കഴിഞ്ഞ മുപ്പതു വര്‍ഷത്തെ മലയാള സിനിമാ ചരിത്രം എടുത്തു നോക്കിയാല്‍ അന്ന് തൊട്ട് ഇന്നേവരെ വിവിധ സംവിധായകരും തിരക്കഥാകൃത്തുക്കളും ചര്‍വ്വിത ചര്‍വ്വണം ചെയ്തു തള്ളിയ ക്ലീഷേകള്‍ അനവധിയാണ് . അത് ഒരു ഉളുപ്പും ഇല്ലാതെ തൊണ്ട തൊടാതെ വിഴുങ്ങിയ മഹത്തായ പാരമ്പര്യവും മലയാളിക്ക് അവകാശപ്പെട്ടതാണ് . ഇത്തരത്തില്‍ പ്രധാനപ്പെട്ട എല്ലാ ക്ലീഷേകളേയും കണക്കിന് പരിഹസിക്കുന്ന, അഴകീയ രാവണന്‍ എന്ന സിനിമയിലെ ഒരു സബ് ത്രെഡ്നെ ആസ്പദമാക്കി വികസിപ്പിച്ചിരിക്കുന്ന , ഒന്നാന്തരം ഒരു സ്പൂഫ് ആണ് "ചിറകൊടിഞ്ഞ കിനാവുകള്‍".
ഒരു മഹത്തായ സിനിമ എന്നൊന്നും അവകാശപ്പെടാനില്ല എങ്കിലും (സിനിമയുടെ പ്രവര്‍ത്തകര്‍ തന്നെ ഇതിന്റെ സ്പൂഫ് സ്വഭാവത്തെ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട് ), ഇത്തരം ഒരു ഷോക്ക് ട്രീറ്റ്മെന്റ് മലയാളിക്ക് അത്യാവശ്യമായിരുന്നു എന്ന് ഇത് കണ്ടപ്പോള്‍ തോന്നി . ക്ലീഷേ സിനിമകളുടെ സൃഷ്ടി കര്ത്താക്കളുടെ പൊള്ളത്തരങ്ങള്‍ മാത്രമല്ല ,, എത്ര കണ്ടാലും ചെടിപ്പില്ലാതെ അവയില്‍ അഭിരമിക്കുന്ന മലയാളിയുടെ കാഴ്ച ശീലങ്ങളെയും അക്കമിട്ടു നിരത്തി വെടിയുതിര്‍ക്കുന്നു ഈ സിനിമ . ചിരപരിചിതമായ ട്വിസ്റ്റുകള്‍ പോലും അതീവ രസകരമാക്കുവാനും ശ്രദ്ധ കൊടുത്തത് സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ ക്രിയേറ്റിവിറ്റിക്ക് ഉദാഹരണമാണ് . കാസനോവ മാരെയും ഉത്സവം നടത്തിപ്പ് കാരെയും സൂപ്പര്‍ ഹീറോകളെയും അവതരിപ്പിച്ച് കാലക്ഷേപം നടത്തുന്ന സൂപ്പര്‍ / മെഗാ . / സെമി സൂപ്പര്‍ താരങ്ങളൊക്കെ ഒന്ന് കണ്ടിരിക്കേണ്ട സിനിമ കൂടിയാണിത് (അവരുടെ ഹിപ്പോക്രിസിയെ മറി കടക്കാന്‍ അവര്‍ക്ക് കഴിയുമെങ്കില്‍ ഇതിലെ പാഠം ഉള്‍ക്കൊള്ളാനും ) .. ഒരു സ്പൂഫ് അവതരണത്തില്‍ സൌന്ദര്യപരമായ അംശം നഷ്ടപ്പെടുന്നത് സ്വാഭാവികമാണ് . അവിടെയും ഈ സിനിമ വേറിട്ട് നില്‍ക്കുന്നു . അതി മനോഹരമായ രണ്ടിലധികം സീനുകള്‍ ഈ സിനിമയില്‍ ഉണ്ട് . കുറിക്കുകൊള്ളുന്ന പരിഹാസം ഒരു നിമിഷം പോലും ബോറടി ഇല്ലാതെ അവതരിപ്പിച്ച സംവിധായകന്‍ സന്തോഷ് വിശ്വനാനാഥിനും തിരക്കഥാകൃത്തിനും സ്പെഷ്യല്‍ കയ്യടി .
കുഞ്ചാക്കോ ബോബനും റീമ കല്ലിങ്കലും ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ സിനിമയിലെ എല്ലാ അഭിനേതാക്കളും ഒന്നാന്തരമായി അഭിനയിച്ചിരിക്കുന്നു .
കാശ് പാഴാവില്ല . നല്ല നേരംപോക്കിനുള്ള ഒരു വക ഈ സിനിമയിലുണ്ട് .
m3db.com ലെ "മലയാള സിനിമയിലെ ആയിരത്തിയൊന്ന് ക്ലീഷേകൾ..!" എന്ന ലിസ്റ്റ് ഈ "ചിറകൊടിഞ്ഞ കിനാവുകള്‍"ക്ക് പ്രചോദനമോ റെഫറന്‍സൊ ആയി എന്ന് തോന്നിയാല്‍ അത് സ്വഭാവികം മാത്രം . grin emoticon