കൊള്ളാവുന്നൊരു എന്റർടെയ്നർ എന്ന് ഒറ്റവാക്കിൽ പറയാം. കഥയിൽ അത്ര വലിയ പുതുമയോ ഇതുവരെപറയാത്തതോ ഒന്നുമല്ലെങ്കിലും പ്രവചനീയമായൊരു പ്രണയകഥയാണെങ്കിലും സിനിമാന്ത്യം വരെ ഒരു ചെറുമന്ദഹാസത്തോടെ കണ്ടിരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. അതിനു കാരണങ്ങൾ തിരക്കഥയിൽ ബോധപൂർവ്വം സൃഷ്ടിച്ചെടുത്ത കഥാസന്ദർഭങ്ങളും നായികയുടെ പക്ഷം ചേർന്നുള്ള ആഖ്യാനവും സർവ്വോപരി നായികയായ നസ്രിയ-യുടെ മികച്ച പ്രകടനവുമാണ്.
‘ഗഥാ’ വിവരിക്കാൻ വന്ന സലീംകുമാറിന്റെ ശബ്ദത്തെ നായികയായ നസ്രിയ-യുടെ ശബ്ദം മറികടക്കുന്നതുമുതൽ തുടങ്ങുന്നു സിനിമയുടെ തിളക്കം. മലയാള സിനിമയിൽ അത്രയൊന്നും പരിചിതമല്ലാത്ത രീതിയിൽ - നായികയുടെ ജീവിതകഥ നായിക തന്നെ നരേറ്റ് ചെയ്യുന്നു. സിനിമ മൊത്തം നായികയായ പൂജാ മാത്യുവിന്റെ കഥയും കാഴ്ചപ്പാടുമാണ്. തന്റെ ജനനം മുതൽ പ്രണയം പൂത്തുലഞ്ഞതുവരെ അവളുടെ ശബ്ദത്തിലാണ് നമ്മൾ പിന്നെ കേൾക്കുക. ശബ്ദത്തിൽ മാത്രമല്ല അവളുടെ കാഴ്ചപ്പാടിലും.
ഒരുപാട് സ്വർണ്ണവും പണവുംകൊടൂത്ത് ഒട്ടും ചേർച്ചയില്ലാത്തൊരു വരനെ സ്വീകരിക്കേണ്ടിവരുന്ന ഒരു പെണ്ണിന്റെ കല്യാണ ആലോചനകളിൽ നിന്നാണ് പൂജ(നസ്രിയ) തനിക്ക് ഇഷ്ടപ്പെട്ടൊരു ചെറുക്കനെ ജീവിതത്തിലേക്ക് പ്രണയിച്ച് കൂട്ടണമെന്ന് ആലോചിക്കുന്നത്. സ്ക്കൂൾ ഫൈനലിലെത്തിയ അവൾ പലരേയും നോട്ടമിട്ടെങ്കിലും ഒന്നും അവളുടെ സങ്കല്പത്തിനൊന്നു വന്നില്ല, വീഗാലാന്റിൽ വെച്ചാണ് അവൾ കരുത്താർന്ന ഒരു ചെറുക്കനെ കാണുന്നത്. ഗിരി (നിവിൻ പോളീ) ശ്രദ്ധയാകർഷിക്കാൻ പൂജ പല നമ്പറുകളുമിട്ടെങ്കിലും ഗിരി മൈന്റു പോലും ചെയ്തില്ല. ഒരു തകർന്ന പ്രണയത്തിന്റെ തീവ്രതയിലാണ് ഗിരിയെന്ന് അവളറിഞ്ഞു. മാത്രമല്ല ഗിരിയെക്കുറിച്ച് താനൊഴികെ നാട്ടിലെല്ലാവർക്കും അറിയാമെന്നും. പിന്നീട് ഗിരിയെ പ്രണയിക്കാനായി അവളുടെ ശ്രമം. എന്നാൽ പ്രണയം വെളിപ്പെടുത്തിയൊരുനാൾ ഗിരി അവളുടെ പ്രണയം മടക്കി. പിന്നീട് ഗിരിയോട് യാത്ര പറയാൻ പോലും പറ്റാതെ മെഡിസിൻ പഠനത്തിനുവേണ്ടി നാടു വിട്ടു കോഴിക്കോടേക്ക് പോകേണ്ടി വന്നു പൂജക്ക്. എങ്കിലും മനസ്സിൽ മായാതെ തളിർത്തു നിൽപ്പുണ്ടായിരുന്നു ഗിരിയും അവനോടുള്ള പ്രണയവും.
മറ്റു പ്രണയ സിനിമകളെപ്പോലെ നായികയും നായകനും ഇതിൽ പ്രണയബദ്ധരാകുന്നില്ല. മൌറീഷ്യസ് ബീച്ചിലും കോലാലമ്പൂരിലും ആടിപാടുന്നില്ല. നായകനെ തന്റെ പ്രണയത്തിലേക്ക് കൊണ്ടെത്തിക്കാൻ കുസൃതിയായ പൂജ നടത്തുന്ന ശ്രമങ്ങളാണ് മുഴുവൻ.
പൂജയായി വന്ന നസ്രിയ, ഗിരിയായി മിതത്വപ്രകടനം നടത്തിയ നിവിൻ പോളി, പൂജയുടെ അച്ഛനായെത്തിയ രഞ്ജി പണിക്കർ തുടങ്ങി കുറച്ചു പേരുടെ മികവാർന്ന പ്രകടനം, വിനോദ് ഇല്ലമ്പിള്ളിയുടെ ഫ്രഷ്നസ് തോന്നിപ്പിക്കുന്ന ദൃശ്യങ്ങൾ, ലിജോ പോളിന്റെ കൌതുകമാർന്ന എഡിറ്റിങ്ങ്. സമീറ സനീഷിന്റെ ഇഷ്ടം കൂട്ടൂന്ന വസ്ത്രാലങ്കാരം ഒപ്പം വിനീത് ശ്രീനിവാസൻ, ലാൽ ജോസ്, വിജയരാഘവൻ എന്നിവരുടെ അതിഥിവേഷങ്ങൾ എന്നിങ്ങനെ ഒരുപിടി ഇഷ്ടമാർന്ന, രസകരമായ സംഗതികളുണ്ട് സിനിമയിൽ. അതി ഗഹനമായ കാര്യങ്ങളൊന്നും പറയുന്നില്ലെങ്കിലും നൂറ്റൊന്നാവർത്തിക്കുന്ന ക്ഷീരബലപോലെയാവാതിരിക്കാൻ പിന്നണിപ്രവർത്തകർ പരിശ്രമിച്ചതിന്റെ ഗുണം കാണുന്നുമുണ്ട്.
രസകരമായൊരു എന്റർടെയ്നറായി “ഓം ശാന്തി ഓശാന“യെ കാണാം. നിങ്ങളെ നിരാശപ്പെടുത്തില്ല. സിനിമയുടെ വിശദവിവരങ്ങൾ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക