തുടര്‍ പരാജയങ്ങൾക്ക് ശേഷം രഞ്ജിത്ത് തന്റെ വിശ്വസ്തനായ സൂപ്പര്‍ നായകനുമായി കൈകോർക്കുമ്പോൾ പ്രതീക്ഷകൾ വാനോളം. സൈബര്‍ സ്പേസില്‍ നടക്കുന്ന സർക്കാസ്റ്റിക്ക് തേച്ചൊട്ടിക്കലിനേപ്പറ്റി കൃത്യമായി ബോധ്യമുള്ളത് കൊണ്ട് ഒരു മുൻകൂർ ജാമ്യം പോലെ തന്റെ മുൻകാല ഉത്സവപടങ്ങൾ പോലെയുള്ള പടം പ്രതീക്ഷിച്ചു ലോഹം കാണാൻ വരരുതേ എന്ന് രഞ്ജിത് പറഞ്ഞും കഴിഞ്ഞു. രഞ്ജിത്തിന്റെ ഈ പ്രസ്താവന ഏറെക്കുറെ ശരി വെക്കുന്നുണ്ട് ഈ സിനിമ.ആൾക്കൂട്ടത്തെ ത്രസിപ്പിക്കുന്ന ഉത്സവപ്രതീതിയുള്ള സൂപ്പർതാര കച്ചവട സിനിമയുടെ രസക്കൂട്ട് കൃത്യമായി അറിയാവുന്ന രഞ്ജിത്തിന് ഇവിടെ തന്റെ പതിവ് ശൈലി പിന്തുടരണോ അതോ സിനിമാറ്റിക്ക് ക്ലിഷേകളെ ഒഴിവാക്കി പറഞ്ഞു പോകണോ എന്ന അമ്പരപ്പ് സിനിമയുടെ മൊത്തത്തിലുള്ള ഗുണത്തിനെ ബാധിച്ചു എങ്കിലും ഭാഗികമായി അത് ലക്ഷ്യത്തില്‍ എത്തിയിട്ടും ഉണ്ട് .
സ്വർണ്ണക്കച്ചവടത്തിലെ ഉള്ളുകള്ളികൾ, കിട മത്സരം ഇതാണ് സിനിമയുടെ മുഖ്യ പ്രമേയം. രസകരമായി പറഞ്ഞു പോകുന്ന ഒന്നാം പകുതി പ്രിയപ്പെട്ട ലാൽ ഭാവങ്ങൾ കൊണ്ട് സമ്പന്നമായപ്പോള്‍ ഇന്റർവെൽ തൊട്ട് മുൻപുള്ള പഞ്ച് സിനിമയെ കൂടുതൽ രസമാക്കി. പിന്നീടങ്ങോട്ട് ഒന്നാം പകുതിയിൽ നൽകിയ പ്രതീക്ഷ നേരെ വിപരീതമാക്കിയ ദിശയിലായിരുന്നു ആഖ്യാനം. പാളിച്ചകൾ കൊണ്ട് സമ്പന്നമായത്, തിരക്കഥ കൊണ്ട് ഒരു ശരാശരി നിലവാരത്തിൽ ഒരു തവണ കണ്ടു മറക്കാൻ പാകത്തിൽ എത്തിക്കാൻ ഏറെക്കുറെ രഞ്ജിത്തിനു കഴിഞ്ഞു എന്നുള്ളതും പ്രസ്താവിക്കേണ്ടതുണ്ട്. പതിവ് പോലെ മോഹൻലാൽ തന്റെ ജനപ്രിയ ചേഷ്ടകൾ കൊണ്ടും അഭിനയമികവു കൊണ്ടും നമ്മളെ കയ്യിലെടുക്കുമ്പോൾ സഹതാരങ്ങളിൽ സിദ്ദിക്ക് ഏറെ മികവ് പുലർത്തി. സാങ്കേതിക വശങ്ങളിൽ ശരാശരിക്കപ്പുറത്തേക്ക് സിനിമ പോകുന്നില്ല. ശ്രീവത്സന്റെ ഇമ്പമാർന്ന ഗാനങ്ങൾ ചിത്രത്തിന് മികവ് ഉണ്ടാക്കുന്നു.
ചുരുക്കത്തിൽ പിഴവുകൾ ഉള്ള ലോഹം ഒരു ശരാശരി പ്രേക്ഷകനെ അധികം മുഷിപ്പിക്കാതെ ഒരു തവണ കണ്ട് മറക്കാൻ പറ്റിയ ഒരു എന്റർടെയിനർ ആയി മാറുന്നു.അതല്ലാതെ ഒരു ഇടിവെട്ട് പടം പ്രതീക്ഷിച്ച് പോകുന്നവർക്ക് ഒരു പക്ഷേ ലോഹം നിരാശ സമ്മാനിച്ചേക്കും.
NB: ഞാന്‍ മറ്റേ ശരാശരി ടീമാണ്...എനിക്കിഷ്ടായി ഈ സിനിമ..വേണേല്‍ നിങ്ങൾക്കും ഇഷ്ടപ്പെട്ടോളിൻ