ഭാസ്കര്‍ ദി റാസ്കല്‍-രുചിക്കൂട്ട് - മുകേഷ് കുമാർ

ഭാസ്കര്‍ ദി റാസ്കല്‍

 

ഈ വിഷുവിന് നമുക്കൊരു പുതിയ രുചിക്കൂട്ട് പരീക്ഷിക്കാം.. BTR എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സ്പെഷ്യല്‍ വിഭവമാണ് ഇന്ന് നമ്മള്‍ പരീക്ഷിക്കാന്‍ പോകുന്നത്. ആദ്യമായി ഇതിലേക്ക് എന്തൊക്കെ ചേരുവകളാണ് വേണ്ടതെന്ന് നോക്കാം...

മമ്മൂട്ടി - അടി, ചിരി, സെന്റി 1:1:1 അനുപാതത്തില്‍ ചേര്‍ത്തത് - ഒരെണ്ണം (പുതുമ കളഞ്ഞത്),

നയന്‍താര - ഡ്രസ്സ് ചെയ്തത് - ഒന്ന്,
ബാല താരങ്ങള്‍ - പ്രായത്തില്‍ കവിഞ്ഞ മൂപ്പുള്ളത് - രണ്ടെണ്ണം,
ജെ ഡി ചക്രവര്‍ത്തി - അടി മേടിക്കാന്‍ പാകത്തിന് ഹൈദ്രാബാദില്‍ നിന്നും വരുത്തിയത് - ഒന്ന്, 
സാജു നവോദയ - ഒന്നാം പാല് ചിരിപ്പിക്കാനും രണ്ടാം പാല് വെറുപ്പിക്കാനും‍,
കലാഭവന്‍ ഷാജോണ്‍ & ഹരിശ്രീ അശോകന്‍ - അനാവശ്യത്തിന്,
ഇഷ തല്‍വാര്‍ - മണത്തിന്,
ജനാര്‍ദ്ദനന്‍ - പേരിന്,
സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകള്‍ - ചിറകുള്ളത് - പത്തിരുപതെണ്ണം, 
പാട്ട് - കോപ്പിയടിച്ചത് - ഒന്ന്, കോപ്പിയടി കണ്ട് പിടിക്കാത്തത് - രണ്ട്, 
സിദ്ദിഖ് - തമിഴ്, ഹിന്ദി ബാധ കൂടിയത് - ഒന്ന്,
Andaz(1971) DVD - ഒരെണ്ണം (കവറില്ലാത്തത്), 
മനോരമ കോമഡി സ്കിറ്റ് - ഒരു തവി,
പ്രേക്ഷകര്‍ - എന്തും സഹിക്കാന്‍ തയ്യാറായത് - ഒരു കൂട്ടം.

ചേരുവകളെല്ലാം റെഡിയല്ലേ? ഇനി ഇതിന്റെ പാചക'വിധി' എങ്ങനെയാണെന്ന് നോക്കാം.. ആദ്യമായി Andaz സിനിമ ഡി വി ഡി പ്ലേയറിലിട്ട് കഥ വേര്‍തിരിച്ചെടുക്കുക. അതൊരു ബിഗ് ബജറ്റ് പാത്രത്തിലിട്ട് അതിലേക്ക് പുതുമ കളഞ്ഞ മമ്മൂട്ടിയെയും മൂപ്പു കൂടിയ പിള്ളാരില്‍ ഒരെണ്ണത്തിനെയും എടുത്തിടുക. അപ്പോള്‍ ചില പൊട്ടലും ചീറ്റലും കേള്‍ക്കാം. ഉടനെ ഡ്രസ്സ് ചെയ്ത നയന്‍താരയെയും ബാക്കിയുള്ള കുട്ടിയെയും അതിലേക്ക് കൂട്ടിച്ചേര്‍ക്കുക. ഇപ്പോള്‍ പൊട്ടലും ചീറ്റലും ഉച്ചത്തിലാകും. അപ്പോള്‍ ചിറകുള്ള സ്ററണ്ട് ആര്‍ട്ടിസ്റ്റുകളില്‍ നാലഞ്ചെണ്ണത്തിനെ സമയം കളയാതെ മിക്സ് ചെയ്തുക. ഇട്ട മാത്രയില്‍ അവയെല്ലാം പറന്നു പോകുന്നത് കണ്ടാല്‍ സാജു നവോദയ (ഒന്നാം പാല്) ചേര്‍ത്ത് അല്പം ചിരിക്കുക. റെഡിയായി നില്ക്കുന്ന കലാഭവന്‍ ഷാജോണിനെയും ഹരിശ്രീ അശോകനെയും കുറച്ചെടുത്ത് അതിലേക്ക് ചേര്‍ത്തിളക്കുക. ഒന്നും സംഭവിക്കില്ല. വീണ്ടും കുറച്ചു കൂടി ചേര്‍ക്കുക. വീണ്ടും ഒന്നും സംഭവിക്കില്ല. ആ സമയത്ത് കോപ്പിയടിച്ച ഒരു പാട്ട് കേള്‍പ്പിക്കുക... എന്തിനും തയ്യാറായ പ്രേക്ഷകര്‍ കൂട്ടത്തോടെ പുറത്തു പോകുന്നത് കാണാം. അവര്‍ തിരിച്ചു വരുമ്പോഴേക്കും കുട്ടികള്‍ രണ്ടും മിക്സ് ആയും മമ്മൂട്ടിയും നയന്‍താരയും മിക്സ് ആകാതെയും കിടക്കുന്നത് കാണാം. കുറച്ചു കൂടി സാജു നവോദയ ചിരിയും ജനാര്‍ദ്ദന സെന്റിമെന്റ്സും ചേര്‍ത്ത് കണ്ണില്‍ നീര്‍ വരും വരെ ഇളക്കുക. ഏതാണ്ടെല്ലാം യോജിച്ചു വരുമ്പോള്‍ അടി മേടിക്കാന്‍ പാകത്തിനുള്ള 'ചക്രവര്‍ത്തി' യെ മിക്സ് ചെയ്യുക.

