കണ്ടത് 'ഞാന്‍' ആണ്. എഴുതുന്നത് ഞാന്‍ ആണ്. കണ്‍ഫ്യുഷനായോ?

Submitted by Sree Hari on Sun, 11/02/2014 - 08:56

'ഞാന്‍' കണ്ട ശേഷം ഞാന്‍ എഴുതുന്നതാണിത്. അതായത് കണ്ടത് 'ഞാന്‍' ആണെങ്കിലും എഴുതുന്നത് ഞാന്‍ ആണ്. അത് പറഞ്ഞപ്പഴാണ് ഓര്‍മ വന്നത് 'ഞാന്‍ ' എന്ന പേരില്‍ പണ്ട് ബ്ലോഗെഴുതിയിരുന്നത് ഞാനല്ല, പ്രതീഷ് പ്രകാശാണ്. പ്രതീഷ് പ്രകാശെന്തിനാണ് 'ഞാന്‍' എന്ന പേരില്‍ ബ്ലോഗെഴുതീത്? മണ്ണെണ്ണയ്ക്കെന്താ ജോസേ ഇപ്പോ മാര്‍ക്കറ്റ് വില? ശ്ശെഡാ ഞാനാകെ മാറ്ററീന്ന് പോയി, മാറ്ററീന്ന് പോയി... വല്യ മെനക്കെടായല്ലോ ന്റെ ദേവ്യേ. ഞാന്‍ എഴുതിത്തുടങ്ങീത് ശ്രീമാന്‍ രഞ്ജിയേട്ടന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ 'ഞാന്‍' എന്ന സിനിമയെക്കുറിച്ചാണ്. ഇനി മാറ്റല്ല, മാറ്റല്ല.

'ഞാന്‍' എന്ന സിനിമ ക്ലാസിക്കാവുന്നത് സിനിമ തുടങ്ങി ഏതാണ്ട് മൂന്നോ നാലോ മിനിട്ടുകള്‍ കഴിയുമ്പോഴാണ്. അപ്പോഴാണ് സംവിധാനം രഞ്ജിത് എന്ന് എഴുതിക്കാണിക്കുന്നത്. പിന്നെ സിനിമയ്ക്ക് മറ്റൊരോപ്ഷനില്ല, മര്യാദയ്ക്ക് കയ്യും കെട്ടി നിന്ന് ഒരു ക്ലാസിക്കാവുക എന്നതേ മാര്‍ഗമായിട്ടുള്ളൂ. പണ്ട് ചന്ദ്രോല്‍സവം , റോക്‌‌ ആന്‍ഡ് റോള്‍ മുതലായ സിനിമകള്‍ ടൈറ്റിലിനു ശേഷം ക്ലാസിക്കാവാതിരിക്കാനുള്ള ആത്മാര്‍ഥമായ പ്രയത്നം നടത്തി നോക്കിയിരുന്നു. പക്ഷേ എന്‍ഡ് ക്രഡിറ്റിന്റെ തുടക്കത്തില്‍ 'എ ഫിലിം ബൈ രഞ്ജിത് ആന്‍ഡ് ക്രൂ 'എന്നെഴുതിക്കാണിച്ചതോടെ വേറെ നിവൃത്തിയില്ലാതെ കള്‍ട് ക്ലാസിക്കായി ഒടുങ്ങുകയായിരുന്നു. ദേ പിന്നേം മാറ്ററീന്ന് പോയി. ആര്‍ക്കെങ്കിലും ശകലം മഴ പെയ്യിക്കാന്‍ പറ്റ്വോ? എഴുതുമ്പോ ന്റെ കോണ്‍സണ്ട്രേഷന്‍ പോണല്ലോ‌ന്റെ മദര്‍ സുപ്പീരിയറുമാരേ!...

