കഴിഞ്ഞ ദിവസം പ്രേമത്തിന്റെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ സിനിമയെ പറ്റി കുറച്ചു കാര്യം പറഞ്ഞിരുന്നു.. സിനിമയില്‍ കൂടുതലും പുതുമുഖങ്ങള്‍ ആണ് .. കുറെ പാട്ടുകളും രണ്ടു ചെറിയ തല്ലും.. യുദ്ധം പ്രതീക്ഷിച്ചു ആരും ആ വഴി വരണ്ട എന്ന്.. തന്റെ സിനിമയെ പറ്റിയുള്ള അമിതപ്രതീക്ഷകള്‍ ഒഴിവാക്കാന്‍ ഉള്ള ആ ശ്രമത്തെ പല രീതിയിലും ആളുകള്‍ ഏറ്റെടുത്തു.. നല്ല രീതിയിലും മോശം രീതിയിലും.. എന്നാല്‍ അമിതആത്മവിശ്വാസം നിറഞ്ഞ വാക്കുകളായി അതിനെ വ്യഖ്യാനിച്ചവരും ഏറെയായിരുന്നു.. പ്രേമം അവര്‍ക്കുള്ള മറുപടിയാകുന്നു.. ഊഹാപോഹങ്ങളെ ഒക്കെ കാറ്റില്‍ പറത്തി പ്രേമം പൂത്തുലഞ്ഞു.. അല്‍ഫോന്‍സിന് അഭിമാനിക്കാം..
നിവിന്‍ പോളി.. മലയാളസിനിമയില്‍ ഇന്ന് തിളങ്ങുന്ന താരമാണ് നിവിന്‍.. ഒപ്പം ബോക്സ്‌ഓഫീസിലെ ഭാഗ്യതാരവും.. നിവിന്റെ നല്ല നേരം തുടരുന്നു.. ഒരു നടന്‍ എന്ന രീതിയിലും താരം എന്ന രീതിയിലും നിവിനെ പൂര്‍ണ്ണമായും ഉപയോഗിച്ച സിനിമയാണ് പ്രേമം.. ജോര്‍ജ് എന്ന നായകന്റെ പതിനഞ്ചാം വയസ്സ് മുതല്‍ മുപ്പതാം വയസ്സ് വരെയുള്ള കഥയാണ് പ്രേമം.. SSLCകാലത്തെ പ്രേമവും, കൂട്ടുകാരും ഒക്കെ ഒത്തുള്ള ലൈഫും , അത് കഴിഞ്ഞു കോളേജില്‍ എത്തുമ്പോള്‍ ഉള്ള രോഷാകുലനായ നായകനായും , അവിടുത്തെ ലൈഫും,പിന്നെ കുറച്ചു നാള്‍ കഴിഞ്ഞുള്ള ജീവിതവും ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളും അങ്ങനെയുള്ള എല്ലാ ഭാവപ്രകടനങ്ങളും നിവിന്റെ കയ്യില്‍ ഭദ്രമായിരുന്നു.. നിവിന്റെ കരിയര്‍ ബെസ്റ്റ് റോള്‍ എന്ന് തന്നെ പറയാം പ്രേമത്തിലെ ജോര്‍ജിനെ..
