ഒരുവേള രാവിന്നകം-ആസ്വാദനക്കുറിപ്പ്

ഈ കുറിപ്പ് വായിക്കാനൊരുങ്ങുമ്പോൾ, ഒരു പാട്ടിനെക്കുറിച്ച്, അതും അധികമങ്ങനെ ചർച്ചചെയ്യപ്പെട്ടിട്ടില്ലാത്ത ഒന്നിനെക്കുറിച്ച് ഇത്രയേറെ എഴുതാനെന്തിരിക്കുന്നു എന്ന് ആരെങ്കിലുമൊക്കെ ശങ്കിച്ചേക്കാം. ഒരുപക്ഷേ വൈവിധ്യമാഗ്രഹിക്കുന്ന സംഗീതാനുഭാവികളുടെ വിചാരമണ്ഡലങ്ങളിലേക്ക് ശമിക്കാത്ത കലാപങ്ങളെ തൊടുത്തുവിടാൻ പോന്ന ഒരു കരട് ഈ പാട്ടിലുണ്ട് എന്ന തോന്നലും, അതിതുവരെ ആശയപരമായ സംവാദങ്ങൾക്കൊന്നും വഴിയൊരുക്കിയില്ല എന്ന തിരിച്ചറിവുമാവണം സ്വപാനം എന്ന ചിത്രത്തിലെ "ഒരുവേള രാവിന്നകം" എന്ന പാട്ടിനെക്കുറിച്ച് ഇത്തരമൊരു കുറിപ്പെഴുതാൻ പ്രേരണയായത്‌.

മഞ്ഞയും നീലയും കറുപ്പും ഇടകലരുന്ന കടുംചായക്കൂട്ടുകളുടെ വക്രവടിവുകളിലൂടെയൊഴുകി ഒടുവിൽ സ്മൃതിയുടെയും കാമനകളുടെയും ഉന്മാദത്തിന്റെയും നിലയില്ലാത്ത ഇരുട്ടിലേക്കെടുത്തെറിയപ്പെടുന്നപോലൊരനുഭവം; ഉന്മാദിയുടെ ഉപബോധത്തിലെ അയഥാർത്ഥ ചോദനകളെ അത്രമേൽ വിവരിക്കുന്ന ഒരു വാൻ ഗോഗ് ചിത്രത്തിനോളം ഭാവാത്മകം - ഇത്തരമൊരു ബോധമാണ് "ഒരുവേള രാവിന്നകം" കേൾവിക്കാരനിലേക്ക് പകർത്തുന്നത്. ചലച്ചിത്രഗാനങ്ങളിൽ അപൂർവമായി സംഭവിക്കുന്ന ഒന്നാണ് ഇതുപോലെ നിശ്ശബ്ദതയും ഇരുട്ടും ഏകാന്തതയും ഒരുപോലെ ഒരു പാട്ടിൽ സമ്മേളിച്ച് അയുക്തികമായ സങ്കൽപ്പങ്ങളിലെ ഗൂഢ സൌന്ദര്യത്തെ ഓർമ്മപ്പെടുത്തുക എന്നത്. കേൾവിക്കാരന് അനായാസം സമരസപ്പെടാവുന്ന, അയാളെ വേഗത്തിൽ ബാധിക്കുന്ന ഇംപ്രെഷനിസ്റ്റ് ഭാഷ്യമല്ല "ഒരുവേള"യുടേത്. അങ്ങിനെയെളുപ്പം അനുഭാവ്യമായേക്കാവുന്ന പരിചരണരീതിയല്ല ഈ പാട്ടിന്റെ ആന്തരിക ഘടനയെ നിയന്ത്രിക്കുന്നത്‌ എന്നതുകൊണ്ടു തന്നെ, സിനിമാഗാനങ്ങളേക്കുറിച്ചുള്ള