പ്രമേയത്തെക്കുറിച്ച് ഒരു മുന്‍ധാരണയും കൊടുക്കാതെയാണ് "കൊന്തയും പൂണൂലും " എന്ന സിനിമ വന്നത്. ഭയം/ഭീതി പ്രധാന പ്രമേയമായി വരുന്നു എന്നത് കൊണ്ട് തന്നെ എനിക്ക് സിനിമയില്‍ പ്രത്യേക താല്‍പര്യമുണ്ട് .
മനുഷ്യരുടെ ഭയങ്ങള്‍, കുറ്റബോധത്തില്‍ നിന്ന് ഉയര്‍ന്നു വരുന്ന ഭയം, മനുഷ്യരുടെ ഭീതി മുതലെടുക്കാന്‍ ശ്രമിക്കുന്ന സംഭവങ്ങള്‍ , പ്രകൃത്യാതീതം എന്ന് കരുതി ഭയക്കുന്ന സംഭവങ്ങളുടെ ലോജിക്കല്‍ വിശദീകരണങ്ങള്‍, യാദൃശ്ചിക സാഹചര്യങ്ങളില്‍ ഭയത്തിന്‍ന്‍റെ കേന്ദ്രത്തിലെത്തുന്നവര്‍ അവിചാരിതമായി നേരിടുന്ന ഭയാനുഭവം, മരണം സൃഷ്ടിക്കുന്ന നിസ്സഹായത, മരണത്തിന്‍റെ തന്നെ അനുഭവം അങ്ങനെ നിരവധി സംഭവങ്ങളിലൂടെ ഭയത്തിന്‍റെ വിവിധ വശങ്ങള്‍ സിനിമ തിരയാന്‍ ശ്രമിക്കുന്നുണ്ട് . ഭയത്തെ പ്രശ്നവല്‍ക്കരിക്കുന്ന സിനിമ ഹൊറര്‍ സിനിമയാകുമോ, ആയിരിക്കണോ എന്നറിയില്ല. പക്ഷെ "കൊന്തയും പൂണൂലും" ദൃശ്യ പരിചരണം കൊണ്ടും, സംഗീതം കൊണ്ടും ശബ്ദലേഖനം കൊണ്ടും പലപ്പോഴും ഭയപ്പെടുത്തുന്നുണ്ട് .
മനോജ് കെ ജയന്‍റെ വീടിന്‍റെ മഞ്ഞ കലര്‍ന്ന ഇന്റീരിയര്‍, മാതാവിന്‍റെ രൂപം ഇരിക്കുന്ന മെഴുകുതിരികള്‍ കത്തിച്ചു വച്ച മനോജ് കെ ജയന്‍റെ ബാധ ചികില്‍സിപ്പിക്കാന്‍ എത്തുന്ന ഒരു മുറി, പാതിരാവെളിച്ചത്തില്‍ ഒരു വന്‍മരത്തിന്‍റെ കാഴ്ചയില്‍ നിന്നും ഹോസ്റ്റല്‍ മുറിയിലെ ഓജോ ബോര്‍ഡിലേയ്ക്ക് ജനാലയിലൂടെ നീങ്ങുന്ന ക്യാമറ, ഫോട്ടോ ഗ്രാഫറുടെ മങ്ങിയ നിറമുള്ള മോര്‍ച്ചറിയിലെയ്ക്കുള്ള യാത്ര , ഫോട്ടോ ഗ്രാഫറുടെ ലഹരിയനുഭവങ്ങളുടെ ചിത്രീകരണം, പാതിരാത്രി സെമിത്തേരിയില്‍ വെള്ള പുതച്ച് കിടത്തിയ ജഡങ്ങള്‍ അങ്ങനെ പ്രേതാത്മകം എന്നും Macabre എന്നുമൊക്കെ വിളിക്കാവുന്ന ദൃശ്യങ്ങളുടെ , ഹൊറര്‍ സിനിമാപ്രേമികളെ എപ്പോഴും പ്രലോഭിപ്പിക്കുന്ന അനേകം ദൃശ്യങ്ങള്‍ ഈ സിനിമയില്‍ ഉണ്ട്.
ക്യാമറയുടെ ജാഗ്രതയോടെയുള്ള ചലനം വിഷയം ആവശ്യപ്പെടുന്ന Apprehension പകരുന്നതായിരുന്നു. പശ്ചാത്തല സംഗീതവും ശബ്ദലേഖനവും ഭീതി ഭീതി ഭയം ഭയം എന്ന് എപ്പോഴും ഓര്‍മ്മിപ്പിക്കുന്നതായിരുന്നു. ഇത്രയും രൌദ്രമായ ഒരു കടല്‍ രംഗങ്ങള്‍ മൂന്നാംപക്കത്തില്‍ പോലും ഇല്ല .
"കൊന്തയും പൂണൂലും" ഒരു Anthology സിനിമയാണ് എന്ന് വേണമെങ്കില്‍ പറയാം . ചില കഥകള്‍ ഒറ്റ Stretch ല്‍ അവസാനിക്കുന്നുവെങ്കിലും ചിലത് ചിതറിക്കിടക്കുന്നു. ചില കഥകള്‍ മാത്രം കൂട്ടിമുട്ടുന്നു. രണ്ടാം പകുതിയിലെ ലാഗ് തീര്‍ച്ചയായും നിര്‍ബന്ധപൂര്‍വം ഉള്ളതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. സിനിമ ജീവിതാനുഭവത്തോട് കൂടുതല്‍ അടുക്കുന്നയിടങ്ങളിലാണ് ലാഗ് ഉള്ളത്.
ഭയം എന്ന വികാരത്തെക്കുറിച്ചുള്ള വ്യക്തിപരമായ Preference കൊണ്ടാവാം ഈ സിനിമ എനിക്ക് ഭയാനുഭവങ്ങളുടെ നിധി ആയിരുന്നു. അതേ താല്‍പര്യങ്ങള്‍ ഉള്ളവര്‍ക്ക് സജസ്റ്റ് ചെയ്യുന്നു.