നായകനായ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന രവി എന്ന നായകകഥാപാത്രത്തെ പോലീസ് സ്റ്റേഷനിലോട്ട് വിളിക്കുന്നിടത്താണ് സിനിമ തുടങ്ങുന്നത്. സൈബര്‍സെല്ലും കമ്മീഷണറും എല്ലാം ആ കടുത്ത ചോദ്യം ദുല്‍ഖറിനോട് ചോയ്ക്കുന്നു. "താനാണോ പണ്ട് കംഫര്‍ട് സ്റ്റേഷന്റെ ചുവരിലെല്ലാം എഴുതിയിരുന്ന സാഹിത്യം കോട്ടൂര്‍ എന്ന പേരില്‍ ഇപ്പോള്‍ ബ്ലോഗിലെഴുതുന്നത്?"

ദുല്‍ഖറിനോടാ കളി. താന്‍ ഇമ്മാനുവല്‍ കാന്റിന്റെ 'ക്രിട്ടിക് ഓഫ് പ്യുവര്‍ റീസണ്‍ 'എന്ന പുസ്തകം വായിച്ചിട്ടുണ്ടോ എന്ന് കമ്മീഷണറോട് ദുല്ഖര്‍ രവി തിരിച്ച് ചോദിക്കുന്നു. അല്ലെങ്കില്‍ ഡഗ്ലസ് ഹോഫ്സ്റ്റാഡറിന്റെ ഗോദെല്‍ എഷെര്‍ ബാച്? ഏറ്റവും കുറഞ്ഞത് ചന്ത്രക്കാരന്‍ എഴുതിയ 'ഉമേഷിനു സ്നേഹപൂര്‍വം ' എന്ന ബ്ലോഗ് പോസ്റ്റെങ്കിലും വായിച്ചിട്ടുണ്ടോ? അതായത് പറഞ്ഞുവരുന്നത് താന്‍ കോട്ടൂര്‍ എന്ന വെബ്‌‌ ഹാന്‍ഡിലില്‍ ബ്ലോഗിലെഴുതുന്നത് കക്കൂസ് സാഹിത്യമൊന്നുമല്ല. ഹൈലി സ്ട്രക്ചേഡ് ആന്ഡ് കൊഹിറെന്റ് ലോജിക്കല്‍ ആര്‍ഗ്യുമെന്റുകളാണ്. ഏഴുവട്ടം കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിയെ ഫേസ്ബുക്കില്‍ തര്‍ക്കിച്ചു തോല്‍പിച്ചിട്ടുണ്ട്. വിശാലമനസ്കന്‍ ബ്ലോഗെഴുത്തു കുറച്ച് പുസ്തകപ്രസാധനത്തിലേക്ക് ശ്രദ്ധ തിരിച്ചത് തന്നെ തന്റെ പോസ്റ്റുകളുടെ നിലവാരം കണ്ട് അതിശയിച്ച് ബ്ലോഗില്‍ ഇനി നില്‍ക്കക്കള്ളിയില്ല എന്ന് കണ്ടിട്ടാണ്. സൂരജ് രാജന്‍ പേടിച്ച് ബ്ലോഗ് പൂട്ടി ലണ്ടന്‍ വഴി കാലിഫോറ്ണിയയിലേക്ക് പോയി. ഇടിവാള്‍ ഇപ്പോള്‍ സിനിമാറിവ്യൂ എഴുതി കാലം കഴിക്കുന്നു. കൊച്ചുത്രേസ്യയെ നോക്കാന്‍ ജിമ്മേട്ടനെ ഏല്‍പിച്ചിട്ടുണ്ട്. ശ്രീചിത്രന്‍ എംജെയെയും കിരണ്‍ തോമസിനെയും ചാനല്‍ ചര്‍ച്ചയില്‍ പൂട്ടാനും പ്ലാനിടുന്നുണ്ട്. സുട്ടിടുവേന്‍.

