ബാഹുബലി - സിനിമാറിവ്യൂ -ശ്രീഹരി

Submitted by Sree Hari on Tue, 08/25/2015 - 09:21

ആതിരപ്പള്ളി വെള്ളച്ചാട്ടത്തിനടിയിലെ പ്രധാനമസിൽമാനാണ് ശിവുഡു (പ്രഭേട്ടൻ). സ്ഥലത്തെ പ്രധാന വെയിറ്റ്ലിഫ്റ്ററാണ് അദ്ദേഹം. പോരെങ്കിൽ നാടോടിനൃത്തത്തിൽ അഗ്രഗണ്യനും. വെള്ളച്ചാട്ടത്തിന്റെ മുകളിൽ അള്ളിപ്പിടിച്ച് കയറലാണ് മുഖ്യജീവിതലക്ഷ്യമെങ്കിലും ഇത് വരെ ഡാർക് നൈറ്റ് റൈസസിലെ ബ്രൂസ് വെയ്നിനെപ്പോലെ താഴെപ്പോരാണ് എല്ലാത്തവണയും പതിവ്.

അങ്ങനെ ഇരിക്കെ ഒരു ദിവസം ഹോളോഗ്രാം തമന്ന ശിവുഡുവിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട് തേവര, തേവര എന്നുറക്കെ വിളിച്ച് പറയുന്നു. സംഗതി തേവരയ്ക്കുള്ള ലാസ്റ്റ് ബസ്സാണെന്ന് കരുതി പ്രഭേട്ടൻ തമ്മന്നയ്ക്ക് നേരെ ചാടുന്നു. ഓടിക്കയറാൻ നോക്കുന്നു. അപ്പഴേക്കും തമന്ന ആ വള്ളിയിലേക്ക് മാറുന്നു. പ്രഭേട്ടൻ അങ്ങോട്ട് ചാടുന്നു. അപ്പ ദേ തമന്ന ലവിടെ. ന്യൂട്ടോണിയൻ മെക്കാനിക്സിനെ പരിഹസിച്ച് പ്രഭേട്ടൻ അങ്ങോട്ട്. അങ്ങനെ ചാടിച്ചാടി പ്രഭേട്ടൻ അറിയാതെ ആതിരപ്പള്ളിയ്ക്ക് മേളിൽ എത്തുന്നു. എന്റെ തേവരേ ഇത് തേവരയല്ലല്ലോ എന്ന് ഞെട്ടുന്നു. വന്ന സ്ഥിതിയ്ക്ക് തമന്നയെ പ്രേമിച്ച് കളയാം എന്ന് കരുതുന്നു.

എന്നാൽ തമന്നു വളരെ സീരിയസ് ആണ്. മാഹിഷ്മതിയിൽ ഗേറ്റ് കോച്ചിങ്ങിനു പോയ്ക്കൊണ്ടിരിക്കയാണ് കുട്ടി. പ്രേമിച്ച് നടക്കാനൊന്നും ടെയ്മില്ല. താൻ മികച്ച ഡ്രൈ ക്ലീനറാണെന്ന് പ്രഭേട്ടൻ. പോരെങ്കിൽ മേക്കപ് മാനും. അംഗീകരിക്കാത്ത തമന്നയുടെ ഡ്രസ് ഓരോന്നായി പ്രഭേട്ടൻ ഊരിയെടുത്ത് ഡ്രൈ ക്ലീൻ ചെയ്യുവാണ്. കൂട്ടത്തിൽ മേയ്ക്കപ്പും. അങ്ങനെ ശിവുഡുവിന്റെ ഡ്രൈ ക്ലീനിങ് സ്കില്ല് കണ്ട് അവർ പ്രേമിക്യാണ്.

