മനോജ് കുറൂർ

Name in English
Manoj Kuroor
Artist's field

മലയാളത്തിലെ ശ്രദ്ധേയരായ ഉത്തരാധുനിക കവികളിൽ ഒരാൾ, മികച്ച ഒരു ചെണ്ട വിദ്വാൻ തുടങ്ങി നിരവധി മേഖലകളിൽ പ്രശസ്തൻ. 1971 ൽ കോട്ടയത്തിനടുത്ത് കുറൂര്‍ ഇല്ലത്ത് വാസുദേവന്‍‍‌ നമ്പൂതിരിയുടേയും ശ്രീദേവി അന്തർജ്ജനത്തിന്റേയും മകനായി ജനനം. മുത്തച്ഛന്‍ കുറൂര്‍‍ വാസുദേവന്‍‍‌ നമ്പൂതിരി കഥകളിയിലെ താടി വേഷങ്ങള്‍ക്ക് പ്രശസ്തനായിരുന്നപ്പോൾ, അച്ഛൻ കുറൂര്‍ ചെറിയ വാസുദേവന്‍‍‌ നമ്പൂതിരി കഥകളിചെണ്ടയിലാണ് സാന്നിധ്യം ഉറപ്പിച്ചത്. അച്ഛനിൽ നിന്ന് തായമ്പകയും കഥകളിമേളവും അഭ്യസിച്ചു. കോട്ടയം ബസേലിയസ് കോളേജ്, ചങ്ങനാശേരി എസ് ബി കോളേജ്, എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. താളസംബന്ധമായ വിഷയത്തിൽ മഹാത്മാ ഗാന്ധി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ ഗവേഷണം നടത്തി. ഹരിണി സ്വയംവരം തുള്ളലിലെ താള ശില്‍പ്പങ്ങളള്‍ ( M .Phil‍), നാടോടി താളങ്ങള്‍‍ മലയാള കവിതയില്‍ (P.hd‍) എന്നി ഗവേഷണ പഠനങ്ങല്‍ ശ്രദ്ധേയങ്ങളാണ്. 1997 ൽ പന്തളം എൻ.എസ്. എസ് കോളേജിൽ‍ മലയാളം അദ്ധ്യാപകനായി ചേർന്നു. 

ഒന്നാം വര്‍ഷ ബിരുദ പഠന കാലത്താണ് പാഞ്ചാലധനഞ്ജയം ആട്ടക്കഥ രചിക്കുന്നത്‌. ശ്രീമത് ഭഗവത്ഗീതയാണ് രണ്ടാമത്തെ ആട്ടക്കഥ. വളരെ അധികം വേദികളില്‍ അവതരിപ്പിക്കപ്പെട്ട ഈ ആട്ടക്കഥകൾ ഇത് വരെ പ്രസിദ്ധീകരിച്ചിട്ടില്ല.  വിവിധ ആനുകാലികങ്ങളിലായി  എണ്‍പതോളം കവിതകള്‍, പാശ്ചാത്യശാസ്ത്രീയ സംഗീതം, ക്ലാസിക്കല്‍ കലകള്‍‍, ജനപ്രിയ സംഗീതം നാടോടികലകള്‍‍, സിനിമ, സാഹിത്യം, സൈബര്‍ സംസ്കാരം എന്നീ വിഷയങ്ങളിലായി അന്‍പതോളം ലേഖനങ്ങള്‍ എന്നിവ ‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശ്രീ. പി. ബാലചന്ദ്രന്‍ രചിച്ച മായാസീതാങ്കം - ഒരു പുണ്യപുരാണ പ്രശ്ന നാടകം എന്ന നാടകത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചതും മനോജാണ്. 

ചലച്ചിത്ര ലോകത്തേക്കുള്ള കടന്ന് വരവ്, ഷാജി എൻ കരുണിന്റെ വാനപ്രസ്ഥം എന്ന ചിത്രത്തിലൂടെയായിരുന്നു. ആ ചിത്രത്തിൽ നായികക്ക് വേണ്ടി എഴുതിയ മൂന്ന് രംഗങ്ങള്‍ ഉള്ള ആട്ടക്കഥയും അതിലെ മൂന്ന് പദങ്ങളും രചിച്ചത് മനോജാണ്. പിന്നീട് അദ്ദേഹത്തിന്റെ തന്നെ സ്വാപാനം എന്ന ചിത്രത്തിലെ ഗാനങ്ങളും രചിച്ചു. 

ഭാര്യ: സന്ധ്യാദേവി. എല്‍. മക്കള്‍ : ശ്രീദേവി, കെ. എം. വിശാഖ്. കെ . വാസുദേവന്‍‌

പുരസ്കാരങ്ങള്‍ :

  • തൃത്താല കേശവന്‍ എന്ന കവിതക്ക് 1997 ലെ കുഞ്ചുപിള്ള സ്മാരക കവിതാ അവാര്‍ഡ്.
  • ഉത്തമപുരുഷന്‍ കഥപറയുമ്പോള്‍ എന്ന കൃതിക്ക് 2005 ലെ എസ്.ബി.ടി. കവിത അവാര്‍ഡ്‌.
  • കോമാ എന്ന കൃതിക്ക് 2008 ലെ സാഹിത്യ അക്കാദമി കനകശ്രീ അവാര്‍ഡ്‌.

പുസ്തകങ്ങള്‍ :

  • ഷണ്മുഖവിജയം ആട്ടക്കഥ
  • അഞ്ചടി, ജ്ഞാനപ്പാന, ഓണപ്പാട്ട് (എഡിറ്റര്‍ ), നതോന്നത നദിവഴി 44 (എഡിറ്റര്‍ )
  • ഉത്തമപുരുഷന്‍ കഥപറയുമ്പോള്‍ (കവിതകള്‍)
  • കോമാ (കഥാകാവ്യം)
  • രഹ്മാനിയ, ഇന്ത്യന്‍ സംഗീതത്തിന്റ്റെ ആഗോള സഞ്ചാരം (സംഗീതപഠനം)
  • നിറപ്പകിട്ടുള്ള നൃത്ത സംഗീതം (സംഗീതപഠനം)

അവലംബം: സുരേശം എന്ന ബ്ലോഗ്, ഹരിതകം - കവിതാജാലിക