ശേഷം കോട്ടൂര്‍ അലിയാസ് രവി വീട്ടില്‍ തിരിച്ചെത്തി എസ്സെല്‍സിപ്പരീക്ഷയ്ക്ക് പിള്ളേര്‍ ഉപയോഗിക്കുന്ന കാര്‍ഡ്ബോര്‍ഡില്‍ ഏ4 സൈസ് വെള്ളപ്പേപ്പറില്‍ മാര്‍ജിന്‍ വരച്ച ശേഷം അഞ്ജലി ഓള്‍ഡ് ലിപിയില്‍ ബ്ലോഗെഴുത്തു തുടങ്ങുന്നു (അന്ന് ചിലങ്ക ഫോണ്ട് റിലീസായിട്ടില്ലല്ലോ).

പിന്നീട് ജോയ് മാത്യൂ , മുരളി മേനോന്‍, സുരേഷ് കൃഷ്ണ, മുത്തുമണി, സര്‍ സൈജു കുറുപ്പ് മുതലായ സിങ്കങ്ങള്‍ പരിശീലിക്കുന്ന നാടക്കളരിയില്‍ രവി കോട്ടൂര്‍ വിസിറ്റിങ്ങ് ഫാക്കല്ടിയായി ക്ലാസെടുക്കാനെത്തുന്നു. അവിടെ വെച്ച് രവി ആ രഹസ്യം പുറത്തുവിടുന്നു. ഷേയ്ക്സ്പിയറിനും തോപ്പില്‍ ഭാസിയ്ക്കും ശേഷം നാടകമേഖലയ്ക്ക് വന്ന നിലവാരത്തകര്‍ച്ചയ്ക്ക് പരിഹാരം കാണാന്‍ താന്‍ നാടകമെഴുതാന്‍ പോകുന്നു. തന്റെ വെബ്‌‌ഹാന്‍ഡില്‍ ആയ കോട്ടൂര്‍ സത്യത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരനായകനും , അച്ചടി രംഗത്തെ ശക്തമായ സാന്നിദ്ധ്യവും , വി.എസ്. അച്യുതാനന്ദനും , സര്‍വോപരി കവിയും ആയിരുന്ന കെ.ടി.എന്‍ കോട്ടൂരിന്റെ പേരില്‍ നിന്നും കടം കൊണ്ടതാണല്ലോ. ആ കോട്ടൂരിനെത്തന്നെ താന്‍ തന്റെ തൂലികയിലൂടെ താന്‍ അനശ്വരനാക്കാന്‍ പോവുകയാണ്. എന്നെന്ന കോട്ടൂരിനെക്കുറിച്ച് ഞാനെന്ന കോട്ടൂര്‍ നാടകമെഴുതും , കട്ടായം. നാടകക്കളരിസംഘം ഈ പ്രമേയം ഡസ്കിലടിച്ച് പാസാക്കുന്നു. എഴുതിയാല്‍ എന്തായാലും അഭിനയിച്ച് സ്റ്റേജിലവതരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി മുദ്രാവാക്യം വിളിക്കുന്നു.

പിന്നീടങ്ങോട്ട് സിനിമയുടെ ആഖ്യാനം നവ്യാ നായറിലേക്ക് (Neo Noir) കടക്കുകയാണ്. സ്ക്രീനില്‍ ടെമ്പോറല്‍, സ്പാറ്റിയല്‍ ഡയമന്ഷനുകള്‍ അപ്രത്യക്ഷമാകുന്നു. കഥാപാത്രങ്ങള്‍ പരസ്പരം ഓവര്‍ലാപ് ചെയ്യുന്നു. തലങ്ങും വിലങ്ങും പോസ്റ്റ് മോഡേണ്‍ പേസ്റ്റിഷുകള്‍ കൊണ്ട് തിരക്കഥ കാഴ്ചക്കാരനെ അതിശയിപ്പിക്കുന്നു.

