ത കാലത്തായി വളരെയധികം പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഒന്നാണ്. നമ്മൾ കണ്ടിട്ടുള്ള സിനിമകളുടേയോ സംഭവങ്ങളുടേയോ ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ അനുകരണങ്ങൾ ആണിവ. ഹോളിവുഡിൽ സ്കാരി മൂവി സീരീസ് , ഡിസാസ്റ്റർ മൂവി , സൂപ്പർ ഹീറോ മൂവി എന്നിങ്ങനെ ഏതെങ്കിലും പ്രത്യേക വിഭാഗ(genre) ത്തിൽപ്പെട്ട സിനിമകളെ സ്പൂഫ് ചെയ്തു കൊണ്ട് കുറേ സിനിമകൾ വന്നിട്ടുണ്ട്. ഇന്ത്യൻ സിനിമകളിലേക്ക് നോക്കിയാൽ തമിഴിൽ ഇറങ്ങിയ തമിഴ് പടം , ക്വിക്ക് ഗൺ മുരുകൻ എന്ന ഇംഗ്ലീഷ് ചിത്രം ഒക്കെ ഇത്തരം സിനിമകൾക്ക് ഉദാഹരണങ്ങളാണ് . മലയാളത്തിൽ ശ്രീനിവാസൻ്റെ ' പത്മശ്രീ ഡോ.സരോജ് കുമാർ ', വി കെ പ്രകാശിൻ്റെ '3 കിംഗ്സ്', 'നത്തോലി ഒരു ചെറിയ മീനല്ല' പോലുള്ള സിനിമകൾ ഒക്കെ ഒരു സ്പൂഫ് സ്വഭാവം ഉള്ളതായിരുന്നു. എന്നാൽ , ഒരു മുഴുനീള സ്പൂഫ് സിനിമ എന്ന് വിളിക്കാൻ പറ്റുന്നവയല്ല അവയൊന്നും. അത്തരത്തിലുള്ള മലയാളത്തിലെ ആദ്യത്തെ ശ്രമം ആണ് പ്രവീൺ എസ്. തിരക്കഥ എഴുതി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത " ചിറകൊടിഞ്ഞ കിനാവുകൾ" .

മലയാള സിനിമയിലെ ക്ലീഷേകളെ തുറന്നു കാട്ടുക എന്ന ലക്ഷ്യത്തോടെ ഒരുക്കപ്പെട്ട സിനിമയാണ് ചിറകൊടിഞ്ഞ കിനാവുകൾ. അതിനായി സുഹൃത്തുക്കളുടേയും സോഷ്യൽ മീഡിയയുടേയും സഹായത്തോടെ മലയാളത്തിലെ ക്ലീഷേകളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുകയാണ് തിരക്കഥാകൃത്ത് ആദ്യം ചെയ്തത്. 4 വർഷം മുമ്പാണ് ഈ അന്വേഷണങ്ങൾ തുടങ്ങുന്നത് അഴകിയ രാവണൻ എന്ന ചിത്രത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ച എൻ.പി. അംബുജാക്ഷൻ എന്ന കഥാപാത്രം സിനിമക്കായി തൻ്റെ നോവലിൻ്റെ കഥ പറയുന്ന രംഗം മലയാള ജനപ്രിയ സാഹിത്യത്തിലേയും സിനിമയിലേയും ക്ലീഷേകളെ കണക്കറ്റ് പരിഹസിക്കുന്ന ഒന്നാണ്. മലയാള സിനിമയിലെ ക്ലീഷേകളെ ഉൾക്കൊള്ളിക്കാൻ ധാരാളം സാധ്യത കളുള്ള ഈ കഥ തന്നെ സിനിമയ്ക്കായി തെരെഞ്ഞെടുത്തത് എന്തുകൊണ്ടും ഉചിതമായി. ശ്രീനിവാസൻ്റെ അതേ കഥാപാത്രം ഒരു സംവിധായകനോട് കഥ പറയുന്ന രീതിയിൽ ഒരുക്കിയിട്ടുള്ള ഈ ചിത്രത്തിൽ തുടക്കം മുതൽ ഒടുക്കം വരെ മലയാള സിനിമയുടെ സാമ്പ്രദായിക ശീലങ്ങളെ നന്നായി കളിയാക്കാൻ ശ്രമിക്കുന്നുണ്ട് .

ഒരു പക്ഷേ കണ്ടു പരിചയിച്ച ശീലങ്ങളിൽ നിന്നുള്ള ഈ മാറ്റത്തെ മലയാളി പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്ന സംവിധായകൻ്റെ ഉത്കണ്ഠ കാരണമാകാം ചിലപ്പോഴെങ്കിലും അതിൻ്റെ സ്പൂഫ് സ്വഭാവത്തിൽ നിന്ന് മാറിപ്പോകുന്നുണ്ട് സിനിമ . ആക്ഷേപഹാസ്യത്തിന് സാധ്യതകളുള്ള പല രംഗങ്ങളിലും ഗാനരംഗങ്ങളിലും അത് വേണ്ട വിധം ഉപയോഗപ്പെടുത്തിയിട്ടുമില്ല. അതു കൊണ്ട് തന്നെ മേൽപ്പറഞ്ഞ ലക്ഷണമൊത്ത സ്പൂഫ് സിനിമകൾക്കൊപ്പമെത്താൻ ഈ ചിത്രത്തിന് കഴിഞ്ഞിട്ടില്ല. എന്നാൽപ്പോലും സിനിമയെ ഫോളോ ചെയ്യുന്ന , സിനിമാപ്രേമികളായ ആർക്കും ധൈര്യമായി ഒരു വട്ടം കാണാവുന്ന സിനിമ തന്നെയാണിത്.    

എന്തായാലും,വർഷങ്ങളായി ഒരേ അച്ചിൽ ക്ലീഷേകൾ സമാസമം ചേർത്ത് സിനിമകൾ പടച്ചെടുക്കുന്ന ഓൾഡ് ജനറേഷൻ സിനിമക്കാർക്കും , ഒരേ ഫോർമുലയിൽ സിനിമകളെ മാറ്റിയും മറിച്ചും അഭ്യാസം കാണിക്കുന്ന ന്യൂ ജനറേഷൻ സിനിമാക്കാർക്കും ഉള്ള ഒരു മുന്നറിയിപ്പ് കൂടെയാണ് ഈ ചിത്രം എന്നു കൂടെ പറയട്ടെ.......