വെറുമൊരു അൺ ഹാപ്പി ജേർണി

Submitted by nanz on Mon, 02/24/2014 - 11:11
happy journey movie

ജനപ്രിയനും റോമൻസും പകർന്നു തന്ന എന്റർടെയ് മെന്റ് ഘടകങ്ങളൊന്നും ഹാപ്പി ജേർണിക്ക് തരുവാനായില്ല എന്നു മാത്രമല്ല, സിനിമ പലപ്പോഴും നാടകീയമായും ഏച്ചുകെട്ടിയതുമായ അനുഭവത്തിലേക്ക് താഴ്ന്നു പോകുന്നു. ജയസൂര്യ എന്ന നടന്റെ കഥാപാത്രമാകാനുള്ള പരിശ്രമവും കൂട്ടുകാരനായ സഹ നടന്റെ കൊച്ചി സ്ലാങ്ങ് ഫലിതങ്ങളുമാണ് പ്രേക്ഷകനു ആകെയൊരു കച്ചിത്തുരുമ്പ്.

ജയസൂര്യ മുതൽ, ലാൽ, ലാലു അലക്സ്, ലെന, ശ്രിന്ദ, അപർണ്ണ മുതൽ നമുക്കറിയാത്ത പുതുമുഖങ്ങൾ വരെയുണ്ടെങ്കിലും ആർക്കും വെറുമൊരു കാഴ്ചക്കപ്പുറം ഹൃദയത്തിലേക്ക് കയറിപ്പറ്റാൻ സാധിക്കുന്നില്ല. ഏറെപ്പറഞ്ഞ് പഴകിപ്പതിഞ്ഞ അച്ഛൻ-മകൾ സ്നേഹ സീനുകളൊക്കെ ചെടിപ്പിക്കുന്നു. പ്രമേയപരമായി പുതിയ കഥാപരിസരങ്ങളാണ് ഈ സിനിമക്കെങ്കിലും മലയാള സിനിമ ഇപ്പോഴും കൊണ്ടു നടക്കുന്ന അമ്മ-മകൻ-അച്ഛൻ-മകൾ-സെന്റിമെന്റ്സ്-സൌഹൃദം-അന്ധൻ കാഴ്ചയുള്ളവനേക്കാൾ മിടുക്കൻ-ഗ്രാമം/ചേരി നന്മകളാൽ സമൃദ്ധം നഗരം/ഫ്ലാറ്റ് മനുഷ്യത്വമില്ലാത്ത മനുഷ്യൻ എന്നൊക്കെയുള്ള സ്ഥിരം സമവാക്യങ്ങളാൽ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുകയാണ് ഹാപ്പി ജേർണിയും ബോബൻ സാമുവലും.

എഡിറ്റിങ്ങിലെ ചില കൌതുകങ്ങളും, ചില സീനുകളിൽ(മാത്ര)മുള്ള പശ്ചാത്തല സംഗീതവും കൊള്ളാം. ഒപ്പം ജയസൂര്യയുടെ അഭിനയ അദ്ധ്വാനവും നമ്മെ കുറച്ചൊക്കെ തൃപ്തിപ്പെടുത്തും. അന്ധർക്കുള്ള ഓൾ ഇന്ത്യാ സെലക്ഷൻ ടീമിൽ ആദ്യമായെത്തുന്ന അനാഥനായ ആരോൺ മറ്റു മത്സരാർത്ഥികൾ മാതാപിതാക്കളോട് യാത്ര പറയുന്ന സീനിൽ ശബ്ദത്താൽ തിരിച്ചറിയുന്ന യാത്രപറച്ചിലുകളും അതിനിടയിലൂടേ നീങ്ങുന്ന അനാഥനായ ആരോണും സംവിധായകന്റെ സാന്നിദ്ധ്യമറിയിക്കുന്ന അല്ലെങ്കിൽ പ്രേക്ഷകനെ ഇഷ്ടപ്പെടുത്തുന്ന ഒന്നായി മാറി. ചെന്നൈ കുത്തുപ്പട്ടർ നാടക സംഘത്തിൽ (പശുപതി അടക്കമുള്ള പ്രതിഭകൾ കളിച്ചിറങ്ങിയ നാടകസംഘമാണിത്) നിന്ന് മലയാള സിനിമയിലേക്ക് വന്ന അപർണ്ണ ഗോപിനാഥിനെ വെറും വേഷം കെട്ടൽ നായികയാക്കുമ്പോൾ മലയാള സിനിമാ സംവിധായകരോട് സഹതാപം മാത്രമേയുള്ളൂ.

ഈ ‘ഹാപ്പി ജേർണി‘ എല്ലാ അർത്ഥത്തിലും പ്രേക്ഷകനൊരു അൺ ഹാപ്പി ജേർണിയാണ്.  കഥാസാരവും മുഴുവൻ വിവരങ്ങളും ഇവിടെ

Contributors