കാമുകിയേക്കാളും പ്രണയം സുഹൃത്തുക്കളോടും സൌഹൃദത്തിനോടുമുള്ള ഓട്ടോമോബൈൽ എഞ്ചിനീയറിങ്ങ് ബിരുദധാരിയാണ് ആദി.(ആസിഫ് അലി) പ്രാരാബ്ദം നിറഞ്ഞ ജീവിതത്തെ നിസംഗതയോടെ നോക്കി യുവത്വം ആഘോഷിക്കുയാണ് ആദിയും കൂട്ടുകാരും. ഒരു ക്രിസ്തുമസ് രാത്രിയിലാണ് ആദിയുടെ സുഹൃത്തുക്കളിലൊരാൾ ജീവിതത്തിനും മരണത്തിനുമിടയിലേക്കെത്തിപ്പെട്ടത്. ആദിക്കും മറ്റു സുഹൃത്തുക്കൾക്കും റഫീക്ക് എന്ന സുഹൃത്തിനെ ജീവിതത്തിലേക്ക് കൊണ്ടുവരണമെങ്കിൽ കനപ്പെട്ട പണം തന്നെ വേണം. ആകസ്മികമായാണ് ദുരൂഹതകളുടെ മഞ്ഞൂമൂടിയ ജോർജ്ജ് കോശി അന്ത്രപ്പേർ (ബിജുമേനോൻ) എന്ന പരുക്കനായൊരു മദ്ധ്യവയക്സൻ ആദിക്കും കൂട്ടുകാർക്കും മുന്നിൽ പണത്തിന്റെ ആൾ രൂപമായി അവതരിക്കുന്നത്. ആദിയും കാറിനും കുറച്ചു ദിവസത്തെ യാത്രക്കും മാത്രമായി അയാൾ ലക്ഷം രൂപ കൈമാറുന്നു. ബാക്കി തുകക്ക് മുൻപ് ആദിയുമൊപ്പം ആദിയുടെ കാറിൽ എങ്ങോട്ടെന്നില്ലാതെ യാത്ര തുടങ്ങുന്നു.
അജ്ഞാതയിടങ്ങളിലേക്കുള്ള ആ യാത്രയിലേക്കാണ് അന്ത്രപ്പേർ പണമെറിഞ്ഞുള്ള പകിട കളി തുടങ്ങുന്നത്. ആദിയാകട്ടെ അന്ത്രപ്പേറിന്റെ പകിടകളിയിലെ കരുവായി. പണത്തിനു വേണ്ടി ആദിയും അജ്ഞാതവും ദുരൂഹവുമായ ലക്ഷ്യങ്ങൾക്ക് വേണ്ടി ജോർജ്ജ് കോശി അന്ത്രപ്പേരും പകിട കളി തുടങ്ങുന്നു.
സ്റ്റയിലിഷ് ട്രീറ്റ്മെന്റ് കൊണ്ട് ദൃശ്യഭംഗിയും ത്രില്ലിങ്ങുമായൊരു റോഡുമൂവി ഒരുക്കിയിരിക്കുകയാണ് സുനിൽ കാര്യാട്ടുകര എന്ന സംവിധായകൻ. രാജേഷ് രാജേന്ദ്രൻ ശീജിത് എൻ എന്നീ നവാഗത തിരക്കഥാകൃത്തുക്കളുടെ ദുർബലമായ തിരക്കഥക്ക് എക്സിക്യൂഷന്റെ മോടി പണിതിരിക്കുന്നു സംവിധായകൻ.
ചിത്രത്തിനു സാമൂഹിക പ്രസക്തി കൊണ്ടുവരാനും നിയമവും നീതിയും പരാജയപ്പെടുന്നിടത്ത് ജനത്തിന്റെ നീതി നടപ്പാക്കണമെന്ന് ‘ആൾക്കൂട്ട നീതി’യുമൊക്കെ സൃഷ്ടിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട് തിരക്കഥാകൃത്തുക്കൾ. സ്ത്രീ, എന്നും പുരുഷൻ വച്ചു നീട്ടുന്ന സ്വാതന്ത്ര്യത്തിലും അവന്റെ സംരക്ഷണയിലുമായിരിക്കണമെന്നും അവളുടെ സംരക്ഷണത്തിനു നീതി ചമയ്ക്കുന്നതുപോലും അവനാണെന്നും പറയാതെ പറയേണ്ടി വന്നിട്ടുണ്ട് പ്രമേയത്തിൽ. ആദിയുടേ സൌഹൃദം വിവരിക്കുന്ന ചിത്രാരംഭം അസഹ്യമാണെന്നു പറയാതെ വയ്യ. ബിജുമേനോൻ എന്ന നടന്റെ സാന്നിദ്ധ്യം മുതലാണ് ചിത്രം കര കയറുന്നത്.
തമിഴ് നാട്ടിലെ ദൃശ്യങ്ങളും ആദി&ആന്ത്രപ്പേരിന്റെ യാത്രകളും, ചിത്രത്തിലെ സംഘട്ടന രംഗങ്ങളും, ചേസിങ്ങും ആക്സിഡന്റ് സീനുകളും പ്രേക്ഷകർക്ക് ത്രില്ലിങ്ങ് പകരുന്ന ദൃശ്യങ്ങളാണ്. ആദിയും അന്ത്രപ്പേരും മധുരയിൽ എത്തുമ്പോൾ ഒരു തെരുവിൽ നടക്കുന്ന തിരുവിഴയും അതിനിടയിലൂടെ ഇരുവരും കടന്നുപോകുന്ന സീനുകളിൽ സംവിധായകനെ അഭിനന്ദിക്കാതെ വയ്യ.ക്യാമറ ദൃശ്യങ്ങളും പശ്ചാത്തല സംഗീതവും ബിജുമേനോൻ ആസിഫ് അലി എന്നിവരുടെ പ്രകടനവും സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും സ്വാഭാവിക സംഭാഷണങ്ങളുമാന് ചിത്രത്തിന്റെ ഹൈലൈറ്റ്സ്. ദുർബലമായ തിരക്കഥയെങ്കിലും ഒരു നേരമ്പോക്കിനുവേണ്ടി സ്റ്റയിലിഷായ ‘പകിട’ കണ്ടിരിക്കാം.