ശ്രോതാവിന്റെ സാമാന്യ ഭാവനകൾക്കും ഏകതാനമായ ഭാവസങ്കൽപ്പങ്ങൾക്കും ഏറെ അകലെയാണ് "ഒരുവേള" എന്ന പാട്ട് നിലയുറപ്പിക്കുന്നത്. "ഒരുവേള"യുടെ സങ്കേതങ്ങളിലേക്കും സംജ്ഞാ-വ്യവസ്ഥയിലേക്കും ഒന്നാഴ്ന്നിറങ്ങിയാൽ ചെന്നെത്തുക "ഡാർക്ക്‌ റ്റെമ്പ്രമെന്റ്" എന്ന് വിശേഷിപ്പിക്കാവുന്ന ഈ പാട്ടിന്റെ അന്ധകാരം നിഴലിക്കുന്ന ചിത്തവൃത്തിയിലേക്കാണ്. ഇതുവഴി, "ഭീതിയുടെയും ആകുലതകളുടെയും വർണ്ണനമാണ് എക്സ്പ്രെഷനിസ്റ്റ് സംഗീതത്തിന്റെ മർമ്മം" എന്ന അഡോണോയുടെ പ്രസ്താവനയെ സമഗ്രമായി സാധൂകരിക്കുന്നു "ഒരുവേള"യിലെ സംഗീതം. ഇവിടെ ചിത്രത്തിലെ കഥാസന്ദർഭത്തോടും കഥാപാത്രങ്ങളോടുമുള്ള സ്രഷ്ടാക്കളുടെ (സംഗീതകാരന്റെയും, കവിയുടെയും, ഗായികയുടെയും) വൈകാരിക മമതയും അതിൽനിന്നും പുറപ്പെടുന്ന സ്വാനുഭൂതികളുമാണ് ഒരുവേളയുടെ രൂപഘടനയെയും ഭാവത്തെയും അനുകരണീയമല്ലാത്ത വിധം ഏകീഭവിപ്പിച്ചിരിക്കുന്നത്.

മേളകർത്താ രാഗങ്ങളില അയിത്തക്കാർ അഥവാ വിവാദികൾ എന്ന് പൊതുവിലറിയപ്പെട്ടുന്ന നാല്പ്പത് രാഗങ്ങളിൽ ഒന്നായ നാസികഭൂഷണിയിലാണ് "ഒരുവേള രാവിന്നകം" ചിട്ടപ്പെടുത്തിയിരിക്കുന്നത്. കച്ചേരികളില്‍ത്തന്നെ ഗായകർ പാടാൻ മടിക്കുന്ന രാഗങ്ങളിൽ ഒന്നാണ് നാസികഭൂഷണി. ഗായകന്റെ പരിചരണത്തിനോട് എളുപ്പം വഴങ്ങാത്ത, സ്വര-വിന്യാസത്തിന്റെ പ്രത്യേകതകൊണ്ട് ആലാപനത്തിൽ ബഹുമുഖത അത്രകണ്ട് പുലർത്താൻ കഴിയാത്ത രാഗങ്ങളത്രേ വിവാദികൾ. ഷഡ്-ശ്രുതി ഋഷഭവും അന്തര ഗാന്ധാരവും ഒന്നിച്ചു വരുന്നതിനാൽ നാസികഭൂഷണി ഗായകന്റെ/ ഗായികയുടെ മനോധർമ്മത്തിന് മെരുങ്ങാൻ മടികാണിക്കുന്നു എന്ന് ചാരുലതാ മണി അവരുടെ രാഗങ്ങളേക്കുറിച്ചുള്ള പഠനമായ "എ രാഗ ജേണി"യിൽ പ്രതിപാദിക്കുന്നുണ്ട്. നാസികഭൂഷണിയുടെ അയവില്ലാത്ത ചട്ടക്കൂടിന് "ഒരുവേള രാവിന്നകം" എന്ന ഗാനത്തിലൂടെ ശ്രീവത്സൻ ജെ. മേനോൻ നല്കിയത് വികാരതീക്ഷ്ണമായ ഒരാഖ്യാനമാണ്. "അകലേ..