പെര്‍ഫെക്റ്റ് കാസ്റ്റിംഗ് എന്ന് തന്നെ പറയാം പ്രേമത്തിലെ കാസ്റ്റിംഗിനെ പറ്റി.. അതുകൊണ്ട് തന്നെ അഭിനയപ്രകടനങ്ങളെ പറ്റി പറയുമ്പോള്‍ എല്ലാരുടെയും പേര് പറയേണ്ടി വരും കാരണം ആരും മോശമാക്കിയില്ല , എല്ലാവരും നന്നായി തന്നെ ചെയ്തു.. നായകന്റെ കൂട്ടുകാരായി അഭിനയിച്ച മൂന്നു പേരുടെ പെര്‍ഫോര്‍മന്‍സ് എടുത്തു പറയേണ്ടതാണ്.. ശബരീഷ് വര്‍മ്മ , കൃഷ്ണശങ്കര്‍ , വിത്സണ്‍ എന്നിവരാണ് അവര്‍.. ഇതില്‍ രണ്ടു പേര്‍ നേരത്തില്‍ അഭിനയിച്ചു നിങ്ങള്‍ കണ്ടിട്ടുണ്ടാകും.. തികച്ചും സ്വാഭാവികമായിട്ട് തന്നെ ഇവര്‍ മൂന്നുപേരും തങ്ങളുടെ റോള്‍ ചെയ്തു.. പൊതുവേ സിനിമയിലൊക്കെ നായകന്റെ കൂട്ടുകാര്‍ അധികം ഷൈന്‍ ചെയ്യാറില്ല , അതിനുള്ള സ്കോപ് കൊടുക്കാറുമില്ല.. എന്നാല്‍ നായകന്റെ കീഴില്‍ ഒതുങ്ങി പോകാതെ നായകനോളം തന്നെ പ്രാധാന്യം കൊടുത്തു ഈ കൂട്ടുകാരെ സിനിമയിലുടനീളം നിലനിര്‍ത്തിയ സംവിധായകന് തന്നെ അതിനുള്ള ക്രെഡിറ്റ് കൊടുക്കുന്നു..
എടുത്തു പറയേണ്ട മറ്റു രണ്ടു പെര്‍ഫോര്‍മന്‍സുകള്‍ കൂടിയുണ്ട് .. വിനയ് ഫോര്‍ട്ടും സൗബിന്‍ ഷാഹിറും.. തികച്ചും സ്വാഭാവികമായി ഒട്ടും ഓവറാക്കാതെ തന്നെ നല്ല രീതിയില്‍ ഇവര്‍ രണ്ടുപേരും ചിരിപിച്ചു.. മൂന്നു നായികമാരാണ് പ്രേമത്തില്‍.. മൂന്നു പേരും നന്നായി ചെയ്തു.. അതില്‍ മലര്‍ എന്ന കഥാപാത്രമായി വന്ന സായി പല്ലവി മനം കവര്‍ന്നു..
ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ അന്‍വര്‍ റഷീദ് എന്ന വ്യക്തിയുടെ ദീര്‍ഘവീക്ഷണം അത്ഭുതപെടുത്തുന്നു..പ്രേമത്തിന്റെ വരും ദിവസങ്ങളിലെ പ്രേക്ഷകതിരക്ക് അത് തെളിയിക്കും..
ശക്തമായ ഒരു കഥയില്ല എന്ന് പലരും പറഞ്ഞേക്കാം..എന്നാല്‍ രണ്ടര മണിക്കൂറിലധികം ദൈര്‍ഖ്യം ഉള്ള സിനിമ ഒറ്റ സെക്കന്റ് പോലും ബോറടിപ്പിക്കാതെ ചിരിപിച്ചു രസിപിച്ചു സംവിധായകന്‍ എടുത്തിട്ടുണ്ട്.. സിനിമ കാണുന്ന പ്രേക്ഷകന് അത് തന്നെ ധാരാളം..
പൈങ്കിളി പ്രേമം എന്ന് വിളിച്ചു ഒറ്റയടിക്ക് വേണേല്‍ പുച്ഛം കൊണ്ട് തള്ളാം.. എന്നാല്‍ പ്രേമിച്ചവര്‍ക്കും പ്രേമിക്കുന്നവര്‍ക്കും അറിയാം , പ്രേമം എല്ലാക്കാലത്തും പൈങ്കിളി തന്നെ..
ഒരിക്കലെങ്കിലും പ്രണയിച്ചവര്‍ക്കും ഇപ്പോളും പ്രണയിക്കുന്നവര്‍ക്കും മനസ്സില്‍ പ്രണയം കൊണ്ട് നടക്കുന്നവര്‍ക്കും ഈ "പ്രേമം" ഒത്തിരി ഇഷ്ടപെടും..