ഒറിജിനല്‍ കോട്ടൂരായ കെ.ടി.എന്‍ കോട്ടൂര്‍ ന്റെ അച്ഛന്‍ ആണ് കുഞ്ഞപ്പ നായര്‍. ഈ മഹാത്മാഗാന്ധി എന്നയാള്‍ കുഞ്ഞപ്പ നായരാണ് എന്നാണ് കോട്ടൂര്‍ നിവാസികള്‍ ധരിച്ചുവശായിരിക്കുന്നത്. കുഞ്ഞപ്പനായര്‍ പ്രസ്തുത നാട്ടുകാരെയും വിളിച്ച് സ്ഥലത്തെ പ്രധാന കള്ളുഷാപ്പിലേക്ക് ചെല്ലുന്നു. കുഞ്ഞപ്പനായര്‍ പഠിച്ച എഴുത്തുപള്ളിയില്‍ അന്ന് സാഹിത്യസമാജം എന്ന ഏര്‍പ്പാടില്ല. അതിനാല്‍ എഴുതിവെച്ച പ്രസംഗം പൂശാന്‍ ഒരു വേദിയില്ല. അതിനാലാണ് കള്ളുഷാപ്പിലേക്ക് പോന്നത്. ഷാപ്പോണര്‍, ചെത്തുകാര്‍, കുടിയന്മാര്‍ എന്നിവരോട് കുഞ്ഞപ്പനായര്‍ ദേശീയോദ്ഗ്രഥനം, കോണ്‍ഗ്രസിന്റെ അഹിംസാസിദ്ധാന്തം , മദ്യം മനുഷ്യനെ എങ്ങിനെ ഋണാത്മകമായി ബാധിക്കുന്നു, മോഹന്‍ലാലിന്റെ സ്പിരിറ്റ് സിനിമ നല്‍കുന്ന സാമൂഹ്യസന്ദേശം , സുഭാഷ് ചന്ദ്രബോഷ് പാര്‍ട്ടി പ്ലീനത്തില്‍ അവതരിപ്പിച്ച ബദല്‍ രേഖയുടെ അപകടം മുതലായ വിഷയങ്ങളില്‍ ഒരു ചെറു എലക്യൂഷന്‍ നടത്തുന്നു. കിട്ടുന്ന തല്ലും വാങ്ങി വീട്ടിപ്പോവുന്നു.

കുഞ്ഞപ്പ നായര്‍ക്കും ഭാര്യയ്ക്കും കോട്ടൂര്‍ എന്ന മകന്‍ ജനിക്കുന്നു. കോട്ടൂരിന്റെ അമ്മ മരിച്ച് കുറച്ചു കാലം കഴിയുന്നു. അന്ന് സ്കൂളില്‍ അസംബ്ലി സംവിധാനം തുടങ്ങിയിട്ടില്ല. അതിനാല്‍ കുഞ്ഞപ്പ നായര്‍ മകനെ അസംബ്ലി പഠിപ്പിക്കാനായി കുറച്ച് നാട്ടുകാരെയും കൂട്ടി കുന്നിന്‍ മുകളില്‍ ചെന്ന് കൊടിയൊക്കെ നാട്ടി പരിപാടി സംഘടിപ്പിക്കുന്നു. സാഹിത്യസമാജപ്രസംഗം ഒരു വട്ടം കൂടി കാച്ചുന്നു. ശേഷം കോട്ടൂരിനെ പതാകവന്ദനപ്രാര്‍ത്ഥനയ്ക്കായി ക്ഷണിക്കുന്നു. കോട്ടൂര്‍ ശ്രുതിമധുരമായി ഝംണ്ടാ ഊംചാ രഹേ ഹമാരാ പാടുന്നു. സ്വാതന്ത്ര്യം കിട്ടിയ ശേഷം മകനെ ആകാശവാണി വിവിധഭാരതിയില്‍ ഗായകനാക്കണമെന്ന് ആഗ്രഹിച്ച് കാലം കഴിക്കുന്ന കുഞ്ഞപ്പ നായര്‍ ഈ പാട്ടുകേട്ട് ഹാര്‍ട്ടറ്റാക് വന്ന് കാലപുരി പൂകുകയാണ് സഹോദരീസഹോദരന്മാരെ, പൂകുകയാണ്