നാദം.." എന്നു തുടങ്ങുന്നിടത്ത് ആസ്വാദകരെ ഉപരിപ്ലവമായി സ്പർശിക്കുകയല്ല, മറിച്ച് നാസികഭൂഷണിയുടെ തത്ക്ഷണാഖ്യാന പരിധികളെ ഭേദിച്ചുകൊണ്ട് കഥാപാത്രത്തിന്റെ ഉപബോധവ്യാപാരങ്ങളെ അമൂർത്തമായി ചിത്രീകരിക്കുകയും അതുവഴി ശ്രോതാവിലേക്ക് ആഴ്ന്നിറങ്ങുകയുമാണ്‌ "ഒരുവേള" ചെയ്യുന്നത്. ഗായിക ലേഖാ എസ്. നായരുടെ മെസോ-സോപ്രാനോയോടടുത്തുനിൽക്കുന്ന ശ്രുതി, സംവേദനസംബന്ധിയായ മാസ്മരതയാൽ "ഒരുവേള"യെ അന്യാദൃശമാക്കുന്നു. മലയാളിയിൽ കാലങ്ങളായി രൂപപ്പെട്ടുപോന്ന ശബ്ദ-ശ്രുതി സങ്കൽപ്പങ്ങൾക്ക് ഏറെ അകലെയല്ലെങ്കിലും, ലേഖയുടെ ആലാപനം തമോരൂപമാർന്ന വ്യഥയുടേയും വിഭ്രമത്തിന്റേയും ഉള്ളടുക്കുകളിലേക്കുള്ള സഞ്ചാരത്തെയാണ് വാങ്മയമാക്കുന്നത്.

ഇടവേളകളിൽ രണ്ടു വയലിൻ ഇന്റർല്യൂഡുകൾ ഇഴചേർന്നും, ചിലയിടങ്ങളിൽ മേൽ-കീഴ് സ്ഥായികളിൽ ക്രമബദ്ധമായി വിന്യസിക്കപ്പെട്ടും അതിഭൌതിക തലത്തിലേക്ക് “ഒരുവേള”യെ കൊണ്ടുപോകുന്നുണ്ട്. പാശ്ചാത്തലത്തിൽ ഉടുക്കിന്റെയും ചെണ്ടയുടെയും ഇടപെടലുകൾ അതിസൂക്ഷ്മമാകയാൽ അത് പാട്ടിന്റെ ഗഹനഭാവത്തെ ഉലയ്ക്കുന്നില്ലെന്നു മാത്രമല്ല, അതിനെ അത്രമേൽ സുഭഗവും വികാരദ്യോതകവുമാക്കി മാറ്റുകയാണുണ്ടായത്. "അറ്റോണൽ എക്സ്പ്രെഷനിസം" എന്ന ആശയത്തിന്റെ സാധ്യതയെ നാസികഭൂഷണിയിലെ സ്വരവിന്യാസ-വൈരുധ്യത്തിലൂടെയും, അത്ര സങ്കീർണ്ണമല്ലാത്ത താള-ലയവൃത്തിയിലൂടെയും അനലംകൃതമായി ആവിഷ്ക്കരിക്കാൻ ശ്രീവത്സന് സാധിച്ചു എന്നുള്ളതുതന്നെയാണ് "ഒരുവേള"യെ, സിനിമാസംഗീത-ശ്രേണിയിൽ സാർവകാലീന മൂല്യമുള്ള സൃഷ്ടിയാക്കുന്നത്.