ആതിരപ്പള്ളിയുടെ ഇരുന്നൂറ് മീറ്റർ വടക്ക് മാറിയാണ് ആല്പ്സ് പർവതനിര. അവിടുന്ന് അരക്കിലോമീറ്റർ കിഴക്കോട്ട് നടന്നാൽ മാഹിഷ്മതിയായി. പ്രഭേട്ടനും തമന്നുവും അങ്ങോട്ട് പോവുന്നു. അവർ എത്തുമ്പോൾ മാഹിഷ്മതിയിൽ യുവജനോൽസവം നടക്കുവാണ്. കുറേ പെൺകുട്ടികൾ ഭരതനാട്യം കളിക്കുന്നു. കുറേപ്പേർ ശാസ്ത്രീയസംഗീതം. പദ്യപാരായണം, ഉപന്യാസരചന അങ്ങനെയങ്ങനെ കലാവിരുന്നുകൾ. പോരെങ്കിൽ കലോൽസവവേദിയിൽ ഇങ്കമ്പന്റ് രാജാവിന്റെ പ്രതിമ സ്ഥാപിക്കൽ നടന്നുകൊണ്ടിരിക്കുന്നു. ഒരു നൂറടി പൊക്കം വരുന്ന പ്രതിമ പാതിവഴിയിൽ താഴോട്ട് വീഴുമ്പോൾ പ്രഭേട്ടൻ ഓടിച്ചെന്ന് ഒറ്റയ്ക്ക് താങ്ങുന്നു. മറ്റ് ചുമട്ടുതൊഴിലാളികൾ ആഞ്ഞുവലി ആഞ്ഞുവലി എന്നുറക്കെപ്പാടിക്കൊണ്ട് വലിക്കുന്നു. പ്രതിമയങ്ങനെ പൊങ്ങ്വാണ്. ആഞ്ഞുവലി ആഞ്ഞുവലി എന്ന മന്ത്രധ്വനി അന്തരീക്ഷത്തിൽ പ്രകമ്പനം കൊണ്ട് ബാഹുബലി എന്നായി മാറുന്നു. ദസ് ദ നെയിം ബാഹുബലി.

ഇടയ്കെന്തൊക്കെയോ സംഭവിച്ച് (ശകലം നേരം ഉറങ്ങിപ്പോയി) മാഹിഷ്മതിയിലെ സർവസൈന്യാധിപൻ കട്ടപ്പ ശിവുഡുവിനോട് അയാക്കടെ ബയോളജിക്കൽ ഫാദറായ ബാഹുബലിയുടെ സ്റ്റോറി പറഞ്ഞ് കൊടുക്കുന്നു. വളരെപ്പണ്ട് നൈന്റീൻ നൈന്റീസിൽ മാഹിഷ്മതി രാജ്യം രമ്യാകൃഷ്ണൻ ഭരിയ്ക്കുന്നു. കസിൻസായ ബാഹുബലിയും ബാബുവും (ഒറിജിനൽ പേരു വേറെന്തോ ആണ്) ആരാണടുത്ത രാജാവ് എന്ന കാര്യത്തിൽ മൽസരത്തിലാണ്. മാഹിഷ്മതിയ്ക്ക് സെറ്റിട്ടതിന്റെ തൊട്ടപ്പറത്താണ് രാമാനന്ദസാഗറിന്റെ ശ്രീകൃഷ്ണ സീരിയലിനു സെറ്റിട്ടിരിക്കുന്നത്. അവിടുത്തെ അസുരന്മാർ മാഹിഷ്മതിയെ ആക്രമിക്കുന്നു. മാഹിഷ്മതിയിലെ ജനങ്ങൾ യൂണിക്കോഡിലാണ് സംസാരിയ്ക്കുന്നതെങ്കിൽ അസുരന്മാർ ആസ്കിയിലാണ് സംസാരിയ്ക്കുന്നത്. പോരെങ്കിൽ സംഭാഷണത്തിനിടയ്ക്ക് സംവൃതോകാരവും ഉപയോഗിയ്ക്കും. അവരിൽ കുറേ പേർ സ്യൂഡോനിമസ് പേരുകളുമാണ് ഉപയോഗിക്കുന്നത്.

പിന്നീടങ്ങോട്ട് വൻ സങ്കട്ടനം. ഇന്നതേ നടന്നുവെന്നില്ല. ഇനി നടക്കാൻ ഇന്നതേ ഉള്ളൂവെന്നുമില്ല. അവസാനം വെട്രി മാഹിഷ്മതിയ്ക്ക്. യുദ്ധത്തിനിടെ പത്ത് മീറ്റർ മാറിയിരുന്ന് സ്കോറിട്ടോണ്ടിരുന്ന രമ്യാ കൃഷ്ണൻ അടുത്ത രാജാവ് ബാഹുബലി എന്ന് റ്റാബുലേറ്റഡ് ഡാറ്റാസഹിതം സഥാപിക്കുന്നു.

അപ്പോൾ പിന്നെ ബാഹുബലി എങ്ങനെ പരലോകം പുൽകി എന്ന് ശിവുഡു കട്ടപ്പയോട് ചോദിയ്ക്കുന്നു. അവനെ ഞാനങ്ങാട്ട് തീർത്തൂട്ടാ എന്ന് കട്ടപ്പ പ്രതിവചിയ്ക്കുന്ന ക്ലിഫ് ഹാങ്ങറിൽ സിനിമ തീരുന്നു. 2016 ഇൽ ഇനിയും വരുമെന്ന ഭീഷണി തിരശ്ശീലയിൽ എഴുതിയും കാട്ടുന്നു.

ഇരുന്നൂറ് കോടിയേയ്...

Contributors