അവിടെ വെച്ച് ആഖ്യാനം നിമിഷനേരത്തേക്ക് അടൂര്‍ ഗോപാലകൃഷ്ണനിലേക്ക് ഒന്നെത്തി നോക്കുന്നു. കുഞ്ഞപ്പനായരുടെ ദേഹവിയോഗത്തിന്റെ പ്രതീകമായി ഓലമെടല്‍ തെങ്ങില്‍ നിന്നും താഴേക്ക് ഠേ ഠേ ഛെരേ ഛെരേ എന്ന ശബ്ദഘോഷത്തോടെ പതിക്കുന്നു. കാര്യസ്ഥന്‍ നെഞ്ചത്തടിച്ച് കരയുന്നു, കുറത്തിയായ സജിത മഠത്തില്‍ ഇന്ദുലേഖ തേച്ച് വളര്‍ത്തിയ മുടിയഴിച്ചിട്ട് കരയുന്നു. (കുറത്തിയുടെ മകന്‍ കുഞ്ഞപ്പനായരുടെ മകന്‍ തന്നെയെന്നറിഞ്ഞുകൊള്ളേണം)

വളര്‍ന്ന കോട്ടൂര്‍ കോണ്ഗ്രസും കമ്യൂണിസ്റ്റും സാമൂഹ്യപ്രവര്‍ത്തകനുമൊക്കെയാവുകയാണ്. രാത്രിസമയത്ത് വേലക്കാരി ജാനുവുമായി (വേലക്കാരികളുടെ സയന്റിഫിക് നേയിമാണ് ജാനു) രതിയിലേര്‍പ്പെടുന്നു. പകല്‍ സൈജുകുറുപ്പടക്കമുള്ള നാട്ടുകാരോടോത്ത് ജന്മിമാര്‍ക്കെതിരെ സമരം നയിക്കുന്നു.

രോഷാകുലനാകുന്ന ജന്മി സൈജു കുറുപ്പിനെ വിളിച്ച് ഈയെമ്മെസ്സെഴുതി ചിന്ത പ്രസ് പ്രസിദ്ധീകരിച്ച കേരള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം എന്ന പുസ്തകം വായിച്ചിട്ടുണ്ടോ എന്ന് ആരായുന്നു. താന്‍ കോളേജില്‍ ഹിസ്റ്ററി മേയ്ജറാണ്, സൊ അറിയില്ല എന്ന് പറഞ്ഞ് സൈജു കുറുപ്പ് കണ്ണു മിഴിക്കുന്നു. ഭാവിയില്‍ സ്റ്റാലിന്‍ നടത്താന്‍ പോകുന്ന സൈബീരിയന്‍ അതിക്രമങ്ങളെക്കുറിച്ച് സൈജുവിനെ ജന്മി ബോധവാനാക്കുന്നു. തുടര്‍ന്ന് സൈജു കൊടിഎന്‍ കേട്ടൂരിനെതിരെ, അല്ല കെ.ടി.എന്‍ കോട്ടൂരിനെതിരെ പാര്‍ട്ടിക്കുള്ളില്‍ കൂ നടത്തുന്നു. കോട്ടൂര്‍ പാര്‍ട്ടിക്ക് പുറത്തായി അനാര്‍ക്കിസം പ്രാക്റ്റീസ് ചെയ്യുന്നു. വള്ളി എന്ന ഔട്കാസ്റ്റിനൊപ്പം ലിവിന്‍ റിലേഷനില്‍ ഏര്‍പ്പെടുന്നു. (കനി കുസൃതിയുടെ ഡേയ്റ്റ് കിട്ടാത്തത് കൊണ്ട് മറ്റാരോ ആണ് വള്ളിയായി അഭിനയിച്ചിരിക്കുന്നത്).