പദസമുച്ചയങ്ങളുടെ ഉപയോഗത്തിലും വാഗ് വിന്യാസത്തിലും തുടക്കം മുതൽതന്നെ "ഒരുവേള" അതിന്റെ ഉത്പതിഷ്ണു സ്വഭാവം പുലർത്തുന്നതുകാണാം. സിനിമാഗാന രചയിതാക്കൾ സാധാരണ പരിലാളിച്ചുപോരുന്ന രൂപകങ്ങൾക്കു പകരം മനോജ്‌ കുറൂർ, "പീതസൂര്യനായ് വന്നു കാടാകുമിടങ്ങളിൽ" തുടങ്ങിയ പ്രതീകങ്ങളാൽ അനുസന്ധാനം ചെയ്യുന്നത് മതിഭ്രമത്തിന്റെയും, വിഷാദത്തിന്റെയും, ഇച്ഛാശക്തിയുടെയും കേവല ചിത്രണമാണ്. നിരന്തരം കലഹിക്കുന്ന ബോധവും ഉപബോധവും, പിന്നെ യുക്തിയും സങ്കൽപ്പവും പോലുള്ള ദ്വന്ദ്വ വൈരുദ്ധ്യങ്ങളുമടങ്ങുന്ന ഒരു വിചിത്രലോകം തന്നെ "ഒരുവേള രാവിന്നകം വെയിലാകുമോ" എന്നുതുടങ്ങുന്ന പല്ലവിയിൽ ചിത്രിതമാണ്. "നിറയുന്ന ഹർഷോന്മാദം..അറിയാതെ പോയല്ലോ ഞാൻ അതിലെ സുധാരസം" എന്ന് അനുപല്ലവി അവസാനിക്കുന്നിടത്ത് തീവ്രവാഞ്ഛകളുടെയും നഷ്ടപ്പെടലിന്റെയും ഇടയിലെ വിക്ഷുബ്ധമായ സ്വത്വത്തെ വിവക്ഷിച്ചുകൊണ്ട് കുറൂർ തന്റെ സാഹിത്യത്തെ സംഗീതത്തിന്റെ ഗൂഢ ഭാവങ്ങളോട് മൃദുവായി ചേർത്തുവയ്ക്കുന്നു.

സംഗീതത്തിന്റെ സ്ഥല-കാല സംബന്ധിയായ സ്വാധീനത്തെക്കുറിച്ചുള്ള ശ്രോതാവിന്റെ ഭൌതിക യാഥാർത്ഥ്യങ്ങളിലെ മിത്തുകളെ ഉടച്ചുപണിയുകയാണ് ഇത്തരം സൃഷ്ടികൾ ചെയ്യുന്നത്. ഒരുപക്ഷേ, അത്തരം ഒരനുഭൂതിയാവണം ഈ പാട്ടുകേട്ടയുടൻ, "എ സൈലെൻസ് ഇസ് പെർമിയേറ്റിങ് ദിസ്‌ സോങ്ങ്" എന്ന് അഭിപ്രായപ്പെടാൻ ബോംബേയ് ജയശ്രീപ്പോലൊരു ഗായികയെ പ്രേരിപ്പിച്ചതും. "സംഗീതം മഹത്തരമാകുന്നത് അതു കാലത്തെ അതിലംഘിക്കുമ്പോളാണെന്നു"ള്ള സാമാന്യയുക്തിയെ നിശിതമായി വിമർശിക്കുന്നുണ്ട് "ഒരുവേള"യുടെ രചയിതാവായ മനോജ്‌ കുറൂർ "നിറപ്പകിട്ടുള്ള നൃത്തസംഗീതം" എന്ന തന്റെ പുസ്തകത്തില്‍. ഒരുപക്ഷേ, ഈ ഗാനം, ആ സ്ഥിരസങ്കല്പത്തെ ഊട്ടിയുറപ്പിക്കുന്ന, ആസ്വാദകർക്കിടയിൽ ചിരകാലപ്രതിഷ്ഠ നേടുന്ന ഒന്നായി മാറിയാൽ അതിൽ അദ്ഭുതമില്ല.