ഉത്തരവാദിത്വബോധമില്ലാതെ ഉഴപ്പി വായിനോക്കി നടക്കുന്ന മൂന്നാലു ചെറുപ്പക്കാർ. അതിലൊരാളിന്റെ അയല്വീട്ടിൽ ഒരു സുന്ദരി പുതിയ വാടകക്കാരിയായി എത്തുന്നു. അവളെച്ചുറ്റിപ്പറ്റി വായനോക്കി നടക്കുന്ന സംഘം അപ്രതീക്ഷിതമായി ഒരു കുരുക്കിൽ എത്തിപ്പെടുന്നു.
ഒരു വടക്കൻ സെൽഫീയെപ്പറ്റി ആണ് പറഞ്ഞുവരുന്നത്. മറ്റേതെങ്കിലും സിനിമയെപ്പറ്റി ആണെന്ന് തോന്നിയെങ്കിൽ അത് നിങ്ങളുടെ പാട്.
തമാശയിൽ നിന്നും തുടങ്ങി ഇന്വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറിലേക്ക് ചുവടുമാറുന്ന ഉദ്വേഗജനകമായ ഹാഫ് റോഡ് മൂവീയാണ് ഒ.വ.സെ.
ഉണ്ണി മുകുന്ദൻ തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഒ.വ.സെയിലെ ഹരിനാരായണനായി കാഴ്ച വെച്ചത്. ഒട്ടും അതിഭാവുകത്വം കലരാതെ അതീവ തന്മയത്വത്തോടെ ഹരിനാരായണനെ തിരശ്ശീലയിൽ അവതരിപ്പിക്കാൻ ഉണ്ണിയ്ക്ക് കഴിഞ്ഞു.
എടുത്തുപറയേണ്ട മറ്റൊരു പ്രകടനം ശ്രീമാൻ വിനീത് ശ്രീനിവാസന്റേതാണ്. വേലക്കാരൻ രാമുവാണോ അതോ സിഐഡി ഉമ്മങ്കോശിയാണൊ എന്ന് കാഴ്ചക്കാരനു പിടി നൽകാതെ അങ്ങേയറ്റം ദുരൂഹതകൾ നിറഞ്ഞ കഥാപാത്രമായി വിനീത് അരങ്ങു തകർത്തു. ക്ലൈമാക്സിൽ വിനീതിന്റെ സസ്പെൻസ് പുറത്താവുന്ന സീനിൽ കുളിര്യ്കോരി. പിന്നെ ജാക്കറ്റിട്ടാണ് രാത്രി കിടന്നുറങ്ങാൻ സാധിച്ചത്.
കൂടുതലെന്തെങ്കിലും പറഞ്ഞാൽ സ്പോയിലറാകും എന്നത് കൊണ്ട് ചുരുക്കുന്നു.