ഇത്രയും ആകുമ്പോഴേയ്ക്കും പാത്രത്തില്‍ നിന്ന് മമ്മൂട്ടി, നയന്‍താര, ജനാര്‍ദ്ദനന്‍, കുട്ടികള്‍ എന്നിവരുടെ സെന്റിമെന്റ്സ് തിളച്ചു പൊങ്ങി വരുന്നത് കാണാം. തളരരുത്. ഇത്തിരി ഫ്ളാഷ് ബാക്കും ലവലേശം ചിരി വരാത്ത മനോരമ കോമഡി സ്കിറ്റും ചേര്‍ത്ത് പൂര്‍വ്വാധികം ആവേശത്തോടെ ഇളക്കുക. തോക്ക്, കത്തി, ബോക്സ്, ബാക്കിയുള്ള സ്ററണ്ട് ആര്‍ട്ടിസ്റ്റുകള്‍, പാട്ടുകള്‍ എന്നിവ ഒരു കണക്കും നോക്കാതെ വാരി വിതറുക... അനങ്ങാതെ നില്ക്കുന്ന മമ്മൂട്ടിയുടെ പരിസരത്തെത്തുന്ന സ്ററണ്ട് ആര്‍ട്ടിസ്റ്റുകള്‍ പാത്രത്തിന്റെ നാലു വശത്തേക്കും തെറിച്ചു പോകുന്നതു കണ്ടാല്‍ പാകമെത്താറായി എന്ന് കരുതാം. പാത്രത്തില്‍ നിന്നും അനിയന്ത്രിതമായി പുക വരുന്നുണ്ടോ എന്ന് നോക്കുക. എങ്കില്‍ ചക്രവര്‍ത്തി മുഴുവനായി അലിഞ്ഞില്ലാതായി എന്ന് ഉറപ്പാക്കാം. മണത്തിന് വേണ്ടി ചേര്‍ത്ത ഇഷ തല്‍വാറിനെ എടുത്ത് കളഞ്ഞ ശേഷം പാത്രം ഇറക്കി വച്ച് അല്പ സമയം കാത്തിരിക്കുക. ഇപ്പോള്‍ മമ്മൂട്ടിയും നയന്‍താരയും രണ്ട് കുട്ടികളും കരിഞ്ഞൊന്നായ പരുവത്തിലിരിക്കുന്നത് കാണാം. ഇനി തമിഴ് ഹിന്ദി ബാധ കൂടിയ സിദ്ദിഖിന്റെ പേര് കൊത്തിയ പാത്രത്തില്‍ എന്തും സഹിക്കുന്ന പ്രേക്ഷകരുടെ മുമ്പിലേക്ക് ഇത് വിളമ്പുക. ഒാണം, വിഷു, പെരുന്നാള്, അടിയന്തിരം, നൂലുകെട്ട്, പുലകുളി തുടങ്ങിയ വിശേഷാവസരങ്ങള്‍ക്ക് ഉത്തമമാണ് ഈ വിഭവം.

കുടുംബത്തോടൊപ്പം ഈ വിഭവം പരീക്ഷിക്കാന്‍ വന്നവരാണെങ്കില്‍ പരീക്ഷണത്തിന് ശേഷം കുടുംബാംഗങ്ങളെല്ലാം നിങ്ങളുടെ മുഖത്ത് നോക്കി ഈ വിഭവത്തിന്റെ പേരിന്റെ അവസാന ഭാഗം ഉച്ചരിച്ചാല്‍ ഉറപ്പിച്ചോളൂ...പരീക്ഷണം വിജയിച്ചെന്ന്!!! ഒട്ടും അമാന്തിക്കാതെ ഈ വിശിഷ്ട വിഭവം ചെന്നൈ, മുംബൈ എന്നീ സ്ഥലങ്ങളിലേക്ക് കയറ്റി അയയ്ക്കുകയും ചെയ്യാം.

അതിഥികള്‍ക്ക് ഈ വിഭവം വിളമ്പിയാല്‍ അവര്‍ നിങ്ങളെ ഒരിക്കലും മറക്കില്ല!! പരീക്ഷിക്കുമല്ലോ??!!!

Article Tags