മടിയരെന്നും മഠയരെന്നും സമൂഹം കളിയാക്കുന്ന ചെറുപ്പക്കാരിൽ ഒരാളാണ് പത്തൊമ്പതുകാരനായ സ്റ്റീവ് ലോപ്പസ്. നിഷ്‌കളങ്കതയാണ് അവനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനായ നായകനാക്കുന്നത്. നിഷ്കളങ്കതയെ കുറിച്ചുള്ള നഷ്ടബോധമാണ് ഓരോ കലാപത്തിന്റെയും കാതൽ എന്ന ആൽബർട്ട് കമ്മുവിന്റെ മുഖവുരയാണ്' ഞാൻ സ്റ്റീവ് ലോപ്പസി"ന്റെ ജീവൻ. സാമൂഹത്തോട് സ്നേഹമുള്ള മനുഷ്യരാകാൻ ശ്രമിക്കുന്നവരെ കുടുംബവും സമൂഹംതന്നെയും പിന്നാക്കം വലിക്കുന്ന കാലഘട്ടത്തിൽ പരാജയപ്പെടുന്ന യുവാവിന്റെ കഥയാണ് രാജീവ് രവിയുടെ രണ്ടാംചിത്രം വരച്ചിടുന്നത്.
ഫോർട്ടുകൊച്ചിയായിരുന്നു അന്നയും റസൂലിന്റെയും കഥാപരിസരം. അവിടെ നിന്നും തലസ്ഥാന നഗരിയിലേക്ക് സ്റ്റീവിനെ പ്രതിഷ്ഠിക്കുമ്പോൾ കഥാപാത്രങ്ങളുടെ മാത്രമല്ല, കഥാപരിസരത്തിന്റെ കാസ്റ്റിംഗിലും മിടുക്കുകാട്ടുന്നു സംവിധായകൻ. ജോർജ് ലോപ്പസ് എന്ന ഡിവൈ: എസ്.പിയുടെ മകനാണ് സ്റ്റീവ് ലോപ്പസ്. സൗഹൃദവും പ്രണയവും കാമനകളും തന്നെയാണ് സ്റ്റീവിന്റെയും ജീവിതം. നഗരവാസിയായ സ്റ്റീവും ഏതോ കുടുസുവഴിയുടെ ഓരത്ത് കുടുംബത്തിനൊപ്പം കഴിയുന്ന ഗുണ്ട ഹരിയും തമ്മിലുള്ള യാദൃശ്ചിക കൂട്ടിമുട്ടലിൽ സിനിമ പുതിയ വഴികൾ കണ്ടെത്തുന്നു. ക്വട്ടേഷൻ സംഘങ്ങളുടെ കുടിപ്പകയും പൊലീസിന്റെ നിർവികാരതയും വിഷയമാകുന്ന സിനിമയ്ക്ക് ഭരണസിരാകേന്ദ്രം തന്നെയാണ് പറ്റിയ ലൊക്കേഷൻ.
നായകനെയും വില്ലനെയും നന്മയുടെയും തിന്മയുടെയും വിഭിന്നധ്രുവങ്ങളിൽ പ്രതിഷ്ഠിക്കുന്ന വാർപ്പ്സിനിമാ ശൈലിയെ ഒട്ടും പിന്തുടരുന്നില്ല സംവിധായകൻ. കാമുകിയെ നഷ്ടപ്പെടുന്ന സ്റ്റീവിനും ഭാര്യയെയും കുഞ്ഞിനെയും വേർപിരിയേണ്ടി വന്ന ഗുണ്ട ഹരിക്കും ഒരേ വികാരമാണ്- നിസഹായത. മനുഷ്യത്വത്തെ ഒളിപ്പിച്ച് 'പ്രാക്ടിക്കലായി" ജീവിക്കുന്ന ബഹുഭൂരിപക്ഷത്തെ കുറ്റപ്പെടുത്താൻ സിനിമ മെനക്കെടുന്നില്ലെന്നതും ശ്രദ്ധേയം. അനുഭവം കൊണ്ടോ നിസഹായത കൊണ്ടോ നിർജീവരായ മനുഷ്യരോട് ഒരിറ്റ് സഹതാപവും കാണിക്കുന്നുണ്ട്. സ്റ്റീവിന്റെയും അഞ്ജലിയുടെയും പ്രണയം പുതിയ കാലത്തിലാണ്. സ്റ്റീവിന്റെ സൗഹൃദങ്ങൾ ആഘോഷത്തിന്റെയും ലഹരിയുടേതുമാണ്. എങ്കിലും മനുഷ്യപ്പറ്റുള്ളവരാണ് പുതുതലമുറയെന്ന് സ്റ്റീവ് ഓർമ്മിപ്പിക്കുന്നു.