പെട്ടെന്നൊരു ദിവസം രായ്ക്കുരാമാനം കോട്ടൂര്‍ നന്നാവുന്നു. അന്ധയായ ലക്ഷ്മിയെ വിവാഹം കഴിക്കുന്നു. പിന്നീടങ്ങോട്ട്‌ ആഖ്യാനം ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസാണ്. ലക്ഷി ബെഡ്റൂമില്‍ ഇരുന്നു മക്കോണ്ടോയുടെ ഭാവി പ്രവചിക്കുന്നു.

കെടി.എന്‍ കോട്ടൂര്‍ തന്റെ സഹോദരന്‍ - കുറത്തിയുടെ മകന്‍ - നകുലന്‍ വേലക്കാരി ജാനുവിനെ പണ്ടേ കല്യാണം കഴിച്ചെന്നറിയുന്നു. ജാനുവിന്റെ ഗര്‍ഭം തന്റെ വല്യമ്മയാണ് ചതിയിലൂടെ അലസിപ്പിച്ചത്.

പിന്നീടങ്ങോട്ട് നരേഷന്‍ ലോഹിതദാസില്‍ നിന്നും തുടങ്ങുവേം ചെയ്തു, എന്നാല്‍ ഷാജി.എന്‍ കരുണില്‍ എത്തിയുമില്ല എന്ന നിലയില്‍ പോകുന്നു. കോട്ടൂരും വല്യമ്മയുമായുള്ള സൈക്കഡെലിക്കല്‍ വ്യക്തിബന്ധത്തിന്റെ നൂലിഴകളെ രഞ്ജിത്തിലെ സംവിധായകന്റെ അനുപമമായ ക്രാഫ്റ്റ് ഒരു യുങ്ങിയന്‍ - ഫ്രോയ്ഡിയന്‍ പരിപ്രേക്ഷ്യത്തിലൂടെ പരിശോധിക്കുകയാണ്. ഡയലോഗെല്ലാം കേമമെന്നേ പറവേണ്ടൂ...

സാമ്പിള്‍ : [കോട്ടൂര്‍ , കുഞ്ഞപ്പനായരുടെ ആത്മാവിനോട്, പ്രകാശം ] "ഹേ താത, സുരതത്തിന്റെ അന്തരാളങ്ങളില്‍ കത്തുന്ന സൂര്യന്‍ ജ്വലിക്കുമ്പോള്‍, എവിടെയാണ് മോക്ഷത്തിലേക്കുള്ള വാതില്‍, ഓഹോയ് ഓഹോയ് ഓഹോയ്..."

ഒരു വേദനയായ് ഒറിജിനല്‍ കോട്ടൂര്‍ അജ്ഞാതമായ എങ്ങോട്ടോ‌ മറയുന്നു. ബ്ലോഗര്‍ കോട്ടൂര്‍ കോണ്ടമ്പറി തിയേറ്ററിന്റെ അന്തരാളങ്ങളൂടെ ഊളിയിട്ട് ഒറിജിനല്‍ കോട്ടൂരിന്റെ ജീവിതത്തെ സ്റ്റേയ്ജില്‍ അവിസ്മരണീയമാക്കൂന്നു. 'എ ഫിലിം ബൈ രഞ്ജിത് ആന്‍ഡ് ക്രൂ' എന്നെഴുതിക്കാണിക്കുന്നതോടെ, മലയാളസിനിമയില്‍ മറ്റൊരു ക്ലാസിക്കു കൂടെ പിറന്നു വീഴുന്നു.

ദുല്‍ഖറിനു മികച്ച അഭിനേതാവിനുള്ള ദേശീയ അവാര്‍ഡ് ലഭിക്കുന്ന പക്ഷം മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് തനിക്കും ലഭിക്കണം എന്ന നിര്‍ബന്ധബുദ്ധി പടത്തില്‍ ഉടനീളം രഞ്ജിത് വിടാതെ സൂക്ഷിച്ചിരിക്കുന്നതായി കേരളത്തിലെ ഫിലിം സ്റ്റഡീസ് വിദ്യാര്‍ത്ഥികള്‍ നിരീക്ഷിച്ചിട്ടുണ്ട്.

Relates to
Contributors