കഥയേക്കാൾ ആഖ്യാനത്തിലാണ് സിനിമയുടെ സൗന്ദര്യം. നടപ്പുരീതികളിൽ നിന്ന് വേറിടുന്നതിന്റെ രസവും ജീവനുമുണ്ട്, ഓരോ ഷോട്ടിനും. പപ്പുവിന്റെ ക്യാമറയിൽ തിരുവനന്തപുരവും യൂണിവേഴ്സിറ്റി കോളേജും റോഡുകളും സാങ്കേതികതയുടെ അതിഭാവുകത്വമില്ലാതെ പതിഞ്ഞിരിക്കുന്നു. തിര്വോന്തരം ചുവ കേറിവരുന്ന സംഭാഷണങ്ങൾക്ക് സ്വാഭാവികതയുടെ ചന്തമുണ്ട്. ചന്ദ്രൻ വയാറ്റുമേലിന്റെ പശ്ചാത്തലസംഗീതവും ഷഹബാസ് അമൻ ഈണമിട്ട പാട്ടുകളും സിനിമകയ്ക്ക് നല്ല താളമേകുന്നു. ശോകഗാനത്തിന് പകരമായെത്തിയ പാട്ട് പതിവ് ആഖ്യാനത്തെ പൊളിച്ചെഴുതിയെന്ന് അവകാശപ്പെടുമ്പോഴും ചെറുതായി അരുചി തോന്നിക്കും. സന്തോഷ് എച്ചിക്കാനം, ഗീതു മോഹൻദാസ്, രാജേഷ് രവി എന്നിവരുടേതാണ് തിരക്കഥ. നിർമ്മാണം- കളക്ടീവ് ഫേസ് വൺ.
ഭാവാഭിനയത്തിന്റെ പുതുക്കൂട്ടം
സ്റ്റീവിന്റെ നിസംഗ ഭാവത്തെ ഫർഹാൻ ഫാസിലും അഞ്ജലിയുടെ നായികാഭാവത്തെ അഹാന കൃഷ്ണയും മികച്ചതാക്കി. താരങ്ങളില്ലെന്നതാണ് സ്റ്റീവ് ലോപ്പസിന് തെളിച്ചമേകുന്നത്. മിക്കവരും പുതുമുഖങ്ങളോ കണ്ടുശീലിച്ചവരോ അല്ലാത്തതിനാൽ കഥാപാത്രങ്ങളായി തന്നെ മനസിൽ കയറും. നമ്മളിലൊരാളായി തോന്നും. സ്വഭാവനടീനടന്മാരാണ് ഈ സിനിമയ്ക്ക് ഊറ്റം നൽകുന്നത്. ഗുണ്ടയുടെ രൂപഭാവങ്ങളും ഗൃഹനാഥന്റെ നിസഹായതയും ഭർത്താവിന്റെയും അച്ഛന്റെയും വിഭിന്ന വികാരങ്ങളും മുഖത്തൊരുക്കി ഹരിയായെത്തിയ സുജിത് ശങ്കറിന്റെ പ്രകടനം മറക്കാനാവില്ല. നാഷണൽ സ്കൂൾ ഒഫ് ഡ്രാമയുടെ സന്തതിയായ സുജിതിന്റെ കാസ്റ്റിംഗിനെ ബ്രില്ല്യന്റെന്നു പറയാം. അലൻസിയർ, കെ.എസ്.മിനി, ഹരിയുടെ ഭാര്യ അഞ്ജലിയായി അഭിജ, സുരഭി തുടങ്ങി പുതു അഭിനേതാക്കളുടെ നല്ലനിര തന്നെയുണ്ട് സിനിമയിൽ.
കാശ് മുതലാവുമോ
പാട്ടിടിപ്രേമം സിനിമ കണ്ടാലേ ടിക്കറ്റ് കാശ് മുതലാകൂ എന്നുള്ളവർക്ക് ഇഷ്ടമായെന്നു വരില്ല. തൊലിപ്പുറം വിട്ട് മനസു കൊണ്ട് സിനിമ കാണുന്നവർക്ക് തൃപ്തിയാകും.
പായ്ക്കപ്പ്: മലയാളികൾ സിനിമ കാണാൻ തിയേറ്ററിൽ വരുന്നത് തിന്നാനും കുടിക്കാനുമാണോ? ഫോണിൽ സൊറ പറയാനും കമന്റടിക്കാനും കലപില കൂട്ടാനുമാണോ? എല്ലാവർക്കും എല്ലാ സിനിമയും ഇഷ്ടമായെന്നു വരില്ല. പ്രതിഷേധിക്കുകയുമാവാം, എണീറ്റുനിന്ന് കൂക്കി തീയേറ്റർ വിട്ടുപോകുന്നത് മാന്യതയുമാണ്. അച്ചടക്കത്തോടെ സിനിമ കാണുന്നവരുണ്ടെന്നത് മറക്കരുതേ.
എഴുത്ത്- പി.സനിൽകുമാർ | കടപ്പാട്: കേരളകൗമുദി